-
ശാന്തമായ മുഖം, എവിടെയും ഉറച്ചു നിൽക്കാത്ത കൃഷ്ണ മണി, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ പരിഭ്രം മറച്ചു വയ്ക്കാൻ പരാജയപ്പെടുന്ന മുഖം, അബദ്ധം സംഭവിക്കുമ്പോൾ മുഖത്ത് വിരിയുന്ന ജാള്യഭാവം, ആകർഷണീയമായ വസ്ത്രധാരണം, മനോഹരമായ പുഞ്ചിരി, ഇതെല്ലാമാണ് മണി ഹെയ്സ്റ്റിലെ പ്രൊഫസർ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത്.


വ്യവസ്ഥാപിത നായക-വില്ലൻ സങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു കഥാപാത്രം. മറ്റുള്ളവരോട് സഹതാപമുള്ള അന്യരുടെ ദുഖങ്ങളിൽ വിഷമിക്കുന്ന സ്പെയിനിലെ ഏറ്റവും വലിയ കറന്‍സി പ്രിന്റിങ് ഫാക്ടറിയായ റോയല്‍ മിന്റ് കൊള്ളയടിക്കാനെത്തുന്ന എട്ടംഗ സംഘത്തിനെ നയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നും. ചില കഥാപാത്രങ്ങൾ അങ്ങനെയാണ് ആര്‍ക്കും പിടി കൊടുക്കുകയില്ല.
അതിബുദ്ധിമാനായ സങ്കീർണതകൾ നിറഞ്ഞ പ്രൊഫസറിലൂടെ അൽവാരോ മോർട്ടെ ഇന്ന് ലോകമൊട്ടാകെ ആരാധകരുള്ള നടനായി മാറി. സാമൂഹിക മാധ്യമങ്ങളിൽ, വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിൽ എല്ലായിടത്തും പ്രൊഫസർ, അതോടൊപ്പം അൽവാരോ മോർട്ടെയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന പ്രണയലേഖനങ്ങളും. സ്പെയിനിൽ നിന്നുള്ള ഈ 45 കാരൻ നടനെ 'ഗ്ലോബൽ ക്രഷ്' എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.


1975 ലെ സ്പെയിനിലെ കാഡിസിലാണ് അൽവാരോ മോർട്ടെ ജനിച്ചത്. ഹോസ്പിറ്റൽ സെൽട്രൻ എന്ന ടെലിവിഷൻ സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.


2003ൽ സ്പാനിഷ് സിനിമയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സിനിമാരംഗത്ത് വേണ്ടത്ര ശ്രദ്ധ അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ സ്പാനിഷ് ടെലിവിഷൻ രംഗത്ത് അൽവാരോ മോർട്ടെ പ്രശസ്തി നേടി.

ഒരുപിടി വെബ് സീരീസുകളിലും ഈ നടൻ വേഷമിട്ടു. ഫാഷൻ ഡിസെെനറും സ്റ്റെെലിസ്റ്റുമായ ബ്ലാൻസ ക്ലെമന്റേയാണ് അൽവാരോ മോർട്ടെയുടെ ഭാര്യ. ജൂലിയറ്റ, ലിയോൺ എന്നീ ഇരട്ടക്കുട്ടികളാണ് ഇവരുടെ മക്കൾ.


സ്പെയിനിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന ഈ നടന്റെ തലവര മണി ഹെയ്സ്റ്റിലൂടെയാണ് മാറുന്നത്. 'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ 2017 മെയ് മുതല്‍ നവംബര്‍ വരെയായി ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ റിലീസ് ചെയ്ത സീരീസ് ഇന്ന് കാണുന്ന മണി ഹെയ്സ്റ്റ് എന്ന ജനപ്രിയ സീരീസായതും വലിയൊരു അതിജീവനത്തിലൂടെയായിരുന്നു. 15 എപ്പിസോഡുകളായി സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തില്‍ എപ്പിസോഡുകള്‍ പുറത്തുവിട്ടു. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ല്‍ നാലാം സീസണിലേക്ക് എത്തിനില്ക്കുമ്പോള് ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തിക്കഴിഞ്ഞു. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. സീരിസിന്റെ ഇംഗ്ലീഷ് ഡബ്ബിങിന്റെ പേരാണ് മണി ഹെയ്സ്റ്റ്. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ് മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്. ഇനി അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlights: Alvaro Morte Money Heist professor Movies Television series, Web series, Family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..