സ്ത്രീ പക്ഷ ചിന്താഗതികളെ, മുന്നേറ്റങ്ങളെ തടയാന്‍ സ്ത്രീകളെ ഉപയോഗിച്ച് സ്വീകാര്യത ഉറപ്പിക്കുന്ന പ്രാകൃത ടെക്നിക്ക്. സ്ത്രീപക്ഷമെന്നാല്‍ സ്ത്രീകള്‍ കൂടുതലുള്ള പക്ഷമെന്ന വിവരക്കേടിന്റെ ബാക്കിപത്രം.  അതാണ് അമ്മയുടെ ആശീര്‍വാദത്തോടെ നടന്‍ സിദ്ദിഖും നടി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം.

അക്രമത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കുന്നവരെ ഒതുക്കാന്‍ അണിയറയില്‍ കുരുത്ത ബുദ്ധിയല്ലേ ലളിതയെ മുന്‍നിര്‍ത്തിയുള്ള ആ പ്രസ് മീറ്റ്. വനിതാപ്രതിനിധിക്കായി ലളിതയെ വിളിച്ചുവെന്നതാണ് എ.എം.എം.എ.യുടെ ന്യായീകരണം. എന്നാല്‍ നാട്ടുകാരെ മുഖാമുഖം കാണുമ്പോള്‍ അല്‍പമെങ്കിലും യുക്തിബോധത്തോടുകൂടി സംസാരിക്കണമെന്നും അതിനേക്കാളുപരി സഹിഷ്ണുതപുലര്‍ത്തി സംസാരിക്കണമെന്നുമുള്ള ബോധമില്ലായ്മയാണ് ആ പത്രസമ്മേളനത്തിലുടനീളം നിഴലിച്ചത്. ആ പ്രസ്താവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സംഘടനയുടെ പ്രസിഡന്റ് നിലപാടെടുക്കുമെന്ന് ചിന്തിച്ചത് വൃഥാവിലായി. വികാരഭരിതമായുള്ള മറുപടി മാത്രമായാണ് സിദ്ദിഖിന്റെയും ലളിതയുടെയും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടുകളെ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കാണുന്നത്. അപ്പോള്‍ ചിത്രം വ്യക്തം. അമ്മയും സിദ്ദിഖും ജഗദീഷും മോഹന്‍ലാലും എല്ലാവരും ഒന്നുതന്നെ. ഒരേ നിലപാടിനൊപ്പം തന്നെ.

ഇത്രയും ക്രൂരമായ അക്രമത്തെ അതിജീവിച്ച നടിയോടുപോലും സഹിഷ്ണുതയില്ലാതെ നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ ആ വര്‍ത്തമാനങ്ങളുണ്ടല്ലോ അത് തിരിച്ചറിഞ്ഞിട്ടുണ്ട് ജനം. ആ വര്‍ത്തമാനങ്ങളെ വികാരഭരിതമായുള്ള പ്രതികരണമായി ലളിതവത്കരിച്ച മോഹന്‍ലാലിന്റെ നിലപാടില്ലായ്മയും അതേ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സിദ്ദിഖിന്റെ പരാമര്‍ശങ്ങളെ മുഴുവന്‍ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്ഷേപിച്ച ജഗദീഷിന്റെ നിലപാടാണോ അതോ സിദ്ദിഖിന്റെ നിലപാടാണോ അമ്മയുടെതെന്ന ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ പറയുന്നത് കേള്‍ക്കാം എന്ന അഴകൊഴമ്പന്‍ മറുപടിയാണ് പ്രസിഡന്റ് നല്‍കിയത്. എ.എം.എം.എ. എന്ന സംഘടന നടന്‍ സിദ്ദിഖിന്റെ നിലപാടിനെ തള്ളിപ്പറയാത്തിടത്തോളം കാലം അതുതന്നെയാണ് അമ്മയുടെ നിലപാടെന്ന് കരുതാനേ നിര്‍വാഹമുള്ളൂ.

ഇതേ നിലപാടില്ലായ്മ കൊണ്ടുകൂടിയാണ് നടിമാര്‍ രാജിവെച്ചത്. സംഘടന അക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പറയും. എന്നാല്‍ നടനൊപ്പം നിലകൊള്ളും. നടി അമ്മയുടെ മകളെന്ന് പറയും പക്ഷേ, നടനോടാണ് കൂറുമുഴുവന്‍. നടിക്കൊപ്പമെന്ന് ഘോരഘോരം പറയുമ്പോഴും അക്രമത്തെ അതിജീവിച്ച നടിക്ക് സിനിമാവസരങ്ങളില്ല. എന്നാല്‍ ജാമ്യം കിട്ടിയ പ്രതിയായ നടന്‍ തലങ്ങും വിലങ്ങും സിനിമകള്‍ ചെയ്യുന്നു. 

എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണാ വാക്കുകള്‍

ലോകമാസകലമുള്ള സംഘടനകള്‍ നിലപാടെടുക്കുന്ന സമയമാണ്. വര്‍ഷങ്ങള്‍ മുന്‍പ് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകള്‍ തുറന്നുപറയുന്ന സമയം. ഹോളിവുഡിലെയും ബോളിവുഡിലെയും ടോളിവുഡിലെയും അത്തരം തുറന്നുപറച്ചിലുകാര്‍ക്കൊപ്പമാണ് അതത് സംഘടനകളും ജനം വളര്‍ത്തിയ താരങ്ങളുമെല്ലാം നിലകൊണ്ടിട്ടുള്ളത്. അപ്പോഴാണ് ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടനൊപ്പം സിനിമകള്‍ ചെയ്യാന്‍ സംവിധായകരും അമ്മയിലെ തന്നെ നടീനടന്‍മാരും തയ്യാറാവുന്നത്.

മീ ടൂ നല്ല കാര്യമാണ് പക്ഷേ, വല്ലതും പറയണമെന്നുണ്ടെങ്കില്‍ അപ്പോ പോയി പറയണം 10-ഉം 20-ഉം വര്‍ഷം കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പത്തുപതിനഞ്ച് വര്‍ഷം കഴിഞ്ഞ് വല്ലയിടത്തും പോയി പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് ചോദിച്ചത് നടി ലളിതയാണ്. ഇവര്‍ പറഞ്ഞതുതന്നെയാണ് അമ്മയുടെ നിലപാടും. ഇല്ലായിരുന്നെങ്കില്‍ വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ ലളിതയുടെയോ സിദ്ദിഖിന്റെയോ അഭിപ്രായങ്ങളല്ല അമ്മയുടെതെന്ന് ഒരു വരിയെങ്കിലും മോഹന്‍ലാല്‍ പറഞ്ഞേനേ. അധ്യക്ഷനുതന്നെ നിലപാടില്ലാത്ത സ്ഥിതിക്ക് എങ്ങനെയാണ് അലന്‍സിയറിനെതിരേയും മുകേഷിനെതിരേയും പരാതികളുമായി സ്ത്രീകള്‍ സംഘടനയെ സമീപിക്കുക. അലന്‍സിയറിനെതിരേയുള്ള വിഷയത്തില്‍ സംഘടന അന്വേഷണം നടത്തുമെന്നത് നല്ല കാര്യം. പക്ഷേ, മീ ടൂ ഇരകളെയും മമ്മൂട്ടി ആരാധകരില്‍നിന്ന് വെര്‍ബല്‍ റേപ്പിനിരയായ പാര്‍വതിയെയും അപഹസിച്ച ലളിതയുടെയുടെയും സിദ്ദിഖിന്റെയും നിലപാടുകളെ തള്ളിപ്പറയാതിരുന്നാല്‍ അലന്‍സിയര്‍മാര്‍ ലൊക്കേഷനുകളില്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.

മീ ടൂവിനെക്കുറിച്ച് ഇവര്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ തന്റെ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ നിനക്ക് മാത്രമല്ല ഞങ്ങള്‍ക്കും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന കരുതലും എംപതിയുമാണ് മീ ടൂ എന്ന കാംപെയിനിന്റെ അന്തസ്സത്ത. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിങ്ങള്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന സഹാനുഭൂതിയാണ് അതിന്റെ കാതല്‍. ആ ബോധ്യം ബഹുഭൂരിപക്ഷം ജനതയ്ക്കും ഉള്ളതുകൊണ്ടാണ് അടൂര്‍ ഭാസിക്കെതിരേ സംസാരിച്ച ലളിതയുടെ വാക്കുകളെ ജനം നെഞ്ചേറ്റിയതും അവര്‍ക്കൊപ്പം നിലകൊണ്ടതും.
 
മീ ടൂ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനുള്ള ആര്‍ജവമാണ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമാലോകങ്ങള്‍ കാഴ്ചവെച്ചത്. കരാറൊപ്പിട്ട പടങ്ങളില്‍നിന്നുവരെ ആരോപണവിധേയരെ ആമിര്‍ ഖാനും അക്ഷയ് കുമാറും ഒഴിവാക്കി. ആരോപണവിധേയര്‍ക്കൊപ്പം നിന്ന് സിനിമ ചെയ്യാതെ അവരെല്ലാം ധാര്‍മികത കാത്ത്, സാമൂഹികബോധത്തോടെ പ്രതികരിച്ചു. എന്നാല്‍ സിദ്ദിഖ് പറയുന്നത് അങ്ങനെ ചെയ്യുന്നതിലൂടെ ആമിറും അക്ഷയും തൊഴില്‍ നിഷേധിച്ചുവെന്നാണ്. ക്വട്ടേഷന്‍ പണി ഏറ്റെടുക്കുന്ന പള്‍സര്‍ സുനിക്ക് കൂടുതല്‍ ക്വട്ടേഷനുള്ള അവസരങ്ങള്‍ പോലീസുകാര്‍ നഷ്ടപ്പെടുത്തിയതിലും സിദ്ദിഖ് പരിതപിക്കുന്നുണ്ടാവുമോ. തൊഴില്‍ നിഷേധം മുന്‍പ് ഇതേപോലെ അക്രമിക്കപ്പെട്ട നടി അനുഭവിച്ചിരുന്നുവെന്ന് സിദ്ദിഖ് തന്നെയല്ലെ പോലീസിന് മൊഴി നല്‍കിയത്. അന്നത് തൊഴില്‍നിഷേധമായി സിദ്ദിഖിന് തോന്നാഞ്ഞതെന്തേ. തിലകനെന്ന മഹാനടന്‍ നേരിട്ട തൊഴില്‍നിഷേധവും സിദ്ദിഖിന് ഓര്‍മയില്ലായിരിക്കും. ധാര്‍മികത എന്നപദം മലയാള പദാവലിയില്‍ ഉണ്ടെന്നുപോലും അറിയാത്ത വിധമുള്ള കണ്ണടച്ചിരുട്ടാക്കലായിപ്പോയി ആ വാക്കുകള്‍. 

കരാറൊപ്പിട്ട സിനിമയില്‍ നിന്ന് മാറാന്‍ കഴിയില്ലെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും ബി. ഉണ്ണികൃഷ്ണനും നയം വ്യക്തമാക്കി. അങ്ങനെ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സംഘമാളുകളുടെ മാതൃതൃത്വവും പേറേണ്ട ഗതികേടിലാണ് ഈ 'അമ്മ'.

മാതൃത്വമില്ലാത്ത അമ്മ 

നാഴികയ്ക്ക് നാല്‍പതുവട്ടവും എ.എം.എം.എ. അംഗങ്ങള്‍ പറയുന്ന കാര്യമാണ് തങ്ങള്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു, അപകട ഇന്‍ഷുറന്‍സ് നല്‍കുന്നു, വൈദ്യസഹായം നല്‍കുന്നു എന്നതെല്ലാം. ഒരു വെല്‍ഫെയര്‍ സംഘടന ഇതെല്ലാം തന്നെയല്ലെ ചെയ്യേണ്ടത്. അതിലിത്ര ഔദാര്യത്തിന്റെ ചുവയെന്തിന്. പെന്‍ഷന്‍ കൊടുക്കുന്നു എന്ന് കരുതി സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടികളും ഒരു സംഘടനയ്ക്ക് കൈക്കൊള്ളാമെന്നാണോ സിദ്ദിഖ് കരുതുന്നത്.

നടന്‍ ദിലീപിനെതിരേ ഉയര്‍ന്നത് മീ ടൂ ആരോപണമല്ല. പകരം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ വിചാരണ നേരിടുന്ന പ്രതിയാണയാള്‍. എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു എന്ന് മാത്രമല്ല തെളിവുകള്‍ നിരത്തി പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി മൂന്നുതവണ ജാമ്യം നിഷേധിക്കുകയും ചെയ്തു. കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ദിലീപ് കുറ്റവാളിയല്ല എന്നതാണ് എ.എം.എം.എ.യില്‍ ദിലീപിനെ പുറത്താക്കുന്നതിനെതിരേ അമ്മയിലെ ചില അംഗങ്ങള്‍ ഉയര്‍ത്തുന്ന ന്യായം. 

നടന്‍ ദിലീപ് വെറുമൊരു കുറ്റാരോപിതനുമല്ല കുറ്റവാളിയുമല്ല പകരം പ്രതിയാണെന്നതാണ് ഇതിനുള്ള മറുപടി. കുറ്റവാളിയെന്ന് വിളിക്കാന്‍ പൊതുസമൂഹം വാശിപിടിക്കുന്നില്ല. ഡബ്ല്യു.സി.സി.പോലും നാഴികയ്ക്ക് നാല്‍പതുവട്ടവും കുറ്റാരോപിതന്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ, ദിലീപ് തെറ്റ് ചെയ്തിട്ടേയില്ലെന്ന് അമ്മയിലെ ചിലര്‍ വാശിപിടിക്കുന്നതെന്തിന്. അപ്പോഴാണ് ആ വാശി സദുദ്ദേശപരമല്ലായെന്ന് പറയേണ്ടിവരുന്നത്. പ്രതിയെ നിങ്ങളാരും കല്ലെറിയേണ്ട. പക്ഷേ, സംരക്ഷിക്കുകയും വേണ്ട എന്നതാവണമായിരുന്നു അമ്മയുടെ നിലപാട്. എന്നാല്‍ സംഘടന ചെയ്തതെന്താണ്. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ ഉള്‍പ്പെട്ടയാളെ പുറത്താക്കുന്നതിന് പകരം സ്വയം രാജിവെച്ച് വീരനാവാന്‍ സംഘടന ഇത്രമാത്രം വിയര്‍പ്പൊഴുക്കണമായിരുന്നോ. 

ട്വന്റി ട്വന്റി സിനിമയിലൂടെ അഞ്ച് കോടി അമ്മയ്ക്ക് നേടിക്കൊടുത്തത്തിന് തങ്ങള്‍ കടപ്പെട്ടിരിക്കുന്നു എന്ന് അമ്മയിലെ ഒരംഗമായ പഴയകാലനടന്‍ മഹേഷ് വന്ന് ചാനലില്‍ വിളിച്ചുകൂവുമ്പോള്‍ 'അമ്മ' എന്ന പേര് നല്‍കി സംഘടന നിലനിര്‍ത്തുന്നതിലെ ധാര്‍മികതയെക്കുറിച്ച് അംഗങ്ങള്‍ ചിന്തിച്ച് തുടങ്ങുന്നത് നല്ലതായിരിക്കും. ഇനി ഏതെങ്കിലും അംഗം പറഞ്ഞത് 'അമ്മ'യുടെ തലയില്‍ കെട്ടിവെക്കേണ്ട എന്നാണ് മറുപടിയെങ്കില്‍ 'അമ്മ'യുടെ വിശ്വാസ്യതയും പേരും ഇത്രമാത്രം മോശമാക്കിയ നടന്‍മാരായ സിദ്ദിഖിനെയും മഹേഷിനെയും നടിയായ ലളിതയെയും സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത് പോയിട്ട് താക്കീത് നല്‍കാനുള്ള ചങ്കൂറ്റം സംഘനയ്ക്കുണ്ടോ. തിരിച്ച് അമ്മയിലേക്ക് വരണമെങ്കില്‍ നടിമാരെല്ലാം അപേക്ഷ നല്‍കണമെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നുമാണല്ലോ എ.എം.എം.എ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ പ്രായം പരിഗണിക്കാതെ ലളിതയ്ക്കും സിദ്ദിഖിനും മഹേഷിനും നല്‍കട്ടെ ചുരുങ്ങിയത് താക്കീതെങ്കിലും.

ആണ്‍മക്കളോട് മാത്രം സ്‌നേഹമുള്ള അമ്മ

അജന്‍ഡയിലില്ലാത്ത വിഷയമായിരുന്നിട്ടും ദിലീപിനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഊര്‍മിളാ ഉണ്ണി എന്ന നടി വിളിച്ചുപറയുകയും ഉടന്‍ തന്നെ ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്ന അഭിപ്രായസമന്വയം ഉണ്ടാവുകയും ചെയ്ത എ.എം.എം.എ.യുടെ വിശാലമനസ്‌കതയുണ്ടല്ലോ; അത് മാലോകരെല്ലാം കണ്ടിട്ടുണ്ട്. 

ഇത്രയും ഹീനമായ കുറ്റകൃത്യത്തിലെ പ്രതിയായ ഒരംഗത്തിന്റെ വിഷയം അജന്‍ഡയില്‍പ്പോലും വെക്കാതിരുന്നത് തെറ്റ്. നൂറിലധികം അംഗങ്ങളുടെ അഭാവത്തില്‍ ആ വിഷയം മുന്നോട്ടുവെച്ച് ദിലീപ് അനുകൂലതരംഗം സംഘടന ഉണ്ടാക്കിയത് രണ്ടാമത്തെ തെറ്റ്. ഇതില്‍ മനംനൊന്ത് രാജിവെച്ച അക്രമത്തിനിരയായ നടിയെയും സഹപ്രവര്‍ത്തകരെയും അപമാനിച്ചതും തിരിച്ചുവിളിക്കണമെങ്കില്‍ മാപ്പ് പറയണമെന്നും പറഞ്ഞത് പൊറുക്കാനാവാത്ത അപരാധം.അവസാന പത്രസമ്മേളനത്തിലും അക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ അപേക്ഷ നല്‍കണമെന്ന് തന്നെയാണ് സംഘടന ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. മാപ്പ് പറയേണ്ടതില്ലെന്നത് മോഹന്‍ലാലിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നു.
 
ദിലീപ് ഇങ്ങോട്ട് വിളിച്ച് രാജി തന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് ദിലീപിനെ അങ്ങോട്ടുവിളിച്ച് രാജി ആവശ്യപ്പെട്ടു എന്നും. ഇപ്പോഴും രണ്ടഭിപ്രായമാണല്ലോ എന്ന ചോദ്യത്തിന് ഇഷ്ടമുള്ളവരെ വിശ്വസിക്കാം എന്ന അഴകൊഴമ്പന്‍ മറുപടിയാണ് ലാല്‍ നല്‍കിയത്. ഇവിടെ പ്രതിയെ അയാളുള്‍പ്പെടുന്ന സംഘടന ഇത്തരത്തില്‍ സംഘടനയുടെ ഭരണഘടന ചൂണ്ടിക്കാട്ടി സാങ്കേതികന്യായങ്ങള്‍ നിരത്തി സംരക്ഷിക്കുമ്പോള്‍ തത്ത്വത്തില്‍ അതേ സംഘടന കുറ്റകൃത്യത്തെ മഹത്ത്വവത്കരിക്കുകയാണ്. പ്രതി കുറ്റാരോപിതന്‍ മാത്രമാണെന്നും കോടതി വിധിപറയട്ടെ എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന സിദ്ദിഖിനെപ്പോലുള്ളവര്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ അവള്‍ക്കൊപ്പം നിന്ന നാട്ടിലെ നീതിന്യായവ്യവസ്ഥയെകൂടി കൊഞ്ഞനംകുത്തുകയാണ്. 

ഡബ്ല്യു.സി.സി.യുടെ സംഘശക്തി

ഡബ്ല്യു.സി.സി.യുടെ പത്രസമ്മേളനം ഒരിക്കലും ഗോസിപ്പ് ചര്‍ച്ചകള്‍ക്കുള്ള വേദിയായിരുന്നില്ല. ലൈംഗികവെളിപ്പെടുത്തലുകള്‍ കേട്ട് അഭിരമിക്കാനുള്ള വകയും അവര്‍ നല്‍കിയില്ല. അവര്‍ നിലപാടാണ് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വതന്ത്രമായ തൊഴിലിടസംസ്‌കാരത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് അവര്‍ പങ്കുവെച്ചത്. അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമല്ലാത്ത സംഘടനയുടെ നിലപാടുകളാണ് അവര്‍ ചോദ്യം ചെയ്തത്. അവര്‍ സംസാരിച്ചതത്രയും രാഷ്ട്രീയമായിരുന്നു. ലിംഗനീതിയും തൊഴിലിടത്തില്‍ തുല്യതയും പ്രവര്‍ത്തനസ്വാതന്ത്ര്യവും കാംക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണവര്‍ മുന്നോട്ടുവെച്ചത്. രേവതി പറഞ്ഞതുപോലെ സിനിമാമേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ ആരോഗ്യകരമായ അന്തരീക്ഷം; അത്രയേ ഉദ്ദേശിക്കുന്നുള്ളൂ ഡബ്ല്യു.സി.സി. ഇത് മനസ്സിലാക്കാന്‍പോലും കെല്പില്ലാത്തവരാണ് അമ്മ എന്ന സംഘടനയിലുള്ളവര്‍. 

സംഘടനയില്‍നിന്നുകൊണ്ട് പദ്മപ്രിയയും പാര്‍വതിയും രേവതിയും പടപൊരുതുന്നത് തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടനെ താന്‍ ഉള്‍പ്പെടുന്ന സംഘടന സംരക്ഷിക്കുന്ന നിലപാടുകളെടുക്കുന്നു എന്ന ബോധ്യത്തില്‍നിന്നാണ്. അക്രമത്തെ അതിജീവിച്ച നടിക്കുപോലും ആ ബോധ്യം നഷ്ടപ്പെട്ടതിനാലാണല്ലോ സംഘടനയില്‍നിന്ന് അവര്‍ രാജിവെച്ചുപോയത്. അവള്‍ക്കൊപ്പം നിന്നുകൊണ്ട് രമ്യാ നമ്പീശനും റിമയും ഗീതു മോഹന്‍ദാസും രാജിവെച്ചത് സ്വന്തം കാര്യലാഭത്തിനുവേണ്ടിയല്ല. ആ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോവാതിരിക്കാനും അവള്‍ക്ക് ശക്തി നല്‍കാനുമാണത്. എംപതി സഹിഷ്ണുത, മനുഷ്യത്വം, ധാര്‍മികത എന്നിവ സ്വന്തം നിഘണ്ടുവിലില്ലാത്തവരോട് അത് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നിട്ടും രാജിവെച്ചുപോയ അക്രമത്തിനിരയായ നടിയുള്‍പ്പെടെ വേണമെങ്കില്‍ അപേക്ഷ നല്‍കി തിരിച്ചുവരട്ടെ എന്ന അമ്മയുടെ നിലപാടുണ്ടല്ലോ അത് പൊറുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. 

കഞ്ഞികുടിമുട്ടിയദിലീപ്!

'പള്‍സര്‍ സുനി എന്ന സുനില്‍കമാറിനെതിരേ ഒന്നും ഇവര്‍ക്കൊന്നും പറയാനില്ല പകരം ദിലീപിനെതിരേ മാത്രം എന്തിന് വാളോങ്ങുന്നു' എന്നും 'ദിലീപിന്റെ കഞ്ഞികുടിമുട്ടിക്കലാണ് ഡബ്ല്യു.സി.സി. ആഗ്രഹിക്കുന്നതെന്നും' സിദ്ദിഖ് പറയുകയുണ്ടായി. എന്തൊരു ദാസ്യവേലയായിപ്പോയി ഈ പ്രസ്താവന. തങ്ങള്‍കൂടി ഭാഗഭാക്കായ സംഘടന പ്രതിക്കൊപ്പം നില്‍ക്കുന്നു എന്ന ആശങ്കയാണ് വനിതാ അംഗങ്ങള്‍ പങ്കുവെച്ചത്. പിന്നെ പള്‍സര്‍ സുനി സംഘടനയുടെ ഭാഗമോ, പുറത്താക്കിയ ശേഷം അഭിമാനപുരസ്സരം താന്‍ രാജിവെക്കുന്നു എന്ന് പ്രഖ്യാപിച്ച ആളുമല്ലല്ലോ. ഈ സാധാരണ യുക്തിപോലും ഈ സിനിയര്‍ ആര്‍ട്ടിസ്റ്റിനില്ലെന്നുണ്ടോ. അതോ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ കണ്ണ് മഞ്ഞളിച്ചു സ്വയമേവ ത്യജിച്ചതാണോ ബോധമെല്ലാം.

ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ ആവശ്യമില്ലാത്രെ

ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിന്റെ ആവശ്യമില്ലെന്നും ആവശ്യമുള്ളതിനാലാവാം ആഷിഖ് അബുവിനെപ്പോലുള്ളവര്‍ സെല്‍ രൂപവത്കരിക്കുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് പറഞ്ഞിരുന്നു. പള്‍സര്‍ സുനി എന്ന ഡ്രൈവര്‍ പല കുറ്റകൃത്യങ്ങള്‍ക്കുശേഷവും ലൊക്കേഷനുകളില്‍ സജീവമായിരുന്നു എന്ന കാര്യം ഇവര്‍ ഈ സന്ദര്‍ഭങ്ങളില്‍ മനപ്പൂര്‍വം മറക്കുന്നതാണോ.
പത്തിലധികം പേര്‍ ഉള്ള ഏത് സംഘടനയ്ക്കും ഇന്റേണല്‍ കംപ്ലെയിന്‍ കമ്മിറ്റി വേണമെന്നാണ് നിയമം. സിനിമാക്കാര്‍ക്കും സിനിമാസംഘടനയ്ക്കും നാട്ടിലെ നിയമം ബാധകമല്ലെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്.
 
കെ.പി.എ.സി.യില്ലാത്ത വെറും ലളിത

ജനം സ്‌നേഹം കൊണ്ട് ചാര്‍ത്തിയ വിളിപ്പേരുകളിലാണ് പിന്നീട് പല നടീനടന്‍മാരും മലയാള സിനിമയില്‍ അറിയപ്പെട്ടത്. കെ.പി.എ.സി.ക്കാരായ അനേകര്‍ സിനിമയിലുണ്ടായിട്ടും ആ പേര് ചാര്‍ത്തപ്പെടാനുള്ള ഭാഗ്യം സിദ്ധിച്ച നടിയാണ് ലളിത. അടൂര്‍ ഭാസി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച കഥ അവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറംനിന്ന് അദ്ദേഹം മരിച്ച ശേഷം വിളിച്ചുപറഞ്ഞപ്പോഴും ആ വെളിപ്പെടുത്തലിനൊപ്പം പങ്കുചേരുകയും ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് സാംസ്‌കാരികകേരളം ചെയ്തത്. ജയിലില്‍ പോയി ദിലീപിനെ കണ്ടതിനുശേഷം പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ  ലളിത ഒരുവര്‍ഷത്തിനിപ്പുറം പരസ്യമായി പ്രതിക്ക് കൂട്ടുനില്‍ക്കാന്‍ മീ ടൂ മുന്നേറ്റത്തെയും ഡബ്ല്യു.സി.സി.യുടെ വാര്‍ത്താസമ്മേളനത്തെയും പരിഹസിച്ചതെന്തിനാണ്. സംഗീത നാടക അക്കാദമി പോലൊരു സ്ഥാപനത്തിന്റെ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ടല്ല ക്രിമിനല്‍ കേസിലെ പ്രതിയോടുള്ള കടപ്പാട് ലളിത വീട്ടേണ്ടത്. ഇത്തരം നിലപാടില്ലാത്ത, ഉള്ള നിലപാടുകള്‍ സ്വജനപക്ഷപരവും സ്ത്രീവിരുദ്ധവുമായ വ്യക്തിയെ ഇനിയും സ്ഥാനത്തിരുത്തണോ വേണ്ടയോ എന്നത് ആലോചിക്കേണ്ടത് സര്‍ക്കാരാണ്. 

ലൈംഗികാതിക്രമങ്ങള്‍ ചോദിച്ചുവാങ്ങുന്നത്!

'പാര്‍വതിക്കെതിരേ മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉണ്ടായ സൈബര്‍ ആക്രമണം ആരാധകരുടെ സ്വാഭാവിക പ്രതികരണമാണത്രേ'. നടന്‍ സിദ്ദിഖ് പറഞ്ഞതാണ്. സൈബര്‍ ആക്രമണം സ്വാഭാവികമായ ആക്രമണമായും പ്രതികരണമായും തോന്നുന്നയാള്‍ക്ക് ഉറച്ച ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ നടി ക്വട്ടേഷന്‍ ചേദിച്ചുവാങ്ങിയതാണ് എന്ന അഭിപ്രായം അവനവനോട് നൂറുതവണ പറഞ്ഞിട്ടുണ്ടാവണം. ബലാത്സംഗഭീഷണികളും പോര്‍വിളികളും കൊല്ലുമെന്ന സന്ദേശങ്ങളും കേട്ടാലറയ്ക്കുന്ന തെറിവിളികളുമെല്ലാം സ്വാഭാവികപ്രതികരണമായ സ്ഥിതിക്ക് നടിക്ക് ക്വട്ടേഷന്‍ കൊടുത്തത് പ്രതിയുടെ സ്വാഭാവികമായ പ്രതികരണമാണെന്നും ന്യായീകരിക്കുന്നുണ്ടാവണം. ഈ പറഞ്ഞയാളുടെ ഒരു പ്രസ്താവനയെ പോലും അപലപിക്കാതെയാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അമ്മ വാര്‍ത്താസമ്മേളനം നടത്തിയത്. അമ്മയ്ക്കും സിദ്ദിഖിന്റെ അഭിപ്രായം തന്നെയാണോ. ഇല്ലെങ്കില്‍ സിദ്ദിഖില്‍നിന്ന് വിശദീകരണം തേടുന്നുണ്ടോ എ.എം.എം.എ.  ഈ സംഘടനയ്ക്ക് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റിയില്ല. അതുകൊണ്ടാണല്ലോ പാര്‍വതിയോടുള്ള ഇഷ്ടക്കേടാണ് മമ്മൂട്ടി ഫാന്‍സ് ചെയ്തതെന്ന സിദ്ദിഖ് പറഞ്ഞതും അതിനെ അമ്മ തള്ളിപ്പറയാതിരുന്നതും. 

ഈ  സംഘടനയ്ക്ക് നിലപാടില്ല. അതുകൊണ്ടാണല്ലോ ദിലീപിനെ പുറത്താക്കുന്നതിന് പകരം രാജിവെച്ച് സ്വയം ഒഴിഞ്ഞ് വിശാലമനസ്‌കത കാട്ടാനുള്ള അവസരം ഒരു കേസിലെ പ്രതിയായ അംഗത്തിന് അമ്മ നല്‍കിയതും. ആകെ സംഘടനയ്ക്ക് കഴിഞ്ഞ കുറച്ചുകാലമായി ചെയ്യാന്‍ അറിയുന്നത് സംഘടനയില്‍ ജനാധിപത്യബോധം വളരണമെന്ന് പറയുന്നവരെ പുറത്താക്കാലും അവഹേളിക്കലും മാത്രമാണ്. അതിനാല്‍ എ.എം.എം.എ.യെ പൊതുസമൂഹമംഗീകരിക്കാന്‍ പ്രതിയെ പരസ്യമായി പിന്തുണച്ച് ഇരയെ അവഹേളിച്ച സിദ്ദിഖിനെ പുറത്താക്കി എ.എം.എം.എ. തെറ്റുതിരുത്തട്ടെ. 
നടിമാരെ തിരിച്ചുവിളിച്ച് അടുത്ത തെറ്റും തിരുത്തട്ടെ. ജനാധിപത്യ സമൂഹത്തില്‍  മാപ്പ് പറയുന്നതുപോലും നിലപാട് തന്നെയാണ്.    

Content Highlights : AMMA WCC Mohanlal KPAC Lalitha siddique jagadish dileep parvathy padmapriya revathy