ചേര്‍ത്തല: ''അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും ഉത്തരവാദിയായില്ലേ... ആ സങ്കടം മാറില്ല..''25 വര്‍ഷം മുമ്പുനടന്ന അപകടത്തിന്റെ ഓര്‍മകള്‍ ഇന്നും ഉമ്മച്ചനു മുന്നില്‍നിന്ന് മായുന്നില്ല. നടി മോനിഷയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഉള്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറായിരുന്നു പി.എല്‍. ഉമ്മച്ചന്‍.

'വണ്ടി ദേശീയപാതയിലേക്കു കയറുമ്പോഴേക്കും വലിയ ശബ്ദത്തോടെ മോനിഷ സഞ്ചരിച്ച കാര്‍ തിരിഞ്ഞു മറിഞ്ഞു. പിന്നീട് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കു തൊട്ടുമുന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റില്‍നിന്ന് ഞാന്‍ തെറിച്ചുപോയി. നിയന്ത്രണംവിട്ട ബസ് റോഡുവക്കില്‍ താഴേക്കുപോകുന്നതിനു മുമ്പേ സ്റ്റിയറിങ് കൈകളിലാക്കി നിയന്ത്രിക്കാനായി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.'' ആ അപകടരംഗങ്ങള്‍ ഇന്നും എഴുപതുകാരന്റെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. രാവിലത്തെ ആദ്യ ട്രിപ്പായതിനാല്‍ കണ്ടക്ടറെ കൂടാതെ രണ്ടു യാത്രക്കാര്‍ മാത്രമായിരുന്നു ബസില്‍. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് മരിച്ചതു മോനിഷയാണെന്നറിഞ്ഞത്. 

XRAY Kavala
മോനിഷയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ചേര്‍ത്തല എക്‌സറേ കവലയുടെ ഇന്നത്തെ കാഴ്ച

അപകടം നടക്കുമ്പോള്‍ മോനിഷയ്ക്കു പ്രായം 21. ആറുവര്‍ഷം മാത്രം സിനിമയില്‍ പിന്നിടുമ്പോള്‍ പേരിനൊപ്പം ഉര്‍വശിപ്പട്ടം അടക്കം സ്വന്തമാക്കിയിരുന്നു. 'ചെപ്പടിവിദ്യ'യെന്ന സിനിമയുടെ സെറ്റില്‍ നിന്ന് അമ്മയ്ക്കൊപ്പം കാറില്‍ കൊച്ചിയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിന്‍സീറ്റില്‍ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയില്‍ കിടന്നുറങ്ങുകയായിരുന്ന മോനിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ ഉമ്മച്ചനെതിരേ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി.

നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്ന എക്സ്റേ കവല പിന്നീട് മോനിഷക്കവലയെന്ന പേരിലായിരുന്നു അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നത്. അപകടമേഖലയായിരുന്ന കവലയില്‍ അധികൃതര്‍ ഇടപെട്ട്  മാറ്റങ്ങള്‍ വരുത്തിയിരുന്നു.