തമ്മനം ഷാജിയായിരുന്നോ 'കറിയ'ക്ക് റെഫറന്‍സ് ആയത് എന്ന് ചോദിച്ചവരുണ്ട് - ചട്ടമ്പിയുടെ തിരക്കഥാകൃത്ത്


അലക്‌സ് ജോസഫ് \ അഞ്ജയ് ദാസ്

ദുബായില്‍ ബാങ്ക് ജീവനക്കാരനായിരിക്കേയാണ് സിനിമ എന്ന സ്വപ്‌നത്തിലേക്ക് ഈ കാഞ്ഞിരപ്പള്ളിക്കാരന്‍ നടന്നടുത്തത്. അടുത്തമാസം ഗള്‍ഫ് റിലീസിന് തയ്യാറെടുക്കവേ ചട്ടമ്പിയുടെ തിരക്കഥാകൃത്ത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

INTERVIEW

'ചട്ടമ്പി'യുടെ ഛായാ​ഗ്രാഹകനും തിരക്കഥാകൃത്തുമായ അലക്സ് ജോസഫ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ബ്രേക്ക് ജേണി എന്ന ഹ്രസ്വചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും ചെയ്തതാണ് അലക്‌സ് ജോസഫ് എന്ന പ്രവാസി മലയാളിക്ക് 'ബ്രേക്ക്' ആയത്. ആദ്യമായി ക്യാമറ നിര്‍വഹിച്ച മുഴുനീള ചിത്രം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും മുഖ്യധാരയില്‍ അധികമാരും അറിഞ്ഞില്ല. പക്ഷേ രണ്ടാം ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒപ്പം ക്യാമറയും കൈകാര്യം ചെയ്ത് വെള്ളിത്തിരയിലേക്ക് വരവ് അറിയിച്ചിരിക്കുകയാണ് അലക്‌സ്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി എന്ന ചിത്രത്തിലൂടെ. ദുബായില്‍ ബാങ്ക് ജീവനക്കാരനായിരിക്കേയാണ് സിനിമ എന്ന സ്വപ്‌നത്തിലേക്ക് ഈ കാഞ്ഞിരപ്പള്ളിക്കാരന്‍ നടന്നടുത്തത്. അടുത്തമാസം ഗള്‍ഫ് റിലീസിന് തയ്യാറെടുക്കവേ ചട്ടമ്പിയുടെ തിരക്കഥാകൃത്ത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ബ്രേക്ക് ജേണിയില്‍ തുടങ്ങിയ കൂട്ടുകെട്ട്നാട്ടില്‍ കാഞ്ഞിരപ്പള്ളിയാണ്. താമസം കൊച്ചിയില്‍. ദുബായിലാണ് വര്‍ഷങ്ങളായിട്ട്. അവിടെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ അവിടെ പരസ്യചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്യുമായിരുന്നു. ചട്ടമ്പിയുടെ സംവിധായകന്‍ അഭിലാഷുമായി ദുബായില്‍ പരസ്യചിത്ര ചിത്രീകരണത്തിനിടെയുള്ള പരിചയമാണ്. അദ്ദേഹംകൂടി ഭാഗമായിട്ടുള്ള ഒരു പരസ്യത്തിന്റെ ചിത്രീകരണം ദുബായില്‍ നടന്നിരുന്നു. എന്തോ കാരണം കൊണ്ട് പറഞ്ഞുവെച്ചിരുന്ന ക്യാമറാമാന് വരാന്‍ പറ്റിയില്ല. അങ്ങനെ ഒരു സുഹൃത്താണ് എന്നെ ആ പരസ്യത്തിലേക്ക് എത്തിക്കുന്നത്. പിന്നെ ഒന്ന് രണ്ട് പരസ്യങ്ങളും പുള്ളിക്കുവേണ്ടി ചെയ്തു. അത് കണ്ട് ഇഷ്ടപ്പെട്ടാണ് സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തോട് ഒരു ഷോര്‍ട്ട്ഫിലിമിന്റെ ത്രെഡ് ഞാന്‍ പറയുന്നത്. എന്നോട് എഴുതാമോ എന്ന് ചോദിച്ചു. ഞാനെഴുതി, രണ്ട് ദിവസം കൊണ്ട് ഷൂട്ടും ചെയ്തു. ബ്രേക്ക് ജേണി എന്നായിരുന്നു പടത്തിന്റെ പേര്. അങ്ങനെയാണ് തുടക്കം.

ചട്ടമ്പിയിലേക്കുള്ള വരവ്

ബ്രേക്ക് ജേണി കണ്ടിട്ട് സംവിധായകന്‍ ഡോണ്‍ പാലത്തറ നമുക്ക് അടുത്ത് ഏതെങ്കിലും ഒരു പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ 1956 മധ്യതിരുവിതാംകൂര്‍ എന്നൊരു സിനിമ ഞങ്ങള്‍ ഇടുക്കിയില്‍ ഷൂട്ട് ചെയ്തിരുന്നു. അത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലും ഐ.എഫ്.എഫ്.കെയിലുമെല്ലാം പ്രദര്‍ശിപ്പിച്ചിരുന്നു. അതാണ് ശരിക്ക് എന്റെ ആദ്യസിനിമ. അതില്‍ നിന്നാണ് ചട്ടമ്പിയിലേക്ക് വരുന്നത്. അഭിലാഷ് ഒരു സിനിമ ചെയ്യാനായി കഥയ്ക്കുള്ള അന്വേഷണത്തിലായിരുന്നു. ഒരു കഥ തരാമെന്ന് ഡോണ്‍ പറഞ്ഞിരുന്നു. അതാണ് ചട്ടമ്പി. ഇടുക്കിയില്‍ 90-കളില്‍ നടന്ന യഥാര്‍ത്ഥ സംഭവമായിരുന്നു ആസ്പദം. കറിയായുടെ മരണം എന്നായിരുന്നു കഥയുടെ പേര്. കഥ തരാം സിനിമ നിങ്ങളാക്കിക്കോളൂ എന്നാണ് ഡോണ്‍ പറഞ്ഞത്. ബ്രേക്ക് ജേണി എഴുതി എന്നതിനാലും ഇടുക്കിയും കാഞ്ഞിരപ്പിള്ളിയുമൊക്കെ എനിക്ക് അടുത്ത് കിടക്കുന്ന സ്ഥലങ്ങളായതിനാലും എനിക്കായിരുന്നു തിരക്കഥയെഴുതാനുള്ള അവസരം ലഭിച്ചത്. പിന്നെ തിരക്കഥയെഴുതുമ്പോള്‍ ക്യാമറ ചെയ്യാന്‍ കുറച്ചുകൂടി അനുകൂല സാഹചര്യംകിട്ടും. അങ്ങനെയാണ് തിരക്കഥയും സംഭാഷണവും ക്യാമറയും എന്നിലേക്ക് വരുന്നത്.

അലക്സ് ജോസഫ് 'ചട്ടമ്പി' സിനിമയുടെ ചിത്രീകരണത്തിനിടെ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

പരിചയമുള്ള കഥാപരിസരം, പുതിയ ശ്രമം

ഛായാഗ്രാഹകന്‍ തന്നെ സംവിധാനം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മനഃപൂര്‍വം അങ്ങനെ ചെയ്തതല്ല. സാഹചര്യം വന്നപ്പോള്‍ അങ്ങ് ചെയ്തതാണ്. പിന്നെ 90കളിലെ ഇടുക്കി എനിക്ക് പരിചയമുള്ള കഥാപരിസരമാണ്. അതുകൊണ്ട് ഒരു ശ്രമം നടത്തിയതാണ്. സത്യത്തില്‍ അഭിലാഷ് ഒരു തിരക്കഥാകൃത്താണ്. പുള്ളിക്ക് എഴുതാമായിരുന്നെങ്കിലും എന്നോടുള്ള വിശ്വാസമാണെന്ന് തോന്നുന്നു. കഥയോട് കൂടുതല്‍ അടുത്ത് നില്‍ക്കാനും തിരക്കഥയും ഛായാഗ്രഹണവും ഒരുമിച്ച് ചെയ്തപ്പോള്‍ സഹായകമായി. പിന്നെ ഛായാഗ്രഹണം തന്നെയാണ് ചെയ്യാന്‍ കൂടുതല്‍ ഇഷ്ടം.

എല്ലാത്തിനും നല്ല സമയം കിട്ടി

12 ഡ്രാഫ്റ്റ് എഴുതിയിട്ടുണ്ട്. കൊറോണ സമയത്താണ് എഴുത്ത് തുടങ്ങിയത്. ഷൂട്ട് പ്ലാന്‍ ചെയ്യും പക്ഷേ ലോക്ക്ഡൗണ്‍ വരും. പക്ഷേ നമുക്ക് എല്ലാത്തിനും നല്ല സമയംകിട്ടി. പിന്നെ ചിത്രീകരണസമയത്ത് നടന്മാരെക്കൊണ്ട് സംഭാഷണം പറയിപ്പിച്ച്, അവര്‍ക്ക് പറ്റുന്നരീതിയിലേക്ക് സംഭാഷണം മാറ്റി എഴുതിയിട്ടുണ്ട്.

വെല്ലുവിളികളുണ്ടായിരുന്നു

സാവധാനം കഥ പറഞ്ഞ് പോകാനുള്ള തീരുമാനത്തേക്കുറിച്ച് സിനിമ കണ്ടപ്പോള്‍ പലരും ചോദിച്ചിരുന്നു. കോവിഡിനുശേഷം സിനിമയും ആളുകളുടെ ആസ്വാദനരീതിയും നന്നായി മാറിയിട്ടുണ്ട്. വേഗതയില്‍ സഞ്ചരിക്കുന്ന സിനിമകള്‍ക്ക് സ്വീകാര്യത കിട്ടിയപ്പോള്‍ ഇങ്ങനെയൊരു സിനിമ എന്താവുമെന്നതിനേക്കുറിച്ച് നല്ല സമ്മര്‍ദമുണ്ടായിരുന്നു. പ്രകൃതിപ്പടം എന്ന് പറഞ്ഞ് വേര്‍തിരിച്ച് നിര്‍ത്തുന്ന സംഭവമുണ്ടല്ലോ. ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. 95 കാലഘട്ടത്തില്‍ ഇടുക്കിയില്‍ നടക്കുന്ന ഒരു സിനിമ ഒരിക്കലും വാണിജ്യഘടകങ്ങളില്‍ പൊതിഞ്ഞുകൊണ്ട് നമുക്ക് പറയാന്‍ പറ്റില്ല. കൊച്ചിയേപ്പോലെയല്ല, അവിടെ മൊത്തത്തില്‍ ആളുകളുടെ ജീവിതം കുറച്ച് വ്യത്യാസമുണ്ട്. നടപ്പിലും സംസാരത്തിലുമെല്ലാം കുറച്ച് സാവധാനം കാണാം.

ചട്ടമ്പി എന്ന പേര് വന്ന വഴി

കറിയയുടെ മരണം എന്നായിരുന്നു കഥയുടെ പേര്. സിനിമയ്ക്കും അതിട്ടാല്‍ കഥ പ്രവചിക്കപ്പെടില്ലേ എന്ന് ചിന്തിച്ചിരുന്നു. പിന്നെ കറിയ എന്നൊരു ടൈറ്റിലിനേക്കുറിച്ച് ചിന്തിച്ചു. പിന്നെ ആലോചിച്ചപ്പോഴാണ് കറിയ എന്ന ആളെ മാത്രം ചുറ്റിപ്പറ്റിയുള്ള സിനിമയല്ല ഇത്. അതുപോലെതന്നെ പ്രാധാന്യമുള്ള വേറെയും കഥാപാത്രങ്ങളുണ്ട്. ഇരുണ്ട പശ്ചാത്തലമുള്ള ഒരുപറ്റം ആളുകളുടെ കഥയാണ് ഇത്. നന്മ നിറഞ്ഞ കഥാപാത്രങ്ങളെ ഒന്നും തന്നെ കാണാന്‍ പറ്റില്ല. എല്ലാവരുടേയും ഉള്ളില്‍ ചട്ടമ്പിത്തരമുണ്ട്. പിന്നെ ചട്ടമ്പി എന്ന വാക്കിന് കുറച്ച് ആകര്‍ഷണീയതയുമുണ്ട്. ആളുകളുടെ പേര് ടൈറ്റിലാക്കി സിനിമയിറങ്ങുന്ന സമയവുമായിരുന്നു. അതുകൊണ്ട് അതിനോട് സാമ്യമുള്ള പേര് വേണ്ടെന്ന് വെച്ചാണ് ചട്ടമ്പി എന്ന പേരിലേക്കെത്തിയത്.

മെലിഞ്ഞ, സൈസ് കുറവുള്ള നാട്ടിന്‍പുറത്തെ റൗഡി

വളരെ മെലിഞ്ഞ ആളാണ് കറിയ. മുമ്പ് വന്ന സിനിമകളിലെല്ലാം ഇങ്ങനെയൊരു രൂപത്തോടുകൂടിയ ചട്ടമ്പിയെ കണ്ടിട്ടുണ്ടാവില്ല. ശരിക്ക് ഒരടി കിട്ടിയാല്‍ നിലത്ത് വീഴും എന്നപോലെയാണ് കറിയ നില്‍ക്കുന്നത്. വാക്കിലാണ് അയാളുടെ ശക്തി. അധികം ചിന്തിക്കാനൊന്നും മെനക്കെടാത്ത ഒറ്റബുദ്ധിയാണയാള്‍. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടയാളായതുകൊണ്ട് പരിഹാസങ്ങളേല്‍ക്കുന്നുണ്ട് കറിയ. ജോണടക്കം പലരും ഉപയോഗിക്കുന്നുമുണ്ട് ഇയാളെ. നമ്മള്‍ പലപ്പോഴും അങ്ങാടികളില്‍ കണ്ടിട്ടുണ്ടാവും ശരീരം കൊണ്ട് മെലിഞ്ഞ, എന്നാല്‍ നല്ല ചങ്കൂറ്റമുള്ള റൗഡികളെ. തമ്മനം ഷാജിയായിരുന്നോ കറിയക്ക് റെഫറന്‍സ് ആയത് എന്ന് ചോദിച്ചവരുണ്ട്. സത്യത്തില്‍ ഞാന്‍ തമ്മനം ഷാജിയെ കണ്ടിട്ടില്ല. പക്ഷേ പറഞ്ഞുകേട്ടിട്ടുണ്ട് ആള്‍ ഭയങ്കര സൈസ് കുറവാണെന്ന്.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്

കറിയയായി ശ്രീനാഥ് ഭാസി തന്നെയായിരുന്നു ആദ്യംമുതലേ മനസിലുണ്ടായിരുന്നത്. ചെമ്പന്‍ വിനോദ് അവതരിപ്പിച്ച ജോണ്‍ എന്ന വേഷത്തിലേക്ക് ഇന്ദ്രജിത്ത് സുകുമാരനേയും ആലോചിച്ചിരുന്നു. മൈഥിലിയുടെ കഥാപാത്രത്തിലേക്ക് പലരേയും ക്ഷണിച്ചിരുന്നു. പക്ഷേ തിരക്കഥ വായിച്ചപ്പോള്‍ അവര്‍ക്കൊന്നും ആ കഥാപാത്രത്തിന്റെ ആഴം മനസിലാക്കാന്‍ പറ്റിയില്ല. പിന്നെയുള്ളത് ഗുരു സോമസുന്ദരമാണ്. ശരിക്ക് മിന്നല്‍ മുരളിക്ക് മുമ്പേയാണ് അദ്ദേഹത്തെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഈ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ മിന്നല്‍ മുരളി ഇറങ്ങിയിട്ടുപോലുമില്ല. അധികം ആര്‍ക്കുമറിയാത്ത ഒരാളെ വെയ്ക്കണമെന്നുള്ളതുകൊണ്ടാണ് ഗുരുവിനെ വെച്ചത്. പക്ഷേ അദ്ദേഹം ഇത്ര പ്രശസ്തനാവും എന്നൊന്നും അന്ന് ചിന്തിക്കുന്നില്ലല്ലോ.

Content Highlights: alex joseph interview, chattambi movie scriptwriter and cinematographer interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented