നായാട്ടിലെ എസ് പി അനുരാധ കാത്തിരിക്കുകയാണ്, നല്ല വേഷങ്ങൾക്കു വേണ്ടിയല്ല...


പുഷ്പ എം

കുറച്ചുകാലത്തേക്ക് ഈ രണ്ട് ഇഷ്ടങ്ങൾക്കും അവധി കൊടുക്കുകയാണ് യമ, പിറക്കാനിരിക്കുന്ന കുഞ്ഞ് അതിഥിക്കു വേണ്ടി

Yama

നായാട്ട് കണ്ടവർ ഒരുപോലെ ചോദിക്കുന്നു - ആരാണ് ആ ക്രൈംബ്രാഞ്ച് എസ് പി അനുരാധ? യമ എന്ന എഴുത്തുകാരിയെയും തീയേറ്റർ ആർട്ടിസ്റ്റിനെയും അറിയാവുന്നവർ മാത്രമാണ്, സിനിമ തീയേറ്ററുകളിൽ പ്രദർശിച്ചിപ്പ സമയത്ത് ആ മുഖം തിരിച്ചറിഞ്ഞത്. നായാട്ട് ഒടിടിയിൽ എത്തിയതോടെ യമയുടെ പവർപാക്ക്ഡ് പെർഫോമൻസിന് കയ്യടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

2008ൽ കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടക മൽസരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള യമയ്ക്ക് അഭിനയവും എഴുത്തും ഒരുപോലെ ഇഷ്ടമാണ്.

'സ്‌പെക്കുലേറ്റീവ് ഫിക്ഷൻ മാതൃകയിലുള്ള ഒരു നോവൽ മുക്കൽ ഭാഗവും പൂർത്തിയാക്കിയശേഷം, ഒരു ബ്രെയ്ക്ക് എടുത്ത് ഊട്ടിയിൽ പോയി തിരികെ വന്ന സമയത്താണ് മാർട്ടിൻ പ്രക്കാട്ട് നായാട്ടിലേക്ക് വിളിച്ചത്. സത്യത്തിൽ സിനിമ എന്റെ പ്രയോറിറ്റിയല്ല. അതുകൊണ്ടുതന്നെ ആദ്യം ഞാൻ താൽപര്യം കാണിച്ചില്ല. മാർട്ടിൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ കഥ കേൾക്കാൻ തയ്യാറായത്. ഷാഹിയാണ് കഥ പറഞ്ഞത്.'

കഥ ഇഷ്ടപ്പെട്ടെങ്കിലും യമ ഉടൻ യെസ് പറഞ്ഞില്ല. 'കഥ നല്ലതായതുകൊണ്ട് മാത്രം കാര്യമില്ല. ക്യാമറയിലൂടെ സിനിമാറ്റിക് ആയി കഥ പറയാൻ കഴിയുന്നവർക്കേ സിനിമ എന്ന കലാരൂപം മികവുറ്റതാക്കാൻ കഴിയൂ. അതുകൊണ്ട് വാക്ക് കൊടുക്കുന്നതിന് മുൻപ് സിനിമ ചെയ്യുന്നവരുടെ ക്രാഫ്റ്റിനെക്കുറിച്ചും പിന്നെ ഓപ്പൺനെസ്സിനെക്കുറിച്ചും എനിക്ക് അറിയണമായിരുന്നു. കാരണം പുതിയ ഗ്രൂപ്പിൽ പെട്ടെന്ന് മിംഗിൾ ആകുന്ന ആളല്ല ഞാൻ. ആ സമയത്ത് മാർട്ടിനും കൂട്ടരും കടവന്ത്രയിലും ഞാൻ എറണാകുളത്ത് കലൂരിലും ഉണ്ടായിരുന്നു. ഞങ്ങൾ നേരിൽ കണ്ടു. എന്റെ കഥാപാത്രം വരുന്ന സെക്കന്റ് പാർട്ടിന്റെ തിരക്കഥ വായിച്ചു. അഭിനയിക്കാമെന്ന് ഏറ്റു.'

എന്നാലും തൃശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിലും ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലും പഠിച്ച യമ ചില ടെൻഷനുകളും കൊണ്ടാണ് മൂന്നാറിലേക്ക് പോയത്.

'ഞാൻ തീയേറ്റർ പഠിച്ച ആളാണ്. ചിത്രസൂത്രം, പ്രതിഭാസം എന്നീ ആർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധാകൻ വിപിൻ വിജയും ഞാനും കൂടി ചേർന്നാണ് പ്രതിഭാസത്തിന്റെ തിരക്കഥ എഴുതിയത്. അതുകൊണ്ട് സിനിമയുടെ ടെക്‌നിക്കാലിറ്റിയെക്കുറിച്ച് എനിക്ക് അറിയാം. എന്നാൽ കമേഴ്‌സ്യൽ സിനിമയിൽ ആളുകൾക്കിഷ്ടപ്പെടുന്ന രീതിയിൽ ക്യാരക്ടർ അവതരിപ്പിക്കുക എന്നത് പ്രധാനമാണ്. നാടകത്തിൽ പല തവണ റിഹേഴ്‌സൽ ചെയ്യുന്നതിനാൽ ഇംപ്രൊവൈസേഷൻ സാധ്യമാണ്. തുടർച്ചയായി റിഹേഴ്‌സൽ ചെയ്യുന്നതിനാൽ നമ്മൾ അതിൽ മാസ്റ്റർ ചെയ്യും.

Yama
നായാട്ടിൽ യമ

പല ദിവസങ്ങളിലെ പെർഫോമൻസിലൂടെ ക്യാരക്ടർ നമ്മുടെ ശരീരത്തിലേക്ക് പോലും കയറും. സിനിമയിലാകുമ്പോൾ ഏറിയാൽ രണ്ടോ മൂന്നോ ഷോട്ട്. സംവിധായകന് തൃപ്തിയായാൽ ഫസ്റ്റ് ഷോട്ട് തന്നെ ഒകെ ആകും. എന്നുവച്ചാൽ ക്യാമറക്കു മുന്നിലാകുമ്പോൾ, തീയേറ്ററിലെ റിഹേഴ്‌സൽ സമയത്തു തന്നെ നമ്മൾ മികച്ച പെർഫോമൻസ് കൊടുക്കണം.' നോട്ടം കൊണ്ടു പോലും എസ് പി അനുരാധയുടെ ആത്മസംഘർഷങ്ങളെ പ്രേക്ഷരിൽ എത്തിച്ച യമ പറയുന്നു.

'ലെനയാണോ ഡബ്ബ് ചെയ്തത് എന്ന് പലരും ചോദിക്കുന്നുണ്ട്. സിങ്ക് സൗണ്ടാണ് ഇതിൽ ചെയ്തിരിക്കുന്നത്.' അനുരാധ സ്‌ക്രീനിൽ ജീവിച്ചതും സംസാരിച്ചതും യമയിലൂടെയാണ്.

യൂണിറ്റ് മുഴുവൻ ഏറെ കഷ്ടപ്പെട്ടാണ് കാട്ടിലെ ചിത്രീകരണം പൂർത്തിയാക്കിയത്. 'ഷൂട്ടിംഗ് നടന്ന ഭാഗത്തേക്ക് അരമുക്കാൽ മണിക്കൂറോളം നടന്നാണ് പോയിരുന്നത്. കഠിനമായ തണുപ്പായിരുന്നു അവിടെ. അതിന്റെ കൂടെ അവിചാരിതമായി പെയ്യുന്ന മഴ. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ പോലും പറ്റാത്തവിധം തളർന്നുപോയിരുന്നു.'

കുഞ്ചാക്കോ ബോബൻ, ജോജു, നിമിഷ എന്നിവർ ഒരു ടീമായും, യമ ഉൾപ്പെടുന്ന അന്വേഷകർ മറ്റൊരു ടീമായും ആണ് അവിടെ ഷൂട്ട് ചെയ്തത്. സ്‌കൂൾ ഓഫ് ഡ്രാമയിൽ യമയുടെ സീനിയറായി പഠിച്ചതാണ് അനിൽ നെടുമങ്ങാട്.

'മുൻപേ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. പക്ഷേ സുഹൃത്തുക്കൾ ആയിരുന്നില്ല. നായാട്ടിൽ അഭിനയിച്ചപ്പോൾ പഠനകാലത്തെക്കുറിച്ചും ഇന്റസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ടീച്ചേഴ്‌സിനെക്കുറിച്ചും പിന്നെ നാടകത്തെക്കുറിച്ചും ഒക്കെ പറഞ്ഞുപറഞ്ഞ് ഞങ്ങൾ പെട്ടെന്ന് കൂട്ടായി. പഠിക്കുന്ന കാലത്തു തന്നെ അനിലേട്ടൻ നല്ല ആക്ടറായി അറിയപ്പെട്ടിരുന്നു. സിനിമ ഇഷ്ടവുമായിരുന്നു. അവസരങ്ങൾ വന്നത് വൈകിയാണെന്നു മാത്രം. 'റിട്ടയർമെന്റ് സമയത്ത് ജോലി കിട്ടിയ ആളാണ് ഞാൻ' എന്ന് അനിലേട്ടൻ പറയുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പിരിയുമ്പോൾ ഞാൻ പറഞ്ഞു, 'ഞാനൊരു ബ്രെയ്ക്കിനു വേണ്ടി സിനിമയിൽ വന്നതാണ്. ഇനി ഈ ഭാഗത്ത് ഉണ്ടാകില്ല'. അപ്പോൾ അനിലേട്ടൻ പറഞ്ഞത്, 'മരിക്കുന്നത് വരെ അഭിനയവുമായി ഞാനിവിടെത്തന്നെ ഉണ്ടാകും' എന്നാണ്. ഷൂട്ടിംഗ് കഴിഞ്ഞിട്ടും മെസേജുകൾ ഒക്കെ അയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അനിലേട്ടൻ പോയി എന്നറിഞ്ഞപ്പോൾ വല്ലാത്ത ഷോക്കായിപ്പോയി. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി, പരിചയം പുതുക്കി, പെട്ടെന്ന് കൂട്ടായ ഒരാൾ, ഇത്രപെട്ടന്ന് കടന്നുപോയപ്പോൾ അത് വിശ്വസിക്കാൻ പോലും പ്രയാസമുള്ളതു പോലെ...'

Yama
നായാട്ടിൽ അനിൽ നെടുമങ്ങാടിനൊപ്പം യമ

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്തുന്ന ശ്രദ്ധേയയായ എഴുത്തുകാരി കൂടിയാണ് യമ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്, പിപ്പീലിക എന്നിവയാണ് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ. ഇനി വരാനിരിക്കുന്നതും ഒരു നോവൽ.

എഴുത്തണോ അഭിനയമാണോ യമയ്ക്ക് ഇഷ്ടം?

'ചെയ്യുന്ന സമയത്ത് രണ്ടിനോടും ഒരുപോലെയാണ് ഇഷ്ടം. നേരത്തെ പ്ലാൻ ചെയ്ത് അതിന് അനുസരിച്ച് പബ്ലിക് ആയി ചെയ്യേണ്ടതാണ് ആക്ടിംഗ്. എഴുത്ത് നമുക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള രീതിയിൽ സ്വകാര്യമായി ചെയ്യുന്നതാണ്. എന്നാൽ രണ്ടിനും മെഡിറ്റേറ്റീവ് ക്വാളിറ്റിയുണ്ട്.'
കുറച്ചുകാലത്തേക്ക് ഈ രണ്ട് ഇഷ്ടങ്ങൾക്കും അവധി കൊടുക്കുകയാണ് യമ; പിറക്കാനിരിക്കുന്ന കുഞ്ഞ് അതിഥിക്കു വേണ്ടി.

Content Highlights : Actress Yama interview Martin Prakkatt Movie Nayattu Police Officer Character

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented