-
മലയാളികളുടെ ഉള്ളില്‍ അല്ലുവിനുള്ള സ്ഥാനംപോലെ അല്ലുവിന്റെ ഉള്ളിലും മലയാളത്തിനും കേരളത്തിനും ഒരു സ്ഥാനമുണ്ട്. അല്ലുവിന്റെ ആര്യയും ബണ്ണിയും ഹീറോയുമെല്ലാം മലയാളികള്‍ ''ഹാപ്പി''യായി സ്വീകരിച്ചു. കേരളക്കരയിലെ കാമ്പസുകളിലും അല്ലു തരംഗമായി. സ്നേഹംകൊണ്ട് അല്ലുവിനെ 'മല്ലു അര്ജുന്' എന്നുവരെ വിളിച്ചു. ''നിങ്ങള്‍ മലയാളികള്‍ മറ്റ് ഏത് തെലുഗ് നടന് നല്കിയതിനെക്കാള് സ്നേഹം എനിക്ക് നല്കുന്നില്ലേ...? ആ സ്നേഹത്തിനുള്ള കടപ്പാട് എപ്പോഴുമുണ്ടാകും.'' ഹൈദരാബാദിലെ ഹയാത് പാലസിലെ റൂമില്‍വെച്ച് കണ്ടുമുട്ടുമ്പോഴും അല്ലു വാചാലനായത് മലയാളികളുടെ സ്നേഹത്തെപ്പറ്റിയാണ്.
കുട്ടിത്താരമായി തുടങ്ങി, ഇപ്പോള്‍ നായകനെന്നനിലയില്‍ 19 ചിത്രങ്ങള്‍. എന്ത് തോന്നുന്നു?
ഇതൊരു യാത്രയാണ്. ആദ്യസിനിമതൊട്ട് അവസാനം പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് വരെയുള്ള ഓരോ ചിത്രവും ആസ്വദിക്കുന്നുണ്ട്. ഓരോ വേഷവും ഓരോ വെല്ലുവിളിയാണ്. ആ വെല്ലുവിളികള്‍ സന്തോഷത്തോടെ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് എങ്ങനെ മികച്ച അനുഭവം സമ്മാനിക്കാനാവും എന്നതിനെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്.

അവസാനം പുറത്തിറങ്ങിയ ഒമ്പത് ചിത്രങ്ങളില്‍ മൂന്നെണ്ണവും സംവിധാനംചെയ്തത് ത്രിവിക്രമാണ്. അദ്ദേഹമാണോ ഇഷ്ടപ്പെട്ട സംവിധായകന്?
അങ്ങനെയൊന്നുമില്ല (പൊട്ടിച്ചിരിക്കുന്നു). അദ്ദേഹവും ഞാനും തമ്മിലുള്ള കെമിസ്ട്രി നല്ലതാണ്. അല്ലു എന്ന നടനെ എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുപോലെ അദ്ദേഹത്തിനൊപ്പം ഞാനും കംഫര്‍ട്ടബിളാണ്. ഗജപോക്കിരിയും സണ്‍ ഓഫ് സത്യമൂര്ത്തിയുമെല്ലാം ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ ആരാധകരുടെ ഉള്ളിലും പ്രതീക്ഷ നിറയും.
മലയാളികള്‍ക്കിടയില്‍ മല്ലു അര്ജുന് എന്ന പേരുണ്ട്?
മലയാളികള്‍ അവരുടെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. അവരുടെ സ്നേഹത്തിനും ലാളനയ്ക്കും എന്നും കടപ്പെട്ടിരിക്കും. ഈ സ്നേഹവും ലാളനയുമാണ് മല്ലു അര്ജുന് എന്ന പേരും സമ്മാനിച്ചത്. എനിക്ക് തോന്നുന്നത് മറ്റൊരു താരത്തെയും മലയാളികള്‍ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ്.

അമിതാഭ്ബച്ചന്പോലും മലയാള സിനിമയില്‍ അഭിനയിച്ചു. അല്ലുവിന്റെ മലയാളം സിനിമ എപ്പോള്‍ പ്രതീക്ഷിക്കാം?
ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, നിവിന്‍ പോളി... എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാര്. എന്നാല്‍, എപ്പോള്‍ ഒരു മലയാളം സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍...? ഒരു ഉത്തരം മാത്രമേയുള്ളൂ... ഒരു മലയാളിസംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല. കുറേക്കാലമായി ഒരു മലയാളിസംവിധായകന്റെ വരവിനായി ഞാനും കാത്തിരിക്കുകയാണ്.

കേരളത്തിലെ ഒരു സംവിധായകന് അല്ലുവിനോട് കഥ പറയണം. എങ്ങനെ ബന്ധപ്പെടാനാകും?
സിനിമാമേഖലയില്‍ എല്ലാവര്ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കില്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയുള്ളൂ. എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളിസംവിധായകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
മലയാളത്തിലേക്ക് വരികയാണെങ്കില്‍, ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം...?
റോളുകള്‍ യോജിച്ചാല്‍ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്നമില്ല. എന്നാല്‍, ആരുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാല്‍, ഒരുപക്ഷേ, മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവനിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍, അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും ഉത്തരം.

അവസാനം കണ്ട മലയാള സിനിമ?
കുമ്പളങ്ങി നൈറ്റ്സ്. മലയാള സിനിമ ഒരുപാട് മാറി. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇന്‍ഡസ്ട്രി മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തില്‍ വന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയും നിവിന്‍ പോളിയുടെ പ്രേമവുമെല്ലാം ആസ്വദിച്ച് കണ്ട സിനിമകളാണ്. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധനേടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡ് താരങ്ങള്ക്കൊപ്പമിരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്.
ഭാവിയില്‍ ചെയ്യാന്‍ ആഗ്രഹമുള്ള ക്യാരക്ടര്‍?
അടുത്തതായി പുറത്തിറങ്ങാനുള്ള AA20, അങ്ങനെയൊരു ചിത്രമാണ്. ഞാന്‍ സ്വപ്നംകണ്ട കഥാപാത്രങ്ങളിലൊന്ന്. സുകുമാര്സാറാണ് ചിത്രം സംവിധാനംചെയ്യുന്നത്. തമിഴില്‍നിന്ന് വിജയ് സേതുപതിയും ചിത്രത്തില്‍ എനിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഒപ്പം വമ്പന്‍ താരനിരയുമുണ്ട്.
സിനിമയിലെ ഉയര്‍ച്ചകളും താഴ്ചകളും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും എന്റെ ജീവിതത്തെ ബാധിക്കാറില്ല. താഴ്ചയില്‍ കൂടുതല്‍ ദുഃഖിക്കുന്ന അല്ലെങ്കില്‍ ഉയര്‍ച്ചയില്‍ കൂടുതല്‍ സന്തോഷിക്കുന്ന ഒരാളല്ല ഞാന്‍. അല്ലു അര്ജുന് എപ്പോഴും അല്ലു അര്‍ജുനാണ്. സിനിമയും വ്യക്തിജീവിതവും വേറെയായിട്ടാണ് കാണുന്നത്. രണ്ടും പരസ്പരം കൂടിച്ചേരാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

ക്യാരക്ടറുകളെ എങ്ങനെയാണ് തിരഞ്ഞെടുക്കുക...?
എന്റെ മൂഡിനനുസരിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കല്‍. പരമാവധി ആളുകളെ രസിപ്പിക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെയുള്ള കഥകള്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കും. മൂഡ് നല്ലതല്ലെങ്കില്‍ ചിലപ്പോള്‍ നല്ല കഥയും മോശമായി തോന്നും.
ഡാന്‍സിങ് സ്കില്ലിനെപ്പറ്റി...?
എല്ലാവരും ചോദിക്കാറുണ്ട് എന്റെ ഡാന്സിങ്ങിനെക്കുറിച്ച്. ഞാന്‍ എവിടെയും പോയി ഡാന്‍സ് പഠിച്ചിട്ടില്ല. ജന്മനായുള്ള കഴിവാണിത്. എന്നാല്‍, ഇത് പറയുമ്പോള്‍ ആരും വിശ്വസിക്കാറില്ല. ക്യാമറയ്ക്ക് മുന്നിലാണ് ആദ്യമായി ഡാന്സ്ചെയ്തത്. ഒരുപക്ഷേ, സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടാവും ഈ ഡാന്‍സിങ് സ്കില്ലുമുണ്ടായത് (പൊട്ടിച്ചിരിക്കുന്നു).
Content Highlights: Allu Arjun latest interview mathrubhumi star and style
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..