ട്രോളുകള്‍, മെയില്‍ ഐഡിയിലെ 'രാഷ്ട്രീയം', തിരിച്ചുവരവ്... ന്യൂയോര്‍ക്കില്‍ നിന്ന് മന്യ | അഭിമുഖം


ശ്രീലക്ഷ്മി മേനോൻ/sreelakshmimenon@mpp.co.in

റേപ്പ് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്, അതിനെ ആരും പിന്തുണയ്ക്കില്ല, പിന്തുണയ്ക്കപ്പെടാനും പാടില്ല.

Manya Photo | www.instagram.com|manya_naidu|?hl=en

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ നായികയാണ് മന്യ നായ്ഡു. ജോക്കറിന് ശേഷം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ താരം പെട്ടെന്ന് വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷയായി. ഈടയുത്ത് വൈറലായി മാറിയ വാസു അണ്ണന്‍ ട്രോളുകളിലൂടെയാണ് മന്യ വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ട്രോളുകളും അതിന് പിന്നാലെ വന്ന വിവാദങ്ങളും വാര്‍ത്തയാകുമ്പോഴും ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള തന്റെ ഫ്‌ളാറ്റില്‍ നാല് വയസുകാരിയായ മകള്‍ ഒമിഷ്‌ക എന്ന ഒമിക്കൊപ്പം കളിചിരികളുമായി കൂടുകയാണ് മന്യ. അപ്രതീക്ഷിതമായി അമ്മയ്ക്ക് വീണു കിട്ടിയ വര്‍ക്ക് ഫ്രം ഹോം സൗകര്യം ലോട്ടറിയാണ് ഒമിക്ക്. ഇരുപത്തിനാല് മണിക്കൂറും അമ്മ ഒപ്പമുണ്ടല്ലോ...കോവിഡ് ഭീതി ഒട്ടും കുറയാതെ നില്‍ക്കുന്ന ന്യൂയോര്‍ക്കില്‍ നിന്ന് സിനിമാ വിശേഷങ്ങളുമായി മന്യ മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.

സിനിമയിലെ പത്ത് വര്‍ഷത്തെ ഇടവേള

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം മനഃപൂര്‍വമാണെന്നും അല്ലെന്നും പറയാം. എന്റെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും ശ്രദ്ധിക്കാനായി എടുത്ത തീരുമാനം. പഠിക്കണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹവും വാശിയുമായിരുന്നു. വിദ്യാഭ്യാസം വലിയൊരു കാര്യമാണ്. നടിമാര്‍ക്ക് വിദ്യാഭ്യാസം കുറവായിരിക്കുമെന്നും അവര്‍ അത്ര സ്മാര്‍ട്ടാകില്ലെന്നും ചിന്തിച്ചിരുന്ന പലരുമുണ്ടായിരുന്നു. ഒരു നിര്‍മാതാവിന്റെ മകനില്‍ നിന്നും എനിക്കിത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

അന്ന് അതൊരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തു. നമ്മളെ ഇടിച്ചുതാഴ്ത്താന്‍ അരെയും അനുവദിക്കരുത്. എന്റെ കൗമാരപ്രായത്തിലാണ് അച്ഛന്‍ മരിക്കുന്നത്. കുടുംബം നോക്കണ്ടേത് എന്റെ കടമയാണ്. ഞാനതിന് പ്രാധാന്യം കൊടുത്തു. നിങ്ങളുടെ ജീവിതത്തില്‍ എന്തിനാണോ പ്രാധാന്യം വേണമെന്ന് നിങ്ങള്‍ കരുതുന്നത് അതിനായി പ്രയത്നിക്കുക.

Manya
മന്യ ഭർത്താവിനും മകൾക്കുമൊപ്പം Photo | www.instagram.com/manya_naidu/?hl=en

ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മാത്തമാറ്റിക്സ്-സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദമെടുത്തത്. ഡിസ്റ്റിങ്ങ്ഷനോടെയാണ് പാസായത്. അതിനുശേഷം ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഓഡിറ്ററായി ജോലി നോക്കുന്നു. അതിനിടെ വിവാഹിതയായി. വികാസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. അദ്ദേഹം വാഷിങ്ടണിലാണ് ജോലി ചെയ്യുന്നത്. ഒരു മകളുണ്ട്. നാല് വയസുകാരി ഒമിഷ്‌ക എന്ന ഒമി. മാന്‍ഹട്ടനിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നത്. സന്തുഷ്ട ജീവിതം.

ജോക്കറിന്റെ 20 വര്‍ഷങ്ങള്‍, ഓര്‍മകള്‍

എന്റെ കരിയറിലെ വലിയ വിലപിടിപ്പുള്ള ഒന്നാണ് ജോക്കര്‍ എന്ന ചിത്രം. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് അങ്ങനെയൊരു സിനിമ സ്വപ്നം കാണാന്‍ പോലും സാധിക്കുന്നതല്ലായിരുന്നു. വലിയൊരു താരനിര. അതും പ്രഗത്ഭരായ, പ്രതിഭാധനരായ സീനിയര്‍ താരങ്ങള്‍, ലോഹി സാറിനെ പോലെ വലിയ സംവിധായകന്‍. ഞാന്‍ കേരളത്തിലെത്തുന്നതും ജോക്കറില്‍ അഭിനയിക്കുന്നതിനായിട്ടാണ്. മലയാളം തീരെ വശമുണ്ടായിരുന്നില്ല. മലയാള സിനിമയെക്കുറിച്ചും വലിയ ധാരണയില്ല. അത് സത്യത്തില്‍ ഒരു പ്ലസ് പോയിന്റ് കൂടിയായിരുന്നുട്ടോ. ഒന്നുമറിയാത്തത് കൊണ്ട് ടെന്‍ഷനും കുറവായിരുന്നു. രണ്ട് മാസത്തോളം സെറ്റില്‍ തന്നെയായിരുന്നു. ആദ്യമായി വീട് വിട്ടുനില്‍ക്കുകയാണ്. പക്ഷേ ആ സെറ്റ് ശരിക്കും ഒരു കുടംബം പോലെയായിരുന്നു. ദിലീപേട്ടന്‍, ബഹദൂര്‍ സര്‍, മാമുക്കോയ സര്‍, രാജു ചേട്ടന്‍, നിഷാന്ത് അങ്ങനെ എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണമൊക്കെ കഴിക്കും.

manya
ജോക്കർ എന്ന ചിത്രത്തിൽ നിന്ന് Photo | Mathrubhumi

അഭിനയം എന്തെന്ന് പഠിച്ചത് ജോക്കറിന്റെ സെറ്റില്‍ നിന്നാണ്. സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങുന്നതും. എനിക്കിപ്പോഴും ഓര്‍മയുണ്ട് അതിലൊരു സീനില്‍ ബഹദൂര്‍ സാറിനെ സിംഹത്തിന്റെ കൂട്ടില്‍ അടച്ചിട്ടിരുന്നു. ആ സീനില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ കരഞ്ഞ് പോയി. അത്രയ്ക്കും നാച്ചുറലായുള്ള അഭിനയമല്ലേ അദ്ദേഹത്തിന്റേത്.

ബ്ലെസി സാറായിരുന്നു ചിത്രത്തിലെ സഹസംവിധായകന്‍. അദ്ദേഹവും ഛായാഗ്രാഹകന്‍ വേണുഗോപാല്‍ സാറും ചേര്‍ന്നാണ് ജോക്കറിനായി ഹൈദരാബാദിലെത്തി എന്നെ കണ്ടുപിടിക്കുന്നത്. അവരോട് വലിയ കടപ്പാടുണ്ട്. എന്നെ മലയാളം ഓരോ വാക്കും ഡയലോഗും പഠിപ്പിച്ച് തന്നത് അവരാണ്. സത്യത്തില്‍ ജോക്കര്‍ എനിക്ക് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. സത്യത്തില്‍ ചിത്രത്തിലെ കമലയുടെ സ്വഭാവം തന്നെയാണ് എന്റേതും.

ദിലീപേട്ടനില്‍ തുടങ്ങി പൃഥ്വി വരെ; മലയാളത്തിലെ എന്റെ നായകന്മാര്‍

വളരെക്കുറച്ച് കാലമേ സിനിമയിലുണ്ടായിരുന്നുള്ളൂ എങ്കിലും മലയാളത്തിലെ ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും എനിക്ക് അഭിനയിക്കാനായി. ലാലേട്ടനൊപ്പം മാത്രമാണ് ഒരു സിനിമ ചെയ്യാന്‍ സാധിക്കാതെ പോയത്. ദിലീപേട്ടന്‍, ജയറാമേട്ടന്‍ എന്നിവരോടൊപ്പം മൂന്ന് ചിത്രങ്ങള്‍ ചെയ്തു. പിന്നെ മമ്മൂക്ക സുരേഷേട്ടന്‍, മുകേഷേട്ടന്‍, ലാല്‍ ചേട്ടന്‍. ഇവരോടൊപ്പമെല്ലാം അഭിനയിക്കാനായതില്‍ ഞാന്‍ ശരിക്കും അനുഗ്രഹീതയാണ്.

ജോക്കറില്‍ അഭിനയിക്കുന്ന സമയത്ത് ദിലീപേട്ടന്‍ ഒരു സൂപ്പര്‍താരം ആകുന്നതേയുണ്ടായിരുന്നുള്ളൂ. വളരെ നല്ല സൗഹൃദമായിരുന്നു ദിലീപേട്ടനുമായി. നല്ല രസകരമായാണ് ഷൂട്ടിങ്ങ് മുന്നോട്ട് പോയിരുന്നത്. കുഞ്ഞിക്കൂനനിലാണ് ദിലീപേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സൂപ്പര്‍താരമാണ്. മികച്ചൊരു നടനാണ് ദിലീപേട്ടന്‍. എനിക്കുറപ്പാണ് കുഞ്ഞിക്കൂനനിലെ ആ കൂനന്‍ കഥാപാത്രം ദിലീപേട്ടനോളം നന്നായി ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലെന്ന്.

ജയറാമേട്ടനൊപ്പമായിരുന്നു അടുത്ത ചിത്രം വക്കാലത്ത് നാരായണ്‍കുട്ടി. അതില്‍ അഭിനയിക്കാന്‍ വരുന്നതിന് മുമ്പ് ഞാനദ്ദേഹത്തെ കണ്ടിട്ടുള്ളത് തെനാലി സിനിമയിലാണ്. അന്ന് ആ സിനിമ കണ്ട് ഞാന്‍ ചിരിച്ചിട്ടുള്ളതിന് കയ്യും കണക്കുമില്ല. കമല്‍ഹാസനൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള വലിയൊരു താരമാണ് ജയറാമേട്ടന്‍ എന്ന ധാരണ വച്ചാണ് വക്കാലത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. എന്നാല്‍ എന്റെ ആശങ്കയൊക്കെ അസ്ഥാനത്തായി. സെറ്റിലും പുറത്തും വളരെ രസികനായൊരു വ്യക്തിയാണ് ജയറാമേട്ടന്‍. കുറേ നാളായി കാണാതിരുന്ന ഒരു സുഹൃത്തിനോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. അത്രയ്ക്ക് രസകരമായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള അഭിനയം. അദ്ദേഹത്തിനൊപ്പം വണ്‍ മാന്‍ ഷോ, നൈന എന്നൊരു തമിഴ് ചിത്രം കൂടിയും ചെയ്തു.

manya
മമ്മൂട്ടിയ്ക്കൊപ്പം മന്യ Photo |www.instagram.com/manya_naidu/?hl=en

മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത് രാക്ഷസരാജാവിലാണ്. നല്ല പേടിയായിരുന്നു. ആ സമയമായപ്പോഴേക്കും മലയാള സിനിമയെക്കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ സമയമായിരുന്നു. സത്യം പറഞ്ഞാല്‍ ആദ്യമായി മമ്മൂക്കയെ കണ്ടപ്പോള്‍ കണ്ണെടുക്കാനായില്ല. എത്ര സുന്ദരനാണ് അദ്ദേഹം. ഇത് വളരെ ചെറിയ കുട്ടിയാണല്ലോ എന്നാണ് എന്നെ കണ്ടയുടനേ അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്രായം തോന്നിപ്പിക്കാനായി എന്റെ കഥാപാത്രത്തിന് കണ്ണാടി ഇടീച്ചു. തടി തോന്നിക്കാനായി സാരിക്കടിയില്‍ രണ്ട് പെറ്റിക്കോട്ടൊക്കെയാണ് ഇട്ടിരുന്നത്.

മമ്മൂക്കയുടെ അടുത്ത് പോകാനും സംസാരിക്കാനുമൊക്കെ സത്യത്തില്‍ ഭയങ്കര പേടിയായിരുന്നു. പക്ഷേ എത്ര വിനയമുള്ള വ്യക്തിയാണെന്നോ അദ്ദേഹം. ഞാന്‍ ഒരു സസ്യഭുക്കാണ് എന്റെ അമ്മ നോണ്‍ വെജിറ്റേറിയനും അമ്മയ്ക്കായി മമ്മൂക്ക വീട്ടില്‍ നിന്ന് മീന്‍ കറിയൊക്കെ കൊണ്ടു വന്നു തന്നിരുന്നു. പിന്നീട് അപരിചിതനിലാണ് അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കുന്നത്.

Manya
ജയറാമിനൊപ്പം മന്യ Photo | Mathrubhumi

അതുപോലെ തന്നെയാണ് മുകേഷേട്ടന്‍, സുരേഷേട്ടന്‍ എന്നിവരോടൊപ്പം അഭിനയിച്ചതും. ശരിക്കും ഒരു കുടുംബസ്ഥനാണ് സുരേഷേട്ടന്‍. അദ്ദേഹത്തിന്റെ വീട്ടിലെല്ലാം പോയിട്ടുണ്ട്. ഭാര്യ രാധിക ചേച്ചിയും അദ്ദേഹത്തെ പോലെ തന്നെ വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയാണ്. സ്വപ്‌നക്കൂട് എന്ന ചിത്രത്തിലാണ് പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്. കമല്‍ സാറിന് വേണ്ടിയാണ് അദ്ദേഹം പറഞ്ഞതു കൊണ്ടാണ് ഞാന്‍ ആ ചിത്രം ചെയ്തത്. പൃഥ്വിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇവിടെ അമേരിക്കയിലെത്തിയ ശേഷവും ഞങ്ങള്‍ കോണ്ടാക്ടില്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അധികം കോണ്ടാക്ടില്ല. അതുപോലെ ജയസൂര്യ. ചാക്കോച്ചന്‍ എന്നിവരുമായുമെല്ലാം നല്ല സൗഹൃദമായിരുന്നു സെറ്റില്‍.

സംയുക്തയുടെ സൗഹൃദം, അച്ഛന്‍ തന്ന കൈനീട്ടം

സിനിമാരംഗത്തെ എന്റെ അടുത്ത സുഹൃത്താണ് സംയുക്ത. 2000 ല്‍ നടന്ന ആലുക്കാസ് ഫെയറി ടെയ്ല്‍ ഷോയില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അവളെ പോലൊരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരുപാട് സ്‌നേഹമുള്ള, സത്യസന്ധയായ, കലര്‍പ്പില്ലാത്ത, ആത്മാര്‍ഥതയുള്ള വളരെ സിമ്പിളായ ഒരു വ്യക്തി. ഞങ്ങള്‍ തമ്മില്‍ വളരെ നല്ലൊരു ഇക്വേഷന്‍ ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും വളരെ നല്ല ബന്ധമാണുള്ളത്. അവളുടെ അച്ഛനും അമ്മയും അനിയത്തി മാളുവുമായും (സംഘമിത്ര) എല്ലാം ഇന്നും അടുത്ത സ്‌നേഹബന്ധമാണ്. ആലുക്കാസ് ഷോയില്‍ വച്ചാണ് ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ വിഷു ആഘോഷിക്കുന്നത്. അന്ന് സംയുക്തയുടെ അച്ഛനാണ് എനിക്ക് ആദ്യമായി കൈനീട്ടം തരുന്നത്, അത് ഇന്നും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

manya
സംയുക്തയ്ക്കും മകനുമൊപ്പം മന്യ Photo | www.instagram.com/manya_naidu/?hl=en

ബലാത്സംഗങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതല്ല

ആദ്യമേ തന്നെ പറയട്ടെ, എനിക്ക് മലയാളം വായിക്കാനറിയില്ല. എല്ലാ ട്രോളുകളും ഞാന്‍ കണ്ടിട്ടില്ല. കുറേ മീമുകളെല്ലാം കണ്ടിരുന്നു. അതില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. ഉയിരിന്‍ ഉയിരേ എന്ന ഗാനം വച്ചുള്ള ഒരു ട്രോളാണ് ഞാന്‍ കണ്ടത് അതെനിക്ക് എന്റെ സുഹൃത്താണ് അയച്ചു തരുന്നത്. കണ്ടപ്പോള്‍ ആരോ ചെയ്ത ഒരു തമാശ അങ്ങനെയേ തോന്നിയുള്ളൂ. എന്റെ ഭര്‍ത്താവ് സിനിമാ മേഖലയുമായി ബന്ധമുള്ള ആളല്ല. ഈ ട്രോളുകളും മറ്റും അദ്ദേഹത്തിനും കുടുംബത്തിനും സുപരിചിതമായ കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കുടുംബത്തിനും വിഷമമാവരുത് എന്നെനിക്കുണ്ട്.

ഈ ട്രോളുകള്‍ എനിക്ക് മാറ്റാനാകില്ല, അതെന്റെ കയ്യിലല്ല. എന്റെ കുടുംബത്തെ ബാധിക്കാത്തിടത്തോളം എനിക്കതിനെ ഗൗരവമായി കാണാനാവില്ലല്ലോ.. റേപ്പ് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്, അതിനെ ആരും പിന്തുണയ്ക്കില്ല, പിന്തുണയ്ക്കപ്പെടാനും പാടില്ല. ഞാനൊരു സ്ത്രീയാണ്, എനിക്കൊരു മകളാണുള്ളത്. നമുക്കെല്ലാം ഒരു കുടുംബമുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗം പോലൊരു വിഷയം ലളിതമായി കാണേണ്ടതോ തമാശയാക്കേണ്ടതോ അല്ലെന്ന് നമുക്കറിയാം. ഒരിക്കലും ന്യായീകരിക്കപ്പെടേണ്ട ഒന്നല്ല അത്.

മെയില്‍ ഐഡിയിലെ ബിജെപി, രാഷ്ട്രീയ ബന്ധം ഇല്ലേ ഇല്ല

അയ്യോ എനിക്ക് രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ല. എന്റെ ഭര്‍ത്താവിന്റെ സര്‍നെയിം ആണ് ബാജ്‌പേയ് എന്നുള്ളത്. മന്യ ബാജ്‌പേയ് എന്ന പേരില്‍ മെയില്‍ ഐഡി തയ്യാറാക്കാന്‍ സാധിക്കാതിരുന്നതിനാലാണ് അത് ചെറുതാക്കി മന്യ ബിജെപി എന്ന പേരില്‍ ഐഡി തയ്യാറാക്കിയത്. ദയവായി അതില്‍ രാഷ്ട്രീയം കണ്ടെത്തരുതേ. ഇനി ഒരു തെറ്റിദ്ധാരണയ്ക്ക് ഇടയാവേണ്ട എന്ന് കരുതി ആ ഐഡി ഞാന്‍ മാറ്റിയിട്ടുണ്ട്. പിന്നെ പലര്‍ക്കുമുള്ള സംശയമാണ് എന്റെ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഒറിജിനലാണോ എന്നുള്ളത്. അതെന്റെ ഒറിജിനല്‍ അക്കൗണ്ട് ആണ്. അമേരിക്കയിലായത് കൊണ്ടും ഇവിടെ ഞാനൊരു സെലിബ്രിറ്റി അല്ലാത്തത് കൊണ്ടും അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അടുത്ത തവണ ഇന്ത്യയിലെത്തിയാല്‍ അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ നോക്കണം എന്നുണ്ട്.

ഈ സ്‌നേഹം മനസ് നിറക്കുന്നു

ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട് എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന്. എന്റെ സോഷ്യല്‍ മീഡിയയിലും കുറേ പേര്‍ മെസേജ് അയക്കാറുണ്ട് ഇക്കാര്യം പറഞ്ഞ്. സത്യത്തില്‍ അത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ എന്നെ ഓര്‍ക്കുന്നു ആ സ്‌നേഹം കിട്ടുന്നു. അതെല്ലാം വലിയ കാര്യങ്ങളാണ്. ഞാനതൊന്നും പ്രതീക്ഷിച്ചതല്ലായിരുന്നു. നല്ല വേഷം കിട്ടിയാല്‍ തീര്‍ച്ചയായും സിനിമയിലേക്ക് തിരിച്ചു വരണമെന്ന്് തന്നെയാണ് ആഗ്രഹം. ഇവിടെ നിന്ന് കേരളത്തിലെത്തി ഒരു സിനിമ ചെയ്യണമെങ്കില്‍ അത് അത്രയും നല്ല കഥാപാത്രമാവണ്ടേ..അങ്ങനെയൊരു ചിത്രം വന്നാല്‍ തീര്‍ച്ചയായും തിരിച്ചു വരും.

ന്യൂയോര്‍ക്കും കോവിഡും

ന്യൂയോര്‍ക്കിലാണ് ഞാന്‍ താമസിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ വര്‍ക്ക് ഫ്രം ഹോം ആണ്. ബോംബെ പോലൊരു നഗരമാണ് ന്യൂയോര്‍ക്ക്. ചെറിയ ഏരിയ ആണ് എന്നാല്‍ ജനസംഘ്യ കൂടുതലും. മാര്‍ച്ച് മുതല്‍ ജൂലൈ വരെ ഇവിടെ ലോക്ഡൗണ്‍ ആയിരുന്നു. ഭീകരമായ അവസ്ഥയായിരുന്നു അന്നൊക്കെ, രോഗികള്‍ കൂടുന്നു മരണസംഖ്യ കൈവിട്ട് പോകുന്നു, ഹോസ്പിറ്റലുകളിലൊന്നും റൂമുകളില്ല, മോര്‍ച്ചറിയില്‍ സ്ഥലമില്ല, ഉറ്റവര്‍ക്ക് മരിച്ചവരെ കാണാന്‍ പോലുമുള്ള സാഹചര്യമില്ല. ശരിക്കും ഭയാനകമായ അവസ്ഥ.

വികാസിന് ജോലി വാഷിങ്ടണിലാണ്. ഇവിടെ എനിക്കും മകള്‍ക്കുമൊപ്പം അമ്മയുണ്ട്. മോളെ നോക്കാന്‍ ഒരു നാനി ഉണ്ടായിരുന്നു. ലോക്ഡൗണ്‍ ആയതോടെ അവരോട് വരേണ്ടയെന്ന് പറഞ്ഞു. അത് സുരക്ഷിതമല്ലല്ലോ. അമ്മയ്ക്ക് വയ്യാത്തതാണ്. രണ്ട് കിഡ്‌നിയും പോയിരിക്കുകയാണ്. ഡയാലിസിസ് ചെയ്താണ് പിടിച്ചുനില്‍ക്കുന്നത്. അമ്മ ഒരു ഹൃദ്രോഗി കൂടിയാണ്. ഇക്കഴിഞ്ഞ ആറ് മാസവും പേടിച്ച് പേടിച്ചാണ് കഴിഞ്ഞിരുന്നത്. ഒറ്റയ്ക്ക് മോളുടെ കാര്യങ്ങളുള്‍പ്പടെ നോക്കിയിരുന്നത്.

manya
മന്യ അമ്മയ്ക്കും മകൾ ഒമിയ്ക്കുമൊപ്പം Photo | www.instagram.com/manya_naidu/?hl=en

ആഗസ്‌റ്റോടെ കാര്യങ്ങള്‍ കുറച്ച് ഭേദമായിട്ടുണ്ട്. ഔട്ട്‌സൈഡ് റെസ്റ്റോറന്റുകള്‍ തുറന്ന് തുടങ്ങി, പക്ഷേ സ്‌കൂളുകള്‍ ഈ വര്‍ഷം തുറക്കില്ല. ഒമിക്ക് ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. പക്ഷേ അവള്‍ക്കിഷ്ടമല്ല, കുഞ്ഞു പ്രായമല്ലേ ആക്ടീവാണ് ആള്‍. അടങ്ങിയിരിക്കാന്‍ മടിയാണ്. അവള്‍ പക്ഷേ ഈ സാഹചര്യത്തില്‍ ഭയങ്കര ഹാപ്പിയാണ് . കാരണം അമ്മ എപ്പോഴും വീട്ടിലുണ്ടല്ലോ.വാരാന്ത്യങ്ങളില്‍ അവളെ പുറത്ത് കൊണ്ടു പോകാറുണ്ട്. പാര്‍ക്കിലൊക്കെ പോവുമ്പോള്‍ ആരെങ്കിലും മാസ്‌കിടാതെ ഇരിക്കുന്നത് കണ്ടാല്‍ ഇവള്‍ വഴക്ക് പറയും. കൊറോണയാണ് മാസ്‌ക് ധരിക്കൂ എന്ന് പറഞ്ഞ്. ഇവളീ പറയുന്ന കേട്ട് ആളുകളെന്ത് കരുതും എന്നാണ് എന്റെ പേടി. ആദ്യമായി അവളെ മാസ്‌ക് ധരിപ്പിക്കുന്ന സമയത്ത് പറഞ്ഞ് കൊടുത്ത കാര്യങ്ങളില്‍ നിന്ന് അവള്‍ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ട്. അല്ലെങ്കിലും കുഞ്ഞുങ്ങള്‍ അതെല്ലാം കാര്യമായി തന്നെയാണ് എടുത്തിരിക്കുന്നത്. എന്നിട്ടും മുതിര്‍ന്നവര്‍ക്കിപ്പോഴും അനാസ്ഥയാണ് എല്ലാ കാര്യങ്ങളിലും.

സത്യത്തില്‍ ഈ സെപ്റ്റംബറിൽ നാട്ടില്‍ വരാനിരുന്നതാണ്. കൊറോണ എല്ലാ പ്ലാനും നശിപ്പിച്ചു. ഇവിടെ ലീവെല്ലാം നേരത്തെ കൊടുക്കണം. അങ്ങനെ മൂന്ന് ആഴ്ച്ചത്തെ ലീവില്‍ ഇന്ത്യയിലെത്തണം എന്ന് കരുതിയിരുന്നതാണ്. ഹൈദരാബാദ്, ബെംഗളൂരു, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ പോകാനായിരുന്നു പ്ലാന്‍. ഹൈദരാബാദ് എന്റെ സ്വദേശമാണ്, ബാംഗ്ലൂരില്‍ എനിക്ക് കുറേ സുഹൃത്തുക്കളുണ്ട്. പിന്നെ തൃശ്ശൂരിൽ പോയി സംയുക്തയെയും കുടുംബത്തെയും കാണണം. എല്ലാ പ്ലാനും കൊറോണ കൊണ്ടുപോയി. ഇനി എന്നാണ് നാട്ടിലേക്ക് യാത്ര എന്നറിയില്ല. അതിനായി കാത്തിരിക്കുകയാണ്.

Content Highlights : Actress Manya Interview Joker Kunjikoonan Trolls Dileep Mammootty Jayaram Samyuktha Varma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented