17-ാം വയസില്‍ 'മഴവില്ലി'ലെ നായിക, ഇന്ന് ബിസിനസുകാരി; പരസ്യങ്ങളിലൂടെ ജനപ്രിയയായ പ്രീതി


പ്രീതി ഝംഗിയാനി / ആനന്ദ് പി

ഓസ്ട്രിയയിലേയ്ക്കുള്ള ട്രിപ്പ് എന്നതാണ് 'മഴവില്ല്' ചെയ്യാന്‍ പ്രേരിപ്പിച്ചത്, ചിത്രം എനിക്കൊരു പാഠശാലയായി.  എല്ലാവരും കരുതും പോലെ ആദ്യ ചിത്രം 'മൊഹബത്തേന്‍' അല്ല - പ്രീതി ഝംഗിയാനി 

INTERVIEW

പ്രീതി ഝംഗിയാനി, കുഞ്ചാക്കോ ബോബൻ | photo: special arrangements

പ്രീതി ഝംഗിയാനി എന്ന പേര് ഒരു പക്ഷേ മലയാളികള്‍ക്ക് അത്ര സുപരിചിതമായിരിക്കില്ല. പക്ഷേ, കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'മഴവില്ല്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. 1999-ല്‍ പുറത്തിറങ്ങിയ മഴവില്ലിലെ വീണയായാണ് പ്രീതി മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയത്. ഏറെക്കുറെ അതേസമയത്ത് പുറത്തിറങ്ങിയ നീമ സാന്‍ഡല്‍ സോപ്പിന്റെ പരസ്യത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായ 'മൊഹബത്തേനി'ലൂടെ നടി ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റെ വരവുമറിയിച്ചു.

പരസ്യങ്ങളിലും സിനിമകളിലും നിറഞ്ഞുനിന്നിരുന്ന താരം ഇന്ന് രാജ്യത്തെ അറിയപ്പെടുന്നൊരു ബിസിനസുകാരിയാണ്. രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പായ പ്രോ പഞ്ച ലീഗിന്റെ സഹ മേധാവി കൂടിയായ പ്രീതി ഝംഗിയാനി തന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.

മഴവില്ലിലൂടെയാണ് മലയാളികള്‍ പ്രീതിയെ ഇപ്പോഴും ഓര്‍ക്കുന്നത്. എങ്ങനെയാണ് ചിത്രത്തിലേക്കെത്തിയത്?

കോളേജില്‍ പഠിക്കുന്ന സമയത്ത് മോഡലിങ് ചെയ്യുമായിരുന്നു. നീമയുടെയും മറ്റും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു ദിവസം സ്‌ട്രൈക്ക് കാരണം ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. അന്നേ ദിവസമാണ് മഴവില്ലിന്റെ നിര്‍മാതാക്കള്‍ ചിത്രത്തിലെ നായികയുടെ വേഷം വാഗ്ദാനം ചെയ്യുന്നത്.

ആ സമയം വരെ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാന്‍ തീരുമാനം എടുത്തിരുന്നില്ല. പക്ഷേ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ എന്നോട് കാര്യങ്ങള്‍ വിശദമാക്കി. സിനിമയുടെ ചിത്രീകരണം ഓസ്ട്രിയയില്‍ വെച്ചായിരിക്കുമെന്ന് അവര്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞു. ഓസ്ട്രിയയിലേയ്ക്കുള്ള ട്രിപ്പ് എന്നതാണ് സിനിമ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. 30 ദിവസത്തെ ഷൂട്ടായിരുന്നു ഓസ്ട്രിയയില്‍ ഉണ്ടായിരുന്നത്. എന്റെ അച്ഛനും കൂടെ വന്നിരുന്നു.

എന്റെ ആദ്യ ചിത്രം 'മൊഹബത്തേന്‍' ആണെന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നത്. സത്യത്തില്‍ എന്റെ കരിയറിന് തുടക്കമായത് മഴവില്ലിലൂടെയാണ്. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് എനിക്ക് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഞാന്‍ കേരളത്തില്‍ വളര്‍ന്ന ആളാണെന്നാണ് നിരവധിയാളുകള്‍ ഈയടുത്ത് വരെ കരുതിയിരുന്നത്. എന്റെ വിക്കീപീഡിയ പേജില്‍ നിന്നുപോലും ഒരുപാട് തെറ്റായ വിവരങ്ങള്‍ ഞാന്‍ നീക്കം ചെയ്തിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും വീനീതിനും ഒപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു. മറ്റൊരു മലയാള സിനിമ ചെയ്യണമെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ ?

കുഞ്ചാക്കോ ബോബന്‍ സൗമ്യനും സഹായിയുമായിരുന്നു. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ആ സമയത്ത് വലിയൊരു സ്റ്റാര്‍ ഒന്നും അല്ലായിരുന്നെങ്കിലും കേരളത്തില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള കഴിവും എല്ലാവര്‍ക്കും അറിയാമായിരുന്നു. വിനീതും ആ സമയത്ത് പ്രശസ്തനായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ഇരുവരും സഹായിച്ചു. ശരിക്കും 'മഴവില്ല്' എനിക്കൊരു പാഠശാലയായിരുന്നു.

മഴവില്ലിന് ശേഷം മലയാളത്തില്‍ കൂടുതലായി അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തമിഴിലും തെലുങ്കിലുമായി ഞാന്‍ തിരക്കിലായിപ്പോയി. മൊഹബത്തേന്‍ ചെയ്യാമെന്ന കരാര്‍ ഒപ്പിട്ട ശേഷം പെട്ടെന്ന് മറ്റു ഓഫറുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. തല്‍ഫലമായി
ഒരു ഇടവേള വന്നു. ഇപ്പോഴും കേരളം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ്. തീര്‍ച്ചയായും മറ്റൊരു മലയാളം സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്.

ടെലിവിഷനില്‍ വന്നിട്ടുള്ളതില്‍ ഏറ്റവും പ്രശസ്തമായ പരസ്യങ്ങളിലൊന്നാണ് നീമ സോപ്പിന്റേത്. ഇപ്പോഴും ആളുകള്‍ ആ പരസ്യം വെച്ച് നിങ്ങളെ തിരിച്ചറിയുന്നുണ്ടോ ?

തീര്‍ച്ചയായും. ആളുകള്‍ നീമാ പരസ്യം കൊണ്ട് എന്നെ തിരിച്ചറിയുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചതോടെ അത് കൂടിയിട്ടേ ഉള്ളൂ. ഇപ്പോഴും ആ പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ആരാധകര്‍ എന്നെ വിളിക്കാറുമുണ്ട്.


ഒരു നടിയില്‍ നിന്നും രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ സഹ മേധാവിയിലേയ്ക്കുള്ള മാറ്റം എങ്ങനെയുണ്ടായിരുന്നു?

പ്രോ പഞ്ച ലീഗ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നതല്ല. എന്റെ ഭര്‍ത്താവ് പര്‍വീന്‍ ദബാസുമായി ചേര്‍ന്ന് 2020 ല്‍ ഞാന്‍ സ്വെന്‍ എന്റര്‍ടെയിന്‍മെന്റ് സ്ഥാപിച്ചു. പിന്നീട് 2020 ഫെബ്രുവരിയില്‍ ഞങ്ങള്‍ രാജ്യത്തെ ആദ്യ പ്രൊഫഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പായ പ്രോ പഞ്ച ലീഗ് തുടങ്ങി. 2021 ല്‍ ആദ്യത്തെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സാമ്പത്തിക കാര്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തു. ലീഗിന്റെ ക്രിയേറ്റീവ് വശങ്ങള്‍ പര്‍വീന്‍ നോക്കുന്നു.

മത്സരങ്ങള്‍ കാണാറുണ്ടായിരുന്നെങ്കിലും ഞാനൊരു കായിക പ്രേമി ആയിരുന്നില്ല. എന്നിരുന്നാലും ഞാന്‍ പ്രോ പഞ്ച ലീഗില്‍ എത്തിച്ചേര്‍ന്നു. വളരെപ്പെട്ടെന്ന് വളരുന്ന ഒരു കായിക രാഷ്ട്രമാണ് ഇന്ത്യയെന്ന് ഞാന്‍ മനസിലാക്കി. ഞങ്ങളുടെ ലീഗിലെ ഒരുപാട് ചാമ്പ്യന്മാര്‍ കേരളത്തില്‍ നിന്നുള്ളതാണ്. കേരളവുമായുള്ള എന്റെ മറ്റൊരു ബന്ധം അതാണ്.

പ്രീതിയെ പ്രേക്ഷകര്‍ക്ക് ഇനിയെന്ന് വെള്ളിത്തിരയില്‍ കാണാനാകും ?

മൊഹബത്തേന് ശേഷം അതുപോലുള്ള നിരവധി വേഷങ്ങള്‍ എനിക്ക് വന്നു. പലതും ഒന്നുകില്‍ ഗ്ലാമറസ് വേഷങ്ങള്‍ അല്ലെങ്കില്‍ ശാന്തമായ കഥാപാത്രങ്ങള്‍. പക്ഷേ ഒരിക്കലും ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിട്ടില്ല. 'സഹി ദന്ദേ ഗലത് ബന്ദേ' എന്നൊരു ഹിന്ദി ചിത്രം നിര്‍മിച്ചിരുന്നു.

ഇപ്പോള്‍ ഞാന്‍ 'മഹാപൗര്‍' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അവിനാഷ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു മേയറുടെ വേഷമാണ് എനിക്ക്. ഒ.ടി.ടിയില്‍ ഉടനെ എന്റെ ഒരു ഷോയും വരുന്നുണ്ട്.

Content Highlights: Actress turn bussinesswoman Interview with Mohabbatein and mazhavillu fame Preeti Jhangiani

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented