അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: ശിവൻ ശ്രീപ്രണവ് | മാതൃഭൂമി
അന്താരാഷ്ട്ര സിനിമാ മേളകളിൽ കാണിക്കാൻ അതിനൊത്ത നിലവാരത്തിലുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അതിനു പകരം സിനിമാതിരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഗോവ ചലച്ചിത്രമേളയിലെ കശ്മീർ ഫയൽ വിവാദത്തെക്കുറിച്ച് അടൂർ പ്രതികരിച്ചു. ‘സ്വയംവരം’ ചിത്രത്തിന്റെ അമ്പതാംവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. അടൂരുമായുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ
സിനിമാവൈദഗ്ധ്യമുള്ളവർ വേണം സമിതികളിൽ
പണ്ടുകാലത്ത് സിനിമകളെക്കുറിച്ച് അറിവുള്ള, ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരാണ് ദേശീയ അവാർഡുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്ന് സിനിമയെക്കുറിച്ച് ഒരറിവും ഇല്ലാത്തവരാണ് തട്ടുപൊളിപ്പൻ ചിത്രങ്ങൾക്ക് അവാർഡ് നൽകുന്നത്. ആരാണ് ജൂറിയിലുള്ളതെന്നുപോലും അറിയില്ല. ഭരതനാട്യത്തിന് മാർക്കിടാൻ നൃത്തത്തെക്കുറിച്ച് അറിയാത്ത സാധാരണക്കാരനെ നിയോഗിക്കുന്നതുപോലെയാണത്. മേളകളിലേക്ക് സിനിമകളെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ഇതേ വീഴ്ചകൾ. രാജ്യത്ത് എത്രയോ ഭാഷകളിലായി എത്രയോ മികച്ച ചിത്രങ്ങളുണ്ട്. അതിൽനിന്നോ ഒന്നോ രണ്ടോ മേളയിൽ ഉൾക്കൊള്ളിക്കരുതോ? തിരഞ്ഞെടുപ്പ് സമിതിയുടെ വീഴ്ചയാണ് ഇത്തരം പ്രശ്നങ്ങൾക്കുകാരണം. ഒപ്പം അവാർഡ് ജൂറികളും സിനിമാവൈദഗ്ധ്യമുള്ളവരാകണം. സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും പേരിൽ ആരെയെങ്കിലും ജൂറി സമിതിയിൽ ഉൾപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല.
മലയാളത്തിന് അംഗീകാരം ലഭിക്കുന്നില്ല
മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ, വേണ്ട അംഗീകാരം ലഭിക്കുന്നില്ല. അവാർഡുകൾ ഉൾപ്പെടെ പലപ്പോഴും ലഭിക്കുന്നത് തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ്. നവാഗതർ വല്ലാതെ പ്രതിസന്ധി അനുഭവിക്കുന്നു. സംഘർഷഭരിത കാലഘട്ടത്തിലൂടെ കടന്നുവന്ന ഞാൻ 12 സിനിമകൾ പൂർത്തിയാക്കിയത് എങ്ങനെയെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ അദ്ഭുതമാണ്.
താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം
സിനിമാതാരങ്ങളുടെപേരിലുള്ള ആരോപണങ്ങളെത്തുടർന്ന് പൊതുജനങ്ങൾ സിനിമ ബഹിഷ്കരിക്കുന്നതിൽ ജനങ്ങളെ തെറ്റുപറയാനാകില്ല. സിനിമാതാരങ്ങൾ പ്രതികരണങ്ങൾ നടത്തുമ്പോൾ സൂക്ഷിച്ചുവേണം. അത് അവരുടെ അവസരങ്ങളെയും അവർ ഭാഗമാകുന്ന സിനിമയെയും പ്രതികൂലമായി ബാധിച്ചേക്കും. ഇത്രയേറെ പണംമുടക്കി ഒരാൾ സിനിമയെടുക്കുമ്പോൾ അത് പുറത്തിക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് വേദനാജനകമാണ്.
പുതിയ ചിത്രം
പുതിയ ചിത്രങ്ങൾ ചെയ്യില്ല എന്നില്ല. എന്നാൽ, തത്കാലം ആലോചിച്ചുതുടങ്ങിയിട്ടില്ല.
Content Highlights: adoor gopalakrishnan interview, adoor gopalakrishnan on awards giving
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..