-
ഒന്നുമില്ലായ്മയില്‍നിന്നാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ക്യാമറയെന്തെന്നോ ലെന്‍സ് എന്തെന്നോ ഒന്നും അറിയില്ലായിരുന്നു. പതിന്നാല് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും തളര്‍ന്നില്ല. ഇനിയും കൂടുതല്‍ പഠിക്കാനുണ്ടെന്ന് തോന്നി. ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി വിജയങ്ങളുണ്ടാകുന്നു. ഇപ്പോഴും ഒരുപാട് പഠിക്കാനുണ്ടെന്ന തോന്നല്‍ മാത്രം''.
ബോളിവുഡിലെ കിങ് ഖിലാഡി സംസാരിച്ചുതുടങ്ങി. തുടര്‍ച്ചയായി പതിന്നാല് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നടന്‍, ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അക്ഷയ് കുമാറായി മാറിയതിന് പിന്നില്‍ 30 വര്‍ഷത്തെ അധ്വാനമുണ്ട്. കേസരി, മിഷന്‍ മംഗള്‍, ഹൗസ്ഫുള്‍ ഫോര്‍ തുടങ്ങി 2019-ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ അക്ഷയ് കുമാര്‍ പുതുവര്‍ഷത്തിലേക്ക് ചുവടുവയ്ക്കുന്നത് ഏറെ പ്രതീക്ഷകളുമായാണ്.
അക്ഷയ് കുമാര്‍ പോയവര്‍ഷം വ്യത്യസ്ത ജോണറിലുള്ള സിനിമകള്‍ ചെയ്തു. ഡിസംബറില്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസ് വ്യത്യസ്തമായ പ്രമേയമായിരുന്നു. എന്താണ് ഗുഡ് ന്യൂസ് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള കാരണം?
ഓരോ സിനിമ തിരഞ്ഞെടുക്കാനും അഭിനേതാവ് എന്ന നിലയില്‍ പല പല കാരണങ്ങളുണ്ടാകാറുണ്ട്. 2019 അവസാനം പുറത്തിറങ്ങിയ ഗുഡ്‌ന്യൂസിന്റെ കാര്യത്തില്‍ അതൊരു ലളിതമായ, നല്ലൊരു സന്ദേശമുള്ള സിനിമ എന്നതായിരുന്നു. കരീനാ കപൂര്‍, ദല്‍ജീത് ദോസ്ജ, കിറ അദ്വാനി എന്നിവരാണ് ചിത്രത്തില്‍ എന്നോടൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാഡ്മാനെപ്പോലെ, ടോയ്‌ലറ്റ് എക് പ്രേംകഥ പോലെ സീരിയസ് സിനിമയല്ല ഗുഡ് ന്യൂസ്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ എന്ന് പറയാം.
ഒരു ലോകത്ത് കുട്ടികളുണ്ടാകാത്ത സ്ത്രീകളെ പല പേരുകള്‍ വിളിച്ച് സമൂഹം കളിയാക്കുമായിരുന്നു. എന്നാല്‍ ഐ.വി.എഫ്. വന്നതോടെ ഈ സ്ഥിതി മാറി. തൊണ്ണൂറ്റിരണ്ട് ശതമാനവും വിജയകരമായ പ്രക്രിയയാണ് ഐ.വി.എഫ്. പത്തുലക്ഷത്തിലധികം കുട്ടികള്‍ ഇതിനോടകം ഐ.വി.എഫ്. വഴി പുറത്തുവന്നുകഴിഞ്ഞു. ഈ വിഷയത്തെ വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ഓരോ സിനിമയും ഞാന്‍ തിരഞ്ഞെടുക്കുന്നത് അതിന്റെ തിരക്കഥ നോക്കിയാണ്. തിരക്കഥ നന്നായാല്‍ സിനിമയുടെ അറുപതുശതമാനവും വിജയിച്ചു. ബാക്കി നാല്പതുശതമാനം മാത്രമേ സംവിധായകന്‍ ചെയ്യേണ്ടതുള്ളൂ. നല്ല തിരക്കഥ കിട്ടിയാല്‍ സംവിധായകര്‍ക്ക് പണി എളുപ്പമാണ്.
ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണ് ഗുഡ് ന്യൂസ് എന്ന് കേള്‍ക്കുന്നുണ്ടല്ലോ?
മുപ്പത്തിയാറുകോടിയെ ചെറിയ ബജറ്റെന്ന് നിങ്ങള്‍ വിളിക്കുമെങ്കില്‍ ഗുഡ് ന്യൂസ് ചെറിയ ബജറ്റില്‍ ചെയ്തതാണ്. ഓവര്‍സീസ്, ഓഡിയോ റൈറ്റ്‌സ്, സാറ്റലൈറ്റ് എന്നിവയില്‍നിന്നൊക്കെയായി പടത്തിന്റെ മുടക്കുമുതല്‍ റിലീസിനുമുന്‍പേ ലഭിച്ചിരുന്നു. അതിനാല്‍ ഇറങ്ങുന്നതിനുമുന്‍പേ സിനിമ നൂറുശതമാനം ഹിറ്റാണെന്ന് ഉറപ്പിച്ചു. ഞാന്‍ ചെയ്യുന്ന സിനിമകളുടെ പ്രത്യേകത അത് ഒരിക്കലും ബ്രഹ്മാണ്ഡ ബജറ്റിലായിരിക്കില്ല. അതുപോലെ ഷൂട്ടിങ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കുകയും ചെയ്യും. ചെറിയ ബജറ്റില്‍ തീര്‍ക്കുന്ന സിനിമകള്‍ മിക്കപ്പോഴും പരാജയപ്പെട്ടാല്‍പോലും നഷ്ടമുണ്ടാക്കില്ല. ഗുഡ് ന്യൂസിന്റെ നിര്‍മാതാക്കള്‍ ഞാനും കരണ്‍ ജോഹറുമായിരുന്നല്ലോ. പടം ഉണ്ടാക്കുന്ന ലാഭം കൃത്യമായി ഞങ്ങള്‍ വീതിച്ചെടുക്കും.
കരിയറിലെ ഇരുപത്തിയഞ്ചാമത്തെ നവാഗത സംവിധായകനെയാണ് താങ്കള്‍ ഗുഡ് ന്യൂസിലുടെ സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. നവാഗതസംവിധായകരെ കൂടുതലായി തിരഞ്ഞെടുക്കാനുള്ള കാരണം?
ഇരുപത്തിയഞ്ച് സംവിധായകരെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ കാരണക്കാരനായി എന്നതില്‍ വളരെ സന്തോഷമുണ്ട്. എപ്പോഴും പുതിയ സംവിധായകരുടെ കൂടെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. ഏറ്റവും പുതിയ ആശയങ്ങള്‍ പുതിയ ആള്‍ക്കാരുടെ കൈയിലാണ് ഉണ്ടാകുക. കാരണം അവര്‍ ചിന്തിക്കുന്നത് പുതിയ രീതിയിലാണ്. അതുപോലെ നവാഗതരെ സംബന്ധിച്ച് ആദ്യസിനിമ എന്നുപറയുന്നത് ഡു ഓര്‍ ഡൈ അവസ്ഥയാണ്. ആദ്യസിനിമയുടെ ഫലമാണ് അവരുടെ ഭാവി നിര്‍ണയിക്കുന്നത്. സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരമാണ്. അതിനാല്‍തന്നെ അവര്‍ ഏറ്റവും മികച്ച രീതിയില്‍ സിനിമയെടുക്കാന്‍ ശ്രമിക്കും. അതിന് റിസള്‍ട്ടും ഉണ്ടാകും. ഇതാണ് നവാഗതരെ തിരഞ്ഞെടുക്കാനുള്ള കാരണം.
പല രീതിയിലുള്ള കോമഡികഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഏതുതരം കോമഡിയാണ് താങ്കള്‍ കൂടുതല്‍ ആസ്വദിക്കുന്നത്?
ഹാസ്യത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടാന്‍ സാധിക്കുന്നുവെന്നതില്‍ സന്തോഷം. ആളുകളെ ചിരിപ്പിക്കുകയെന്നത് ഏറ്റവും വിഷമമേറിയ പണിയാണ്. എന്നാല്‍ സങ്കടമുണ്ടാക്കുന്ന കാര്യം നമ്മള്‍ നല്ലൊരു കോമഡി ചെയ്ത് ആളുകളെ ചിരിപ്പിച്ചാലും ആരും അതിനെ അഭിനന്ദിക്കില്ല എന്നതാണ്. കോമഡി അവതരിപ്പിക്കുക ഒരു ചെറിയ കാര്യമായാണ് പലരും കാണുന്നത്. ഹൗസ്ഫുള്‍ 4 ബുദ്ധിക്ക് നിരക്കാത്ത പടമാണെന്ന് പലരും പറഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അത്തരം കോമഡികള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവര്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടിട്ടുമുണ്ട്.
പ്രിയദര്‍ശനും അക്ഷയ്കുമാറും ഹംഗാമ 2-വിലൂടെ വീണ്ടും ഒന്നിക്കുകയാണ്. കൂടുതല്‍ വിശേഷങ്ങള്‍...?
അതെ, വീണ്ടും പ്രിയനും ഞാനും പുതിയൊരു സിനിമയുമായി എത്തുകയാണ്. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹം ബോളിവുഡില്‍ ഒരു സിനിമ ചെയ്യുന്നത്. പ്രിയനുമായി ഒന്നിക്കുകയെന്നത് എപ്പോഴും വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം സംവിധായകനും നടനും എന്നതിലുപരി ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍കൂടിയാണ്. ഹംഗാമ 2-വിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ല. സത്യംപറഞ്ഞാല്‍ ഇപ്പോള്‍ പ്രിയദര്‍ശനുപോലും ആ സിനിമയെക്കുറിച്ച് മുഴുവനായി പറയാനാകില്ല. കാരണം ആ സിനിമയുടെ എഴുത്ത് നടക്കുകയാണ്.
കരണ്‍ ജോഹറിനെയും ആദിത്യ ചോപ്രയെയും പോലുള്ള മുതിര്‍ന്ന സംവിധായകരുടെ കൂടെ താങ്കള്‍ സിനിമ ചെയ്യാത്തതിന്റെ കാരണം?
അവര്‍ ഇതുവരെ എന്നെ സിനിമയിലേക്ക് വിളിക്കാത്തതുകൊണ്ടാണ്. വലിയ സംവിധായകര്‍ വിളിച്ചില്ലെങ്കിലും നമുക്ക് മുന്നോട്ടുപോകണമല്ലോ. അപ്പോള്‍ നല്ല കഥകളുമായി മുന്നില്‍ വരുന്ന മറ്റ് സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യും. വലിയ സംവിധായകര്‍ എന്നെ നായകനാക്കി സിനിമയെടുക്കട്ടെ എന്ന് വിചാരിച്ച് വീട്ടില്‍ കാത്തിരിക്കാനാവില്ല. കരണും ആദിത്യയും എന്റെ കൂടെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ടുപേരും എന്റെ നല്ല സുഹൃത്തുക്കളുമാണ്. പക്ഷേ, അവര്‍ സംവിധാനംചെയ്യുന്ന സിനിമയില്‍ എന്നെ നായകനാക്കിയിട്ടില്ല. മുതിര്‍ന്ന സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണം എന്നതിനെക്കാള്‍ നല്ല കുറേ സിനിമകളില്‍ അഭിനയിക്കണം എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. പുതുമയുള്ള പ്രമേയവുമായി ആരുവന്നാലും അവരുടെ കൂടെ ഞാന്‍ സിനിമ ചെയ്യും.
എന്തായിരിക്കാം മുതിര്‍ന്ന സംവിധായകര്‍ അക്ഷയ്കുമാറിനെ പരിഗണിക്കാത്തത്?
തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന സൂപ്പര്‍സ്റ്റാര്‍സിനെ മാത്രമേ മുതിര്‍ന്ന സംവിധായകര്‍ വിളിക്കുകയുള്ളൂ എന്നെനിക്ക് തോന്നുന്നു. ഒരിക്കലും എനിക്ക് യോജിക്കാത്ത ഒരു കഥാപാത്രത്തിനായി വിളിക്കണമെന്ന് നിര്‍ബന്ധിക്കാനാകിലല്ലോ. എനിക്ക് അര്‍ഹതപ്പെടാത്ത ഒരു സിനിമയിലും അഭിനയിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഒരു മുതിര്‍ന്ന സംവിധായകനും പിന്തുണച്ചിട്ടല്ല എനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയത്. എന്റെ അധ്വാനവും കഴിവും കൊണ്ട് നേടിയതാണ്.
ഒരുകാലത്ത് ആക്ഷന്‍ സിനിമകളായിരുന്നു അക്ഷയ്കുമാറിന്റെതായി വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ തുടര്‍ച്ചയായി കോമഡി സിനിമകള്‍ ചെയ്യുന്നു. ഏത് ജോണറാണ് കൂടുതല്‍ ഇഷ്ടം?
അങ്ങനെയൊരു പ്രത്യേക ജോണര്‍ മാത്രമാണ് ഇഷ്ടമെന്ന് പറയാനാവില്ല. ഒരുകാലത്ത് തുടര്‍ച്ചയായി ആക്ഷന്‍ സിനിമകള്‍ ചെയ്തിരുന്നു. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഏറെ ബുദ്ധിമുട്ടി. എല്ലാത്തരം സിനിമകള്‍ ചെയ്യാനും എനിക്കിഷ്ടമാണ്. ഒരു ജോണറില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ പ്രയാസമായിരിക്കും. അതേസമയം ആ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഒരു രസമുണ്ട്. കഥാപാത്രത്തിനായി എന്തുചെയ്യാനും ഞാന്‍ റെഡിയാണ്.
ലൈവ് ആനിമേഷന്‍ സിനിമയുടെ ഭാഗമാകാന്‍ താങ്കള്‍ക്ക് ഇഷ്ടമാണോ?
എല്ലാത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാനും എനിക്കിഷ്ടമാണെന്ന് പറഞ്ഞല്ലോ. ഒരു ലൈവ് ആക്ഷന്‍ ആനിമേഷന്‍ സിനിമയുടെ ഭാഗമാകാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഞാനത് ഉപയോഗിക്കും. ഒരു അഭിനേതാവ് എന്നനിലയില്‍ എന്റെ പ്രകടനത്തില്‍ ഇപ്പോഴും ഞാന്‍ സംതൃപ്തനല്ല. അഭിനയിക്കാന്‍ ഇന്നും ഏറെ ആര്‍ത്തിയുള്ള നടനാണ്. അതുകൊണ്ട് വ്യത്യസ്തമായ റോളുകള്‍ കിട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്. സൂര്യവംശി, ലക്ഷ്മി ബോബ്, പൃഥ്വിരാജ് ചൗഹാന്‍, ദുര്‍ഗാവതി തുടങ്ങി അനേകം സിനിമകളുമായി തിരക്കിലാണ് പുതുവര്‍ഷത്തില്‍. ഈ തിരക്കിനിടയിലും പുതിയ കഥകള്‍ കേള്‍ക്കുന്നുമുണ്ട്.
നിര്‍മിക്കുന്ന സിനിമകളിലെല്ലാം അഭിനയിക്കണമെന്ന് താങ്കള്‍ക്ക് നിര്‍ബന്ധമുണ്ടോ?
ഒരിക്കലുമില്ല, നിര്‍മിച്ച രണ്ട് മറാത്തിചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. അതുപോലെ ഒരു പഞ്ചാബിചിത്രം നിര്‍മിച്ചതിലും അഭിനയിച്ചില്ല. ഇപ്പോള്‍ ഭൂമി പേഡ്‌നേക്കറിനെ നായികയാക്കി ദുര്‍ഗാവതി എന്നൊരു സിനിമ നിര്‍മിക്കുന്നുണ്ട്. അതിലും ഞാന്‍ അഭിനയിക്കുന്നില്ല. അതുപോലെ കിറ അദ്വാനി അഭിനയിച്ച ഫഗ്ലി എന്ന സിനിമ നിര്‍മിച്ചത് ഞാനാണ്. അതിലും അഭിനയമില്ലായിരുന്നു.
അഭിനയജീവിതത്തിന്റെ മുപ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഇതുവരെയുള്ള സിനിമാജീവിതം എങ്ങനെ?
ഒരുപാട് വിജയങ്ങളും പരാജയങ്ങളും ഈ മുപ്പതുവര്‍ഷത്തിനിടെ നേരിട്ടു. തുടര്‍ച്ചയായ ഹിറ്റുകളുണ്ടായിട്ടുണ്ട്. അതുപോലെതന്നെ പതിന്നാല് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് ദുരന്തനായകന്‍ എന്ന പേരും വീണിട്ടുണ്ട്. തുടര്‍പരാജയമുണ്ടായകാലത്തും ഞാന്‍ പുലര്‍ത്തിയ അച്ചടക്കമാണ് പിന്നീട് തിരിച്ചുവരവിനുള്ള കാരണമായത്. അക്ഷയ്കുമാറിനെ നായകനാക്കിയാല്‍ അവന്‍ കൃത്യസമയത്ത് സെറ്റില്‍ എത്തിക്കോളും എന്ന് നിര്‍മാതാക്കള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അനുഭവത്തില്‍ നിങ്ങള്‍ ഒരു വ്യക്തിയെന്നനിലയില്‍ സത്യസന്ധനാണെങ്കില്‍ ഏത് ഉയരവും കീഴടക്കാനാകും.
ഒരു കഥാപാത്രത്തെ എങ്ങനെയാണ് സമീപിക്കുന്നത്?
കഥാപാത്രത്തെ സമീപിക്കുന്നതില്‍ ഓരോ അഭിനേതാവിനും അവരുടെതായ പ്രകൃതമുണ്ട്. മാധ്യമപ്രവര്‍ത്തകനായ താങ്കള്‍ ഒരു അഭിമുഖം ആറുമണിക്കൂറെടുത്ത് എഴുതുന്നു. മറ്റൊരാള്‍ ഇരുപതു മിനിറ്റ് കൊണ്ടും എഴുതുന്നു.ഇരുപതു മിനിറ്റ് കൊണ്ടെഴുതുന്ന ആള്‍ നിങ്ങളെക്കാള്‍ മിടുക്കനാണെന്ന് അതുകൊണ്ട് അര്‍ഥമില്ല. ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്കെത്താന്‍ ഒരിക്കലും കൂടുതല്‍ സമയം ഞാനെടുക്കാറില്ല. ഞാന്‍ ചെയ്യുന്ന ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായ വശങ്ങളില്‍നിന്ന് നോക്കിക്കാണാനും അവതരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അത് എത്രമാത്രം വിജയിക്കുന്നു എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.
മുപ്പതുവര്‍ഷം മുന്‍പത്തെ അക്ഷയ്കുമാറിലും ഇപ്പോഴത്തെ അക്ഷയ്കുമാറിലുമുള്ള പ്രധാന വ്യത്യാസം എന്താണ്?
എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ വെറും പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പൂജ്യം മാറി അഭിനയത്തിന് ലഭിക്കുന്ന എന്റെ ചെക്കിലെ പൂജ്യങ്ങളുടെ എണ്ണം കൂടി. അതാണ് ഏറ്റവും വലിയ വ്യത്യാസം.
Content Highlights : Akshay Kumar interview For Star And Style
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..