സെലിബ്രിറ്റികള്‍ (സ്ത്രീകൾക്ക് മാത്രം ബാധകമാണ് കേട്ടോ) ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കണമെങ്കിലും സ്വന്തം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ചിത്രം പങ്കുവയ്ക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണമെന്ന നിലപാടാണ് ചില സെെബർ സഹോദരങ്ങൾക്ക്. പ്രത്യേകിച്ച് നാടൻ വേഷങ്ങൾ ചെയ്ത് മോഡേൺ വസ്ത്രങ്ങളിൽ ഫോട്ടോ ഷൂട്ട് ചെയ്യുന്ന നടിമാരുടെ കാര്യം പറയുകയേ വേണ്ട.
തുണിയുടെ അളവിന് അനുസരിച്ചാണ് അവരെ ഇത്രയും കാലം ജനങ്ങൾ പിന്തുണച്ചത് എന്ന് തോന്നിപ്പോകും വിധമാണ് പലരുടെയും കമന്റ്. 'ദേ പെണ്ണേ ഇതിന് ലെെക്കില്ല കേട്ടോ, സിനിമ കുറയുന്നതിനനുസരിച്ച് ഡ്രസ്സിന്റെ നീളവും കുറക്കുമോ? ഇത്രയും കാലം നീ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ, ഇതു വേണ്ടായിരുന്നു.' ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. ഈ കൂട്ടത്തിൽ ആങ്ങളമാർ മാത്രമല്ല 'സ്നേഹമുള്ള' സഹോദരിമാരും ഉണ്ടെന്ന് പ്രത്യേകം പറയട്ടെ...
ബാലതാരമായി സിനിമയിൽ വന്ന അനശ്വര രാജനാണ് ഇവരുടെ ആക്രമണത്തിന് ഒടുവിൽ ഇരയായത്. അനശ്വരയെ ഇരയെന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. തന്നെ ഉപദേശം കൊണ്ടു മൂടിയവർക്ക് ചുട്ട മറുപടി നൽകിയിട്ടുണ്ട് ഈ പെൺകുട്ടി. അനശ്വരയുടെ ചിത്രവും മറുപടിയും വെെറലായതോടെ സിനിമാ മേഖലയിൽനിന്ന് ഒട്ടനവധിപേർ ഇവർക്ക് പിന്തുണയുമായി രംഗത്ത് വന്നു.
അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കൽ കുറിച്ചത്. അതിന് തൊട്ടുപിന്നാലെ ഈ നിരയിലേക്ക് പിന്തുണയുമായി അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവർ സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക് നല്ലൊരു കൊട്ടും നൽകി.
ഈ സംഭവമെല്ലാം കാണുമ്പോൾ 2017-ൽ പ്രിയങ്ക ചോപ്രയും ഇന്ത്യൻ പ്രധാനന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെട്ട ഒരു സംഭവമാണ് ഓർമ വരുന്നത്. സ്ഥിരമായി മോഡേൺ വസ്ത്രം ധരിക്കുന്ന, ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള, ലോകസുന്ദരി പട്ടം വരെ നേടിയ പ്രിയങ്കയും സദാചാരവാദികളുടെ കൂട്ട ആക്രമണത്തിന് ഇരയായിട്ടുണ്ട്. അതും അന്താരാഷ്ട്ര തലത്തിലുള്ള സദാചാരവാദികൾ. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇക്കൂട്ടർക്ക് യാതൊരു ക്ഷാമവുമില്ല.
ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ബര്‍ലിനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. അവിടെ വച്ച് പ്രിയങ്ക ചോപ്ര പ്രധാനമന്ത്രി നരേന്ദ മോദിയെ സന്ദർശിച്ചു. വളരെ സന്തോഷത്തോടെ ഈ കൂടിക്കാഴ്ചയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും തനിക്ക് കുറച്ച് സമയം മാറ്റിവച്ചതില്‍ പ്രധാനമന്ത്രിയോട് നന്ദി പറയുകയും ചെയ്തു. എന്നാല്‍, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കയ്ക്ക് ട്രോളിന്റെ പൊങ്കാലയായിരുന്നു.
പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കാല് കാണുന്ന തരത്തിലുള്ള വേഷം ധരിച്ചതായിരുന്നു ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പ്രിയങ്ക മോദിയെ കാണാൻ ഓടി ചെന്നത്. മറ്റുള്ളവരുടെ വസ്ത്രധാരണം ഒന്നും ശ്രദ്ധിക്കുന്ന വ്യക്തിയല്ല പ്രധാനമന്ത്രിയെന്ന് പ്രോട്ടോക്കോൾ ഓഫീസറും പ്രിയങ്കയോട് പറഞ്ഞു. മോദിക്ക് ഇല്ലാത്ത എതിർപ്പാണ് സോഷ്യൽ മീഡിയക്കെന്നും തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നുമായിരുന്നു പ്രിയങ്കയുടെ അമ്മ അതിന് ശേഷമൊരു അഭിമുഖത്തിൽ പറഞ്ഞത്.
'മോദി പറഞ്ഞില്ലെങ്കിലും നിങ്ങൾ അമ്മയല്ലേ, മകളെ മാന്യമായി വസ്ത്രം ധരിപ്പിച്ചൂടെ' എന്നാണ് ഒരു കൂട്ടം പറഞ്ഞത്. ഉപദേശം അസഹ്യമായപ്പോള്‍ മകൾക്കൊപ്പം തന്റെയും കാല് കാണിക്കുന്ന വേഷം ധരിച്ച് ഇരിക്കുന്ന ചിത്രമെടുത്തു മധു ചോപ്ര. അതോടെ കുറച്ചുപേർക്ക് 'സമാധാനമായി'.

നേരത്തേ പറഞ്ഞത് പോലെ ഇത് സ്ത്രീകൾക്ക് മാത്രം ബാധകമാണ് കേട്ടോ. പുരുഷൻമാർക്ക് മസിലുള്ള ശരീരം കാണിച്ച് അർധനഗ്നരായി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാം. അപ്പോൾ അവർ പറയും 'ആഹാ, വേറെ ലെവൽ, പൊളി, സൂപ്പർ, ഡെഡിക്കേഷൻ.' സിനിമയിൽ ജഗതി പറഞ്ഞപോലെ റൊണാൾഡോ ചെയ്താൽ ആഹാ... വട്ടോളി ചെയ്താൽ ഓഹോ...
സദാചാരവാദികളുടെ ഇരട്ടത്താപ്പെല്ലാം കുറച്ചു കാലം കൂടി ചെലവായേക്കാം. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവിടെയും വളർന്നു വരുന്നുണ്ട്. അവർക്ക് മുന്നിൽ നിങ്ങൾക്ക് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ വരച്ചിടാൻ സാധിക്കില്ലെന്ന് തിരിച്ചറിയുക.
Content Highlights: Anaswara Rajan cyber attack, we have legs campaign, Priyanka Chopra