വീട്ടിൽ പറയാതെ മോഡലിങ്ങും ഓഡിഷനും, പിന്നെ സിനിമയും, എതിർപ്പ് മാറി കട്ട പിന്തുണയുമായി വീട്ടുകാരും


ശ്രീലക്ഷ്മി മേനോൻ | sreelakshmimenon@mpp.co.in

4 min read
Read later
Print
Share

യാഥാസ്തിക മുസ്ലിം കുടുംബത്തിൽ നിന്ന് മോഡലിങ്ങിലേക്കും സിനിമയിലേക്കും വരുന്ന പെൺകുട്ടി നേരിടുന്ന എല്ലാ പ്രതിസന്ധികളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം.

കുഞ്ചാക്കോ ബോബനൊപ്പം മോഹൻകുമാർ ഫാൻസിൽ, അനാർക്കലി നാസർ

സ്കൂളിൽ പഠിക്കുമ്പോൾ നാണംകുണുങ്ങിയായിരുന്ന ഒരു പെൺകുട്ടിയ്ക്ക് വലുതായപ്പോൾ ഇഷ്ടം തോന്നിയത് മോഡലിങ്ങിനോടും സിനിമയോടും. തനി യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വരുന്നതിനാൽ തന്നെ തന്റെ ഈ ഇഷ്ടത്തോട് മുഖം തിരിച്ച വീട്ടുകാരെ അറിയിക്കാതെ അവൾ നിരവധി പരസ്യ ചിത്രങ്ങളുടെയും മറ്റും ഭാഗമായി മോഡലിങ്ങിലേക്ക് ചുവടുവച്ചു. സംവിധായകൻ ജിസ് ജോയുടെ മുന്നിൽ ചെന്നു പെട്ടതോടെ നിനച്ചിരിക്കാതെ സിനിമയിലേക്കും. അങ്ങനെ മലയാള സിനിമയ്ക്ക് മറ്റൊരു അനാർക്കലിയെ കൂടി നായികയായി ലഭിച്ചു. ഇത് അനാർക്കലി നാസർ. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസിലെ നായിക... ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെത്തിയ വേളയിൽ അനാർക്കലി മാതൃഭൂമി ഡോട്കോമിനോട് മനസ് തുറക്കുന്നു

ഭാഗ്യം പോലെ വന്ന സിനിമ

ഞാൻ കുറച്ച് കാലമായി മോഡലിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. ജിസ് സാറിന്റെ ഒപ്പം ഒന്നു രണ്ട് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ആ പരിചയം ഉണ്ടായിരുന്നു. മോഹൻകുമാറിന്റെ വർക്കുകൾ തുടങ്ങുന്ന സമയത്താണ് നായികയുടെ കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയും ഒരു പുതിയ മുഖത്തെ പരിചയപ്പെടുത്താം എന്ന് അവർ തീരുമാനിക്കുകയും ചെയ്യുന്നത്. അങ്ങനെയാണ് നായികയാവാൻ താത്പര്യമുണ്ടോ എന്ന് എന്നോട് ചോദിക്കുന്നത്. സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഭാഗ്യത്തിന് കിട്ടിയ വേഷമാണ് ഈ സിനിമയിലെ വേഷം.

കുടുംബചിത്രമാണ് മോഹൻകുമാർ ഫാൻസ്. ശ്രീ രഞ്ജിനി എന്ന കഥാപാത്രമാണ് എന്റേത്, ഇന്റീരിയർ ഡിസൈനറായ, റിയാലിറ്റി ഷോ സിങ്ങറായ ഒരു കഥാപാത്രം. സിനിമയെപ്പറ്റി കൂടുതൽ പുറത്ത് പറയാനാവില്ല. എങ്കിലും ഒരു ഉറപ്പ് തരാം, ജിസ് സാറിന്റെ മറ്റ് ചിത്രങ്ങൾ പോലെ ഒരു ഫീൽ ഗുഡ് എന്റർടെയ്നർ ആയിരിക്കും. കുറേ നല്ല പാട്ടുകളുണ്ട്

Anarkali Nazar
മോഹൻകുമാർ ഫാൻസിന്റെ അണിയറപ്രവർത്തകർക്കൊപ്പം അനാർക്കലി

പണ്ടത്തെ ആ നാണംകുണുങ്ങി വന്നുപെട്ടത് ക്യാമറയ്ക്ക് മുന്നിൽ

സിവിൽ എഞ്ചിനീയറിങ്ങ് ആണ് ഞാൻ പഠിച്ചത്. 2018-ൽ പഠനം പൂർത്തിയാക്കി. ഒരു ആറ് മാസം ഞാൻ ജോലി ചെയ്തു. അത് രാജിവച്ചാണ് മുഴുവൻ സമയം മോഡലിങ്ങിലേക്ക് ഇറങ്ങുന്നത്. സിനിമാമോഹം മനസിൽ വച്ചായിരുന്നില്ല ഞാൻ മോഡലിങ്ങ് തുടങ്ങിയത്.‌ ചെയ്ത് ചെയ്ത് മോഡലിങ്ങിനോട് ഭയങ്കര ഇഷ്ടം തോന്നിയതാണ്.

സത്യത്തിൽ സ്കൂളിൽ പഠിക്കുമ്പോഴൊക്കെ ഭയങ്കര നാണം കുണുങ്ങിയായിരുന്നു ഞാൻ. കൂട്ടുകാരോടൊഴികെ ബാക്കിയുള്ളവരോട് മിണ്ടാനൊക്കെ ഭയങ്കര മടിയായിരുന്നു. സിനിമ കാണും എന്നല്ലാതെ സിനിമാ നടിയാവണം എന്നൊന്നും വിചാരിച്ചിരുന്നേ ഇല്ല. തേഡ് ഇയർ ആയപ്പോഴാണ് മോഡലിങ്ങ് ആഗ്രഹം വരുന്നത്. കൂട്ടുകാർ നീ ചെയ്യ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നുവെങ്കിലും പേടി കാരണം ഒരു കൈ നോക്കാൻ ധൈര്യമില്ലായിരുന്നു. പിന്നെ വീട്ടിൽ നിന്നുള്ള എതിർപ്പുകളും ധാരാളമുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ജോലിക്കായി കൊച്ചിയിൽ വന്നപ്പോഴാണ് മോഡലിങ്ങ് ഒന്ന് ട്രൈ ചെയ്ത് നോക്കുന്നത്. അതോടെ ഈ സ്റ്റേജ് ഫിയർ എന്ന സംഗതി മാറിക്കിട്ടി. അങ്ങനെയാണ് ഓഡിഷനുകളിൽ പങ്കെടുക്കുന്നതും മറ്റും.

ജിസ് ജോയ് എന്ന കംഫർട്ടബിൾ ഫാക്ടർ

സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്നറിഞ്ഞതു മുതൽ ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു. സാറിനെ നേരിട്ട് അറിയുന്ന പലരും എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു രീതിയിലും ടെൻഷനാവണ്ട, ജിസ് സാർ നമ്മളെ ഭയങ്കരമായി കംഫർട്ടബിളാക്കുമെന്ന്. എല്ലാവരും വെറുതേ പറഞ്ഞതായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ സെറ്റിലെത്തിയ ആദ്യ ദിവസം മുതൽ ഒരു പുതുമുഖം നേരിട്ടേക്കാവുന്ന ഒരു സമ്മർദവും നൽകാതെ എന്നെ കംഫർട്ടബിളാക്കി. ഒരു വ്യക്തിക്ക് ഇത്രയ്ക്ക് ക്ഷമയൊക്കെ കാണുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സാറെന്താണോ പറഞ്ഞ് തന്നത് ഞാനത് അതേ പോലെ ചെയ്തു എന്നേയുള്ളൂ.

ചാക്കോച്ചൻ ഒരു അടിപൊളി മനുഷ്യൻ

ചാക്കോച്ചന്റെ നായികയായി ആദ്യ ചിത്രം എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യമാണ്. എല്ലാവർക്കുമറിയാം ചാക്കോച്ചൻ ഈ ജെം ഓഫ് എ പേഴ്സൺ എന്ന് പറയില്ലേ അങ്ങനെയാണെന്ന്. ഇത്ര വർഷമായി സിനിമയിലെത്തിയിട്ട്, എന്നിട്ടും നമ്മളെ പോലുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം തരുന്ന പിന്തുണ ഭയങ്കരമാണ്. ഒടുക്കത്തെ ക്ഷമയാണ്. അടിപൊളി മനുഷ്യനാണ്, വേറൊന്നും പുള്ളിയെ കുറിച്ച് പറയാനില്ല. ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു, പണ്ടു മുതലേ നമ്മൾ കണ്ടു വളർന്ന നടനാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാവുക എന്നത് പറഞ്ഞാൽ അത് വല്ലാത്ത അനുഭവമായിരുന്നു.

Anarkali Nazar

പിന്നെ സിദ്ധിഖ് സാറിന്റെ കാര്യവും എടുത്ത് പറയേണ്ടതാണ്. എന്റെ അച്ഛൻ കഥാപാത്രത്തെയാണ് സിദ്ധിഖ് സാർ അവതരിപ്പിക്കുന്നത്. ആ ഒരു ബോണ്ടിങ്ങ് ഞങ്ങൾ തമ്മിലുണ്ടായിട്ടുണ്ട്. ഭയങ്കര പിന്തുണ തന്നിരുന്നു സാർ,അതെന്റെ പേടി ഒഴിവാക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ അച്ഛനോട് എങ്ങനെയാണോ സംസാരിക്കുന്നത് അതേ പോലെ തന്നെ അദ്ദേഹത്തോടും സംസാരിക്കാൻ സാധിച്ചിരുന്നു.

പേര് മാറ്റാനോ? ഒരിക്കലുമില്ല

എന്നെ പരിചയപ്പെടുന്നവർ എന്നെ മറന്നാലും ഓർത്തിരിക്കാറുള്ളത് എന്റെ പേരായിരുന്നു. ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് അനാർക്കലി മരിക്കാർ എന്ന നടി സിനിമയിൽ വരുന്നത്. അന്ന് എല്ലാവരും എന്നോട് ഈ പേരിന്റെ കാര്യം പറയുമായിരുന്നു. പേര് മാറ്റുമോ എന്ന് പലരും ചോദിച്ചിരുന്നു. ഇല്ല എന്ന് തന്നെയാണ് എപ്പോഴത്തെയും ഉത്തരം. ഞാൻ കേട്ട് വളർന്ന പേരാണ്, ഒരേ പേരില്‌ ഇഷ്ടം പോലെ നടിമാരുണ്ടല്ലോ.. ഈ പേര് തന്നെയാണ് എന്റെ ഐഡന്റിറ്റി. അതെന്തായാലും മാറ്റാൻ ഉദ്ദേശ്യമില്ല.

Anarkali Nazar

അന്ന് കടുത്ത എതിർപ്പ് ഇന്ന് കട്ട പിന്തുണ

കൊല്ലമാണ് എന്റെ സ്വദേശം. വീട്ടിൽ ഉമ്മ, ബാപ്പ, പിന്നെ ഒരു സഹോദരിയുമാണ് ഉള്ളത്. അവൾ വിവാഹിതയാണ്. ഇപ്പോൾ ജോലി സംബന്ധമായി കൊച്ചിയിലാണ് ഞാൻ താമസിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്ന് മോഡലിങ്ങിലേക്കും സിനിമയിലേക്കും വരുന്ന പെൺകുട്ടി നേരിടുന്ന എല്ലാ പ്രതിസന്ധികളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം. കൂട്ടുകാരാണ് വേണ്ട പിന്തുണയെല്ലാം തന്ന് കൂടെ നിന്നത്.

കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് വീട്ടിൽ പറയാതെയാണ് മോഡലിങ്ങ് ചെയ്തു കൊണ്ടിരുന്നത്. ഓഡിഷനുകളിൽ പങ്കെടുത്തിരുന്നതും വീട്ടിൽ പറയാതെയാണ്. ചേച്ചിക്ക് ഇക്കാര്യം അറിയാമായിരുന്നെങ്കിലും ആരെ പിന്തുണയ്ക്കുമെന്ന പ്രതിസന്ധിയിലായിരുന്നു. പിന്നീട് സിനിമയിലേക്ക് അവസരം വന്നപ്പോൾ ഉപ്പയും ഉമ്മയുമെല്ലാം പൂജയ്ക്ക് സെറ്റിൽ വന്നിരുന്നു. അപ്പോഴാണ് അവർക്ക് ശരിക്കും വിശ്വാസം വരുന്നത്. അത് ജിസ് സാറിന്റെ സെറ്റിന്റെ ഗുണമാണ്. ഒരു കുടുംബാന്തരീക്ഷമായിരിക്കും. അതോടെ അവർ ഹാപ്പിയായി. താത്പര്യം ഇല്ലാത്ത ബന്ധുക്കളുണ്ട് പക്ഷേ ഇപ്പോ കട്ട പിന്തുണയുണ്ട് വീട്ടിൽ നിന്ന്.

പാഷൻ കൊണ്ട് പഠിച്ചതായിരുന്നില്ല, വീട്ടുകാരുടെ ഇഷ്ടത്തിന് തിരഞ്ഞെടുത്തതായിരുന്നു എഞ്ചിനീയറിങ്ങ്. എന്തായാലും ഇനി അങ്ങോട്ട് തിരിച്ചില്ല. മോഡലിങ്ങിലേക്കും സിനിമയിലേക്കും എന്തായാലും ഇറങ്ങിത്തിരിച്ചു. ഇനി ഇതിൽ തന്നെ എന്താകുമെന്ന് നോക്കാം.

(ഡിസംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റെലിൽ പ്രസിദ്ധീകരിച്ചത്)

Content Highlights : Anarkali Nazar Interview Mohankumar Fans Movie Actress Jis Joy Kunchacko Boban

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ganesh and KG George

3 min

ആഖ്യാനകലയുടെ ആചാര്യൻ, വിട കെ.ജി. ജോർജ്‌

Sep 25, 2023


National Film awards Indrans special jury mention Home movie

1 min

സല്യൂട്ട്... ഒലിവർ ട്വിസ്റ്റ്

Aug 25, 2023


sujatha

3 min

പകച്ചുനിന്ന കൊച്ചു സുജാത പൊട്ടിക്കരഞ്ഞു; ആശ്വസിപ്പിക്കാന്‍ വിധികര്‍ത്താവായ യേശുദാസ് അരികിലെത്തി

Mar 31, 2023


Most Commented