അജു വർഗീസ് | ഫോട്ടോ: മാതൃഭൂമി
ഹൃദയത്തിൽ തുളുമ്പുന്ന പതിനഞ്ച് പാട്ടുകളുമായി ഒരു സിനിമ. പാട്ടിന്റെ പാലാഴി പോലെ ‘ഹൃദയം’ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോൾ ഹൃദയം നിറയെ പ്രതീക്ഷകളിലാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ എന്ന സൗഹൃദസ്പർശം മുതൽ പുതിയ വേഷങ്ങളിലേക്കുള്ള കൂടുമാറ്റം വരെയായി ഒരുപാട് കാര്യങ്ങൾ. ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ 2010 മുതൽ മലയാള സിനിമയിലെത്തിയ അജു വർഗീസ് കോവിഡ് കാലമൊക്കെ കഴിയുമ്പോൾ പുതിയ സിനിമകളുടെ ‘വിഭവ’ങ്ങളാണ് കൊതിക്കുന്നത്. അജുവിന്റെ ഭാഷയിൽ പറഞ്ഞാൽ ഇതുവരെ ഒരേ റൂട്ടിലോടിയ ബസ് ഇനി റൂട്ടൊന്നു മാറ്റിപ്പിടിക്കണ്ടേയെന്ന ചിന്ത.
ഇതുവരെ നന്നായില്ലേ ഇവൻ!
വലിയൊരു ഇടവേളയ്ക്കു ശേഷം പ്രിയ സുഹൃത്ത് വിനീത് ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അജു. “2010-ൽ ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ വിനീതാണ് എന്നെ സിനിമയിലേക്കു കൊണ്ടുവന്നത്. വർഷം പത്തു പന്ത്രണ്ട് കഴിഞ്ഞെങ്കിലും ഇവൻ അഭിനയത്തിൽ ഇതുവരെ നന്നായില്ലേയെന്ന് വിനീത് എന്നെപ്പറ്റി ചിന്തിക്കുമോയെന്ന ഭയത്തിലാണ് ഞാൻ ‘ഹൃദയ’ത്തിന്റെ സെറ്റിലെത്തിയത്. ഓരോ ഷോട്ട് കഴിയുമ്പോഴും എല്ലാവരും മോണിറ്ററിൽ നോക്കുമ്പോൾ ഞാൻ വിനീതിന്റെ മുഖത്തു നോക്കും. സെറ്റിൽ ഞാൻ അങ്ങനെ നോക്കിക്കൊണ്ടിരിക്കുന്ന ഫോട്ടോയും ആരോ എടുത്തിരുന്നു. ജോലി എടുക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധത്തിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ അസാമാന്യമായൊരു മികവ് വിനീതിനുണ്ട്. ‘ഹൃദയം’ അതിന്റെ വലിയ ഉദാഹരണമാണ്. അതിൽ അത്ര വലുതല്ലെങ്കിലും ശ്രദ്ധേയമായൊരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്” - അജു പറഞ്ഞു.
പുതിയ റൂട്ടിലെ ബസ്
ഒരേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് പോലെയാണ് താനെന്ന തിരിച്ചറിവാണ് സാജൻ ബേക്കറിയും ഹെലനും കമലയും പോലെയുള്ള സിനിമകളിൽ എത്തിച്ചതെന്ന് അജു പറയുന്നു. “കമലയിലെ സഫറും ‘ഹെലനി’ലെ രതീഷ് കുമാറും ‘സാജൻ ബേക്കറി’യിലെ ബോബിനും സാജനും ഒക്കെ ചെയ്തപ്പോഴാണ് എന്നിലെ നടനെ എങ്ങനെയാണ് മാറ്റേണ്ടിയിരുന്നതെന്ന കാര്യം മനസ്സിലായത്. സാജൻ, ബോബിൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ് ‘സാജൻ ബേക്കറി’യിൽ ഞാൻ അവതരിപ്പിച്ചത്. രണ്ടുപേരും രണ്ടു പ്രായത്തിലും കാലഘട്ടത്തിലുമുള്ളവരാണ്. ആ സിനിമയുടെ നിർമാതാവെന്ന നിലയിൽ ബോബിൻ എന്ന കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാനായിരുന്നു നേരത്തെ മുതലുള്ള തീരുമാനം. സാജൻ എന്ന അച്ഛൻ കഥാപാത്രത്തെ മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാമെന്നായിരുന്നു ആലോചന. ഒടുവിൽ ബജറ്റും മറ്റും ചിന്തിച്ചപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് എന്നോടു മാത്രമല്ലേ പറയാൻ കഴിയൂ. കാശു കൊടുക്കാതെ ആ കഥാപാത്രം ചെയ്യാൻ ഒടുവിൽ ഞാൻ എന്നോടു തന്നെ പറയുകയായിരുന്നു” - തമാശ പോലെയാണ് പറഞ്ഞതെങ്കിലും അജു വർഗീസ് എന്ന നടന്റെ പുതിയ കൂടുമാറൽ ആ വർത്തമാനത്തിൽ തെളിഞ്ഞു.
ചിരി മാത്രമല്ല ഞാൻ
ചിരി മാത്രമല്ല താൻ എന്ന അടയാളം സിനിമയിൽ പതിപ്പിക്കുക. അജു ഇനിയുള്ള യാത്രയിൽ ആഗ്രഹിക്കുന്ന പ്രധാന കാര്യം അതാണ്. “ചിരിപ്പിക്കുന്ന വേഷങ്ങൾ ഞാൻ ഒരുപാട് ചെയ്തു. ഇനി അതിനപ്പുറം പ്രേക്ഷകർക്കു പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം. ‘മിന്നൽ മുരളി’ എന്ന സിനിമയിലെ വേഷം സംവിധായകൻ ബേസിലിനോട് ഞാൻ അങ്ങനെ ചോദിച്ചു വാങ്ങിയതാണ്. ആ സിനിമയിൽ ഗൗരവത്തിൽ അഭിനയിക്കാനാണ് ബേസിൽ എന്നോടു പറഞ്ഞത്. അതേസമയം ചില സന്ദർഭങ്ങളിൽ അല്പം ഹ്യൂമർ ആ കഥാപാത്രത്തിലേക്കു സന്നിവേശിപ്പിക്കാനും എഴുത്തുകാരന് കഴിഞ്ഞിരുന്നു. ഇതുവരെ കാണാത്ത അജു എന്ന നിലയിലുള്ള ഏതു കഥാപാത്രം വന്നാലും ഞാൻ സ്വീകരിക്കും. ആരെങ്കിലുമൊക്കെ അത്തരം കഥാപാത്രങ്ങളുമായി ഏതു നിമിഷവും കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഞാൻ”, അജു ആഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞു.
ലോക്ഡൗണും കുടുംബവും
ലോക്ഡൗൺ വന്നതോടെ വീണുകിട്ടിയ അനുഭവങ്ങളും അജു പങ്കിട്ടു. “ലോക്ഡൗൺ കാലത്താണ് സത്യത്തിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായത്. ഇത്തവണ ക്രിസ്മസും ന്യൂ ഇയറുമൊക്കെ കുടുംബത്തോടൊപ്പമായിരുന്നു. മക്കളോടൊപ്പമുള്ള ഓരോ നിമിഷവും സന്തോഷകരമാണ്. നാലു മക്കളുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്ന ഭാര്യക്കാണ് കുടുംബം നന്നായി പോകുന്നതിന്റെ എല്ലാ ക്രെഡിറ്റും. ആദ്യത്തെ ലോക്ഡൗൺ കാലം കുറെക്കൂടി നീണ്ടിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ മറ്റേതെങ്കിലും ജോലിയിലേക്കു പോയേനേ. ഒരു ഹോട്ടൽ ബിസിനസ് എന്തായാലും തുടങ്ങിയേനേ” - അജു ചിരിയോടെ പറഞ്ഞു.
Content Highlights: aju varghese interview, hridayam movie, minnal murali, meppadiyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..