സ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളെ മുഖാമുഖം നോക്കുവാനോ, അവയെ ഉച്ചത്തിൽ വ്യാഖ്യാനിക്കുവാനോ, ഞാൻ ആരുമല്ല. അവ ഭൂമിയെ സംഗീതത്താൽ പ്രദീപ്തമാക്കുവാൻ നിയുക്തനായ ഒരാളുടെ മധുര നാദങ്ങളാണ്. കേൾക്കുന്നവരുടെ മനസിൽ വർണവും സുഗന്ധവും നിറയ്ക്കുന്ന  മായിക ശബ്ദത്തിൽ  അനേകായിരം ഗാനങ്ങൾ അദ്ദേഹം ഇവിടെ പാടിയിട്ടുണ്ട്. ആ പാട്ടുകളുടെ വിസ്മയപ്രപഞ്ചത്തിൽ  നൈമിഷികമായെങ്കിലും എത്രയോ ജീവിതഭാരങ്ങളുടെ ചുമടുകൾ ഇറക്കിവെച്ച്, കിനാവിലെന്ന പോലെ കോടിക്കണക്കിന് സംഗീത പ്രേമികൾ ആഹ്ളാദിച്ചിട്ടുണ്ട്.

എത്രയേറെ ഹർഷ ഗീതങ്ങൾ, ഏതൊക്കെ അപൂർവ്വ രാഗങ്ങൾ...!പ്രാണനെ സ്പർശിക്കുന്ന ആ മഹാ സംഗീതത്തെ പറ്റിപ്പറയുമ്പോൾ എവിടെ തുടങ്ങണം, എന്തു പറയണം എന്ന് സത്യമായും ആശയക്കുഴപ്പമുണ്ട്.പക്ഷേ,അടക്കിയ സ്വരത്തിൽ  ഇപ്പോൾ പറയുന്നത് എസ്.പി.പാടിയ ഒരു പാട്ടിനെക്കുറിച്ചുമാത്രമാണ്. വർഷങ്ങളായി സ്വന്തമാക്കി വെച്ച, ഏറ്റവുമിഷ്ടമുള്ള ആ ഒരേയൊരു പാട്ടിനെക്കുറിച്ച്..!

കെ വിശ്വനാഥൻ   സംവിധാനം ചെയ്ത എൺപതുകളിലെ സൂപ്പർ ഹിറ്റായിരുന്ന ശങ്കരാഭരണം എന്ന സംഗീത പ്രാധാന്യമുള്ള തെലുങ്ക്‌ ചിത്രത്തിലേതാണ് ആ ഗാനം. വെട്ടൂരി സുന്ദര രാമമൂർത്തി രചിച്ച് ,കെവി മഹാദേവൻ സംഗീതം പകർന്ന്. എസ്.പി  ആലപിച്ച "ശങ്കരാ നാദ ശരീരാ പരാ,വേദവിഹാരാ പരാ ജീവേശ്വരാ"എന്നാരംഭിക്കുന്നപാട്ട് എന്റെ ജീവിതത്വരയെ എത്രമേൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാൻ വാക്കുകളില്ല. കുട്ടിക്കാലത്ത് ധാരാളം കേട്ടിട്ടുള്ള ഈ പാട്ടിന്, അന്നൊക്കെ വലിയ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. പക്ഷേ, ഈ പാട്ട് എങ്ങനെയോ എന്നെ തേടി വരികയായിരുന്നു. സമാനതകളില്ലാത്ത സംഗീത തീരത്തേയ്ക്ക് ഹൃദയത്തെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടായിരത്തി പതിനൊന്നിലാണ്.  ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന കോടതി വിളക്ക് ഗാനമേള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്നു.

ഏതോ ഒരു ഗായകൻ ഈ ലളിതസുന്ദര ശാസ്ത്രീയ ഗാനം അവിടെ മനോഹരമായി ആലപിക്കുന്നത് ഞാൻ കേൾക്കുകയാണ്. ആ സമയത്ത് ഞാൻ ആദ്യ കുഞ്ഞ് ഗർഭത്തിൽ നഷ്ടപ്പെട്ട മാനസിക തകർച്ചകളിൽ നിന്നും വഴിമാറി നടന്നു വരുന്ന കാലമാണ്. പരിക്ഷീണയാണ്, സ്വസ്ഥതയില്ല. ഏത് സന്തോഷങ്ങളോടും പടവെട്ടാൻ ഉള്ളിലെ വിഷാദം സദാ ജാഗരൂകമാണ്. ഇരുട്ടിലേക്ക് മുങ്ങിത്താഴുന്ന മനസിനെ വിഷാദത്തിൽ നിന്നും കരകയറ്റാൻ അവലംബിച്ച മാർഗ്ഗങ്ങൾ അനവധിയായിരുന്നു. യോഗ, മെഡിറ്റേഷൻ, ആർട്ട് ഓഫ് ലിവിങ്, ഫെങ്ഷുയി, മൈൻഡ് പവർ, നൃത്തം, സംഗീതം, പോസിറ്റീവ് തിങ്കിങ്,  ആത്മീയ വായനകൾ എന്നിങ്ങനെ മാനസികവിമൂകതകളോട് പൊരുതി ജീവിതത്തെ തിരിച്ചുപിടിക്കാൻ തേടാത്ത വഴികൾ ചുരുക്കമായിരുന്നു.

ഗുരുവായൂരമ്പലത്തിന്റെ പരിസരം നമുക്ക് മനസിന്  ഊർജ്ജവും, സമാധാനവും പകരും. ആ അന്തരീക്ഷത്തിൽ വെച്ച്  ഈപാട്ട് കേട്ടപ്പോൾ അതിന്റെ ഊർജ്ജവും ചടുലതയും മനസല്ല, ആത്മാവാണ് ആവേശത്തോടെ പിടിച്ചെടുത്ത് ഉള്ളിൽ വെച്ചത്. ആ സംഗീതത്തിന് എന്റെ മുനിഞ്ഞു കത്തുന്ന മനസിനെ  ജീവിതത്തിലേയ്ക്ക് തെളിച്ചുണർത്താൻ വേണ്ടതായ എന്തോ മാന്ത്രിക സിദ്ധിയുണ്ടായിരുന്നു. പിന്നീട് ഈ പാട്ടിന്റെ എസ്. പി പാടിയ വേർഷൻ ശേഖരിച്ച് ദിനവും കേട്ടു തുടങ്ങി. ഓരോ കേൾവിയിലും ഈ ഗാനം എന്നോട് ലളിതമായി സംവദിച്ചുകൊണ്ടിരുന്നു.

ഈ പാട്ട് കേൾക്കുമ്പോഴൊക്കെ എനിക്ക് ചിറകുകൾ മുളച്ചു. ഒരു പാട് ദീപങ്ങൾ, വിഷാദാകുലമായ മനസിന്റെ അഗാധമായ ഇരുട്ടിൽ തെളിഞ്ഞു. ഇതിലെ ജീവദായകമായ സംഗീതം എന്നെ, കാരുണ്യത്തോടെ ചേർത്തു പിടിച്ചു. ഏറെക്കാലം  ഫോണിന്റെ റിങ്-ഡയലർ ടോണുകൾ ഈ പാട്ട് മാത്രം ആയിരുന്നു. സംഗീതപ്രേമികളായ കൂട്ടുകാരോടൊക്കെ ഈ പാട്ട് ചോദിച്ച് വീണ്ടും വീണ്ടും വാങ്ങി ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലിറങ്ങിയ ശങ്കരാഭരണം  എന്ന ഈ തെലുങ്ക്സിനിമ തമിഴിലും മലയാളത്തിലും  ഗാനങ്ങൾ മാത്രം മാറ്റാതെ  റീമേക്ക് ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത്, ഈ സിനിമ മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. ഇത്  കാണാൻ അച്ഛൻ പെങ്ങളുടെ മകൾ ഗിരിജാന്റിയുടെ ഒപ്പം തൊടുപുഴ ശ്രീകൃഷ്ണ തീയേറ്ററിൽ പോയ ഓർമ്മയുണ്ട്. മാറ്റിനി കാണാൻ സിനിമ തീയേറ്ററിന് മുന്നിൽ ഉൽസവപ്പറമ്പിലെന്ന പോലെ ആൾക്കൂട്ടമായിരുന്നു. ഞങ്ങൾ വളരെ നേരത്തെ ചെന്ന് നിന്നിരുന്നതുകൊണ്ടു മാത്രം ടിക്കറ്റ് കിട്ടി. ഒരു ബോട്ടിന് പുറത്ത് കളിക്കുന്ന  കുട്ടി, സാരി പുതച്ചു വലിയ പൊട്ടിട്ട അവന്റെ അമ്മ, ഏതോ ക്ഷേത്രാങ്കണത്തിൽ നിന്ന് നൃത്തം ചെയ്യുന്ന ഒരു സ്ത്രീ. ഇത്രയൊക്കെ ചിത്രങ്ങൾ മാത്രമാണ് ആ സിനിമയെക്കുറിച്ച് മങ്ങിമറിയുന്ന ഓർമ്മകൾ. 

പിൽക്കാലത്ത് ശങ്കരാഭരണം വീണ്ടും കണ്ടപ്പോഴാണ് ചിത്രത്തിന്റെ പ്രസക്തിയും സന്ദേശവും നിസാരമായിരുന്നില്ല എന്നു മനസിലായത്. എഴുപതുകളിലെ കാസറ്റ് വിപ്ളവത്തിന്റെ സ്വാധീനവും പാശ്ചാത്യ സംഗീതത്തിന്റെ തരംഗങ്ങളും  തനത് ശാസ്ത്രീയ സംഗീതത്തിന്റെ പ്രാധാന്യം കുറച്ചു. അക്കാലത്ത് ഭാരതീയ സംഗീതത്തിന്റെ പൈതൃകവും മഹത്വവും ഉയർത്തിക്കാണിക്കുവാൻ നിർമ്മിച്ച സിനിമയായിരുന്നു ശങ്കരാഭരണം. അന്നൊക്കെ സൗത്ത് ഇന്ത്യൻ സിനിമകൾ റീമേക്ക് ചെയ്താലും ഹിന്ദി, ഇംഗ്ലീഷ് സിനിമകളുടെ പോപ്പുലാരിറ്റി കിട്ടിയിരുന്നില്ല. ശങ്കരാഭരണത്തിന്റെ പ്രസക്തിയും പ്രശസ്തിയും പക്ഷേ നാട്ടുഭാഷകൾക്കും സംസ്ക്കാരങ്ങൾക്കു മപ്പുറമായിരുന്നു. സാങ്കേതിക വിദ്യാത്തികവിൽ ഇന്നൊക്കെ നിർമ്മിച്ച ബാഹുബലിക്കും മറ്റും എത്രയോ മുൻപത്തെ കാര്യമായിരുന്നു ഇതെന്ന് ഓർക്കേണ്ടതാണ്. ഈ സിനിമയുടെ തുടക്കത്തിൽ പറയുന്നത് പോലെ പശുവും ശിശുവും പാമ്പും സംഗീതം ആസ്വദിക്കുന്നു എന്നത് അക്ഷരാർത്ഥത്തിൽ ശരിയായി. സ്വർണ്ണ കമലമടക്കമുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഈ സിനിമ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തപ്പോൾ സംഭാഷണം എഴുതിയത് അഭയദേവ് ആയിരുന്നു. 

സിനിമ മൊഴിമാറ്റം നടത്തിയെങ്കിലും ഗാനങ്ങൾ തെലുങ്കിൽത്തന്നെ എന്നതും മറ്റൊരു പ്രത്യേകതയായിരുന്നു. തെലുങ്കും മലയാളവും സംസ്കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞ  സാമ്യമുള്ള തെക്കേ ഇന്ത്യൻ ഭാഷകൾ എന്നതും അതിന് കാരണമായി.ആചാരവ്യവസ്ഥകൾ മനുഷ്യനെ ക്രമമായ മാർഗ്ഗത്തിൽ ബന്ധിപ്പിക്കാനുള്ളതാണെന്നും കുലമെന്ന് പറഞ്ഞ്, ജാതിയെന്ന് മുറവിളിച്ച് വേർതിരിക്കാനുള്ള തല്ലെന്നും നായകനായ ശങ്കര ശാസ്ത്രികളെ കൊണ്ട് സിനിമ പറയിപ്പിക്കുന്നുണ്ട്. ഇങ്ങനെ കാലാതീത പ്രസക്തമായ ഒരു വലിയ സന്ദേശം കൂടി സിനിമ, സംഗീത കഥയിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

കുട്ടിക്കാലത്ത് സിനിമയിലെ നായകനായ സോമയാജലുവിനെ കാണുമ്പോൾ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ മന്ത്രവാദിയായി വന്ന് പേടിപ്പിച്ച അനശ്വര നടൻ കൊട്ടാരക്കരയായി ഞാൻ  തെറ്റിദ്ധരിച്ചിട്ടുണ്ട്. ശങ്കരാഭരണത്തിൽ അഭിനയിക്കുമ്പോൾ സോമയാജലുവിന് പ്രായം അറുപത് കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിനിമയിലെ നായകനായ ധീര ശങ്കര ശാസ്ത്രിയുടെ (ധീര ശങ്കരാഭരണം എന്ന വീരരാഗത്തെ അനായാസം പാടി ഫലിപ്പിക്കുന്നത് കൊണ്ടാണ് ആ പേര് സിനിമയിൽ അദ്ദേഹത്തിന് വന്നത് ) പ്രൗഡോജ്ജ്വല ശരീരഭാഷയിലേക്ക് പരകായപ്രവേശം നടത്താൻ അദ്ദേഹത്തിന് വിദഗ്ദ്ധമായിക്കഴിഞ്ഞു..ശങ്കരാഭരണത്തിന്റെ മലയാളം റീമേക്കിൽ സോമയാജലുവിന് ശബ്ദം നൽകിയത് ജഗന്നാഥ വർമ്മയാണ്.

ഏകദേശം പതിനാറോളം ഗാനങ്ങളാണ് ശങ്കരാഭരണത്തിൽ ഉള്ളത്. അതിലെ ഓംകാരനാദാനു സന്ധാന മൗഗാനമേ... എന്ന ഗാനത്തിന്  എസ്.പിയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പക്ഷേ ശങ്കരാ നാദ ശരീരാ പരാ എന്ന ഈ ഗാനത്തിന് ലഭിച്ച ആഗോളവ്യാപകമായ പ്രശസ്തിയും സ്വീകാര്യതയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഭക്‌തി-മതതാത്പര്യങ്ങൾക്കുപരിയായി ഭാഷയ്ക്കതീതമായി ഈ ഗാനത്തെ ശുദ്ധസംഗീതത്തെപ്പറ്റി ധാരണയില്ലാത്ത ഭൂരിപക്ഷം ആളുകൾ പോലും ഹൃദയത്തിലേറ്റി ആസ്വദിച്ചു എന്നതാണ് ഈ ഗാനത്തിന് ലഭിച്ച മികച്ച അംഗീകാരം. കേരളത്തിൽ  ഈ ഗാനത്തെ അനുകരിച്ചിറങ്ങിയ വി ഡി രാജപ്പന്റെ പാരഡിഗാനമായ ശങ്കരാ പോത്തിനെ തല്ലാതെടാ.. എന്ന വരികളൊക്കെ ചെറുപ്പത്തിൽ രസിച്ച് പാടി നടന്നിട്ടുണ്ട്. കേട്ട്  തമാശയ്ക്ക് ആസ്വദിച്ചിട്ടുണ്ട്. ഈ ഗാനത്തിന്റെ പാരഡിഗാനം പോലും കേരളത്തിൽ അക്കാലത്ത് സൂപ്പർ ഹിറ്റായി.

ശങ്കരാ,നാദ ശരീരാ പരാ... എന്ന ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ് പിയാണ് ഇത് ഇത്ര ഗംഭീരമായി പാടിയത് എന്നുള്ള വസ്തുതയാണ്. ബാലമുരളീകൃഷ്ണയെക്കൊണ്ട് പാടിക്കാനിരുന്ന ഈ ഗാനം പാടാൻ തുടക്കക്കാരനായ എസ്.പിക്ക് നറുക്ക് വീണത് സംവിധായകനായ കെ.വിശ്വനാഥിന്റെ പ്രത്യേക താത്പര്യപ്രകാരം മാത്രമാണ്. ശങ്കരാ  നാദശരീരാ പരാ എന്ന ഗാനം സിനിമയിൽ അവതരിപ്പിക്കുന്നത് വൈകാരിമായി വളരെ പ്രാധാന്യമുള്ള ഒരു ഭാഗത്താണ്. യാഥാസ്ഥിതിക സമൂഹത്തിന് ദഹിക്കാത്ത രീതിയിൽ മഞ്ജുഭാർഗ്ഗവി അവതരിപ്പിക്കുന്ന തുളസി എന്ന കഥപാത്രത്തിന്റെ ദേവദാസി പെൺകുട്ടിയ്ക്ക് വീട്ടിൽ അഭയം കൊടുത്ത ശങ്കര ശാസ്ത്രിയുടെ ശിവക്ഷേത്ര കച്ചേരി നാട്ടുകാർ ബഹിഷ്ക്കരിക്കുന്നു. തംബുരു മീട്ടാനിരുന്ന തുളസി ഭയന്ന് ഇറങ്ങിപ്പോകുന്നു. ഈ സാഹചര്യത്തിൽ ഒറ്റയ്ക്ക് തംബുരു മീട്ടി വികാരാധീനനായ ശാസത്രികൾ ശിവലിംഗത്തിന് മുൻപിൽ നിന്ന് രാത്രി പാടുന്നതാണ് ഈ ഗാനം. പാട്ടിൽ അദ്ദേഹം ഭക്തപ്രക്ഷുബ്ധനായി നടന്ന് പാടുന്നുണ്ട്. പാട്ടിനിടയിൽ മഴ പെയ്യുന്നുണ്ട്. 

ശാസ്ത്രികളെ അവതരിപ്പിച്ച സോമയാജലുവിന്റെ ശരീരഭാഷ സിനിമയിൽ ഉടനീളവും ഈ പാട്ടു രംഗത്തിലും വേദന കലർന്ന ഗാംഭീര്യവും വീര്യവുമാണ്. അദ്ദേഹത്തിന്റെ അഭിനയവും, എസ് പി എന്ന സംഗീത പ്രതിഭയുടെ ഭാവാധിഷ്ഠിതവും തുറന്നതുമായ  അചഞ്ചല ശബ്ദമാണ് സത്യത്തിൽ ഈ പാട്ടിന്റെ ഉന്മാദം. മധ്യമാവതി രാഗത്തിലാണ് ഗാനം നിർമ്മിച്ചിട്ടുള്ളത്. പ്രണയം, വീരം ഭക്തി, എന്നീ വികാരങ്ങൾ ആവിഷ്ക്കരിക്കാനും, കച്ചേരികളിലും മറ്റും മംഗള ഗാനം പാടാനുമാണ് മധ്യമാവതി രാഗം കൂടുതലും ഉപയോഗിക്കുന്നത്. അരൂപിയും അഘോരിയുമായ, പ്രണയിയും, വിരക്തനുമായ, അധമനും അഭേദ്യനുമായ നൃത്ത സംഗീത സ്വരൂപമായ സൃഷ്ടി സംഹാര നാഥനായ ശിവനെയാണല്ലോ  ഗാനം സ്തുതിക്കുന്നത്.

പ്രാണവു നീ വനി ഗാനമേ നീ തനി
പ്രാണമേ ഗാന മനീ
മൗന വിചക്ഷണ ഗാനവി ലക്ഷണ
രാഗമേ യോഗ മനീ...
(ശങ്കരാ, ഗാനങ്ങളെല്ലാം നിന്റെ സൃഷ്ടിയാണ്.. വേദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നീയാണ്. നിന്റെ നിശ്ശബ്ദത നൽകുന്ന അറിവുകൾ എന്റെ ആത്മസത്ത ഉയർത്തുന്നു...)

അങ്ങനെ ഭൂമിയിൽ ഇഴഞ്ഞ്   തുടങ്ങുന്ന ഗാനം നിവർന്നും ഉയർന്നും ഉച്ചസ്ഥായിയിൽ, അപൂർവ്വമായ ചടുലതാളത്തിൽ ആലാപന ഗാംഭീര്യത്തിൽ ആകാശത്തേയ്ക്ക് പറക്കുകയാണ്. എസ്.പി പാട്ടിന്റെ അനന്തരൂപമാണെന്ന് ഈ പാട്ടുകേൾക്കുന്ന ഏതൊരാൾക്കും വ്യക്തിപരമായി ബോധ്യപ്പെട്ടു പോകും. കാരണം, അത്  ജാതിമതങ്ങൾക്കതീതമായ ഒരു വികാരമാണ്. വല്ലാത്ത ജീവോർജ്ജം സിരകളിൽ നിറച്ച് ഉള്ളിലേയ്ക്ക് കുതിച്ചൊ ഴുകുന്ന ശിവഗംഗാപ്രവാഹമാണ്. തമോമയനും പഞ്ചമുഖനും പ്രണയത്തിൽ സ്ഥൈര്യമുള്ള കരുണാമയനും അസ്ഥിത്വമില്ലാത്തവനുമായ ദൈവമനുഷ്യന്റെ  ചോന്ന ജടയിലേക്കുള്ള  ലയനമാണ്. എന്നെ സംബന്ധിച്ച്, ഈ പാട്ട്  ഒരു നേരമെങ്കിലും കേൾക്കാത്ത ദിവസങ്ങൾ   വിരളമായിരുന്നു.

കഴിഞ്ഞ വർഷം ഈ ദിനങ്ങളിലെല്ലാം എസ് പിയുടെ ആരോഗ്യസ്ഥിതിയിൽ വല്ലാതെ ആശങ്കപ്പെടുന്ന സമയമാണ്. സംഗീതം അമരമായതുകൊണ്ട് അദ്ദേഹം എന്നും ഇവിടെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ചു.പക്ഷേ നിയതിയുടെ നിർദയ നിയമങ്ങൾ തന്നെ ജയിച്ചു. സമാപ്തിയില്ലാത്ത സംഗീതം  ഓർക്കുവാൻ നമുക്ക് തന്ന് എസ്.പി. കടന്നു പോയി. കഴിഞ്ഞ വർഷം ഈ ദിനം ശങ്കരാ, നാദ ശരീരാ പരാ എന്ന ഈ പാട്ട് എത്ര പ്രാവശ്യം വേദനയോടെ കേട്ടു എന്നത് നിശ്ചയമില്ല. ഒരു പാട്ടിന് ഇത്ര പ്രത്യേകതയോ എന്ന് സന്ദേഹപ്പെടരുത്. സദാ വിശുദ്ധമായ സംഗീതത്തോളം ഹൃദയത്തെ പ്രത്യാശാഭരിതമാക്കാൻ മറ്റെന്തിന് സാധിക്കും? ഈ പാട്ട് എന്റെ പ്രകാശമായിരുന്നു. ഉള്ളിലെ ഏകാന്ത മനുഷ്യന്റെ
ജീവപ്രണയമായിരുന്നു ഭക്തിയും ശക്തിയുമായിരുന്നു. ശങ്കരാ നാദശരീരാ പരാ എന്ന ഈ പാട്ട് ഇപ്പോഴും സ്വന്തമാക്കി വെച്ചിട്ടുണ്ട്. പക്ഷേ ആ പാട്ട് വെച്ചിരുന്ന ഒഴിഞ്ഞ പൂക്കുട മാത്രമേ ഹൃദയത്തിൽ ഇപ്പോഴുള്ളു.അതിലെ സർവ സുഗന്ധിയായ പൂക്കൾ ആരാണ് എടുത്തു കൊണ്ടുപോയത്? ആ ഗായകനെ ഇനി നമ്മൾ കാണുകയേയില്ലല്ലോ.

സംഗീതം അലൗകികമാണ്, അമരമാണ്, അചഞ്ചലമാണ്, അനശ്വരമാണ്. ഒക്കെയുമറിയാം. പക്ഷേ ഈ പാട്ടിലെ എസ്.പിയുടെ ഗാനപ്രഭയെയാണ് യഥാർഥത്തിൽ ഞാനിഷ്ടപ്പെട്ടിരുന്നതെന്ന് എന്നു കൃത്യമായി ഇപ്പോൾ  മനസിലാകുന്നു. കാരണം അദ്ദേഹം പോയതിനു ശേഷം ഇന്നുവരെ ഈ പാട്ട്,  വീണ്ടും അതേ ജീവോന്മാദത്തോടെ എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടേയില്ല. അതിനുപകരം വെയ്ക്കാൻ മറ്റൊരു പാട്ടുമില്ല.. അദ്ദേഹത്തിന്റെ മറ്റനവധി പാട്ടുകൾ ഇപ്പോഴും  കേൾക്കാറുണ്ട് എന്നത് വിചിത്രമാണ്. പക്ഷേ എസ്.പിയുടെ ഈ പാട്ട്  മാത്രം ഞാനൊരിക്കലും ഇനിയും  കേൾക്കുകയേയില്ല. കാരണം ഇവിടെ എന്നും ഉണ്ടാവുന്ന ആ പാട്ടിനേക്കാൾ ഇഷ്ടപ്പെട്ടിരുന്നത്, ഇവിടെ നിന്നും പോയ സ്വന്തമാക്കി വെച്ച ഒരേയൊരു പാട്ടിലെ ഗായകനെ തന്നെയായിരുന്നു എന്ന സങ്കടകരമായ തിരിച്ചറിവുതന്നെയാണത്.

(എഴുത്തുകാരിയും അഭിഭാഷകയുമാണ് ലേഖിക)

 

 

Content Highlights: Adv. Smitha Girish remembers SPB on his daeth anniversary