നയന എൽസ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ | മാതൃഭൂമി
വില്യം ഷേക്സ്പിയറുടെ ഒഥല്ലോ നാടകത്തെ പ്രമേയമാക്കി ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ‘ഋ’. ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ ഒഥല്ലോ പശ്ചാത്തലമാക്കിയ ചിത്രമായിരുന്നു. ഒരു വൈദികൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമയെന്ന പ്രത്യേകതയും ‘ഋ’ചിത്രത്തിനുണ്ട്. കാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നിറത്തിന്റെ രാഷ്ട്രീയവുമായാണ് ചിത്രം മുന്നോട്ടുപോകുന്നത്. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും. എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ജോസ് കെ. മാനുവൽ ആണ് ചിത്രത്തിന്റെ തിരക്കഥ. രഞ്ജി പണിക്കർ, മണികണ്ഠൻ പട്ടാമ്പി, അഞ്ജലി നായർ, രാജീവ് രാജൻ, ഡെയിൻ ഡേവിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജൂൺ, മണിയറയിലെ അശോകൻ, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നയന എൽസയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറിൽ വേറിട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് നയന സംസാരിക്കുന്നു...
ചിത്രത്തിലേക്കെത്തുന്നത്...
ജൂൺ സിനിമ ചെയ്യുന്ന സമയത്ത് സിദ്ധാർഥ് ശിവ സർ ഞങ്ങൾക്ക് ഒരു ട്രെയിനിങ് നടത്തിയിരുന്നു. പതിനെട്ട് കുട്ടികൾ ആ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ ‘ഋ’ സിനിമയുടെ ഹീറോയിൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമായത്. 2019-ൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി. അപ്പോഴാണ് കൊറോണ വരുന്നത്. സിനിമ പുറത്തിറങ്ങുമോ തുടങ്ങിയ അനിശ്ചിതത്വങ്ങൾ ആ സമയത്തുണ്ടായി. ഷേക്സ്പിയറുടെ ഒഥല്ലോയാണ് പശ്ചാത്തലമാകുന്നതെന്നും കളിയാട്ടത്തിൽ മഞ്ജുവാരിയർ ചെയ്ത കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്നും സിദ്ധാർഥ് സർ പറഞ്ഞപ്പോൾ ഞാൻ എക്സൈറ്റഡ് ആയി. അക്കാദമിക് സ്വഭാവമുണ്ട് ചിത്രത്തിന്. സംഭാഷണങ്ങൾ അച്ചടിഭാഷയിലായിരുന്നു. അതെല്ലാം ഒരു വെല്ലുവിളിയായിരുന്നെങ്കിലും നന്നായി ചെയ്യാൻ കഴിഞ്ഞെന്നാണ് വിശ്വാസം.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച്...
കാവ്യാ മാധവനും നസ്രിയയുമെല്ലാം അവതരിപ്പിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതലിഷ്ടം. പക്ഷേ, സിനിമ ഒരുപാട് മാറി. കൂടുതൽ റിയലിസ്റ്റിക് ആയി. നായികാസങ്കല്പവും അഭിനേതാക്കളെ സെലക്ട് ചെയ്യുന്ന രീതിയിലുമെല്ലാം വ്യത്യാസം വന്നു. ലുക്ക് നോക്കി കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് തീരുമാനിക്കുന്ന അവസ്ഥയുണ്ട്. അത്തരം അവഗണനകൾ ഉണ്ടായപ്പോഴാണ് സോഷ്യൽമീഡിയയിൽ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയത്. പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തയാണെന്ന് തെളിയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. ഇപ്പോഴും ബബ്ലി ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ വിളിക്കുന്നവരുണ്ട്. അത്തരം വേഷങ്ങൾ സ്വീകരിക്കാൻ മടി കാണിക്കാറില്ല. നല്ല കഥയായിരിക്കണം, നന്നായി പെർഫോം ചെയ്യാൻ പറ്റണം എന്ന ഡിമാൻഡ് മാത്രമേയുള്ളൂ.
പുതിയ ചിത്രങ്ങൾ
ഡോൺ മാത്യു സംവിധാനം ചെയ്യുന്ന അറ്റ്, ഷെയിൻ നിഗത്തെ നായകനാക്കി ജിയോ ഒരുക്കുന്ന കുർബാനി എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: actress nayana elza interview, nayana elza about her bold photoshoots
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..