18 കിലോ ഭാരം കൂട്ടി 'വെയിലി'ലെ രാധയായി, അമ്മയെന്ന് വിളിച്ച് സ്വാ​ഗതം ചെയ്ത് ഷെയ്ൻ: ശ്രീരേഖ


ശ്രീലക്ഷ്മി മേനോൻ | sreelakshmimenon@mpp.co.in

3 min read
Read later
Print
Share

ഞാൻ എങ്ങനെ മിണ്ടിയാൽ പൊട്ടിത്തെറിക്കുന്ന രാധയെ അവതരിപ്പിച്ചു എന്ന് അത്ഭുതമാണ്. ആങ്കർ മാനേജ്മെന്റിന് ക്ലാസെടുക്കുന്ന വ്യക്തികൂടിയാണ് ഞാനെന്നതാണ് രസകരം

വെയിലിലെ രം​ഗം, ശ്രീരേഖ

പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്കാരം. വളരെ അപൂർവം പേർക്ക് ലഭിക്കുന്ന അം​ഗീകാരം. വെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരത്തിന് അർഹയായ ശ്രീരേഖയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ്.

ടിക് ടോകിൽ നിന്ന് സിനിമയിലേക്കുള്ള എൻട്രി കിട്ടിയ പ്രതിഭകളിലൊരാളാണ് ആലപ്പുഴ സ്വദേശിയായ ശ്രീരേഖ. സൈക്കോളജിസ്റ്റ് കൂടിയായ ശ്രീരേഖയെ വേണ്ടെന്ന് വച്ചിട്ടും തേടിയെത്തിയതാണ് വെയിൽ. വെയിലിന്റെ വിശേഷങ്ങളും സിനിമാ സ്വപ്നങ്ങളുമായി ശ്രീരേഖ മാതൃഭൂമി ഡോട് കോമിനൊപ്പം

വെയിലിൽ തെളിഞ്ഞ പുരസ്കാരം

പൊട്ടിക്കരച്ചിലായിരുന്നു പുരസ്കാര വിവരം അറിഞ്ഞയുടനേ എന്റെ ആദ്യ പ്രതികരണം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഉച്ചനേരത്തെ ഉറക്കത്തിൽ നിന്ന് എണീക്കുന്നത് പുരസ്കാര വാർത്തയിലേക്കാണ്. മഴയും മറ്റും കാരണം ഇവിടെ കറന്റില്ലായിരുന്നു. ടിവിയോ നെറ്റോ ഒന്നുമുണ്ടായിരുന്നില്ല. അമ്മയാണ് വിളിച്ചു പറയുന്നത് ഇങ്ങനെ ഒരു വാർത്ത കണ്ടെന്ന്. അവിടെയും കറന്റ് പോയത് കാരണം അമ്മയ്ക്കും പിന്നീടൊന്നും അറിയാൻ പറ്റിയില്ല. വാർത്ത സ്ഥിരീകരിക്കാത്ത ആശയകുഴപ്പത്തിനിടെയാണ് വെയിലിന്റെ സംവിധായകൻ ശരത് അഭിനന്ദനം അറിയിക്കാൻ വിളിക്കുന്നത്. അപ്പോഴാണ് വിശ്വസിക്കുന്നത്. വലിയ ഉത്തരവാദിത്തമായാണ് ഈ പുരസ്കാരത്തെ കാണുന്നത്.

2020ൽ സെൻസറിങ്ങ് കഴിഞ്ഞതാണ് വെയിൽ. പക്ഷേ ഇത് വരെ റിലീസായിട്ടില്ല. സെൻസറിങ്ങ് കഴിഞ്ഞ ചിത്രങ്ങളും പുരസ്കാരത്തിന് പരി​ഗണിക്കും അങ്ങനെയാണ് ഈ അവാർഡ് എന്നെ തേടിയെത്തുന്നത്. അടുത്ത് തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തും എന്ന് വിശ്വസിക്കുന്നു. ഞാനും കാത്തിരിക്കുകയാണ് ചിത്രം കാണാൻ‌.

Sree

ടിക് ടോകിൽ നിന്ന് വെയിലിലേക്ക്

ചെറുപ്പത്തിൽ കുറച്ച് സിനിമകളും സീരിയലുകളും ചെയ്തിരുന്നു. അങ്ങനെ എടുത്തു പറയാവുന്ന കഥാപാത്രങ്ങൾ ഒന്നുമല്ല. പിന്നീട് പഠിത്തത്തിലേക്ക് ശ്രദ്ധ കൊടുത്തു. അഭിനയം പൂർണമായും വിട്ടു. ജോലി ആയി. അങ്ങനെ മുന്നോട്ട് പോകുമ്പോൾ വെയിൽ വന്നെത്തുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. അത്യാവശ്യം ടിക് ടോകിലൊക്കെ സജീവമായിരുന്നു ഞാൻ. അതിലെ വീഡിയോകൾ കണ്ടാണ് ശരത് എന്നെ വിളിക്കുന്നത്.

18 കിലോ ഭാരം കൂട്ടി വെയിലിലെ രാധയായി

അമ്മ വേഷം എന്ന് കേട്ടപ്പോൾ ഒട്ടും പേടി തോന്നിയില്ല. ഒന്നാമത് ഞാൻ പ്രതീക്ഷിക്കാതെ വന്നു ചേർന്ന ഓഫർ‌. ഒരുപാട് തവണ വന്ന അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. സംവിധായകൻ വായിച്ചു നോക്കാൻ പറഞ്ഞ് വെയിലിന്റെ തിരക്കഥ അയച്ചു. ഞാനത് വായിച്ചില്ല, വായിക്കാതെ നോ പറഞ്ഞു. ജീവിതത്തിൽ ആദ്യായിട്ടാണ് ഒരു സിനിമയുടെ മുഴുവൻ തിരക്കഥ ഞാൻ കാണുന്നത്. ഇതിലേക്കില്ല എന്ന് തന്നെയായിരുന്നു തീരുമാനം. ഞാനൊരു സൈക്കോളജിസ്റ്റാണ്, അതാണ് എന്റെ പ്രൊഫഷൻ എന്ന് തന്നെയാണ് ചിന്തിച്ചിരുന്നത്,. പക്ഷേ സത്യം പറഞ്ഞാൽ ഈ കഥാപാത്രത്തിന് വേണ്ടി ശരത് എനിക്ക് വേണ്ടി കാത്തിരുന്നുവെന്ന് തന്നെ പറയാം. ഒടുവിൽ ചെയ്യാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമല്ലോ എന്ന് ചിന്തയൊന്നും ഉണ്ടായിരുന്നില്ല. കഥാപാത്രം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടി. ഈ പ്രായവ്യത്യാസം തന്നെയാണ് പ്രധാന കാരണം. രണ്ട് വലിയ മക്കളുടെ അമ്മ, അതും ജീവിതത്തിൽ ഒരുപാട് കഷ്ടതകളിലൂടെ കടന്ന് വന്ന സ്ത്രീയാണ് രാധ. അവരുടെ സ്ഥായീ ഭാവം ദേഷ്യമാണ്. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും പുറമേ കാണിക്കാത്ത കഥാപാത്രം. ഞാനതിന് നേരെ വിപരീതമാണ്. ശാരീരികമായും കുറേയധികം മാറ്റങ്ങൾ വേണ്ടി വന്നു. ഏതാണ്ട് 18 കിലോയോളം ഭാരം കൂട്ടി. ഫാസ്റ്റ് ഫുഡും ചോക്ലേറ്റും ഐസ്ക്രീമുമായിരുന്നു പ്രധാന ഭക്ഷണം.

ഷെയ്നിന്റെ 'അമ്മ'

ഷെയ്ൻ കുറച്ച് പടങ്ങളൊക്കെ ചെയ്ത് വന്ന സമയമാണ്, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നല്ല നടനാണ് എന്ന് പറയിപ്പിച്ചിട്ടുള്ള നടനാണ്. ഞാനാണെങ്കിൽ താരതമ്യേന പുതുമുഖം. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ദിവസം ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ ഷെയ്നിന്റെ ഒരു സീൻ ആണ് എടുക്കുന്നത്. എന്നെ കണ്ടപ്പോൾ അമ്മ എന്ന് പറഞ്ഞാണ് ഷെയ്ൻ സ്വാ​ഗതം ചെയ്തത്. അതോടെ ഞാൻ ഭയങ്കര ഹാപ്പിയായി. ആദ്യമേ നമ്മളെ കംഫർട്ടബിൾ ആക്കിയതുകൊണ്ട് പിന്നീട് അഭിനയിക്കുമ്പോൾ ഒരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

Sree

സെക്കോളജിസ്റ്റായ അഭിനേത്രി

2 വർഷമായി ഞാൻ സൈക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചിട്ട്. പോക്സോ കേസുകൾ ആയി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് തന്നെ ഒരുപാട് ക്ഷമ വേണം, അവരെ കേൾക്കാനുള്ള മനസ് വേണം. അവർക്ക് വേണ്ട സ്നേഹം കൊടുക്കണം. വല്ലാത്ത അരക്ഷിതാവസ്ഥയിലൂടെ, ട്രോമയിലൂടെ കടന്നു പോകുന്ന കുട്ടികളാണ്. അവരുടെ വിശ്വാസം നേടിയെടുക്കാൻ ചിലപ്പോൾ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വേണ്ടിവരും. അങ്ങനൊരു ജോലി ആണ് എന്റേത്. അത് വച്ച് ഞാൻ എങ്ങനെ മിണ്ടിയാൽ പൊട്ടിത്തെറിക്കുന്ന രാധയെ അവതരിപ്പിച്ചു എന്ന് അത്ഭുതമാണ്. ആങ്കർ മാനേജ്മെന്റിന് ക്ലാസെടുക്കുന്ന വ്യക്തികൂടിയാണ് ഞാനെന്നതാണ് രസകരം.

സിനമാ സ്വപ്നങ്ങൾ‌

സിനിമ കാണാൻ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. വേണ്ടെന്ന് വച്ചിട്ടും എന്നെ തേടി വന്നതാണ് സിനിമ. ആദ്യ ചിത്രത്തിൽ തന്നെ പുരസ്കാരവും കിട്ടി. ഭയങ്കര ബഹുമാനമുണ്ട് സിനിമാ വ്യവസായത്തോട്. ഇനി ഇത് തന്നെയാകുമോ എന്റെ കരിയർ എന്നൊന്നും എനിക്ക് അറിയില്ല. തീർത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞൊരു ജീവിതം. അതിന്റെ നേർവിപരീതമാണ് സിനിമ. നോക്കാം ദൈവം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ് ഞാൻ. അച്ഛൻ രാജ​ഗോപാൽ 2019ൽ മരിച്ചു. അച്ഛന് ചിത്രം കാണാനായില്ല. ഇന്നിപ്പോൾ ഈ പുരസ്കാര നേട്ടത്തിലും ഏറെ സങ്കടമുണ്ടാക്കുന്ന കാര്യമാണത്. വിവാഹിതയാണ്. ഭർത്താവ് സന്ദീപ് ശ്രീധറും കുടുംബവും എല്ലാം മികച്ച പിന്തുണയാണ് നൽകുന്നത്.

Content Higfhlights : Actress SreeRekha Interview Veyil Movie Best actress in a character role Shane Nigam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ramla beegum

1 min

കൊടുവള്ളിയുടെ ഓർമകളിൽ നൊമ്പരമായി പാതിമുറിഞ്ഞ ആ കഥപറച്ചിൽ

Sep 29, 2023


KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


ramla beegum

6 min

ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്, 'നാളെ എനിക്ക് നിങ്ങളുടെ പാട്ട് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ'

Sep 27, 2023


Most Commented