'സുകുമാരന്റെ അനിയന്‍ അങ്ങാടിക്ക് പോണുണ്ടോ? എനിക്കിത്തിരി പൊകല വേണ്ട്യേര്‍ന്നു..'  ഈ പുഴയും കടന്ന് കണ്ടവര്‍ നരച്ച മുടിയും വള്ളുവനാടന്‍ നാട്ടുമ്പുറങ്ങളില്‍ കേള്‍ക്കുന്ന സംസാരവുമുള്ള ആ മുത്തശ്ശിയെ മലയാളിക്ക് മറക്കാനാകില്ല. ലക്ഷ്മി കൃഷ്ണമൂര്‍ത്തി എന്നാല്‍ മനസില്‍ തൊടുന്ന ഇങ്ങനെ ചില അഭിനയ മുഹൂര്‍ത്തങ്ങളാണ് ഓര്‍മ്മ വരിക..തൊണ്ണൂറുകളിലെ സിനിമകളില്‍ പലതിലും മുത്തശ്ശിയായി വന്നിരുന്ന ഓമനത്തമുള്ള മുഖമാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തിയുടേത്.

ananthabhadram
അനന്തഭദ്രം എന്ന ചിത്രത്തില്‍ നിന്നും

ചെറുപ്പകാലത്തൊന്നും സിനിമയില്‍ അഭിനയിച്ചിട്ടില്ല. തന്റെ നരച്ച തലമുടി കണ്ടാവാം കൂടുതലും അമ്മ, മുത്തശ്ശി റോളുമാണ് തന്നെ തേടി വന്നിരിക്കുന്നതെന്നും ലക്ഷ്മിചേച്ചി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ സംസാര ശൈലിയെയും ശബ്ദത്തെയും സംബന്ധിച്ച് ഏറെ പ്രശംസ നേടിയിട്ടുണ്ടെന്നും അവര്‍ തുറന്നു പറയാറുണ്ട്.

കോഴിക്കോട് ചാലപ്പുറത്ത് ചെങ്കളത്ത് ദേവകി അമ്മയുടേയും മുല്ലശ്ശേരി ഗോവിന്ദമേനോന്‍ന്റേയും മകളായി ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജിലെ ബിരുദസമയത്തു തന്നെ കോഴിക്കോട് ആകാശവാണിയില്‍ പരിപാടികളവതരിപ്പിച്ചു തുടങ്ങിയിരുന്നു. അവിടെ നിന്നാണ് സിനിമാഭിനയരംഗത്തേക്ക് വരുന്നത്. ഹരിഹരന്‍, ജി അരവിന്ദന്‍, ടിവി ചന്ദ്രന്‍ തുടങ്ങി പ്രമുഖ സംവിധായകരുടെയെല്ലാം സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിത്തന്നെ അവര്‍ കരുതിപ്പോന്നിരുന്നു. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പിറന്ന പിറവിയാണ് അവരെ ഏറെ പ്രശസ്തയാക്കിയ സിനിമയെന്നു പറയാം. മുന്‍കാലനടനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പ്രേംജിക്കൊപ്പമാണ് അന്നതില്‍ അഭിനയിച്ചത്. തമിഴില്‍ ആറു ദേശീയ അവാര്‍ഡികള്‍ സ്വന്തമാക്കിയ മണിരത്‌നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലും ഈ മുത്തശ്ശിയുണ്ടായിരുന്നു. 

ee puzhayum kadannu
ചിത്രം : ഈ പുഴയും കടന്ന്‌

മലയാളത്തിലെ ആദ്യ ന്യൂസ് റീഡറായി അവര്‍ ഡല്‍ഹി ആകാശവാണിയില്‍ തിളങ്ങി. തന്റെ അഭിനയത്തേക്കാളേറെ ശബ്ദം ഇഷ്ടപ്പെട്ടിരുന്ന അവര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവ് തെളിയിച്ചിട്ടുണ്ട. എം ടിയുടെ കഥകള്‍ സീരിയലുകളായി ദൂരദര്‍ശനില്‍ വന്നിരുന്ന കാലത്ത് അതിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മധു മോഹനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുപതോളം ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ഈ പുഴയും കടന്നിലെ മുത്തശ്ശിയും ഉദ്യാനപാലകനിലെ കുട്ടിമാളു അമ്മയുമാണ് മലയാളികളുടെ മനസിലെ മുത്തശ്ശി സങ്കല്‍പങ്ങളില്‍ ഇന്നും മാറ്റു കുറയാതെ നില നില്‍ക്കുന്നത്.

before the rains
ബിഫോര്‍ ദ റെയിന്‍സ് എന്ന ഹിന്ദി ചിത്രത്തില്‍ നിന്നും