സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വൈകിയെത്തിയ നടനാണ് അനില്‍ നെടുമങ്ങാട്. നാടകത്തിന്റെ കരുത്തുമായ് ബിഗ് സ്‌ക്രീനിലെത്തിയ ഈ കലാകാരന്‍ ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ്, എന്നീ ചിത്രങ്ങളിലൂടെ ശക്തമായ സാന്നിധ്യമറിയിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ സി.ഐ. സതീശ് എന്ന കഥാപാത്രമായി എത്തിയ അനില്‍, തഴക്കം വന്ന ഒരു നടന്റെ അഭിനയമാണ് കാഴ്ചവെച്ചത്. അനില്‍ നെടുമങ്ങാടുമായി നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം
എങ്ങനെയാണ് അയ്യപ്പനും കോശിയും ടീമിനൊപ്പം എത്തുന്നത്?
സംവിധായകന്‍ സച്ചിയുടെ സ്‌നേഹവും കരുതലും വിശ്വാസവുമായിരുന്നു അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം എനിക്ക് കിട്ടാന്‍ കാരണം. ആ സിനിമ നല്ലൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. സിനിമ റിലീസായ മിക്ക ദിവസങ്ങളിലും അദ്ദേഹം വിളിക്കും. പ്രതീക്ഷകളും സ്വപ്നങ്ങളും പങ്ക് വെയ്ക്കും. ഓപ്പറേഷന്റെ തലേന്നാള്‍ വരെ വിളിച്ചിരുന്നു. പക്ഷെ ആ നന്മയുള്ള കലാകാരനെ ദൈവം നേരത്തെ വിളിച്ചു.
സച്ചിയുടെ സിനിമകള്‍ കണ്ടതല്ലാതെ നേരത്തെ നേരിട്ട് പരിചയമില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയയാള്‍ എന്ന നിലയില്‍ ആ ചിത്രത്തിന്റെ നിര്‍മാതാവായ സംവിധായകന്‍ രഞ്ജിത്ത് ചേട്ടനുമായി പരിചയമുണ്ട്.
പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ നിര്‍ദ്ദേശത്താല്‍ ഞാന്‍ സച്ചിയെ വിളിക്കുന്നത്. വിളിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്ലൊന്നും അദ്ദേഹം പറഞ്ഞില്ല. 'ചിത്രത്തിലെ പോലീസ് വേഷം ആരു ചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ അനിലിന്റെ മുഖമാണ് മനസ്സില്‍ വന്നത്. ഈ കഥാപാത്രം ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നൊരാള്‍ ചെയ്യുന്നതിനേക്കാള്‍ അനില്‍ ചെയ്താല്‍
നന്നാവും. എന്ന് മാത്രം പറഞ്ഞു. പക്ഷേ അത് ഇത്രയും വലിയ കഥാപാത്രമാണെന്ന് ഞാനറിഞ്ഞില്ല.
ആദ്യം കഥ കേള്‍ക്കുമ്പോള്‍ സാധാരണ ഒരു പൊലീസ് ഓഫീസര്‍ ആണെന്നാണ് വിചാരിച്ചത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് കഥാപാത്രത്തിന് ആഴം മനസ്സിലായത്, ഒന്നര മണിക്കൂര്‍ കൊണ്ട് ഒറ്റയിരിപ്പിന് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു. അതിനുശേഷമാണ് അദ്ദേഹം എന്നെ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചത് എന്ന് തിരിച്ചറിയുന്നത്.
പൃഥ്വിരാജ്, ബിജു മേനോന്‍ എന്നീ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. കാരണം അതിനുമുമ്പ് ഞാന്‍ അടുത്ത കൂട്ടുകാരുടെ സിനിമയിലാണ് കൂടുതലും അഭിനയിച്ചത്.
സച്ചിയുടെ ഷൂട്ടിങ് സ്‌റ്റൈല്‍ തന്നെ വ്യത്യസ്തമായിരുന്നു. നാടകം പോലെ, ചിത്രീകരിക്കേണ്ട സീനിലെ സംഭാഷണങ്ങള്‍ നേരത്തെ കാണാപ്പാഠമായി പഠിച്ച് അവതരിപ്പിക്കണം. പണ്ട് നാടകത്തില്‍ അഭിനയിച്ചതിന്റെ ഗുണം അവിടെ എനിക്ക് കിട്ടി. കഥാപാത്രം നന്നാക്കാന്‍ ബിജു മേനോന്റെയും പൃഥ്വിരാജിന്റെയും നല്ല സപ്പോര്‍ട്ട് കിട്ടി.
ചിത്രം ഇറങ്ങിയപ്പോള്‍ അതിന്റെ തീയേറ്റര്‍ റെസ്‌പോണ്‍സ് അടുത്തറിയാന്‍ കഴിഞ്ഞിരുന്നില്ല അടുത്ത ദിവസം തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി മൂന്നാറിലേക്ക് പോകേണ്ടിവന്നു. സച്ചി - രഞ്ജിത് ടീമിന്റെ ചിത്രമെന്ന നിലയില്‍ അയ്യപ്പനും കോശിയും സിനിമാരംഗത്തെ എല്ലാവരും കണ്ടിട്ടുണ്ട്. ചിത്രം കണ്ട് ജയസൂര്യ, അജു വര്‍ഗീസ്, മേജര്‍ രവി, എന്നിവര്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു.
ജോഷി സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസഫ്' എന്ന ചിത്രത്തിലേക്ക് എത്തിയത്?
സിനിമയെ സ്‌നേഹിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആരാധിക്കുന്ന സംവിധായകനാണ് ജോഷി. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം സംവിധാനം ചെയ്ത മൂര്‍ഖന്‍ എന്ന സിനിമ കണ്ടത്. സംവിധായകരായ ജോഷി സാറിനെയും ഐ.വി. ശശി സാറിനെയും താരങ്ങളെപ്പോലെയാണ് ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ കണ്ടത്. ആ ജോഷി സാറിന്റെ സിനിമയിലെ വേഷം എന്നും ഒരു സ്വപ്നമായിരുന്നു. അങ്ങനെയിരിക്കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുന്നത്.
'സ്റ്റാര്‍ കാസ്റ്റിംഗിന്റെ ഫസ്റ്റ് ഡിസ്‌കഷനില്‍ തന്നെ ആ കഥാപാത്രത്തിലേക്ക് എന്നെ വിളിക്കണം എന്ന് ജോഷി സര്‍ പറഞ്ഞിരുന്നു. കാരണം തീയറ്ററില്‍ എത്തുന്ന എല്ലാ സിനിമകളും കാണുന്ന സംവിധായകനാണ് അദ്ദേഹം. ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളും അദ്ദേഹം നേരത്തെ കണ്ടിരുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങിലാണ് ഞങ്ങള്‍ നേരിട്ട് കാണുന്നത്.
വളരെ പേടിയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് പോയത്. പക്ഷേ കണ്ടപ്പോള്‍ ദീര്‍ഘകാലത്തെ പരിചയം പോലെ അദ്ദേഹം എന്നോട് പെരുമാറി. അതുകൊണ്ടുതന്നെ വളരെ കംഫര്‍ട്ടബിളായിട്ടാണ് ഞാന്‍ പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ചത്. എന്തായാലും സംവിധായകന്റെ ആഗ്രഹത്തിനൊത്ത് ക്യാമറയ്ക്ക് മുന്നില്‍ പെരുമാറിയാല്‍ സിനിമയില്‍ നന്നായി മുന്നോട്ടു പോകാം എന്ന് ഞാന്‍ പഠിച്ചു. ആ തിരിച്ചറിവാണ് മുന്നോട്ടുള്ള യാത്രയുടെ കരുത്ത്.
രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയില്‍ സജീവമാകുന്നത്. എങ്ങനെയായിരുന്നു ആ നിയോഗം?
നാടകക്കാരുമായി വളരെ സൗഹൃദമുള്ള സംവിധായകനാണ് രാജീവ് രവി. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ അതില്‍ അഭിനയിക്കാന്‍ കുറെ പുതിയ മുഖങ്ങളെ അദ്ദേഹം തിരഞ്ഞു. അതിനിടയില്‍ സുഹൃത്തായ വിജയകുമാറാണ് എന്റെ ഫോട്ടോ രാജീവിനെ കാണിച്ചു കൊടുക്കുന്നത്. അങ്ങനെയായിരുന്നു ആ ചിത്രത്തിലേക്ക് വന്നത്.
ജീവിതത്തിലെ പരാജയങ്ങള്‍ ആഘോഷിച്ചു നടക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലെ ഫ്രഡി കൊച്ചപ്പന്‍. എനിക്ക് പെട്ടെന്ന് തന്നെ അതിലേക്ക് കയറാന്‍ പറ്റി. കാരണം അത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെ ജീവിതത്തില്‍ കണ്ടിട്ടുണ്ട്, മാത്രമല്ല എന്നില്‍ തന്നെ ആ കഥാപാത്രത്തിന്റെ അംശങ്ങള്‍ ധാരാളമുണ്ട്. 'ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നെയാണ് അടുത്ത ചിത്രമായ കമ്മട്ടിപ്പാടത്തിലേക്ക് രാജീവ് എന്നെ വിളിച്ചത്. അതൊരു നല്ല തുടക്കമായിരുന്നു.
പാവാടയിലെ കുടിയനായ അവതാരക വേഷവും ഏറെ ശ്രദ്ധേയമായിരുന്നു?
സ്റ്റീവ് ലോപ്പസ് കണ്ട്, കഥാപാത്രം നന്നായെന്ന് പറഞ്ഞ് പലരും വിളിച്ചു. ആ കൂട്ടത്തില്‍ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു ചേട്ടനും എന്നെ വിളിച്ചു. ഞാന്‍ പണ്ട് കോമഡി പരിപാടി അവതരിപ്പിച്ചിരുന്ന ചാനലില്‍ നിന്ന് നമ്പര്‍ തേടിപ്പിടിച്ചാണ് അദ്ദേഹം വിളിച്ചത്. ആ സന്തോഷത്തിലാണ് അദ്ദേഹം നിര്‍മ്മിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം തന്നത്.
ചിത്രത്തിലെ കഥാപാത്രം മദ്യപാനിയാണെങ്കിലും സ്ഥിരം കുടിയന്മാരുടെ മാനറിസങ്ങള്‍ ഒന്നുമില്ലാതെയാണ് കഥാപാത്രം ചെയ്തത്. ഞാന്‍ ഉള്‍പ്പെടുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് സീന്‍. അതെടുക്കുമ്പോള്‍ എനിക്ക് പേടിയായിരുന്നു. കാരണം വിശ്വാസികളുടെ ലോകമായ സിനിമയില്‍ ചിത്രം പൊട്ടിയാല്‍ ഞാന്‍ രാശില്ലാത്തവനാകും. പക്ഷേ മണിയന്‍പിള്ള ചേട്ടന്‍ എനിക്ക് ധൈര്യം തന്നു. ഭാഗ്യത്തിന് ചിത്രം വിജയിച്ചു .
ഈ കാലത്തിനിടയില്‍ പ്രതീക്ഷയോടെ അഭിനയിച്ച ഏതെങ്കിലും ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ?
വലിയ പ്രതീക്ഷ സമ്മാനിച്ച കാര്യമായ കഥാപാത്രങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല. എന്നാലും നോണ്‍ സെന്‍സ്, ഇളയരാജ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എനിക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും തിയേറ്ററില്‍ ശ്രദ്ധേയമായില്ല.
ഈ പ്രായത്തില്‍ സിനിമ ചെയ്യുമ്പോള്‍...
കഥാപാത്രങ്ങളെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ ഒന്നും കാണാറില്ല. അതില്‍ അര്‍ത്ഥവുമില്ല. ഷൂട്ടിങ് കഴിയുമ്പോള്‍ കൃത്യമായി പ്രതിഫലം കിട്ടുമോ എന്നത് മാത്രമാണ് അപ്പോഴൊക്കെ ചിന്ത. ജീവിതത്തില്‍ തന്നെ പ്രതീക്ഷ നഷ്ടമായ കാലത്താണ് സിനിമയില്‍ നിന്ന് അവസരം വന്നത്. ഇനി സ്വപ്നങ്ങളൊക്കെ ഉണ്ടാകണം.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പുറത്തിറങ്ങി, സിനിമയില്‍ അവസരങ്ങള്‍ക്ക് വേണ്ടി അലഞ്ഞിട്ടുണ്ടോ?
പഠനം കഴിഞ്ഞ് പുറത്തിറങ്ങി തിരുവനന്തപുരത്തെ മികച്ച സംവിധായകരുടെ വീട്ടിലും ചാന്‍സ് തേടി പോയിട്ടുണ്ട്. എല്ലാവരും നല്ല രീതിയില്‍ പെരുമാറിയെങ്കിലും അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയില്ല
അങ്ങനെ ഒരിക്കല്‍ അടൂര്‍ സാറിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഞാന്‍ ഇപ്പോള്‍ സിനിമയൊന്നും ചെയ്യുന്നില്ല, വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഞാന്‍ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. 'വീടിന്റെ കോംപൗണ്ടില്‍ കറങ്ങി നടന്നെങ്കിലും കോളിങ്‌ബെല്‍ കണ്ടില്ല.
ഗേറ്റിന് പുറത്തിറങ്ങിയപ്പോള്‍ അടുത്തുള്ള കടക്കാരന്‍ പറഞ്ഞു, അടൂര്‍ സാര്‍ പുറത്ത് പോയിട്ടില്ല. ഉമ്മറത്തു തൂക്കിയിട്ട മണിയടിച്ചാല്‍ മതി അദ്ദേഹം വാതില്‍ തുറക്കും' എന്ന്. അങ്ങനെ ഞാന്‍ ചെന്ന് മണിയടിച്ചു; അദ്ദേഹം പുഞ്ചിരിയോടെ വാതില്‍ തുറന്നു. ആ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. 'സാറേ സിനിമയില്‍ മണിയടിച്ചാലെ കയറാന്‍ പറ്റൂ എന്നു കേട്ടിട്ടുണ്ട് 'ഞാന്‍ അറിയാതെ പറഞ്ഞു പോയതാണെങ്കിലും അത് കേട്ട് അദ്ദേഹം ചിരിച്ചു. 'സിനിമയില്‍ മണിയടിച്ച് കയറുന്ന വരും അടിക്കാതെ കയറുന്നവരുമുണ്ട്'' എന്ന് പറഞ്ഞ് അദ്ദേഹം എന്നെ സ്വീകരണമുറിയില്‍ വിളിച്ചുവരുത്തി.
സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വിശേഷങ്ങള്‍ തിരക്കി. അതിനുശേഷം അദ്ദേഹം സൗമ്യമായി സംസാരിച്ചു. ഞാന്‍ മലയാളം കമേഴ്‌സ്യല്‍ സിനിമയുടെ ആളല്ല. വല്ലപ്പോഴുമാണ് സിനിമ ചെയ്യുന്നത്. എന്നാല്‍ അത്തരം സിനിമകളില്‍ അഭിനയിച്ചാല്‍ അത് നിനക്ക് ഗുണം ചെയ്യില്ല. നടനനെന്ന നിലയില്‍ ഗുണം കിട്ടണമെങ്കില്‍ കമേഴ്സ്യൽ സിനിമയില്‍ അഭിനയിക്കണം. അതിനാല്‍ അത്തരം സിനിമ ചെയ്യുന്നവരെ കാണുന്നതാണ് നല്ലത്. സൂപ്പര്‍ താരത്തെ മാത്രം ചുറ്റിപ്പറ്റി സിനിമ ചെയ്യുന്ന കാലമായിരുന്നത്. അത് എന്നെ പോലെ ഒരാള്‍ക്ക് തുടക്കം കുറിച്ച് ശോഭിക്കാന്‍ പറ്റിയ കാലവുമല്ല. അന്ന് കാര്യമായി പരിശ്രമിച്ചാല്‍ ഏതെങ്കിലും രണ്ടു മൂന്നു സീനുകളില്‍ കടന്നുപോകുന്ന കഥാപാത്രം കിട്ടിയേനെ. പക്ഷേ അതുകൊണ്ടൊന്നും ഗുണം ചെയ്യില്ല. പിന്നെ അഭിനയിക്കാന്‍ പറ്റിയ മറ്റൊരു ലോകം സീരിയല്‍ ആണ്. അതിൽ അന്നും ഇന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ചാനലിലെ കോമഡി പരിപാടിയിലേക്ക് ശ്രദ്ധി തിരിച്ചത്. കുറേക്കാലം ഏഷ്യാനെറ്റിലും തുടര്‍ന്നു കൈരളിയിലും ജോലിചെയ്തു. ആ ഷോകളൊക്കെ ഹിറ്റായി.
മാറുന്ന മലയാള സിനിമയുടെ കാലമാണിത്. എല്ലാ തരത്തിലും ഒരു നടന്റെ എന്‍ട്രിക്ക് നല്ല സമയം. അന്ന് സിനിമയില്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് ഔട്ടായി പോകുമായിരുന്നു. ജീവിതത്തില്‍ ഒരുപാട് തീവ്രാനുഭവങ്ങളിലൂടെ കടന്നുവന്നതിനാല്‍ അതൊക്കെ പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്. യൗവ്വനത്തില്‍ കഷ്ടപ്പാട് ആണെങ്കിലും വയസ്സാംകാലത്താണല്ലോ സൗകര്യങ്ങളും സുഖവും അനുഭവിക്കേണ്ടത്. പെന്‍ഷന്‍ വാങ്ങിക്കേണ്ട സമയത്ത് സര്‍വീസ് തുടങ്ങേണ്ടി വന്ന ഒരാളെപ്പോലെയാണ് സിനിമയില്‍ എന്ന കാര്യം.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയിക്കാന്‍ പോയതാ സിനിമ മോഹത്തിലാണോ?
കുട്ടിക്കാലത്ത് ഞാന്‍ കണ്ടു പ്രൊഫഷണല്‍ നാടകങ്ങളാണ് എന്നെ അഭിനേതാവാക്കി മാറ്റിയത്. കിലോമീറ്ററുകള്‍ നടന്ന് നാടകം കാണാന്‍ പോയിട്ടുണ്ട്. തിരുവനന്തപുരം സംഘചേതന വെഞ്ഞാറമൂട് രംഗചേതന ആറ്റിങ്ങല്‍ ദേശാഭിമാനി എന്നിവ അക്കാലത്തെ അറിയപ്പെടുന്ന ട്രൂപ്പുകളാണ്. അഭിനയമോഹം തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. കോളേജ് പഠനകാലത്ത് പ്രൊഫഷണല്‍ ഗ്രൂപ്പില്‍ അഭിനയിക്കാന്‍ ചേരാന്‍ പോയ എന്നെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാണ് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അയച്ചത്. അഭിനയത്തിന്റെ ലൈഫ് കൂടുതലുള്ള മാധ്യമം എന്ന നിലയില്‍ സിനിമ തന്നെയായിരുന്നു ഇഷ്ടം. എന്നാല്‍ സിനിമയില്‍ വന്നതിനു ശേഷവും ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഈ യാത്രയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടോ?
സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍ ഇല്ല ആരെങ്കിലും റിസ്‌ക്കെടുക്കാൻ തയ്യാറായാൽ എന്നെപ്പോലൊരു തുടക്കക്കാരന് കഴിവ് തെളിയിക്കാന്‍ പറ്റും. അന്ന് രാജീവ് രവി എന്ന സംവിധായകന്‍ റിസ്ക്കെടുത്തതിന്റെ ഗുണമാണ് അനില്‍ നെടുമങ്ങാട് എന്ന നടന്‍. അതുപോലെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി എഴുത്ത റിസ്ക്കാണ് ഇപ്പോള്‍ സി.ഐ. സതീശന്‍ എന്ന കഥാപാത്രത്തിലൂടെ ആഘോഷിക്കുന്നത്.
(സ്റ്റാർ ആൻഡ് സ്റ്റൈലിൽ മുൻപ് പ്രസിദ്ധീകരിച്ചത്)
content highlights: anil nedumangad interview