രു നടിക്ക് നീതികിട്ടുക എന്നതിനൊപ്പം സിനിമാലോകത്തെ ജനാധിപത്യവത്കരിക്കാനുള്ള ശ്രമവും ഉണ്ടാകേണ്ട സമയമായിരിക്കുന്നു എന്നാണ് കൊച്ചി സംഭവം നമ്മോടു പറയുന്നത്. സമയമായി എന്നല്ല, നേരം അതിക്രമിച്ചിരിക്കുന്നു എന്നുതന്നെ പറയണം. അക്രമവും വിലക്കും മാത്രമല്ല മയക്കുമരുന്നുപോലെ പുറത്തുപറയാനാവാത്ത വേറെയും പലതരം തിന്മകളും സിനിമയെ ഗ്രസിച്ചിട്ടുണ്ട്. കലാകാരന്‍മാരുടെ ജനാധിപത്യത്തെയും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെയും പറ്റി ചാനലിലും പൊതുവേദികളിലും വന്ന് ഗീര്‍വാണം പറയുന്നവര്‍പോലും സിനിമയുടെ കാര്യംവരുമ്പോള്‍ ഇടപെടാറില്ല, മിണ്ടാറില്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ വൈകിയിരിക്കുന്നു. ആത്യന്തികമായി ജനങ്ങള്‍ അനുവദിച്ചുതന്നിരുന്ന സൗഭാഗ്യങ്ങളിലാണ് നിങ്ങളുടെ ഈ സാമ്രാജ്യങ്ങള്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. അതു മറക്കരുത്. ഈ സമയത്തെങ്കിലും ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുക, അവരുടെ പോരാട്ടത്തിനു സര്‍വപിന്തുണയും നല്‍കുക. അതെ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്നു പറയുക. ദയവുചെയ്ത് അത് ഉറക്കെ പറയുക.

സിനിമാലോകത്തെ മാത്രമല്ല കേരളീയസമൂഹത്തെതന്നെ ഞെട്ടിച്ച വാര്‍ത്തയിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. സദാചാരപോലീസിങ്ങും അനുദിനം വരുന്ന പീഡനവാര്‍ത്തകളും കൊണ്ട് മലീമസമായ കേരളീയാന്തരീക്ഷത്തില്‍ ഈ സംഭവം ഒരു ശുദ്ധികലശത്തിന് വഴിതെളിക്കുമോ എന്നാണ് നാം ഉറ്റുനോക്കുന്നത്. വിലക്കുകള്‍ വകവെക്കാതെ പൊരുതിനിന്ന ഒരു കലാകാരിക്കാണ് മലയാളസിനിമ ഈ ദുര്‍വിധി സമ്മാനിച്ചത്. അക്രമങ്ങളും വിലക്കുകളും, അത് ശാരീരികമല്ലാത്തതാണെങ്കില്‍ പോലും, ശരിയല്ല. ഇപ്പോള്‍ ഇവളോടൊപ്പം നില്‍ക്കാനാവുന്നില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സിനിമക്കാര്‍ ഉണരേണ്ടത്, ഒന്നിക്കേണ്ടത്... എന്തിനാണ് പിന്നെ അവര്‍ക്കൊരു സംഘടന? 

ഏറെ വര്‍ഷങ്ങളായി മലയാളസിനിമയെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ നടിയെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, സംവിധായകന്‍ കമല്‍ ആണ് ഇങ്ങനെയൊരു നടിയുടെ വരവ് ആദ്യം അറിയിച്ചത്. അന്ന് ചിത്രഭൂമിക്കുവേണ്ടി സെറ്റില്‍ ചെന്നു. ഒരു തുടക്കക്കാരിയുടെ ആദ്യ അഭിമുഖം തയ്യാറാക്കി. ഇപ്പോഴും ഓര്‍മയുണ്ട്, ആ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു:

''...മലയാളസിനിമയില്‍ നായികമാരുടെ അളവുകോല്‍ ഇന്നും മഞ്ജു വാര്യരാണ്. മഞ്ജു വാര്യരോളം, മഞ്ജുവിനെപോലെ എന്നൊക്കെയാണ് സംവിധായകരും പ്രേക്ഷകരും പുതുമുഖനായികമാരെ വിലയിരുത്താറ്. മഞ്ജു വാര്യരെപോലെ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംവിധായകന് അത് സന്തോഷമാവും. കമല്‍ ഇപ്പോള്‍ അത്തരമൊരു സന്തോഷത്തിലാണ്...''

സിനിമയിലേക്ക് വന്ന വഴിയും അവള്‍ അന്നു പറഞ്ഞതോര്‍ക്കുന്നു. ചിത്രത്തിന്റെ കഥാകൃത്ത് ബാലമുരളീകൃഷ്ണയും നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുമായുള്ള പരിചയമാണ് നിമിത്തമായത്. അവര്‍ വഴി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിനെ പരിചയപ്പെട്ടു. അദ്ദേഹമാണ് കമലിനെ പരിചയപ്പെടുത്തിയത്. അതിനു മുന്‍പ് കലവൂര്‍ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടത്തിലേക്കും പരിഗണിച്ചിരുന്നു. പ്രായം തോന്നിക്കുന്നില്ലെന്ന് പറഞ്ഞ് മാറ്റുകയായിരുന്നു. രണ്ടാമത്തെ ചിത്രം സിബിയുടെ കിസാന്‍ ആയിരുന്നു. പക്ഷേ, ചിത്രം പുറത്തിറങ്ങാന്‍ വളരെ വൈകി. ഇതിനിടയില്‍ ഹിറ്റായ മറ്റ് ചില ചിത്രങ്ങളുടെ ഭാഗമായതോടെ തിരക്കേറിയ നടിയായി. സൂപ്പര്‍ഹിറ്റുകളിലെ താരസാന്നിധ്യമായതോടെ തിരക്ക് വീണ്ടും വര്‍ധിച്ചു. പക്ഷേ, തലക്കനമോ താരജാടകളോ ഈ നടിയെ തെല്ലും തീണ്ടിയിരുന്നില്ല. 

അങ്ങനെയിരിക്കെയാണ് യാത്ര മാഗസിന്റെ സെലിബ്രിറ്റി ട്രാവലുകള്‍ക്കുവേണ്ടി ഞങ്ങളൊന്നിച്ചൊരു യാത്ര പോയത്. ഫോട്ടോഗ്രാഫര്‍ വി.പി. പ്രവീണ്‍കുമാര്‍, ഫോട്ടോഗ്രാഫര്‍ കൂടിയായ നടിയുടെ അച്ഛന്‍, അമ്മ, സഹോദരന്‍. ഞങ്ങള്‍ ആറുപേരൊന്നിച്ചായിരുന്നു യാത്ര. അപ്പോഴേക്കും അവര്‍ മലയാളം കടന്ന് തെന്നിന്ത്യന്‍ താരമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലെ മഹാനഗരത്തില്‍ പോലും അവരെ ഒരുപാടുപേര്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. തമിഴ്‌പ്രേക്ഷകരും കൂടെനിന്ന് ഫോട്ടോ എടുക്കാന്‍ മത്സരിച്ചിരുന്നു. യാത്രയിലുണ്ടായ ഒരു സംഭവം ഇപ്പോഴും ഓര്‍ത്തുപോകുന്നു. ഒരു സെലിബ്രിറ്റിയുടെ സംരക്ഷണം എന്ന ഭാരിച്ച ഉത്തരവാദിത്വം മനസ്സിലുണ്ട്. അവരുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കിലും. ഉത്തരേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിലാണ് ഞങ്ങളപ്പോള്‍. മുന്നിലാണെങ്കില്‍ നീണ്ട ക്യൂ. എങ്ങനെ അകത്തു കടക്കുമെന്നാലോചിച്ചിരിക്കുമ്പോള്‍ ഒരു ഹിന്ദിവാല വന്നു. മറ്റൊരു കുറുക്കുവഴിയിലൂടെ പോവാമെന്നു പറഞ്ഞു. പറഞ്ഞവഴിയിലൂടെ അയാളും അയാളുടെ ശിങ്കിടികളും ഈ നടിയും ഞങ്ങളും. സിനിമയില്‍ കാണുന്ന ഒരു അധോലോകത്തിന്റെ അന്തരീക്ഷം. ഒരു ഉള്‍ഭയം തോന്നി.

ഒരു നിമിഷം ഞാന്‍ വിജയശാന്തിയെ മനസ്സില്‍ നമിച്ചു. ഒരു ആക്ഷന്‍ ഹീറോയിന്‍ ആവേണ്ടിവരുമോ എന്നു തോന്നി. പിന്നെ ഞങ്ങളും ആറുപേരില്ലേ എന്ന ധൈര്യമായിരുന്നു. ആ യാത്രാക്കുറിപ്പില്‍ ഈ നിമിഷത്തെ അങ്ങനെയാണ് എഴുതിച്ചേര്‍ത്തത്. പക്ഷേ, അവിടെ ക്യൂവില്‍നിന്ന ചിലയാളുകളെ മാറ്റി അയാള്‍ ഞങ്ങളെ അവിടെ നിര്‍ത്തി. അതിനൊരു കൂലിയും വാങ്ങിപ്പോയി. എറണാകുളത്ത് ഈ നടിക്കുണ്ടായ ദുരനുഭവം അറിഞ്ഞപ്പോള്‍ ഇതും ഓര്‍ത്തുപോയി.