തേച്ചുമിനുക്കിയ പ്രതിഭ


അടൂർ ഗോപാലകൃഷ്ണൻ

KPAC Lalitha

എന്റെ സിനിമാജീവിതത്തിലെ വലിയ സാന്നിധ്യമായിരുന്നു കെ.പി.എ.സി. ലളിത. 12 സിനിമകളിൽ ഒമ്പതിലും അവരുണ്ടായിരുന്നു. സംസ്ഥാനസർക്കാരിനുവേണ്ടി ഞാനൊരുക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള, ‘പ്രതിസന്ധി’ എന്ന കുടുംബാസൂത്രണ ചിത്രത്തിലാണ് തുടക്കം. അടൂർഭാസി, എസ്.പി. പിള്ള, ബി.കെ. നായർ, പിന്നീട് തമിഴിലേക്കുപോയ സുജാത, ജനാർദനൻ, കരമന തുടങ്ങിയ ഒട്ടേറെപ്പേർ തുടക്കക്കാരായിവന്ന സിനിമ. കൂടാതെ, താരപദവിയിലേക്കുയർന്നുകൊണ്ടിരുന്ന ഒരു യുവനടിയും. വന്നദിവസംതന്നെ വേഷം ഇഷ്ടപ്പെടുന്നില്ലെന്നു പറഞ്ഞ് അവർ മൂശേട്ടതുടങ്ങി. ഇഷ്ടക്കേട് അണിയറയിൽനിന്ന് അരങ്ങത്തേക്കെത്തി.
സിനിമയെടുപ്പ് പ്രതിസന്ധിയിലായി. പേരുപോലെ ശരിക്കും പ്രതിസന്ധി. എന്റെ പരിചയക്കുറവും പാകതയില്ലായ്മയുമാണ് ആ നടിയുമായി അന്നുണ്ടായ വഴക്ക് മൂർച്ഛിക്കാനുള്ള കാരണമായി ഞാനിപ്പോൾ കാണുന്നത്.
സിനിമ മുടക്കാൻ പറ്റില്ലല്ലോ. ലളിത അന്ന്‌ കെ.പി.എ.സി.യിലുണ്ട്. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്. കുളത്തൂർ ഭാസ്‌കരൻനായരാണ് അവരെപ്പറ്റി പറഞ്ഞത്. അന്ന്‌ കായംകുളത്തേക്കുപോയ ഭാസ്‌കരൻനായർ പിറ്റേന്നെത്തുന്നത് ലളിതയുമായാണ്. അന്നുമുതൽ ലളിത ഞങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി. ഞങ്ങളിൽ ഒരാളായി.

1970-ലാണിത്. 52 വർഷമായി ആ ബന്ധം തുടർന്നു. എലിപ്പത്തായം, വിധേയൻ, നിഴൽക്കുത്ത് എന്നീ മൂന്നുസിനിമകളിലേ അവർ അഭിനയിക്കാതിരുന്നുള്ളൂ.
ഏറ്റവും സവിശേഷമായ കാസ്റ്റിങ്ങായിരുന്നു ‘മതിലുകളി’ൽ. സിനിമയിൽ അവരുടെ കഥാപാത്രമായ നാരായണിയെ കാണുന്നതേയില്ല. ഏറക്കുറെ എല്ലാ സിനിമകളിലും ലളിതയ്ക്ക് വേഷമുള്ള കാലത്താണ് ‘മതിലുകളി’ലേക്ക്‌ അവർ വന്നത്. പലരും ചോദിച്ചു, ലളിതയ്ക്കു പകരം വേറെയാളെ നോക്കിക്കൂടേയെന്ന്. 26 സ്ത്രീകളുടെ ശബ്ദം പരിശോധിച്ചു. ഒരാളുടേതുപോലും തൃപ്തികരമായില്ല. ഒടുവിൽ ലളിത മതിയെന്നു ഞാൻ അവരെ വിളിച്ചു പറഞ്ഞു.

ഏകാന്തത, മുഷിപ്പ്, ജീവിതത്തോടുള്ള മുരടിപ്പ്, ഒപ്പംതന്നെ ആഗ്രഹം, പ്രതീക്ഷ, സ്നേഹത്തിനുള്ള ആർത്തി, പരുഷനെ ഭ്രമിപ്പിക്കാനുള്ള വശ്യത ഒക്കെനിറഞ്ഞ കഥാപത്രമായിരുന്നു നാരായണി. ശബ്ദം മാത്രം. അത്തരമൊരു വേഷത്തിന് ലളിതയല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല. പരിചിതമായ ശബ്ദം. അപരിചിതമായ മോശം ശബ്ദത്തെക്കാൾ പരിചിതമായ ശബ്ദമാണ് നല്ലതെന്നുതോന്നി. ശബ്ദം ലളിതയുടേതാണെന്നു തിരിച്ചറിയില്ലേയെന്ന വിമർശകരുടെ ചോദ്യത്തിന് ഇപ്പുറത്ത് ബഷീറല്ല, മമ്മൂട്ടിയാണെന്നു മറുപടിനൽകി. അഭിനേതാവിന് പ്രധാനമായും വേണ്ടത് അനുഭവങ്ങളാണ്. അനുഭവങ്ങൾ നമ്മളെ തേടിവരണം. പല സ്രോതസ്സിൽനിന്ന് അനുഭവങ്ങൾ കിട്ടും. അനുഭവങ്ങൾ വേണ്ടുവോളമുള്ള അഭിനേത്രിയായിരുന്നു ലളിത. ദാരിദ്ര്യംകൊണ്ടാണ് അഭിനയിക്കാനിറങ്ങിയതെന്ന്‌ ലളിതതന്നെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് അഭിനയിക്കാനിറങ്ങിയ ഒട്ടുമിക്ക സ്ത്രീകളുടെയും അവസ്ഥ അങ്ങനെയായിരുന്നു. അഭിനയത്തിലേക്കുവരാൻ കാരണം ഇതൊക്കെയാകാം. പക്ഷേ, ചിലരിൽ ഉറങ്ങിക്കിടക്കുന്ന പ്രതിഭ അവസരംവരുമ്പോൾ പുറത്തുവരും. അത് തേച്ചുമിനുക്കിയെടുത്ത്, പാകപ്പെടുത്തുന്നതിലാണ് കാര്യം. കെ.പി.എ.സി.യിലെ നാടകാനുഭവങ്ങൾ അവർക്ക് വലിയ പരിശീലനം ആയിരുന്നിരിക്കാം.

എന്റെ സിനിമകളിലും വൈവിധ്യമുള്ള വേഷങ്ങളിൽ അഭിനയിച്ചു. ‘പ്രതിസന്ധി’യിൽ നാടൻ പെൺകുട്ടിയായി. ‘സ്വയംവര’ത്തിൽ അത്യാവശ്യം വേശ്യാവൃത്തിയൊക്കെ ചെയ്യുന്ന വേഷം. ‘കൊടിയേറ്റ’ത്തിൽ ഉത്സവം കണ്ടുനടക്കുന്ന, ഉത്സവപ്പറമ്പുകളിൽ ഉറക്കവും ഏറക്കുറെ ജീവിതവുമായി കഴിയുന്നയാളുടെ ഭാര്യയായി. നിഷ്‌കളങ്കയായ ഒരു പെണ്ണ്, കാരാഗൃഹവാസംപോലുള്ള ദാമ്പത്യം. ഒരടുക്കളയിൽനിന്ന് മറ്റൊരടുക്കളയിലേക്ക് മാറുന്നു എന്നത് മാത്രമായിരുന്നു അവളുടെ വിവാഹംകൊണ്ട് അർഥമായത്.‘മുഖാമുഖ’ത്തിൽ ചുണയുള്ള യൂണിയൻ പ്രവർത്തകയാണ്. ‘കഥാപുരുഷനി’ൽ വലിയ വീട്ടിലെ വേലക്കാരിയെങ്കിലും ആ വീട്ടിലെ ഒരംഗത്തെപ്പോലെയൊരു കഥാപാത്രം. ആനക്കാരനായ ഭർത്താവ് ഇടയ്ക്കും മുറയ്ക്കും വന്നുപോയാൽ അടുത്ത കുട്ടി ഉറപ്പാണ്. പരിഭവം, കരച്ചിൽ, സ്നേഹപ്രകടനം എന്നിങ്ങനെ പല ഭാവങ്ങളുള്ള വേഷം.

‘‘എന്നെ കാണാൻ കൊള്ളാത്തതുകൊണ്ടാണോ അഭിനയിക്കാൻ വിളിച്ച’’തെന്ന്‌ ലളിത ചോദിച്ചത് ‘കൊടിയേറ്റ’ത്തിൽ അഭിനയിക്കുമ്പോഴാണ്. ലളിതയെ കാണാൻ കൊള്ളില്ലെന്നാരാണ് പറഞ്ഞതെന്നു ഞാൻ തിരിച്ചുചോദിച്ചു. ‘‘വ്യക്തിയെന്നനിലയിൽ, ഗുണങ്ങളാണ് നിങ്ങളെ സുന്ദരിയാക്കുന്നത്. നിങ്ങളുടെ കഴിവാണ് പ്രധാനം’’. - ഞാൻ പറഞ്ഞു.എഴുനൂറിലധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു എന്നത് ചെറിയ കാര്യമല്ല. സുകുമാരിയമ്മയും ഒരുപാട് സിനിമകളിൽ അഭിനയിച്ചു. അവർ വേറൊരുതരം സ്ത്രീത്വത്തെയാണ് അവതരിപ്പിച്ചത്. നല്ല കലാകാരന് കോമഡിയെന്നോ ട്രാജഡിയെന്നോ വ്യത്യാസമില്ല. എല്ലാം ചെയ്യാനാകും. ആ കഴിവ് ലളിതയ്ക്കുണ്ടായിരുന്നു. നേരിൽക്കണ്ടിട്ട് കുറച്ചുകാലമായി. ഫോണിൽ സംസാരിക്കുമായിരുന്നു. സംഗീതനാടക അക്കാദമി അധ്യക്ഷയായപ്പോൾ, എന്നോടും കൃഷ്ണമൂർത്തിയോടും (സൂര്യ കൃഷ്ണമൂർത്തി) ചോദിച്ച് കാര്യങ്ങൾ ചെയ്യുമെന്നാണ് ലളിത പറഞ്ഞത്.

Content Highlights: Adoor Gopalakrishnan, KPAC Lalitha, Mathilukal, Kodiyettam, Mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented