മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അടൂർ ഭാസി ഓർമയായിട്ട് 31 വർഷം. സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തിൽ ഏതുവേഷവും അനായാസമായി അഭിനയിച്ചാണ് അടൂർ ഭാസി മലയാള സിനിമാചരിത്രത്തിൽ ഇടം നേടിയത്. എല്ലാഭാവവും മിന്നിമറയുന്ന നടനവിശേഷവും ഭാസ്‌കരൻനായർ എന്ന അടൂർ ഭാസിയുടെ സവിശേഷതയായിരുന്നു. 1990 മാർച്ച് 29-നാണ് അദ്ദേഹം അന്തരിച്ചത്.

നാടകാഭിനയത്തിലൂടെയാണ് അടൂർ ഭാസി സിനിമയിലേക്ക് കടന്നുവന്നത്. 1953-ൽ തിരമാല എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയയാത്ര തുടങ്ങിയത്. തുടർന്നുള്ള 36 വർഷങ്ങളിൽ അറുന്നൂറോളം സിനിമകൾ.

ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയുടെയും കെ.മഹേശ്വരിയമ്മയുടെയും മകനായി തിരുവനന്തപുരം വഴുതക്കാട് റോസ്‌കോട്ട് ബംഗ്ലാവിൽ 1927 മാർച്ച് ഒന്നിനാണ് അടൂർ ഭാസിയുടെ ജനനം. അച്ഛന്റെ മരണത്തോടെയാണ് ഇവർ അടൂരിലേക്ക് എത്തിയത്. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു.

അഴിമതി നാറാപിള്ളയും ലക്ഷപ്രഭുവിലെ പിള്ളയും ചട്ടക്കാരിയിലെ എൻജിൻ ഡ്രൈവറുമൊക്കെ മലയാളസിനിമയിൽ എക്കാലവും ഓർമിക്കുന്ന കഥാപാത്രങ്ങളായി. എങ്കിലും 1977-ൽ പ്രദർശനത്തിനെത്തിയ സ്ഥാനാർഥി സാറാമ്മയിലെ ശാസ്ത്രികളെ പുതിയ തലമുറയും മറക്കില്ല.

കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന് പാടി അഭിനയിച്ച അടൂർ ഭാസിയുടെ കഥാപാത്രം ഇന്നും നമുക്കിടയിൽ രാഷ്ട്രീയത്തിൽ ജീവിക്കുന്നുണ്ട്. വിവിധ ദേശീയ പുരസ്‌കാരങ്ങൾ, മികച്ച നടനുള്ള പുരസ്‌കാരം, മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു.

ഈ മഹാനടന്റെ മൂന്നരദശാബ്ദക്കാലത്തെ സിനിമാസമ്പാദ്യങ്ങളുടെ അപൂർവ നിധികൾ അടൂർ പെരിങ്ങനാടുള്ള കൊട്ടയ്ക്കാട് വീടിന് സമീപത്തുള്ള അടൂർ ഭാസി സാംസ്‌കാരികകേന്ദ്രത്തിൽ സംരക്ഷണമില്ലാതെയിരിപ്പുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളുടെ ശില്പങ്ങളും ഇതിലുണ്ട്.

Content Highlights: Adoor Bhasi 31th death anniversary, legendary Comedian, Malayalam Cinema