അംബിക റാവു മോഹൻലാലിനൊപ്പം, 'കുമ്പളങ്ങി നെറ്റ്'സിൽ അംബിക റാവു
കുമ്പളങ്ങി നൈറ്റ്സിലെ അമ്മ വേഷമാണ് അംബിക റാവു എന്ന സിനിമാപ്രവര്ത്തകയെ പ്രശസ്തയാക്കിയതെങ്കിലും ഒരുപാട് വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായിരുന്നു ഇവര്‍. വൃക്കരോഗവും കോവിഡും നല്കിയ വെല്ലുവിളികള്‍ക്ക് മുന്പില് കീഴടങ്ങി അംബിക റാവു വിടവാങ്ങുമ്പോള്‍ രണ്ടു പതിറ്റാണ്ടുകളിലേറെയായി നീണ്ടുനിന്ന സിനിമാജീവിതത്തിനും വിരാമം കുറിക്കുകയാണ്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത കൃഷ്ണ ഗോപാല കൃഷ്ണ എന്ന സിനിമയിലായിരുന്നു തുടക്കം. അച്ഛനില്‍ നിന്ന് കിട്ടിയ കലാപ്രവര്‍ത്തനങ്ങളോടുള്ള പ്രണയമാണ് അംബികയെ ഈ യാത്ര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് അംബികയുടെ പിതാവ്. തൃശ്ശൂരില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ഒടുവില്‍ ഇവിടെ നിന്നു തന്നെ തന്റെ ജീവിത സഖിയെ കണ്ടെത്തി വിവാഹിതനായി. അവരുടെ ആറ് മക്കളില്‍ അഞ്ചാമതായിരുന്നു അംബിക. പേരിനൊപ്പം റാവു വന്ന് ചേര്‍ന്നത് അങ്ങിനെയായിരുന്നു.
കോളേജ് കാലഘട്ടത്തിന് ശേഷം അംബിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി നോക്കി. ഹോട്ടല്‍ മേഖലയിലും അക്കൗണ്ടന്റായും ജോലികള്‍ ഒരുപാട് നോക്കി. അതിനിടെ വിവാഹം കഴിഞ്ഞുവെങ്കില്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിന് ശേഷം 36-ാമത്തെ വയസ്സിലായിരുന്നു സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. മലയാള സിനിമയിലെ ഒരു പക്ഷേ ആദ്യത്തെ വനിതാ സംവിധാന സഹായിയായിരിക്കും അംബിക. അണിയറയില്‍ സ്ത്രീകള്‍ നന്നേ കുറവുള്ള കാലഘട്ടത്തില്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചായിരുന്നു അംബികയുടെ യാത്ര. പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിക്കുന്നത് പോലും പലരുടെയും അപ്രീതിയ്ക്ക് കാരണമായി തീര്‍ന്നുവെന്ന് അംബിക വ്യക്തമാക്കിയിരുന്നു.
അന്യഭാഷ താരങ്ങളുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായിരുന്നു അംബിക റാവു. വിനയന് സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ ബാലതാരം തരുണി സച്ച്ദേവിനെ മലയാളം പഠിപ്പിച്ചായിരുന്നു തുടക്കം. പത്മപ്രിയ, വിമല രാമന്, അനുപം ഖേര്‍, ജയപ്രദ, റിച്ച, ഉഷ ഉതുപ്പ്, ലക്ഷ്മി റായി, തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് വ്യത്യസ്ത സിനിമകള്‍ക്ക് വേണ്ടി മലയാളം ചൊല്ലിക്കൊടുത്തത് അംബികയായിരുന്നു.
മീശമാധവനിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അനുരാഗ കരിക്കിന് വെള്ളത്തില്‍ വേഷമിട്ടു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് കുമ്പളങ്ങി നെറ്റ്സിലെ അമ്മ വേഷമാണ്. ഗ്രേസ് ആന്റണി, അന്ന ബെന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെ അമ്മ വേഷം അംബിക അതിഗംഭീരമായി അവതരിപ്പിച്ചു. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് ആയിരുന്നു മറ്റൊരു ചിത്രം.
2016 ല്‍ സ്മരണ എന്ന പേരില്‍ അംബിക ഒരു ഹ്രസ്വചിത്രം ഒരുക്കിയിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിലെ അംബികയുടെ ഏകാന്ത വാസത്തില്‍ നിന്ന് പിറവിയെടുത്ത ഹ്രസ്വചിത്രമായിരുന്നു അത്. ഇത് കൂടാതെ വിദേശ ചിത്രംഫ്ലൈയിങ് ലെസ്സന്സില് കോസ്റ്റിയൂം സഹായിയായി പ്രവര്‍ത്തിച്ചു.
രോഗപീഡനിറഞ്ഞതായിരുന്നു അംബികയുടെ അവസാന നാളുകള്‍. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വന്നത്. കോവിഡ് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടമായതോടെ ചികിത്സയ്ക്കായി കടുത്ത പ്രതിസന്ധി അനുഭവിച്ചു. അംബികയെ സഹായിക്കണമെന്നഭ്യര്‍ഥിച്ച് അവരുടെ സുഹൃത്തുക്കളടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നത്. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. വൃക്കരോഗത്തിനൊപ്പം കോവിഡും കൂടി വന്നതോടെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഹൃദയാഘാതമുണ്ടായാണ് മരണം കാരണം. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കള്‍: രാഹുല്‍, സോഹന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..