പ്രിയ വാര്യർ | ഫോട്ടോ: www.facebook.com/priyawarrieractress
അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കും ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കും സുപരിചിതയായ താരമാണ് പ്രിയ വാര്യർ. സിനിമക്ക് പിന്നാലെയുണ്ടായ ഹേറ്റ് ക്യാമ്പയിനുകൾക്കും ട്രോളുകൾക്കും ശേഷം മറ്റ് ഭാഷാചിത്രങ്ങളിൽ പ്രിയ സാന്നിധ്യമറിയിച്ചെങ്കിലും മലയാളത്തിൽ സിനിമകളൊന്നും ചെയ്തിരുന്നില്ല. അഡാർ ലവ് കഴിഞ്ഞ് നീണ്ട ഇടവേളയ്ക്കു ശേഷം 4 ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയ ചെയ്തത്. ഇപ്പോഴിതാ വീണ്ടുമൊരു മലയാള ചിത്രത്തിൽ എത്തുകയാണ് താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, മമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ലൈവ് ആണ് ആ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ സിനിമായാത്രയെക്കുറിച്ചും സംസാരിക്കുകയാണ് താരം.
എനിക്ക് പെർഫോം ചെയ്യാൻ ഉണ്ടാകുമെന്ന് അറിയാമായിരുന്നു
പോസ്റ്ററിലും ടീസറിലും പാട്ടിലുമൊക്കെ കണ്ടതുപോലെ കുടുംബം, പഠനം ഇതൊക്കെ മാത്രമായി നിൽക്കുന്ന ഒരു പാവം നാടൻ പെൺകുട്ടിയുടെ വേഷമാണ് ലൈവിൽ ചെയ്തിട്ടുള്ളത്. എക്സൈറ്റിംഗ് ആയിട്ടുള്ള എക്സ്പീരിയൻസ് ആയിരുന്നു. ഇതുവരെ ഇങ്ങനെയൊരു റോൾ ചെയ്തിട്ടില്ല. മെഡിസിന് പഠിക്കുന്ന പെൺകുട്ടിയാണ്. ഈ കുട്ടിയേയും അവളെ ചുറ്റിപ്പറ്റിയുമുള്ള ആൾക്കാരിലൂടെയുമാണ് ലൈവ് എന്ന ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. വി കെ പി സർ വിളിച്ചിട്ട് ഇങ്ങനെയൊരു റോൾ ഉണ്ടെന്നും അത് ഞാൻ ചെയ്താൽ നന്നാകുമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ കോൾ കണ്ടപ്പോൾ തന്നെ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും പെർഫോം ചെയ്യാൻ ഉണ്ടാകുമെന്ന വിശ്വാസം ഉണ്ടായിരുന്നു. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ചിത്രത്തിന്റെ പ്രധാന കഥാപാത്രമാണ് ഈ പെൺകുട്ടി. സ്ക്രീൻ സ്പേസോ, ലെങ്തോ, ഫുൾ ഉണ്ടോ എന്നൊന്നും ചോദിച്ചിട്ടില്ല. എനിക്ക് പെർഫോം ചെയ്യാൻ ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ ഗ്രോത്തും ഇമോഷൻസുമെല്ലാം കാണിക്കാനുള്ള സ്പേസ് ഉള്ള ക്യാരക്ടറായിരുന്നു ഇതിൽ. നാലുവർഷത്തിനുശേഷം മലയാളത്തിൽ റിലീസ് ആകുന്ന എന്റെ സിനിമയാണ് ലൈവ്. ആദ്യത്തേതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഇതിൽ ചെയ്തിട്ടുള്ളത്. വിഷ്ണുപ്രിയ എന്ന കന്നഡ ചിത്രത്തിൽ വി കെ പിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. സാറിന്റെ കൂടെ വർക്ക് ചെയ്യുക എന്നുള്ളത് വളരെ കംഫർട്ടബിൾ ആണ്.
എനിക്ക് പറ്റിയ പണിയാണോ, മാറി ചിന്തിക്കണോ എന്ന് ആലോചിച്ചിട്ടുണ്ട്
അഡാർ ലവ് കഴിഞ്ഞിട്ട് തൊട്ടു പിന്നാലെ പിന്നീട് ചെയ്യുന്നത് വി കെ പിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. അന്ന് ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് ക്യാമ്പയിനും മാത്രമുള്ള സമയമായിരുന്നു അത്. ഒരുപാട് ട്രോളുകളും എവിടെ നോക്കിയാലും നെഗറ്റീവ് മാത്രമായിരുന്നു. അന്ന് ഇത് എനിക്ക് പറ്റിയ പണിയാണോ എന്നൊക്കെയുള്ള സെൽഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതായിരുന്നു സിനിമ. സിനിമ എന്നുള്ള ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാൻ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാർ ലവിന് ശേഷം ലഭിച്ച പ്രതികരണത്തിൽ നിന്നും എനിക്കുണ്ടായ ചിന്ത. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിക്കുമായിരുന്നു. അങ്ങനെ ഒരു സമയത്താണ് വിഷ്ണുപ്രിയയുമായി സാർ വരുന്നത്. അന്ന് ആ ഓഫർ കണ്ട് ഞാൻ ആകെ അതിശയിച്ചിരുന്നു പോയിട്ടുണ്ട്. കാരണം അന്ന് ആ സമയത്ത് സാർ എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു എന്നത് ഒരു ചോദ്യമായിരുന്നു. സർ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള സംവിധായകനാണ്. ഞാനാണേൽ വേറൊന്നും ചെയ്തിട്ടുമില്ല. പക്ഷേ സാർ നമുക്ക് ചെയ്യാം എന്ന് പറഞ്ഞ വിശ്വാസത്തിലാണ് ഷൂട്ടിനായി പോകുന്നത്.
രണ്ടുമൂന്നു ദിവസത്തെ വർക്ക് ഷോപ്പ് എല്ലാം കഴിഞ്ഞു. ആദ്യദിവസത്തെ ഷൂട്ട് വരെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നുള്ള ടെൻഷൻ സാറിനും നന്നായി ഉണ്ടായിരുന്നതായി തോന്നി. ഫസ്റ്റ് ദിവസം ഷോട്ട് കഴിഞ്ഞിട്ട് സർ ഓടി വന്ന് എന്നോട് പറഞ്ഞത് ഇങ്ങനെ തന്നെ ചെയ്താൽ മതി അടിപൊളിയായി എന്നൊക്കെയാണ്. സെൽഫ് ഡൗട്ടടിച്ചിരിക്കുന്ന സമയത്ത് ആയിരുന്നു സാറിന്റെ എൻട്രി. അത് എനിക്ക് വലിയ ആത്മവിശ്വാസമാണ് തന്നത്. വിഷ്ണുപ്രിയയിൽ അഭിനയിക്കുന്ന സമയത്ത് സാറിന്റെ ഫീഡ്ബാക്ക് എനിക്ക് വലുതായിരുന്നു. വേറേ ഒരുപാട് സീനിയർ ആക്ടേഴ്സുമായി വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ നമ്മുടെ വർക്കിനെ പറ്റി പോസിറ്റീവ് ആയ ഒരു പ്രതികരണം കിട്ടുമ്പോൾ എനിക്ക് കോൺഫിഡൻസ് ആയിരുന്നു അതെല്ലാം. എനിക്ക് സിനിമ ഇനി ചെയ്യാൻ പറ്റുമോ എന്നുള്ള എന്റെ സെൽഫ് ഡൗട്ട് മാറ്റിയത് സാറാണ്.
മോശം പറഞ്ഞവർ മാറ്റി പറയും, നല്ല അവസരത്തിനായി കാത്തിരിക്കുകയായിരുന്നു
എനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളെ മാനേജ് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. തുടക്കത്തിലാണെങ്കിലും ഹൈപ്പ് കിട്ടിയ സമയത്താണെങ്കിലും ഞാൻ അതിനെയും ആക്ടീവായി ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ കിട്ടിയ ഹൈപ്പിനെ എങ്ങനെ ഉപയോഗിക്കാം എന്നൊന്നും അന്ന് ഞാൻ ആലോചിച്ചിട്ടില്ല. ചലച്ചിത്ര മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയായിരുന്നു ഞാൻ. യാതൊരുവിധത്തിലുള്ള ഗൈഡൻസും എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് എല്ലാം പുതിയതായിരുന്നു. എനിക്കെതിരെ കമന്റ്സും ഹേറ്റ് ക്യാമ്പയിനും ട്രോൾസും എല്ലാം ഉണ്ടായിരുന്ന സമയത്ത് വിഷമം ഉണ്ടാകുമായിരുന്നു. അന്ന് 18 വയസ്സായിരുന്നു എനിക്ക്. ഇപ്പോഴുണ്ടാകുന്നതൊക്കെ ജോലിയുടെ ഭാഗമാണെന്നോ അത് കഴിഞ്ഞു പോകുമെന്നോ ചിന്തിക്കാൻ ഉള്ള പ്രായം അന്നെനിക്ക് എനിക്കുണ്ടായിരുന്നില്ല. പക്ഷേ പാരന്റ്സും ഫ്രണ്ട്സുമെല്ലാം വലിയ പിന്തുണയാണ് നൽകിയത്.
ഒരൊറ്റ സിനിമയിൽ ഒരേയൊരു നല്ല പെർഫോമൻസ് കൊടുത്താൽ മതി എന്നതായിരുന്നു എന്റെ ആഗ്രഹം. നാല് വർഷങ്ങൾക്ക് മുൻപ് മുതൽ ഞാൻ ആലോചിക്കുന്ന കാര്യമാണിത്. അങ്ങനെയെങ്കിൽ ഇന്ന് മോശം പറയുന്നവർ നാളെ നല്ലത് പറയും. ഞാൻ അങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
ക്ഷമയുള്ള പക്വതയുള്ള നല്ലൊരു വ്യക്തിയാക്കിയ നാല് വർഷങ്ങൾ
എന്ത് കാര്യമാണെങ്കിലും ഞാൻ അതിനെ പോസിറ്റീവായി കാണാനാണ് ശ്രമിക്കുന്നത്. ദേഷ്യമാണെങ്കിലും സങ്കടമാണെങ്കിലും എങ്ങനെ പോസിറ്റീവ് ആക്കി മാറ്റി എനിക്ക് ഉപയോഗപ്രദമാക്കി മാറ്റാമെന്നാണ് ചിന്തിക്കാറുള്ളത്. അന്നുമുതൽ ഇന്നുവരെ സ്വപ്നത്തിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിൽ ആയിരുന്നു. ഇനി അത് നേടിയെടുക്കാതെ ഞാൻ തിരികെ പോകില്ല എന്നുള്ള തീരുമാനത്തിലായിരുന്നു. അതുകൊണ്ടുതന്നെയാണ് നാലു വർഷത്തിനുശേഷം മലയാളത്തിൽ എന്റെയൊരു സിനിമ വരുന്നതും അതിനായി ഇത്രയും വലിയൊരു ബ്രേക്ക് എടുത്തതും. എനിക്ക് പെർഫോം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ സിനിമ ചെയ്യുന്നുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു. ഈ നാലു വർഷങ്ങൾ എന്നെ ക്ഷമയുള്ളവളാക്കി, പക്വതയുള്ളവളാക്കി, നല്ലൊരു വ്യക്തിയാക്കിയെന്നും ഞാൻ കരുതുന്നു. അത് എന്റെ ആർട്ടിൽ പ്രകടമാവുകയും ചെയ്യും. വിഷ്ണുപ്രിയയിൽ നിന്നും ലൈവിൽ പെർഫോം ചെയ്യുമ്പോൾ പെർഫോമൻസിന്റെ ഗ്രാഫ് എങ്ങനെ മാറിയെന്ന് വി കെ പിക്ക് മനസ്സിലാകുന്നുണ്ടാകും.
Content Highlights: actress priya warrier interview, vk prakash new movie live
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..