അനീഷ് ഉപാസന, ജാനകി ജാനേയിൽ നിന്നുള്ള രംഗം
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഒരു സിനിമ തിയേറ്ററുകളിലെത്തുകയാണ്. നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന 'ജാനകി ജാനേ'. ഏറെ ശ്രദ്ധിക്കപ്പെട്ട 'ഉയരെ'ക്കു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമ എന്ന പ്രത്യേകത കൂടി 'ജാനകി ജാനേ'യ്ക്കുണ്ട്. മനുഷ്യരിലുണ്ടാകുന്ന വിവിധ പേടികളെക്കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം ഒരു നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒട്ടും സങ്കീര്‍ണമല്ലാത്ത, രസകരമായി കണ്ടിരിക്കാവുന്ന സിനിമയായിരിക്കും 'ജാനകി ജാനേ' എന്ന് ഉറപ്പ് നല്‍കുകയാണ് അനീഷ് ഉപാസന.
പേടിയാണ് വിഷയം, എങ്ങനെയാണ് ഈ കഥ താങ്കളുടെ മനസ്സില്‍ ഉടലെടുക്കുന്നത്?
കോവിഡ് സമയത്താണ് ഞാന്‍ ഈ സിനിമ എഴുതുന്നത്. ആദ്യമായി ഞാന്‍ തന്നെ എഴുതുന്ന ഒരു സിനിമ കൂടിയാണിത്. നേരത്തേ ചെയ്ത സിനിമകളെല്ലാം മറ്റുള്ളവരുടെ കഥകളായിരുന്നു. ഒരു സ്ത്രീ റബ്ബര്‍ തോട്ടത്തിലൂടെ ഓടുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. അതില്‍നിന്നാണ് പേടി എന്ന എലമെന്റ് ലഭിച്ചത്. എനിക്ക് തോന്നുന്നത് ഇത്തരത്തിലുള്ള സിനിമകള്‍ ഇപ്പോള്‍ തിയേറ്ററില്‍ വരുന്നില്ലെന്നാണ്. ഇന്റലക്ച്വല്‍ സിനിമകളാണ് കൂടുതലും. ഇതില്‍ പാട്ടുകളുണ്ട്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈകാരിക അടുപ്പമുണ്ട്, ഹാസ്യമുണ്ട്, കൂടാതെ പേടി എന്ന ഒരു ഘടകവും. വലിയ പേടികളെക്കുറിച്ചല്ല സംസാരിക്കുന്നത്. കാണുന്നവര്‍ക്ക് നിസ്സാരമായും അനുഭവിക്കുന്നവര്‍ക്ക് ഭീകരമായും തോന്നുന്ന ഒരു തരം ഭയം. ഇതിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കും. നമ്മളില്‍ പലരിലും ഉണ്ടായിരിക്കാം ഈ ചെറിയ പേടികള്‍. ഈ സിനിമയില്‍ അമാനുഷികമായൊന്നുമില്ല. ചുരുക്കത്തില്‍ ഒട്ടും സങ്കീര്‍ണമല്ലാത്ത, രസകരമായി കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമയാണിത്.
കഥാപാത്രങ്ങള്‍ക്കു വേണ്ടി അഭിനേതാക്കളെ കണ്ടെത്തിയതിനെക്കുറിച്ച്?
കാറളം എന്ന സ്ഥലത്താണ് സിനിമ ചിത്രീകരിച്ചത്. ഒരു ഗ്രാമപ്രദേശത്ത്. നവ്യ അവതരിപ്പിക്കുന്ന ജാനകിയാണ് കേന്ദ്രകഥാപാത്രം. വളരെ മിതത്വത്തോടെ അത് അഭിനയിച്ചു ഫലിക്കാന്‍ സാധിക്കുന്ന ഒരു നടി തന്നെ അതിന് വേണമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു സൈക്കോ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് തോന്നി പോകും. നവ്യ പരിചയസമ്പന്നയായ അഭിനേത്രിയാണ്. നവ്യയ്ക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സൈജു കുറുപ്പ് ഒരു മുഴുനീള നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂടാതെ കോട്ടയം നസീര്‍, ജോണി ആന്റണി തുടങ്ങി ഒട്ടേറെ മികച്ച അഭിനേതാക്കളെ സിനിമയുടെ ഭാഗമാക്കാന്‍ സാധിച്ചു. ഇവരെല്ലാം നന്നായി ഹ്യൂമര്‍ ചെയ്യാന്‍ കെല്‍പ്പുള്ള വ്യക്തികളാണ്.
എസ്. ക്യൂബ് ഫിലിംസ് സിനിമയുടെ ഭാഗമാകുന്നത് എങ്ങിനെയാണ്?
പി.വി. ഗംഗാധരന്‍ സാറിന്റെ സാരഥ്യത്തില്‍ മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംഭാവന ചെയ്ത നിര്‍മാണ കമ്പനിയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. അത്രയേറെ സിനിമാ പാരമ്പര്യമുണ്ട്. അവര്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതിന് ഒരു ക്വാളിറ്റിയുണ്ടാകുമെന്ന വിശ്വാസം പ്രേക്ഷകര്‍ക്കുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ പി.വി.ജിയുടെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ്. എസ്. ക്യൂബിന്റെ അവസാന ചിത്രം 'ഉയരെ' ആയിരുന്നു. സാമ്പത്തിക വിജയത്തോടൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രമാണ് 'ഉയരെ'. തിയേറ്ററിലെ ആളുകളുടെ പള്‍സ് നന്നായി അറിയുന്നവരാണ് എസ്. ക്യൂബ്. അവര്‍ നിര്‍മാണം ഏറ്റെടുത്തത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. മികച്ച അണിയറപ്രവര്‍ത്തകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ഈ സിനിമയുടെ ഭാഗമായിരിക്കുന്നത്. എസ്. ക്യൂബ് ഫിലിംസിന് അത് നിര്‍ബന്ധമുള്ള കാര്യമാണ്. ഇതില്‍ നല്ല പാട്ടുകളുണ്ട്, വിനീത് ശ്രീനിവാസന്‍, സിതാര കൃഷ്ണകുമാര്‍, ഹരിശങ്കര്‍, മധുവന്തി തുടങ്ങിയവരാണ് ഗായകര്‍. കൈലാസ്, മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ചെയ്ത സിബി മാത്യു അലക്‌സ് എന്നിവരാണ് സംഗീതം.
സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ്. കണ്ടന്റിന്റെ നിലവാരക്കുറവാണ് അതിന് കാരണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍, നല്ല സിനിമകള്‍ക്ക് പോലും ആളില്ലെന്ന മറുവാദമുണ്ട്. ഈ ചര്‍ച്ചകളെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?
ഒരു സിനിമ പരാജയപ്പെടുന്നത് അതിന്റെ കണ്ടന്റിന്റെ മാത്രം പ്രശ്‌നം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല. മാര്‍ക്കറ്റിങിലെ പോരായ്മകളും റിലീസ് ചെയ്യുന്ന സമയവുമെല്ലാം അതിനെ സ്വാധീനിക്കും. ചില സിനിമകള്‍ തിയേറ്ററില്‍ ഹിറ്റാണെങ്കിലും ഒ.ടി.ടിയിലോ ടി.വിയിലോ വരുമ്പോള്‍ എങ്ങനെ ഈ സിനിമ ഇത്രയും ഓടിയെന്ന് സംശയിക്കാറുണ്ട്. അതുപോലെ തിയേറ്ററില്‍ പരാജയപ്പെട്ട ചില ചിത്രങ്ങള്‍ പിന്നീട് കാണുമ്പോള്‍ എന്തുകൊണ്ടിത് ഓടിയില്ല എന്നും തോന്നും. ആളുകള്‍ പൂര്‍ണമായും ഒ.ടി.ടിയിലേക്ക് മാറിയിട്ടൊന്നുമില്ല. പക്ഷേ തിയേറ്ററിലേക്ക് ആളുകളെ കൊണ്ടുവരണമെങ്കില്‍ കൃത്യമായി മാര്‍ക്കറ്റ് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. മൗത്ത് പബ്ലിസിറ്റിയും വളരെ പ്രധാനപ്പെട്ടതാണ്. ഒരു സിനിമ കണ്ട് അത് നല്ലതാണെന്ന് മറ്റൊരാളോട് പറയുമ്പോള്‍ അത് തിയേറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരും. '2018' പോലുള്ള സിനിമയുടെ വിജയം അതിന് ഉദാഹരണമാണ്.
ഒരു നടന്റെ ഡേറ്റിന് വേണ്ടി താങ്കള്‍ ഒരുപാട് കാലം കാത്തിരുന്നുവെന്നും ഒടുവില്‍ നിരാശപ്പെടേണ്ടി വന്നുവെന്നും കേട്ടിരുന്നു. ഇത്രയും കാലത്തെ ഒരു ഇടവേള വരാന്‍ അതായിരുന്നോ കാരണം?
അങ്ങനെ പറയാന്‍ സാധിക്കില്ല. എല്ലാത്തിനും ഒരു സമയമുണ്ട്. അങ്ങനെ സംഭവിച്ചതില്‍ പരാതിയില്ല, ഒരു പരിഭവമുണ്ട്. ആ നടന് പിറകെ തിരക്കഥയുമായി നടന്നപ്പോള്‍ എന്റെ വിലപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ പാഴായി പോയി. ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് മറ്റൊരു വഴി നോക്കാമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. എന്നേക്കാള്‍ മൂല്യമുള്ള സംവിധായകര്‍ അദ്ദേഹത്തെ സമീപിച്ചത് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. എനിക്ക് വിഷമമുണ്ട്, എന്നിരുന്നാലും ഭാവിയില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ അദ്ദേഹവുമായി സഹകരിക്കാന്‍ ഞാന്‍ മടി കാണിക്കുകയില്ല.
താങ്കളുടെ വാക്കുകളിലും എഴുത്തുകളിലുമെല്ലാം എല്ലായ്‌പ്പോഴും നിറഞ്ഞു നില്‍ക്കുന്ന പേരാണ് മോഹന്‍ലാലിന്റേത്. അദ്ദേഹവുമായുള്ള ആത്മബന്ധത്തെക്കുറിച്ച്?
മോഹന്‍ലാല്‍ എന്ന പേര് എന്റെ രക്തത്തില്‍ ചേര്‍ന്നുപോയതാണ്. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല, എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എന്നില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ പക്വതയോടെ കൈകാര്യം ചെയ്യണമെന്ന പാഠം ഞാന്‍ പഠിക്കുന്നത് അദ്ദേഹത്തില്‍നിന്നാണ്. വിജയങ്ങളും പരാജയങ്ങളും ചുമലിലേറ്റി കൊണ്ടു നടക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. ഒരുപാട് വര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു. 'ജാനകി ജാനേ.' കുറച്ച് കൂടി മുന്‍പേ തുടങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു. എന്നാല്‍, ലാല്‍ സാറിന്റെ കൂടെ ബറോസ് എന്ന സിനിമ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ലാല്‍ സാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. ലാല്‍ സാറിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ മറ്റൊന്നും ആലോചിക്കാറില്ല. 'ബറോസി'നെക്കുറിച്ച് പറയുമ്പോള്‍ ലാല്‍ സാര്‍ മികച്ച സംവിധായകനാണ്. ലാല്‍ സാര്‍ അഭിനയിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളൂ. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വപാടവം എന്നെ അത്ഭുതപ്പെടുത്തി. സിനിമയില്‍നിന്ന് ഇത്രയും കാലം കൊണ്ട് അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തും വിവരവും 'ബറോസി'ന് മുതല്‍ക്കൂട്ടായിരിക്കും.
Content Highlights: Anish Upasana Interview, jaanaki jaane movie, Navya Nair, Saiju Kurup film, S cube films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..