രിക്കൽ ഷൊർണൂരിൽ ഒരു സിനിമാ ഷൂട്ടിങ് നടക്കുകയാണ്. ഞാനും ഒരു കൊച്ചുവേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്ന്ദിവസമായി തുടർച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നു. മൂന്നാംദിവസം ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ്‌ ഞാൻ പ്രൊഡക്‌ഷൻ കൺട്രോളറോട് പറഞ്ഞു, "ഇന്ന് എന്നെ ഉച്ചയ്ക്ക് മുൻപേ രക്ഷപ്പെടുത്തിത്തരണം". ഷൂട്ടിങ്ങിന് ഡേറ്റ് തരുമ്പോഴേ ഞാൻ പറഞ്ഞിരുന്നു ഒരുദിവസം എന്നെ ഒന്ന് ഉച്ചയ്ക്ക് ഫ്രീയാക്കണം. കാരണം അന്ന് ഞാൻ കോഴിക്കോട് ഒരു ക്ലബ്ബിന്റെ വാർഷികത്തിന്റെ ഉദ്ഘാടനത്തിന് ചെല്ലാം എന്നേറ്റിരുന്നു. ഓകെ എന്ന് കൺട്രോളർ പറഞ്ഞതുമാണ്.

മൂന്നാംദിവസം ഞാൻ ഇക്കാര്യം ഓർമപ്പെടുത്തിയപ്പോൾ കൺട്രോളർ പറഞ്ഞു, വിനോദ്തന്നെ ഡയറക്ടറുടെ അടുത്ത് പറഞ്ഞേക്കൂന്ന്. കൺട്രോളർ ഇക്കാര്യം ഡയറക്ടറുടെ അടുത്ത് പറഞ്ഞില്ലെന്ന് വ്യക്തമായി. ഞാൻ വീണ്ടും കൺട്രോളറോട് പറഞ്ഞു, ഞാൻ നേരത്തേ പറഞ്ഞതല്ലേന്ന്. അദ്ദേഹം ചോദിച്ചു പോകണംന്ന് നിർബന്ധമാണോ വിനോദേന്ന്. ഞാൻ പറഞ്ഞു, എന്തായാലും പോകണം. ക്ലബ്ബുകാർ ഭയങ്കര പബ്ലിസിറ്റി ഒക്കെ കൊടുത്ത ഉദ്ഘാടനമാണ്. അപ്പോഴും കൺട്രോളർ പറഞ്ഞു, രണ്ട് സീനുണ്ട് ഇന്ന്. ഉച്ചയ്ക്ക് മുൻപ്‌ തീരേണ്ടതാണ്.

 ഞാൻ പറഞ്ഞു,‘‘നാലുമണിക്ക് ഷൊർണൂരിൽനിന്ന് ഒരു ട്രെയിൻ ഉണ്ട്. അതിന് പോകണം. എന്നാൽ ആറുമണിക്ക് എനിക്ക് കോഴിക്കോട് എത്താം. ഉദ്ഘാടനസ്ഥലത്തേക്ക് പിന്നേം ഒരു അരമണിക്കൂർ യാത്ര ചെയ്യണം. ഏഴുമണിക്കാണ് ഉദ്ഘാടനം.’’ കൺട്രോളർ വീണ്ടും പറഞ്ഞു, "വിനോദ്തന്നെ ഡയറക്ടറുടെ അടുത്ത് പറഞ്ഞേക്കൂ".

അങ്ങനെ ഞാൻതന്നെ ഡയറക്ടറോട്‌ കാര്യം ബോധിപ്പിച്ചു. ഡയറക്ടർ പറഞ്ഞു, ‘‘ഓ രണ്ട് സീനല്ലേ ഉള്ളൂ പോകാൻ കഴിയും.’’

ആശ്വാസമായി. എന്നാൽ ഞാനുള്ള രണ്ട് സീനിന് മുൻപ്‌ ഒരു കൊച്ചുസീൻ വേറെയുണ്ട്. ആ സീനിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളിൽ ഒരാൾ പുതുമുഖമായിരുന്നു. അയാൾക്ക് ഡയലോഗ് ഉടക്കി. ഒരുപാട് ടേക്ക് എടുക്കേണ്ടിവന്നു. ഇടയ്ക്കിടെ ഞാൻ വാച്ച്‌ നോക്കുന്നുണ്ട്. സമയം 11 മണി കഴിഞ്ഞു. ശേഷം ഞാൻ ഉൾപ്പെടുന്ന സീൻ ഷൂട്ട്‌ചെയ്തു. ഒന്നരമണിക്ക് ബ്രേക്ക് പറഞ്ഞു. എന്റെ ഉള്ള് കാളാൻ തുടങ്ങി. ബ്രേക്ക് കഴിഞ്ഞ് ഒരു സീനുകൂടെ ഉണ്ട്. നാലുമണിക്ക് ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ എത്തുകയും വേണം.

എന്റെ സങ്കടം ആരറിയാൻ

ഞാൻ കൺട്രോളറുടെ അടുത്ത്‌ പോയി വീണ്ടും സങ്കടം പറഞ്ഞു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് 20 മിനിറ്റിലേറെ യാത്രയുണ്ട് റെയിൽവേസ്റ്റേഷനിലേക്ക്. അതായിരുന്നു എന്റെ ടെൻഷൻ.
വിനോദ് ടെൻഷനടിക്കാതെ പോയി ഭക്ഷണം കഴിക്കെന്ന് കൺട്രോളർ. മനസ്സില്ലാമനസ്സോടെ ഭക്ഷണം കഴിച്ചൂന്ന് വരുത്തി. അസോസിയേറ്റ് ഡയറക്ടറുടെ  കൈയിൽനിന്ന്‌ സീൻ വാങ്ങി വായിച്ചു പഠിച്ചു. എന്റെ കാരണംകൊണ്ട് ഷൂട്ട് വൈകരുതെന്ന് കരുതി കൂടെ അഭിനയിക്കുന്നവർക്കും ഡയലോഗ് പറഞ്ഞുകൊടുത്തു.

 രണ്ടുമണി കഴിഞ്ഞു. ഷൂട്ട് തുടങ്ങുന്നില്ല. ഡയറക്ടറും ക്യാമറാമാനും പ്രൊഡ്യൂസറും കസേരയ്ക്ക് ചുറ്റുമിരുന്ന് പല കഥകളും പറഞ്ഞ് ചിരിക്കുകയാണ്. എന്റെ ടെൻഷനുണ്ടോ അവർക്കറിയുന്നു. ഷൂട്ട് ഒന്ന് വേഗം തുടങ്ങീരുന്നെങ്കിൽ എന്നാശിച്ചു. ഇത് പതിവാണ്. ഊണ് കഴിഞ്ഞാൽ ഒരിത്തിരി നേരം ഇങ്ങനെയുള്ള സൊറപറച്ചിൽ. യൂണിറ്റിലെ വെയിലുകൊണ്ട് പണിയെടുക്കുന്ന ചിലർ ഊണിനുശേഷം കിട്ടുന്ന തണലിൽ ഇത്തിരിനേരം തലചായ്ക്കും. ഈ പതിവുകാഴ്ചകളെല്ലാം ഞാൻ കാണുന്നുണ്ട്. ക്ഷമയോട ഞാൻ കാത്തിരുന്നു.
അങ്ങനെ 2.30 കഴിഞ്ഞപ്പോഴാണ് വീണ്ടും ഷൂട്ട് തുടങ്ങിയത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ്‌ കൂടെ അഭിനയിക്കുന്ന നടിയുടെ സാരി കണ്ടിന്യുറ്റി പ്രോബ്ലം ഉണ്ടെന്ന് അസോസിയേറ്റ് ഡയറക്ടർ ഡയറക്ടറോട് പറഞ്ഞതും നടിയോട് പോയി സാരി മാറ്റിവരാൻ ഡയറക്ടർ പറഞ്ഞു.

വീണ്ടും അനിശ്ചിതാവസ്ഥ. നടി സാരിമാറ്റിവരുക എന്നൊക്കെ പറഞ്ഞാൽ അത്രപെട്ടെന്നൊന്നും വരില്ലെന്ന് എല്ലാവർക്കും അറിയാം. നടി സാരി മാറ്റാൻ ചെന്ന വീട്ടിനടുത്തേക്ക് ഞാൻ ഓടിച്ചെന്നു. ചേച്ചി കഴിവതും വേഗം മാറ്റിവരണേ എനിക്ക് നാലുമണിയുടെ ട്രെയിനിന് പോകേണ്ടതാ. ഓക്കേന്നും പറഞ്ഞ്‌ ചേച്ചി റൂമിലേക്ക്. സീൻ ചിത്രീകരിക്കുന്ന സ്ഥലത്ത് വീണ്ടും എല്ലാവരും തമാശപറയുന്നു ചിരിക്കുന്നു. ആ തമാശകൾ ഒന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. തമാശ കേട്ട് എല്ലാവരും ചിരിച്ചപ്പോൾ ഞാൻ മാത്രം ചിരിക്കാതിരുന്നു. അതാരും ശ്രദ്ധിച്ചതുമില്ല. എന്റെ ടെൻഷൻ എനിക്കല്ലേ അറിയൂ.

സമയം നോക്കി. രണ്ടേ അമ്പതാവാറായി. അപ്പോഴാണ് മൊബൈൽ റിങ്‌ചെയ്തത്. ഉദ്ഘാടനം ഏൽപ്പിച്ച ക്ലബ്ബിന്റെ സെക്രട്ടറിയാ. ഫോണെടുത്ത് മാറിനിന്ന് സംസാരിച്ചു. ഷൂട്ട് നടന്നോണ്ടിരിക്യാണ്. നാലുമണിയുടെ വണ്ടിക്ക് പുറപ്പെടും. ഞാനെത്തിക്കൊള്ളാം എന്ന് ഉറപ്പ് കൊടുത്തു.

ഇതിനിടെ സാരി മാറ്റി നടി വന്നു. ടേക്കിന് റെഡിയായി എന്നെ കാണാതെ അസോസിയേറ്റ് ഉറക്കെ വിളിക്കുന്നു. വിളികേട്ട ഞാൻ ദാ വന്നൂന്ന് പറഞ്ഞ് ഫോൺ കട്ടാക്കി ഓടിച്ചെന്നു. അപ്പോൾ ഡയറക്ടർ,‘‘എന്താ വിനോദേ നാലുമണിയുടെ ട്രെയിനിന് പോകണ്ടേ ഫോണും ചെയ്തിരിക്യാ.’’ സോറി സാർ പരിപാടിയുടെ ആളുകളാ വിളിച്ചതെന്ന് പറഞ്ഞു.

ഡയറക്ടർ ആക്‌ഷൻ പറഞ്ഞു. ടെൻഷൻ കൊണ്ടാണെന്നു തോന്നുന്നു രണ്ട് പ്രാവശ്യം എനിക്കും ഡയലോഗ് തെറ്റി. എല്ലാവരും എന്നെ കളിയാക്കി. അടുത്ത ടേക്ക് ഓക്കെയായി. എനി അതിന്റെ Close ഉണ്ട്. പിന്നെ ഞാൻ സൈക്കിളിൽ വരുന്ന ഒരു സീനും. വാച്ചിലേക്ക് നോക്കി. മൂന്നുമണി കഴിഞ്ഞിരിക്കുന്നു. കൺട്രോളറോട് എന്നെകൊണ്ടുവിടാനുള്ള കാറ് റെഡിയാക്കിവെക്കാൻ പറഞ്ഞു.

സീൻ കഴിഞ്ഞതും മേക്കപ്പുപോലും മാറ്റാതെ ഡ്രസ്സ് മാറ്റി ബാഗും എടുത്ത് കാറിൽ കയറി ഡ്രൈവറോട് പറഞ്ഞു മാക്‌സിമം സ്പീഡിൽ വിട്ടോളൂ നാലുമണിക്കാണ് ട്രെയിൻ എന്ന്. കാറ് നീങ്ങി. ഡ്രൈവർ വീണ്ടും എന്നെ ടെൻഷനടിപ്പിച്ചു. കുറച്ചങ്ങുചെല്ലുമ്പോൾ റോഡ്പണി നടക്കുന്നുണ്ട്. അവിടെ ഇത്തിരിനേരം ബ്ലോക്ക് ആവാൻ ചാൻസ് ഉണ്ട്. ഈശ്വരാ വീണ്ടും വിഘ്‌നങ്ങളോ. റെയിൽവേസ്റ്റേഷനിൽ എത്താൻ 2 കി.മീ ബാക്കിയുള്ള സ്ഥലത്ത് എത്തിയപ്പോഴാണ് റോഡ്പണിയുടെ ബ്ലോക്ക്. വാച്ചിലേക്ക് നോക്കി. 4ന് 7 മിനിറ്റ്. ഡ്രൈവർ പറഞ്ഞു, 5 മിനിറ്റുകൊണ്ട് സ്റ്റേഷനിൽ എത്താം. അത്രയേ ദൂരമുള്ളൂ. പക്ഷേ, ഈ ബ്ലോക്ക് ഒന്ന് മാറണ്ടേ- ഈ സമയം കാറിനരികിലൂടെ ബൈക്കുകൾ കടന്നുപോകുന്നുണ്ട്.

കാറിന്റെ ചില്ല് താഴ്ത്തി ഞാൻ കാറിനോട് ചേർന്ന് ഇടതുവശത്തൂടെ പോകുന്ന ബൈക്കുകൾ നോക്കി, ഒരു ബൈക്ക് കാറിന്റെ അരികിലെത്തി ബ്ലോക്കിൽ നിന്നപ്പോൾ ഞാൻ അയാളെ ഒന്ന് നോക്കി. അയാൾ ഹെൽമറ്റിനുള്ളിലൂടെ എന്നെനോക്കി ചിരിച്ചുകൊണ്ട് വിനോദ് കോവൂരല്ലേന്ന് ചോദിച്ചു.

പിന്നെ ഞാൻ ഒന്നും നോക്കീല ബാഗും എടുത്ത് കാറിൽനിന്നിറങ്ങി അയാളുടെ ബൈക്കിന്റെ പുറകിൽ കയറി. ചേട്ടാ എന്നെ ഒന്ന് അത്യാവശ്യമായി സ്റ്റേഷനിൽ വിടണം. നാലുമണിക്കാ ട്രെയിൻ. എന്റെ ആരാധകനായ ആ വ്യക്തി വളരെ കഷ്ടപ്പെട്ട് റോഡിൽനിന്നെല്ലാം ഇറങ്ങി കല്ലും മണ്ണും നിറഞ്ഞ സ്ഥലത്തൂടെ വണ്ടി സാഹസികമായി ഓടിച്ചു. ഇതിനിടയിൽ അദ്ദേഹം എന്നോട് എന്റെ ചില കോമഡികളെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം മൂളിക്കേട്ടു. സ്റ്റേഷനിൽ എത്താൻനേരം അയാൾ എന്നോട് ചോദിച്ചു. വിനോദ് സാർ, ഒരു സെൽഫി എടുക്കാൻ നേരം ഉണ്ടാവുമോ- ഇത്ര സാഹസപ്പെട്ട് എന്നെ സ്റ്റേഷനിൽ എത്തിച്ച ആളല്ലേ എങ്ങനെ പറ്റില്ലെന്ന് പറയും.

മൊയ്തുക്കാ, വണ്ടി വിടും...

സ്റ്റേഷന്റെ മുന്നിലെത്തി. നാലിന് മൂന്ന് മിനിറ്റ്. എത്രയും പെട്ടെന്ന് അയാൾക്കൊപ്പം സെൽഫി എടുത്ത് സ്റ്റേഷനിലേക്ക് ഓടി. ഇൻഫർമേഷൻ സെന്ററിൽ ചെന്ന് ഏത് പ്ലാറ്റ്‌ഫോമിലാണ് വണ്ടി എന്നന്വേഷിച്ചു. നാലിലാണെന്നറിഞ്ഞു. പെട്ടെന്ന് പൊക്കോളൂ. മൊയ്തുക്കാ വണ്ടി ഇപ്പം പോവുംന്ന് ഇൻഫർമേഷൻ സെന്ററിൽ ഇരിക്കുന്നയാൾ- അയാൾ മറിമായം കാണുന്ന ആളാണെന്ന് മൊയ്തുക്ക എന്ന വിളിയിൽനിന്ന്  മനസ്സിലായി. സ്റ്റെപ്പുകൾ ഓടിക്കയറുകയായിരുന്നു.

എന്തിനാണ് ഈ ഷൊർണൂരിൽ ഇത്രയും പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കിവെച്ചതെന്ന് ചിന്തിച്ച്   നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കോണിപ്പടികൾ ഇറങ്ങിവരുമ്പോൾ ഞാൻ കാണുന്ന കാഴ്ച എനിക്ക് കയറേണ്ട ട്രെയിൻ ചലിച്ചുതുടങ്ങിയിരിക്കുന്നു. രണ്ടുംമൂന്നും സ്റ്റെപ്പുകൾ ഒരുമിച്ച് ഇറങ്ങിപ്പോയി. അത്യാവശ്യം ഭാരമുള്ള ഒരു ബാഗും. പടികൾ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും ട്രെയിൻ വേഗം കൂടിയിരുന്നു. പ്ലാറ്റ്‌ഫോമിലൂടെ പലരെയും തട്ടിമാറ്റിക്കൊണ്ട് ഞാൻ വണ്ടിക്ക് ഓരം ചേർന്ന് ഓടി. എന്റെ ഓട്ടം കണ്ട പലരും ആകാംക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു സാഹസം കാണിക്കാൻ പോകുന്നത്. സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ച് ഡോറിന്റെ സൈഡിലുള്ള കമ്പി പിടിക്കാൻ ശ്രമിച്ചു. ഏതോ ഒരു തമിഴ് സിനിമയിലെ ക്ലൈമാക്സ് രംഗം ഓർമവന്നു.

അടുത്തനിമിഷം ഞാൻ ഒരുകാലെടുത്ത് ട്രെയിനിന്റെ ഡോറിലേക്ക്‌ വെച്ചു. കാൽവെപ്പ്‌ പിഴച്ചു. പിന്നെ ഞാൻ ഒരുകാല് ട്രെയിനിലും മറ്റേക്കാൽ പ്ലാറ്റ്‌ഫോമിലും കുത്തിക്കുത്തിയും നീങ്ങുകയാണ്. എനിക്ക് ഇടതുകാൽ പൊക്കി കയറാൻ സാധിക്കുന്നില്ല. പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന പലരും ഒച്ചയുണ്ടാക്കാൻ തുടങ്ങി- ഏയ് എന്താ കാണിക്കുന്നേ. വേണ്ട വേണ്ട കയറാൻ കഴിയില്ല. എന്തെങ്കിലും പറ്റുമല്ലോ ഈശ്വരാ. ഇങ്ങനെ ചില സംഭാഷണങ്ങളെല്ലാം ഞാൻ കേൾക്കുന്നു.

അടുത്തനിമിഷം ഞാൻ തെറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നു. പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന പലരും ഓടിയെത്തുന്നു. എന്നെ പിടിച്ച് എഴുന്നേൽപ്പിക്കുന്നു. നല്ല വേദനയോടെ ഞാൻ എഴുന്നേൽക്കുന്നു. എന്തെങ്കിലും പറ്റിയോ എന്ന് എല്ലാവരും ചോദിക്കുന്നു. ങ്ഹാ, ഹാ ഇത് നമ്മടെ മൊയ്തുക്കയല്ലേ എന്നൊരാൾ. ഓടിയെത്തിയ എല്ലാവരും എന്നെ തിരിച്ചറിയുന്നു. എന്നെ അടുത്ത ബെഞ്ചിൽ ഇരുത്തുന്നു. അടുത്ത കടയിലെ കടക്കാരൻ ഒരു ബോട്ടിൽ വെള്ളം കൊണ്ടുവന്നുതന്നു. ആശ്വാസത്തോടെ കുടിച്ചു. കാൽമുട്ടിലും കൈമുട്ടിലും നല്ല വേദന. പാന്റ്‌സിന്റെ കാൽമുട്ട് ഭാഗം നന്നായ് കീറിയിരുന്നു. കൈമുട്ട് അനക്കാൻ പറ്റുന്നില്ല. എന്തോ കാര്യമായി പറ്റീട്ടുണ്ട്. എന്നെ കാണാൻ ആളുകൾ കൂടി.

ഇതിനിടെ ഒരാൾ എന്റെ ബാഗ് കൊണ്ടുവന്ന് അടുത്ത് വെച്ചു. ബാഗിന്റെയും മുഖച്ഛായ മാറിയിരുന്നു. എന്തായാലും ട്രാക്കിലേക്ക് വീഴാഞ്ഞത് ഭാഗ്യം. ഈശ്വരാധീനണ്ടെന്ന് ഒരാൾ. ഇതിനിടെ രണ്ട് ഡ്യൂട്ടി പോലീസുകാർ വന്നു. ഞാനാണെന്ന് മനസ്സിലായപ്പോൾ സ്നേഹത്തോടെ  കുറെ ചീത്ത വിളിച്ചു. ഞാൻ കാര്യം പറഞ്ഞു. ഏഴുമണിക്ക് കോഴിക്കോട് ഒരു ഉദ്ഘാടനത്തിന് എത്തേണ്ടതായിരുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ ഒരു സാഹസം കാണിച്ചത്. എന്നിട്ട് ഇപ്പോ എന്തായി. ഉദ്ഘാടനത്തിന്  എത്തീലേ. ഏയ് മിസ്റ്റർ- ആ വണ്ടി മിസ്സായാൽ നിങ്ങൾക്ക് ഒരു ഉദ്ഘാടനമേ നഷ്ടപ്പെടൂ. നിങ്ങൾ ഇങ്ങനത്തെ സാഹസം കാണിച്ചാൽ ഞങ്ങൾക്കെല്ലാം ഇഷ്ടമുള്ള ഒരു നടനെ നഷ്ടപ്പെടുമായിരുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കൂട്ടോ. ആ വെള്ളം ഒഴിച്ച് കാൽമുട്ട് നന്നായ് ഉഴിഞ്ഞോളൂ. കേട്ടതും എന്റെ ആരാധകനായ കടക്കാരൻ ഇരുന്ന് ഉഴിയാൻ തുടങ്ങി. വേദനകൊണ്ട് ഞാൻ പുളഞ്ഞു.

വേഗം പ്രോഗ്രാംകമ്മിറ്റിക്കാരെ വിളിച്ചു. കടക്കാരനെക്കൊണ്ട് കാര്യം പറയിപ്പിച്ചു. ഞാൻ പറഞ്ഞാൽ ഒരുപക്ഷേ, അവർ വിശ്വസിക്കില്ലാന്ന് തോന്നി. അടുത്ത വണ്ടി ഇനി ആറുമണിക്കേയുള്ളൂ എന്ന് കടക്കാരൻ. ഏയ് ഇനി ധൃതിയില്ല, എപ്പപ്പോയാലും മതിയെന്ന് ഞാനും. രാത്രി വീട്ടിലെത്തി. റെയിൽവേ സ്റ്റേഷനിലെ സ്റ്റെപ്പ് ഇറങ്ങുമ്പോൾ കാൽ തെറ്റിവീണൂ എന്നേ വീട്ടിൽ ഞാൻ പറഞ്ഞുള്ളൂ. പലപ്പോഴും എന്റെ ശ്രദ്ധക്കുറവിനെക്കുറിച്ചും സാഹസികതയെക്കുറിച്ചും കുറ്റം പറയുമായിരുന്നു വീട്ടിലെ എല്ലാവരും. വീട്ടുകാരും ഒരുപക്ഷേ, ഈ സത്യമറിയുന്നത് ഇത് വായിക്കുമ്പോഴായിരിക്കും.

ഈ ഒരു സംഭവത്തിനുശേഷം എത്രയോ തവണ ഷൊർണൂർ വഴി ഞാൻ യാത്രചെയ്തു. ഷൊർണൂർ വണ്ടി നിർത്തുമ്പോൾ ഞാൻ ആ ദിവസം ഓർക്കും. അന്ന് ഒരാൾ പറഞ്ഞ വാക്കുകൾ. ദൈവാധീനംകൊണ്ട് രക്ഷപ്പെട്ടതാ. പിന്നെയും ചില ട്രെയിൻ യാത്രകളിൽ സ്റ്റേഷനിൽ എത്തുമ്പോൾ വണ്ടി നീങ്ങിപ്പോയിട്ടുണ്ട്. ഓടിപ്പോകുന്ന ട്രെയിനിനെ നോക്കി ഞാൻ ചിരിക്കും. എന്നിട്ട് മനസ്സിൽ പറയും. ഇല്ല മോനേ കോവൂരിനെ കിട്ടില്ല. എന്നും ദൈവാധീനം ഉണ്ടായിക്കൊള്ളണമെന്നില്ലാന്ന് പലരും പറയാറുണ്ട്.

Content Highlights: actor Vinod Kovoor talks about movies, life struggle