അനിഖാ സുരേന്ദ്രൻ | ഫോട്ടോ: അരുൺ പയ്യടിമീത്തൽ | മാതൃഭൂമി
പതിനഞ്ചുവർഷം കഴിഞ്ഞു അനിഖ സുരേന്ദ്രൻ സിനിമയിലെത്തിയിട്ട്. ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ മകളായി ഒന്നരവയസ്സിൽ അരങ്ങേറ്റം. ഏതാനും നിമിഷംമാത്രമുള്ള സീൻ. എന്നാൽ, അതിനുശേഷം അനിഖയെ കാത്തിരുന്നത് കുറേ നല്ല റോളുകളായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്കാരവും അവളെത്തേടിയെത്തി. മലയാളത്തിലും തമിഴിലുമായി ആ പെൺകുട്ടി പാറിനടന്നു. മലയാളത്തിൽ മമ്മൂട്ടിയുടെയും നയൻതാരയുടെയും തമിഴിൽ അജിത്ത് കുമാറിന്റെയും മകളായി. സിനിമയിലായിരുന്നു പിച്ചവെച്ചതും വളർന്നതുമെല്ലാം. പ്രേക്ഷകർ സ്നേഹത്തോടെ, ബേബി അനിഖ എന്നുവിളിച്ചു.
മലയാളവും തമിഴും കടന്ന് അനിഖ തെലുങ്കിലെത്തിയത് കഴിഞ്ഞവർഷമാണ്. ശ്രദ്ധേയമായ രണ്ടു ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിലൊന്നിൽ ആദ്യമായി നായികയാവുകയും ചെയ്തു. ഇപ്പോൾ മലയാളസിനിമയിലും അനിഖ നായികാവേഷത്തിൽ അഭിനയിച്ചുകഴിഞ്ഞു. ഓ മൈ ഡാർലിങ് എന്ന സിനിമയിലാണ് അനിഖ നായികയായി മാറിയത്. ആഷ്‌ട്രീ വെൻച്വേഴ്സിന്റെ ബാനറിൽ, മനോജ് ശ്രീകണ്ഠ നിർമിച്ച സിനിമ സംവിധാനംചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി. സാമുവലാണ്. മുകേഷ്, വിജയരാഘവൻ, മഞ്ജു പിള്ള, ലെന, ജോണി ആന്റണി, മെൽവിൻ ബാബു തുടങ്ങിയവരും മറ്റു പ്രധാനവേഷങ്ങളിലുണ്ട്. പ്രണയത്തിന്റെ മറ്റൊരു രസമുള്ള കഥയുമായാണ് സിനിമ തിയേറ്ററിലെത്തിയത്.
ഓ മൈ ഡാർലിങ് സിനിമയിലൂടെ നായികയായി മലയാളത്തിലേക്ക് ചുവടുവെക്കുകയാണ്. പുതിയ സന്തോഷങ്ങൾ...
2007-ലാണ് ഛോട്ടാ മുംബൈ ഇറങ്ങിയത്. മൂന്നുവർഷത്തിനുശേഷം കഥ തുടരുന്നു എന്ന സിനിമയിൽ മുഴുനീള റോൾ കിട്ടി. പിന്നെയങ്ങോട്ട് കുറെ സിനിമകളിൽ ബാലതാരമായി. അതിനിടയിൽ അഞ്ചു സുന്ദരികൾ’എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്കാരവും ലഭിച്ചു. ഞാനൊരു പ്രായംവരെ അഭിനയിക്കും, അതിനുശേഷം ബ്രേക്ക് എടുക്കുമെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. പക്ഷേ, ഇടയ്ക്കിടയ്ക്ക് സിനിമ കിട്ടിക്കൊണ്ടേയിരുന്നു. സിനിമയിൽത്തന്നെയായിരുന്നു ഞാൻ വളർന്നത്. അതുകൊണ്ട് നായികയാവുമ്പോഴും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല.
കൊറിയൻ പശ്ചാത്തലത്തിലുള്ളൊരു മലയാളസിനിമ ആദ്യമായാണല്ലോ തിയേറ്ററിലെത്തിയത്
കെ-ഡ്രാമകളും മറ്റും ഒരുപാടിഷ്ടമുള്ളയാളാണ് ജെനി എന്ന ഇതിലെ നായിക. കൊറിയൻ രീതിയിൽത്തന്നെയാണ് അവളുടെ വസ്ത്രധാരണവും ഭക്ഷണവുമെല്ലാം. ഇടയ്ക്ക് കൊറിയൻ ഭാഷ സംസാരിക്കുകയും ചെയ്യും. നായികയെ പ്ലേസ് ചെയ്യാനുള്ളൊരു കാര്യംമാത്രമാണ് കെ-ഡ്രാമയൊക്കെ. ശരിക്കും ഈ പെൺകുട്ടിയുടെ പെരുമാറ്റരീതികളെക്കുറിച്ചും അതിന്റെ കാരണങ്ങളുമാണ് സിനിമ പ്രധാനമായും പറയുന്നത്.
സിനിമയിലെ ലിപ്‌ലോക്കും റൊമാൻസും ട്രെയിലർ ഇറങ്ങിയപ്പോൾതന്നെ ചർച്ചയായിരുന്നല്ലോ
ഷൂട്ടിങ് തുടങ്ങുമ്പോൾതന്നെ സംവിധായകൻ പറഞ്ഞിരുന്നു, നിങ്ങളെങ്ങനെയാണോ യഥാർഥജീവിതത്തിൽ, അതുപോലെത്തന്നെ മതിയെന്ന്. ഒരു പതിനെട്ടുകാരിയുടെ ഉള്ളിലെ റൊമാൻസ് എന്താണോ, അതാണ് ഞാൻ ചെയ്തത്. ആദ്യമായി ക്യാമറയ്ക്കുമുമ്പിൽ റൊമാൻസ് അഭിനയിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീടതൊക്കെ മാറി.
കഴിഞ്ഞവർഷം അടിപൊളിയായിരുന്നല്ലോ. തെലുങ്കിൽ ആദ്യസിനിമ ചെയ്തു. പിന്നെ നായികയായി. എങ്ങനെയുണ്ടായിരുന്നു അനുഭവം?
ആദ്യസിനിമ നാഗാർജുന സാറിന്റേതായിരുന്നു. അതിനുവേണ്ടി ഓൺലൈനായി തെലുങ്ക് പഠിച്ചു. പിന്നെ ചെറിയ ആക്ടിങ് വർക്‌ഷോപ്പുമുണ്ടായിരുന്നു. രണ്ടാമത്തെ സിനിമ കപ്പേളയുടെ റീമേക്കായിരുന്നു. അതിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണ്. വേറെത്തന്നെയൊരു ലോകമാണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രി.
Content Highlights: actress anikha surendran interview, oh my darling movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..