ത്തി നില്‍ക്കുമ്പോള്‍ മലയാള സിനിമാരംഗത്തു നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ട ഒരു ഹിറ്റ് മേക്കറുണ്ട്. അലി അക്ബര്‍. ആദ്യ സിനിമയ്ക്കുതന്നെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ കലാകാരന്‍. സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയ പ്രതിഭ. ജൂനിയര്‍ മാന്‍ഡ്രേക്ക് അടക്കം പതിനാറു ചിത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലെ ശ്രദ്ധേയനായ സംവിധായകനെ രംഗത്തുനിന്ന് ഒഴിവാക്കാന്‍  
സംവിധായകരുടെ സംഘടനയായ ഫെഫ്കയെ പ്രേരിപ്പിച്ചതെന്തായിരുന്നു. അനഭിമതനായ തിലകനെ മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ ശിക്ഷ.  ഇപ്പോഴും സംഘടനാ വിലക്ക് നീക്കാതെ വീട്ടിലിരുത്തിയിരിക്കുകയാണ് അദ്ദേഹത്തെ.  

താരസംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഒരു ഭീഷണിക്കും വഴങ്ങാതെ  തിലകനെ നായകനാക്കി 2009 അവസാനം 'അച്ഛന്‍' എന്ന സിനിമയെടുത്തതാണ് അലി ചെയ്ത ചരിത്രപരമായ കുറ്റം. അലി അക്ബര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു

2009, മക്കള്‍ അമേരിക്കയില്‍ നല്ല നിലയിലായിട്ടും നാട്ടിലെ ഫ്ലാറ്റില്‍ ഏകാന്ത ജീവിതം നയിക്കുന്ന ഒരച്ഛന്റെ കഥ പറയാന്‍ തുനിഞ്ഞപ്പോള്‍ എനിക്ക് ആദ്യം ഓര്‍മയിലേക്ക് വന്നത് തിലകന്‍ ചേട്ടന്റെ മുഖവും അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥയുമായിരുന്നു. തിലകന്‍ ചേട്ടന്‍ ഇരട്ടവേഷത്തിലഭിനയിച്ച എന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന മുഖമുദ്ര (1991) യുടെ കാലം മുതല്‍ എനിക്ക് അദ്ദേഹത്തോട് വളരെ കടപ്പാടും സൗഹൃദവുമുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ ചെന്നു കണ്ട് അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ 'എന്നെക്കൊണ്ട് നീ പുലിവാല് പിടിക്കണ്ട. പോയി മറ്റു വല്ലവരേയും അഭിനയിപ്പിച്ചിച്ച് സിനിമ തിയേറ്ററിലെത്തിക്കാന്‍ നോക്ക് ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.  എന്നാല്‍ തിലകന്‍ ചേട്ടനില്ലാതെ അച്ഛന്‍ എന്ന സിനിമ ഇല്ല എന്ന എന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങി. അന്നു മുതല്‍ എനിക്ക്  മലയാള സിനിമയില്‍ അപ്രഖ്യാപിതമായ വിലക്കുമായി. 

ആദ്യം എന്നോട് പതിവായി സഹകരിക്കുന്ന സാങ്കേതിക വിദഗ്ധരെയും നടീനടന്മാരെയുമൊക്കെ പുതിയ സിനിമയില്‍ സഹകരിപ്പിക്കാതെ അകറ്റി. ഞാന്‍ പുതുമുഖങ്ങളെ വച്ച് പടം തീര്‍ത്തപ്പോള്‍ പിന്നെ തിയേറ്റര്‍ കിട്ടാതാക്കി. തരാം എന്ന് ഏറ്റിരുന്ന 11 തിയേറ്ററുകള്‍ ഭീഷണി കാരണം പിന്മാറി. ഒടുവില്‍ ഞാന്‍ നിരാഹാരമിരിക്കും എന്നു പറഞ്ഞപ്പോഴാണ് കെ.എസ്.എഫ്.ഡി.സി. പാക്കേജില്‍ ചെയ്ത ആ സിനിമയ്ക്ക് മൂന്ന് തിയേറ്ററുകള്‍ മാത്രം നല്‍കാന്‍ അവര്‍ തയ്യാറായത്. എന്നാല്‍  മൂന്നാം ദിവസം പടം ചുരുട്ടിക്കൂട്ടാന്‍ അവര്‍ തന്നെ നിര്‍ദേശം കൊടുത്ത് അതിനെ പൊളിച്ചു. കോഴിക്കോട്ട് ശ്രീ തിയേറ്ററില്‍ പടം കാണാന്‍ പോയ നിര്‍മാതാവ് കൂടിയായ ലൂസിയാമ്മയോട് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വച്ചും ടിക്കറ്റ് കൗണ്ടറില്‍ വച്ചും പടം കൊള്ളില്ലെന്ന് മുന്നറിയിപ്പ് നല്‍കി. 2010 ജനുവരിയിലായിരുന്നു അത്. താരാരാധകര്‍ മാത്രമല്ല സിനിമാസംഘടനകള്‍ ഒന്നടങ്കം ആ സിനിമയ്ക്കെതിരേ പണിയെടുത്തു.

വീണ്ടും 2011-ല്‍ തിലകനെ പ്രധാന വേഷത്തിലാക്കി ഐഡ്യല്‍ കപ്പിള്‍ എന്ന സിനിമയെടുത്തപ്പോഴാണ് ആ ധിക്കാരത്തിനുള്ള ശിക്ഷയായി ഫെഫ്ക എനിക്ക് ഔദ്യോഗികമായി വിലക്കും സസ്പെന്‍ഷനും അടിച്ചു തരുന്നത്. മൂന്നു മാസത്തേക്കായിരുന്നു ബി.ഉണ്ണികൃഷ്ണന്‍ ഒപ്പിട്ട് കടലാസടിച്ചു തന്നത്. തിലകന്‍ ചേട്ടനെ മാറ്റുകയാണെങ്കില്‍ വിലക്ക് പിന്‍വലിക്കാം എന്ന് പറഞ്ഞ് ഒരു പി.ആര്‍.ഒ.യെ നേരിട്ടയയയ്ക്കുകയും ചെയ്തു. എന്നാല്‍ തിലകനെ വിട്ട് സിനിമ വേണ്ട എന്ന മുന്‍ നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഫെഫ്ക ഓഫീസിലേക്ക് വിളിച്ചുവരുത്തി ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, ശാന്തിവിള ദിനേശ്, ജി.എസ്.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്നെ കൂട്ടവിചാരണ ചെയ്തു. അന്നവിടെ ഗുണ്ടകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. തിലകനെ എടുത്തതിന് മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം. ഞാനത് നിരസിച്ചു. ഒടുവില്‍ മേല് കൈവയ്ക്കും എന്ന നില വന്നപ്പോള്‍ ഞാനുറപ്പിച്ച് പറഞ്ഞു, തല്ലാണെങ്കില്‍ അത് റോഡില്‍ വച്ചാകാം. ഞാനും ഒരു കമ്യൂണിസ്റ്റുകാരനായാണ് വളര്‍ന്നത്. തല്ല് ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് മതി എന്ന്. അന്നിറങ്ങിപ്പോന്നതാണ് ഫെഫ്ക ഓഫീസില്‍ നിന്ന്. പിന്നെ തിരിച്ച് പ്രവേശനം കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം ഫെഫ്ക തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മെമ്പര്‍ഷിപ്പ് ഓണ്‍ലൈന്‍ വഴി അടച്ചു. എന്നാല്‍ എന്റെ സസ്പെന്‍ഷന്‍ നീട്ടിയിട്ടുണ്ട് എന്നറിയിച്ച് ആ തുക ചെക്കായി തിരിച്ചയയ്ക്കുകയാണ് സംഘടന ചെയ്തത്. പിന്നെ ഞാനാ പടി കയറിയിട്ടില്ല. 16 ഫീച്ചര്‍ സിനിമകള്‍ ചെയ്ത എന്റെ സിനിമാ ജീവിതത്തെയും അവര്‍ കൊന്നു. തിലകന്‍ ചേട്ടന്‍ മരിച്ചിട്ടും അവര്‍ തിരിച്ചെടുക്കാത്തത് പോലെ എന്നെ ജീവിച്ചിരിക്കെ തന്നെ വിലക്കിന്റെ രക്തസാക്ഷിയാക്കി.

fefka

 

കഴിഞ്ഞ വര്‍ഷം ഞാനൊരു പടം ചെയ്തു. പൊട്ടന്‍ എന്നതിന് പേരിട്ടു. താരങ്ങളൊന്നുമില്ല. ഭാഷയുമില്ല. പൊട്ടന് ഭാഷ വേണ്ടല്ലോ. അതിനി തമിഴ്‌നാട്ടിലോ മറ്റോ കൊണ്ടുപോയി സെന്‍സര്‍ ചെയ്യാന്‍ ആലോചിക്കുകയാണ്. 

വെറുതേ മാഫിയ എന്നൊന്നും വിളിച്ചാല്‍ പോരാ ഇക്കൂട്ടരെ. അവര്‍ക്ക് വിധേയപ്പെട്ട് നില്‍ക്കുന്നവര്‍ക്കേ ഇവിടെ താരങ്ങളുടെ തീയതി മുതല്‍ തിയേറ്റര്‍ വരെ കിട്ടൂ. 1988-ല്‍ മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തോടെ തുടങ്ങിയ എന്റെ ചലച്ചിത്ര ജീവിതം ഈ മാഫിയകള്‍ക്കിരയായി വഴിമുട്ടി എന്നു പറയാം. ജഗതിയെ നായകനാക്കി ഞാന്‍ ചെയ്ത ജൂനിയര്‍ മാന്‍ഡ്രേക്ക് (1996) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഇപ്പോഴും ടി.വി.യില്‍ വരുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരായുന്നവരുണ്ട്. ഉണ്ട്. ഇവിടെത്തന്നെയുണ്ട്. മാപ്പു പറയാതെ ജീവിച്ചിരിപ്പുണ്ട്. ഒരു പക്ഷേ, ഡബ്ല്യു.സി.സി. അഴിച്ചുവിട്ട ഈ കാറ്റില്‍ ഈ മാഫിയാ സാമ്രാജ്യങ്ങള്‍ കടപുഴകി വീഴുകയാണെങ്കില്‍ ഞാന്‍ തിരിച്ചു വരും. ഇപ്പോഴത്തെ മാറ്റങ്ങളില്‍ എനിക്ക് പ്രതീക്ഷയുണ്ട്.