'ഓ വലിയ ഐശ്വര്യ റായി ആണെന്നാണ് ഭാവം'; സൗന്ദര്യത്തിന്റെ പര്യായത്തിന് 49 വയസ്സ്


സ്വന്തം ലേഖിക

Aishwarya Rai Bachchan

''എന്റെ പ്രിയപ്പെട്ട മണി സാറിന് ജന്മദിനാശംസകള്‍, പ്രണയവുമായും സിനിമയുമായും ഞാന്‍ പ്രണയത്തിലാവാന്‍ കാരണക്കാരന്‍. അദ്ദേഹത്തിന്റെ സെറ്റിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കാനാവില്ല. അദ്ദേഹത്തെ ഒന്ന് കാണാന്‍, അടുത്തുണ്ടാവാന്‍, ഏയ് ബുദ്ധിശാലീസ് എന്ന വിളി കേള്‍ക്കാന്‍, അദ്ദേഹത്തിന്റെ ആ മാജിക്കിന് സാക്ഷ്യം വഹിക്കാന്‍. അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നു ഇന്നും എന്നും''- തന്റെ ഗുരുവായ മണിരത്‌നത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ കുറിച്ചത് ഇങ്ങനെയായിരുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ കാലെടുത്ത് വയ്ക്കുന്നത്. അന്ന് തുടങ്ങിയതാണ് മണിരത്‌നം എന്ന സംവിധായകനും ഐശ്വര്യയും തമ്മിലുള്ള ആത്മബന്ധം. ഇരുവറിന് ശേഷം ഗുരു, രാവണന്‍ ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനില്‍ വരെ എത്തി നില്‍ക്കുന്ന ഐശ്വര്യയുടെ യാത്ര. നീലകണ്ണുകളുള്ള, അനായാസമായി നൃത്തം ചെയ്യുന്ന ഈ താരസുന്ദരി സൗന്ദര്യത്തിന്റെ പര്യായമായി നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ടുകള്‍ പിന്നിടുന്നു. ''വലിയ ഐശ്വര്യ റായി വന്നിരിക്കുന്നു, ഐശ്വര്യയാണെന്നാണ് ഭാവം'' എന്നീ പ്രയോഗങ്ങള്‍ കേരളത്തില്‍ കേള്‍ക്കാത്തവര്‍ വിരളമായിരിക്കും.മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബര്‍ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈസ്‌കൂളിലാണ് ഐശ്വര്യ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചര്‍ച്ച്‌ഗേറ്റിലുള്ള ജയ്‌ഹിന്ദ് കോളേജില്‍ ചേര്‍ന്ന ഐശ്വര്യ, ഒരു വര്‍ഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്റ്റ് ആവാനായിരുന്നു മോഹം. പഠനത്തോടൊപ്പം തന്നെ നൃത്തത്തിലും ഐശ്വര്യ പരിശീലനം നേടി.

ആര്‍ക്കിടെക്ചര്‍ പഠനത്തിനിടയില്‍ ഐശ്വര്യ മോഡലിങ്ങും ചെയ്തു. 1500 രൂപയായിരുന്നു ആദ്യ പ്രതിഫലം. മോഡലിങ് കാലത്താണ് ഐശ്വര്യ സൗന്ദര്യ മത്സരരംഗത്ത് ഭാഗ്യം പരീക്ഷിക്കുന്നത്. അതോടെ കോളേജ് പഠനം പൂര്‍ത്തിയാക്കാനായില്ല. 1994-ല്‍ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്താണ് ഐശ്വര്യയെത്തിയത്. സുസ്മിത മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ അതേ വര്‍ഷം ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകസൗന്ദര്യ വേദിയില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച വര്‍ഷമായിരുന്നു 1994. സുസ്മിത മിസ് യൂണിവേഴ്‌സ് പട്ടവും ഐശ്വര്യ മിസ് വേള്‍ഡ് പട്ടവും നേടി രാജ്യത്തിന്റെ അഭിമാന താരങ്ങളായി.

മിസ് വേള്‍ഡ് പട്ടം നേടിയ ശേഷമാണ് ഐശ്വര്യയെ മണിരത്‌നം ശ്രദ്ധിക്കുന്നത്. എം.ജി.ആര്‍.-കരുണാനിധി-ജയലളിത എന്നീ രാഷ്ട്രീയ ത്രയങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഐശ്വര്യ തിളങ്ങി. ഇരുവറിന് ശേഷമാണ് ഐശ്വര്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോബി ഡിയോള്‍ നായകനായ ഓര്‍ പ്യാര്‍ ഹോഗയാ എന്ന ചിത്രത്തിലായിരുന്നു തുടക്കം. ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും ഐശ്വര്യ ശ്രദ്ധനേടി. തുടര്‍ന്നാണ് ശങ്കര്‍ സംവിധാനം ചെയ്ത ജീന്‍സില്‍ അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു.

1999-ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. അതേ വര്‍ഷം പുറത്തിറങ്ങിയ താല്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശവും ലഭിക്കുകയുണ്ടായി. 2000-ല്‍, ഐശ്വര്യ മൊഹബത്തേന്‍, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രിയായി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. രാജീവ് മേനോന്‍ സംവിധാനം ചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ മമ്മൂട്ടിയായിരുന്നു ഐശ്വര്യയുടെ നായകന്‍.

ഐശ്വര്യയുടെ കരിയറില്‍ ഏറ്റവും എടുത്തു പറയേണ്ട ചിത്രങ്ങളിലൊന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ്. 2002 ലാണ് സഞ്ജയ് ലീല ബാന്‍സാലി ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007), പിങ്ക് പാന്തര്‍ 2 (2009) തുടങ്ങിയ അന്തര്‍ദേശീയ സിനിമകളിലും അവര്‍ അഭിനയിക്കുകയുണ്ടായി.

ധീരുഭായി അമ്പാനിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്‌നം സംവിധാനം ചെയ്ത ഗുരുവാണ് ഐശ്വര്യയുടെ മറ്റൊരു ശ്രദ്ധേയ ചിത്രം. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. 2008 ലാണ് അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ജോധാ അക്ബറില്‍ ഐശ്വര്യ അഭിനയിക്കുന്നത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോധയായി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2010-ല്‍ രാവണന്‍ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പവും അഭിഷേക് ബച്ചനൊപ്പവും (ഹിന്ദി പതിപ്പ്) ഐശ്വര്യ വേഷമിട്ടു.

ശാസ്ത്രീയമാകട്ടെ പാശ്ചാത്യമാകട്ടെ ഏത് ശൈലിയിലും നൃത്തം ചെയ്യാന്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന അഭിനേത്രിയാണ് ഐശ്വര്യ. ഹലോ മിസ്റ്റര്‍ എതിര്‍കച്ചി (ഇരുവര്‍), ഹൈര ഹൈര ഹൈരപ്പാ... (ജീന്‍സ്), ഡോലാരേ (ദേവദാസ്), കണ്ണാമൂച്ചി... (കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍), കജ്‌രാരേ (ബണ്ടി ഓര്‍ ബബ്ലി), ബര്‍സോരേ മേഘാ (ഗുരു), കല്‍വരേ (രാവണന്‍), ഇരുമ്പിലേ ഒരു.... (യന്തിരന്‍), ധൂം തുടങ്ങി ഐശ്വര്യയുടെ സാന്നിധ്യം കൊണ്ട് ഹിറ്റായി മാറിയ ഗാനങ്ങള്‍ ഒട്ടേറെയാണ്.

കരിയറിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചകളും താഴ്ച്ചകളും നേരിടേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയ്ക്ക്. സല്‍മാന്‍ ഖാനുമായുള്ള പ്രണയവും വേര്‍പിരിയലും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഐശ്വര്യയെ ഒരുപാട് കാലം വേട്ടയാടി. 2007 ലാണ് ഐശ്വര്യ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

വ്യക്തിപരമായും പ്രൊഫഷണലായും കടന്നാക്രമിക്കുന്ന വിമര്‍ശനങ്ങളില്‍ പൊതുവേ ഐശ്വര്യ പ്രതികരിക്കാറില്ല. അഭിനയിക്കാന്‍ അറിയില്ലെന്നും പ്ലാസ്റ്റിക് എന്നും മറ്റും പറഞ്ഞ് സിനിമാരംഗത്തുള്ളവര്‍ പോലും ഐശ്വര്യയെ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വളരെയേറെ പക്വതയോടെയാണ് ഐശ്വര്യ അവയെ എല്ലാം നേരിട്ടത്. തന്റെ സ്വകാര്യതയ്ക്കും ആത്മാഭിമാനത്തിനും അത്രയേറെ മൂല്യം കല്‍പ്പിക്കുന്ന വ്യക്തികൂടിയാണവര്‍.

Content Highlights: Aishwarya Rai Bachchan birthday, films, Movies, life miss world winner, journey of an actress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented