ഇനിയെനിക്ക് ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി പോയി ചാൻസ് ചോദിക്കാം -വിഷ്ണു വിനയ്


അഞ്ജയ് ദാസ്. എൻ.ടി

കണ്ണൻ കുറുപ്പ് തനിക്ക് എത്രമാത്രം ആത്മവിശ്വാസം നൽകിയെന്നും പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പിന്നിലെ അധ്വാനത്തേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിഷ്ണു.

INTERVIEW

വിഷ്ണു വിനയ് | ഫോട്ടോ: www.facebook.com/nomorevishnu/photos

സംവിധായകൻ വിനയന്റെ മകൻ എന്നതായിരുന്നു വിഷ്ണു വിനയിന്റെ ഇതുവരെയുള്ള മേൽവിലാസം. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ കണ്ണൻ കുറുപ്പിലൂടെ ആ മേൽവിലാസം തിരുത്തിക്കുറിക്കുകയാണ് വിഷ്ണു. അച്ഛന്റെ സഹായിയായി ജോലി ചെയ്യവേ യാദൃച്ഛികമായി തന്നെ തേടിയെത്തിയതാണ് ഈ കഥാപാത്രമെന്ന് പറയുകയാണ് ഈ യുവതാരം. കണ്ണൻ കുറുപ്പ് തനിക്ക് എത്രമാത്രം ആത്മവിശ്വാസം നൽകിയെന്നും പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പിന്നിലെ അധ്വാനത്തേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വിഷ്ണു.

യാദൃശ്ചികമായി വന്ന കണ്ണൻ കുറുപ്പ്

കണ്ണൻ കുറുപ്പ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 2019-ലാണ് അച്ഛൻ ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്. തിരക്കഥ ടൈപ്പ് ചെയ്യലായിരുന്നു എന്റെ ജോലി. ഞാൻ പടത്തിൽ ഉടനീളം അച്ഛനെ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 2020 ഫെബ്രുവരിയിലാണ് നിർമാതാവിനെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചുകേൾപ്പിക്കുന്നതും സിനിമ ചെയ്യാമെന്ന് തീരുമാനമാവുന്നതും. അതുകഴിഞ്ഞിട്ടാണ് അച്ഛൻ എന്നോട് ഈ കഥാപാത്രം ഞാൻ ചെയ്യണമെന്ന് പറഞ്ഞത്. ഈ പടത്തിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും ചോദിക്കാൻ പേടിയായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് ​ഗ്രാഫുള്ള കഥാപാത്രമാണ് കണ്ണൻ കുറുപ്പ്. ഈ കഥാപാത്രത്തിന്റെ ഘടന മാറുന്നുണ്ട്. എനിക്ക് നല്ല താത്പര്യമുള്ള കഥാപാത്രമായിരുന്നു. ക്യാമറാമാൻ ഷാജിയേട്ടനോടൊക്കെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുക്കുന്നത്. നിർമാതാവിനോട് ചോദിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു.

ഒരു കഥാപാത്രം, ഒരുപാട് തയ്യാറെടുപ്പുകറൾ

2020 ജൂണിലാണ് പ്രൊഡക്ഷന്റെ കാര്യത്തിൽ അന്തിമതീരുമാനമാവുന്നത്. ഞാനും സിജുവും കൂടി തയ്യാറെടുപ്പുകൾ തുടങ്ങുമ്പോഴേക്കും പ്രീപ്രൊഡക്ഷൻ ജോലികളൊക്കെ തീർന്നിരുന്നു. വേലായുധപ്പണിക്കർക്ക് വേണ്ടുന്ന ശാരീരിക മാറ്റങ്ങളോ ഒന്നും കണ്ണൻ കുറുപ്പിനില്ല. സിജു കളരി പഠിക്കാനൊക്കെ പോകുമ്പോൾ ഞാനും ആ കൂട്ടത്തിൽ പോകും. കുതിര സവാരിയൊക്കെ ആ സമയത്താണ് പഠിച്ചത്. സിജുവിന്റെ കൂടെയുള്ള ഈ തയ്യാറെടുപ്പുകൾ ശരിക്ക് ​ഗുണംചെയ്തു. എപ്പോഴും സിനിമയേക്കുറിച്ച് ചർച്ച ചെയ്യും, തിരക്കഥ വായിക്കും. നാലഞ്ച് മാസം ഇത് തന്നെയായിരുന്നു പരിപാടി. കോവിഡിന്റെ മൂർധന്യാവസ്ഥയായിരുന്നു അപ്പോൾ. എന്റെ കരിയറിൽ ഒരു കഥാപാത്രം ചെയ്യാൻ ഇത്രയും തയ്യാറെ‌ടുപ്പുകൾ നടത്തുന്നത് ഇതാദ്യമായാണ്.

വിഷ്ണു വിനയ്. വിനയൻ, സെന്തിൽകൃഷ്ണ | ഫോട്ടോ: www.facebook.com/nomorevishnu/photos

കുതിരപ്പുറത്ത് നിന്ന് വീണു, ഒരുമാസം കിടപ്പിലായി

സംഘട്ടനരം​ഗത്തിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല. പക്ഷേ റോപ്പും കാര്യങ്ങളും ഉപയോ​ഗിച്ചിരുന്നു. സിജുവിനൊപ്പം കുതിര സവാരി പഠിക്കാൻ പോയെന്ന് പറഞ്ഞല്ലോ. അതിലെ ഒരും രം​ഗം ചിത്രീകരിക്കുന്നതിനിടെ ഞാൻ കുതിരപ്പുറത്തുനിന്ന് വീണു. കുതിര വേ​ഗത്തിലോടിയപ്പോൾ എനിക്ക് നിയന്ത്രണംകിട്ടിയില്ല. പുറം തല്ലിയാണ് വിണത്. കാലിനായിരുന്നു പരിക്ക്. ഷോട്ട് ഒരു പ്രാവശ്യംകൂടി എടുത്തിട്ടാണ് നിർത്തിയത്. പക്ഷേ അതുകഴിഞ്ഞ് ഒരുമാസം ഞാൻ കിടപ്പിലായിരുന്നു. ഭാ​ഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ചിത്രീകരണം മുടങ്ങിപ്പോവുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.

അച്ഛന്റെ സഹായിയായി തുടക്കം

പഠനമൊക്കെ കഴിഞ്ഞിരിക്കുന്ന സമയം. അച്ഛന്റെ സിനിമകളുടെ നിർമാണവും വിതരണവുമെല്ലാം അച്ഛൻ തന്നെയായിരുന്നു. ഞാനാണ് വീട്ടിലിരുന്ന് ഓഫീസ് സംബന്ധമായ കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. ആകാശ​ഗം​ഗ 2-ൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ഈ സിനിമയിൽ മലയാളത്തിൽ ജനപ്രീതിയുള്ള ഒരാളെയായിരുന്നു അച്ഛൻ നായകനായി ഉദ്ദേശിച്ചിരുന്നത്. പക്ഷേ അത് നട‌ന്നില്ല. അവസാനനിമിഷമാണ് ആ കഥാപാത്രം എന്റെയടുത്തേക്ക് വരുന്നത്. പിന്നെ അത് ഹീറോയ്ക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നുമില്ലല്ലോ. അതുകൊണ്ട് അക്കാര്യത്തിൽ അച്ഛന് ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇത് അങ്ങനെയല്ലല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിലേത് കാമ്പുള്ള കഥാപാത്രമാണ്. അത് ചെയ്യാനുള്ള അനുഭവസമ്പത്ത് എനിക്കുണ്ടോയെന്ന് സംശയമായിരുന്നു. മൂന്ന് വർഷം വേറൊരു പരിപാടിക്കും പോകാതെ ഈ സിനിമയ്ക്കൊപ്പം നിന്നു എന്ന അനുഭവം മാത്രമേയുള്ളൂ. അസിസ്റ്റന്റ് ഡയറക്ടറായും ഡയറക്ടേഴ്സ് അസിസ്റ്റന്റായും പ്രൊഡക്ഷന്റെ കാര്യമൊക്കെയായി കുറേ കൊല്ലമായി അച്ഛന്റെ കൂടെത്തന്നെയുണ്ട്.

വിഷ്ണു വിനയ് കുടുംബത്തിനൊപ്പം | ഫോട്ടോ: മാതൃഭൂമി

പല ​ഗ്രാഫുകളുള്ള കഥാപാത്രം

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കുറേ കഥാപാത്രങ്ങളുണ്ട്. കഥ മുന്നോട്ട് പോകണമെങ്കിൽ സ്വാഭാവികമായും കുറേ കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടിവരും. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാര്യമെടുത്താൽ ആ വ്യക്തിയെ എടുത്ത് രൂപമാറ്റം വരുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ചരിത്രകഥാപാത്രങ്ങൾക്കെല്ലാം മാറ്റമില്ലാത്ത അവസ്ഥയാണ് നൽകിയിരിക്കുന്നത്. അതിൽ കണ്ണൻ കുറുപ്പാണ് പല ​ഗ്രാഫുകളിലൂടെ സഞ്ചരിക്കുന്നത്. ആ കഥാപാത്രം പക്ഷേ മുൻകൂട്ടി ആലോചിച്ച് തയ്യാറാക്കിയതൊന്നുമല്ല. എഴുതിവന്നപ്പോൾ വന്ന കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

വേലായുധപ്പണിക്കരായി ആദ്യം ആലോചിച്ചത് യുവ സൂപ്പർതാരങ്ങളെ

ഈ സിനിമ ചെയ്യാൻ ​ഗോകുലം മൂവീസ് സമ്മതിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ഇത്രയും വലിയ ബഡ്ജറ്റുള്ള പടമാണ്. ഒരു താരവും ആലോചനയിലുണ്ടായിരുന്നില്ല. ഇഷ്ടമുള്ള നടനെ വെച്ച് ചെയ്തോളൂ എന്നാണവർ അച്ഛനോട് പറഞ്ഞത്. അതുതന്നെയാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ സൗഭാ​ഗ്യം. കൃത്യസമയത്ത് തന്നെ തിരക്കഥ കേൾപ്പിച്ചിരുന്നു. പിന്നെ ഒന്ന് രണ്ട് നടന്മാരുടെയടുത്ത് തിരക്കഥ പറഞ്ഞിരുന്നു. അവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ആ സമയത്ത് ചെയ്യാൻ സാ​ഹചര്യമുണ്ടായിരുന്നില്ല. പിന്നെയും ഒന്നൊന്നര വർഷം കാത്തിരിക്കണമായിരുന്നു. ഇക്കാര്യം നിർമാതാക്കളോട് പറഞ്ഞപ്പോൾ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞത്. അങ്ങനെയാണ് സിജു സിനിമയിലേക്ക് വരുന്നത്. നട‌നെ കയ്യിൽക്കിട്ടിയ ശേഷമാണ് അച്ഛൻ സിനിമയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നത്.

കോവിഡ് തീർത്ത വെല്ലുവിളികൾ

സിജുവിന് വോയ്സ് ട്രെയിനിങ് ഉണ്ടായിരുന്നു. അദ്ദേഹം ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിലേതുപോലുള്ള സംസാരരീതിയല്ല ഈ സിനിമയിൽ. കോവിഡിന്റെ സമയം ആയതിനാൽ വേറെ ഒന്നിലേക്കും ശ്രദ്ധപോയതുമില്ല. 2020 ഓ​ഗസ്റ്റിൽ പരിശീലനം തുടങ്ങിയി‌ട്ട് മൂന്ന് മാസത്തോളം അത് തുടർന്നു. സിനിമയുടെ ലൊക്കേഷൻ ഹണ്ടിലും ഞാൻ ഭാ​ഗമായിരുന്നു. അങ്ങനെയുള്ള ഒരു യാത്രയ്ക്കിടെ ഞങ്ങൾക്കെല്ലാവർക്കും കോവിഡ് വന്നു. ഞാൻ കോവിഡ് കോണ്ടുപോയി സിജുവിനും കൊടുത്തു. അങ്ങനെ ഒന്നരമാസം ട്രെയിനിങ് നിലച്ചു. പിന്നെ ഷൂട്ടിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു. പക്ഷേ ആരുടേയും ഡേറ്റ് പ്രശ്നമൊന്നും വന്നില്ല. എല്ലാവരും കോവിഡ് കാരണം കുടുങ്ങിയിരിക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഷൂട്ടിങ് തുടങ്ങിയത്. പക്ഷേ മേയിൽ കോവിഡ് രൂക്ഷമായി അഞ്ചാറ് മാസം ചിത്രീകരണമൊന്നും നടന്നില്ല. പിന്നെ നവംബറിലാണ് ഷൂട്ടിങ് ന‌ടത്തിയത്. അതുവരെ എല്ലാവരും സിനിമയുമായി സഹകരിച്ചു.

വിനയൻ | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

സിജുവിന് വഴിത്തിരിവായത് 'വരനെ ആവശ്യമുണ്ട്'

ഇപ്പോഴത്തെ യുവസൂപ്പർതാരങ്ങളെ വെച്ച് ചെയ്യാൻ സമയമെടുക്കും എന്ന് മനസിലായതോടെയാണ് അച്ഛൻ സിജുവിലേക്കെത്തുന്നത്. ഇത്രയും ബഡ്ജറ്റുള്ള പടമായതുകൊണ്ട് ഒരു പുതുമുഖത്തെ വെച്ച് ചെയ്യുന്നത് റിസ്കാണ്. ചെയ്യാൻ കഴിയും എന്ന് തോന്നുന്ന പല നടന്മാരേയും അച്ഛൻ നോക്കി. ഇതിനിടെ സിജുവിന്റെ ചില ചിത്രങ്ങൾ അച്ഛന് ഇഷ്ടപ്പെട്ടു. ആ സമയത്ത് സിജുവിന്റേതായി ഒടുവിൽ ഇറങ്ങിയത് എ.കെ. സാജന്റെ നീയും ഞാനും എന്ന പടമായിരുന്നു. അന്വേഷിച്ചപ്പോൾ സാജൻ ചേട്ടൻ സിജുവിനേക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. സിജുവിനെ വിളിക്കുന്നതിന് മുമ്പ് യാദൃഛികമായി ഞങ്ങളെല്ലാവരുംകൂടി വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ടു. അതിൽ അതിഥിവേഷത്തിൽ സിജുവെത്തുന്നുണ്ട്. അതിലെ സിജുവിന്റെ രൂപം അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. പടം കഴിഞ്ഞുവന്ന് നമ്മുടെ ഡിസൈനറേക്കൊണ്ട് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രൂപത്തിൽ സിജുവിനെ ഉണ്ടാക്കിച്ചു. അതിൽ കുഴപ്പമില്ലെന്ന് തോന്നിയിട്ടാണ് പിന്നെ അദ്ദേഹത്തെ വിളിക്കുന്നത്. സിജുവിനെ നേരിട്ടുകണ്ടപ്പോഴും കാര്യങ്ങൾ തീരുമാനിച്ചിരുന്നില്ല. വേറെ ഒരാൾക്ക് വേണ്ടിയുള്ള അന്വേഷണം പലവഴി നടത്തുന്നുണ്ടായിരുന്നു. പിന്നെ മൂന്ന് നാല് മാസംകഴിഞ്ഞിട്ടാണ് കറങ്ങിത്തിരിഞ്ഞ് സിജുവിൽത്തന്നെ ആ കഥാപാത്രം എത്തുന്നത്.

ഫ്രെയിമുകൾ നിറച്ച ജൂനിയർ ആർട്ടിസ്റ്റുകൾ

സാധാരണ നമ്മൾ ഒരു സ്ഥലത്ത് പല സെറ്റുകളിട്ട് ചിത്രീകരിക്കുകയായിരുന്നു പതിവ്. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ എല്ലാം വെവ്വേറെ സ്ഥലങ്ങളിലായിട്ടായിരുന്നു. പിന്നെ കാര്യമായി കമ്പ്യൂട്ടർ ​ഗ്രാഫിക്സും ഉപയോ​ഗിച്ചിട്ടില്ല. ഇതൊരു സമരത്തിന്റെ കഥയാണ്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ടിവരും. പിന്നെ അന്നത്തെ കാലത്തെ തനത് കോസ്റ്റ്യൂമിട്ട് വേണമല്ലോ അഭിനയിക്കാൻ. അപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളെ റിക്രൂട്ട് ചെയ്യുമ്പോൾത്തന്നെ ഏത് തരത്തിലുള്ള വേഷമാണ് ധരിക്കേണ്ടിവരികയെന്ന് പറഞ്ഞുകൊടുത്തിരുന്നു. രണ്ടും മൂന്നും ദിവസം വെയിലത്തൊക്കെയാണ് ഇവർ നിൽക്കുക. ​ഗോകുലം മൂവീസം ആയതുകൊണ്ട് മാത്രമാണ് ഫണ്ടിന്റെ കാര്യത്തിലൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരുന്നത്.

ഇനി ധൈര്യമായി ചാൻസ് ചോദിച്ച് പോകും

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥാപാത്രം ചെയ്തിട്ട് ഇത്രയും ശ്രദ്ധകിട്ടുന്നത്. അഭിനയം തുടരാമെന്ന് ആത്മവിശ്വാസം വരുന്നത് ഇപ്പോഴാണ്. ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാൻ പോന്ന കഥാപാത്രം ഇപ്പോൾ കിട്ടി. കൂടുതൽ ചാൻസ് തേടിപ്പോകാൻ തന്നെയാണ് തീരുമാനം.

Content Highlights: actor vishnu vinay interview, pathonpatham noottandu movie, siju wilson and vinayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented