രിക്കൽ കോഴിക്കോട് എക്സ്‌ക്ലൂസീവ് ക്ലബ്ബിൽ ഒരു പരിപാടി നടക്കുന്നു. ഞാനാണ് ആ പ്രോഗ്രാമിന്റെ അവതാരകൻ.

ആ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ സംഘാടകരിൽ ഒരാൾ വന്ന് പറഞ്ഞു: ‘‘വിനോദേ നമ്മുടെ സംവിധായകൻ വി.എം. വിനു വന്നിട്ടുണ്ട്. നമ്മുടെ ഗസ്റ്റ് ആണ്. വിനോദ് അദ്ദേഹത്തെ ഒന്ന് സ്വാഗതം ചെയ്യണം.

 കോഴിക്കോട്ടുള്ള പ്രശസ്തനായ സംവിധായകൻ- ഞാൻ രണ്ട് മൂന്ന് തവണ എന്റെ കൂട്ടുകാർ പറഞ്ഞ വാക്കുംകേട്ട് വി.എം. വിനുസാറിനെ പോയി കണ്ടിട്ടുണ്ട്. പക്ഷേ, സാറിന്റെ സിനിമയിലൊന്നും എനിക്ക് അവസരം കിട്ടിയില്ല. കാണാൻ ചെന്ന സമയത്തെല്ലാം സാറ് തിരക്കിലായതുകൊണ്ടായിരിക്കാം എന്നെ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കുകയായിരുന്നു. എന്നിലെ കലാകാരനെ അദ്ദേഹത്തെ ശരിക്കും പരിചയപ്പെടുത്താൻ സാധിക്കാതെ പോയതിൽ വിഷമമുണ്ടായി. പിന്നീട് സാറിനെ പോയി കാണാൻ എനിക്കും മനസ്സ് വന്നില്ല. ഇത് കിട്ടിയ അവസരം, സാറിനെ സ്വാഗതം ചെയ്യാൻ എന്നെയാണല്ലോ ഏൽപ്പിച്ചത്. ആ അവസരം പ്രയോജനപ്പെടുത്തണം എന്ന ചിന്തയോടെ ഞാൻ വാചകക്കസർത്തുകളോടെ വി.എം. വിനുസാറിനെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. ഓഡിയൻസാകെ കൈയടിക്കുന്നു. സ്റ്റേജിൽ എത്തിയതും ഞാൻ കൈയിലുള്ള മൈക്ക് സാറിന് കൊടുത്ത്‌  അൽപ്പം മാറിനിന്നു. കാണികളുടെ കൈയടികൾ നിന്നു. ഞാനടക്കം ഏവരും സാറിന്റെ വാക്കുകൾക്കായി കാതോർത്തു. തനി കോഴിക്കോടൻ ശൈലിയിൽ സാറ് സംസാരിച്ചുതുടങ്ങി.

ഇപ്പം എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ച അവതാരകനായ വിനോദ് കോവൂരുണ്ടല്ലോ. ഇവന്റെ കലാപ്രകടനങ്ങൾ കുറച്ച് നേരമായി ഞാൻ കാണുന്നു. ഇവൻ പാടുന്നു ചിരിപ്പിക്കുന്നു. അവതാരകനാകുന്നു. ഇവനേ ഗംഭീരനടനാ, നല്ല കാലിബറുള്ള നടനാ നല്ല ടൈമിങ്ങുള്ള നടനാ. പക്ഷേ, മലയാളസിനിമയിൽ ഇവനെ ശരിക്കും ഉപയോഗപ്പെടുത്തുന്നില്ല.

ഇത്രയും സാറ് പറഞ്ഞുകഴിഞ്ഞപ്പോൾ സ്റ്റേജിന്റെ ഓരത്ത് നിൽക്കുന്ന ഞാൻ ശരിക്കും അദ്‌ഭുതപ്പെട്ടു. സാറ് ഇങ്ങനെയൊക്കെ എന്നെക്കുറിച്ച് പറയും എന്ന് സ്വപ്നത്തിൽപോലും ഞാൻ വിചാരിച്ചില്ല. സാറ് സംസാരം തുടർന്നു.

''ഞാനിപ്പം ഈ പറഞ്ഞതൊന്നും ഞാൻ പറയുന്നതല്ല. ഇതെന്നോട് ഒരു പ്രഗല്ഭനായ വ്യക്തി പറഞ്ഞതാ. ആരാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ഞെട്ടും, ഇതാ ഇവനും ഞെട്ടും'' എന്നുപറഞ്ഞ് എന്നെ അരികിലേക്ക് ചേർത്തുനിർത്തി. നടൻ മമ്മൂക്കയാണ് ഇത് പറഞ്ഞത്.

സത്യത്തിൽ സന്തോഷംകൊണ്ടെന്റെ കണ്ണുനിറഞ്ഞു. ഓഡിയൻസിന്റെ കൈയടിയും കൂടിയായപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. സാറ് തുടർന്നു. എന്റെ പുതിയ സിനിമയുടെ കഥപറയാൻ മമ്മൂക്കയുടെ അടുത്തുപോയപ്പോൾ. കഥകേട്ട ശേഷം മമ്മൂക്ക എന്നോട് പറഞ്ഞു. കോഴിക്കോട് വിനോദ് കോവൂർ എന്നൊരു ആർട്ടിസ്റ്റ് ഉണ്ട്. നല്ല ടൈമിങ്ങുള്ള, നല്ല കാലിബറുള്ള ആർട്ടിസ്റ്റാണ് എന്നാൽ മലയാളസിനിമ അവനെ ഉപയോഗിക്കുന്നില്ല- അപ്പോൾ നമ്മുടെ ഈ സിനിമയിൽ വിനോദ് കോവൂരിന് ഒരു വേഷം കൊടുക്കണംന്ന്. ഇത്രയും വിനുസാറ് പറഞ്ഞുകഴിഞ്ഞപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറച്ച് കൂപ്പുകൈയോടെ ഞാൻ നിന്നു. അപ്പോഴും കാണികളുടെ കൈയടി തുടരുകയായിരുന്നു.

എന്നിട്ട് തമാശരൂപേണ സാറ് എന്നോട് പറഞ്ഞു. അതെ എനിക്ക് ഒരു ഡേറ്റ് തരണം. ഞാൻ സാറിന്റെ കാല് തൊട്ട് വന്ദിച്ചു. പിന്നെയാണ് സാറ് കാണികളോട് സംസാരിക്കാൻ തുടങ്ങിയത്. സംസാരം കഴിഞ്ഞ് സാറ് ഓഡിയൻസിന്റെ ഇടയിലേക്ക് പോയി. വീണ്ടും ഞാൻ അവതാരകനായി പരിപാടി തുടർന്നു. പ്രോഗ്രാമിനുശേഷം ഭക്ഷണം കഴിക്കാനായി ചെന്നപ്പോൾ പലരും അഭിനന്ദിച്ചു. വിനുസാറ് ഭക്ഷണം കഴിക്കുന്നിടത്തേക്ക് ഞാൻ ചെന്നു. വിശ്വസിക്കാൻ പ്രയാസമായതിനാൽ ഞാൻ ഒന്നുകൂടി വിനുസാറിനോട് ചോദിച്ചു.
''സാർ സത്യത്തിൽ മമ്മൂക്ക അങ്ങനെ പറഞ്ഞോ?'' ''ങ്ഹാ വിനോദേ എനിക്ക് സ്റ്റേജിൽ കയറി കള്ളം പറയേണ്ട കാര്യം ഉണ്ടോ.'' അത് കേട്ടപ്പോഴാണ് സമാധാനമായത്.

മമ്മൂക്കയുടെ കൂടെയൊന്ന് അഭിനയിക്കാൻ കഴിയണം എന്നത് സിനിമയെ സ്വപ്നം കാണാൻ തുടങ്ങിയ കാലത്തേയുള്ള മോഹമായിരുന്നു. ഒരുപാട് രാത്രികളിൽ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. മമ്മൂക്കയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നതുമെല്ലാം. സ്വപ്നത്തെക്കുറിച്ച് പിറ്റേന്ന് രാവിലെ വീട്ടുകാരോട് പറയുമ്പോൾ എല്ലാവരും എന്നെ കളിയാക്കി ചിരിക്കാറാണ് പതിവ്.

പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തി ആ സന്തോഷവാർത്ത ഭാര്യയോടും മറ്റ് കുടുംബാംഗങ്ങളോടും പറഞ്ഞു. എല്ലാവർക്കും സന്തോഷം- അപ്പോഴും ഭാര്യ പറഞ്ഞു. വല്ലാതെ സ്വപ്‌നം കാണണ്ട. സിനിമയാണ് നടന്നാൽ നടന്നു.

തേടിവന്ന സ്വപ്നം

മാസം ഒന്ന് കഴിയുമ്പോൾ പ്രൊഡക്ഷൻ കൺട്രോളറുടെ വിളിവന്നു. ഷൂട്ടിങ് ഡേറ്റ് പറഞ്ഞിട്ട്. ഉടനെ ഞാൻ വിനുസാറിനെ വിളിച്ചു. ചെമ്പിൽ എന്ന സ്ഥലത്ത് ഒരു വീട്ടിൽവെച്ചാണ് ഷൂട്ട്. നമുക്ക് അവിടുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നു. ഒരുപാട് സിനിമകൾ ചിത്രീകരിച്ച ഒരു വലിയ വീട്. അവിടെയാണ് ഷൂട്ട്. ലൊക്കേഷനിലെത്തി. മേക്കപ്പ് ചെയ്തു. വേഷം തന്നു. ഒരു ബർമുഡയും, ടീ ഷർട്ടും. അസോസിയേറ്റ് ഡയറക്ടർ വന്ന് സ്‌ക്രിപ്റ്റ് വായിച്ചു. എന്റെ കഥാപാത്രം ഒരു കള്ളുകുടിയനാണ്. അച്ഛനും അമ്മയും വിദേശത്തുള്ള ഒരു മകൻ. ആ മകന്റെ കാര്യങ്ങളൊക്കെ നോക്കുന്ന ആ വീട് നോക്കുന്ന ഒരു വ്യക്തി. അധികസമയവും മദ്യപാനിയാണ് ഈ കഥാപാത്രം. ഈ വീട്ടിലേക്ക് ഒരു അന്വേഷണവുമായി എത്തുകയാണ് മമ്മൂക്ക ചെയ്യുന്ന പോലീസ് ഓഫീസർ. ഡയലോഗ് നന്നായി വായിച്ചുപഠിച്ചു. ശേഷം ഡയറക്ടർ വിനുസാർ എന്നെക്കൊണ്ട് റിഹേഴ്‌സൽ ചെയ്യിച്ചു.
സാറ് പറഞ്ഞു, വിനോദേ, എട്ട്‌ പെഗ്ഗ് കഴിച്ച മൂഡിലായിരിക്കണം നീ. മദ്യപിച്ചോണ്ടിരിക്കുമ്പോൾ കോളിങ് ബെൽ അടിയ്ക്കും, മദ്യം കൈയിൽ വെച്ചോണ്ട് പോയി വാതിൽ തുറക്കണം. എന്നിട്ടാണ് ഡയലോഗ്. ശരി, നമുക്കൊന്ന് റിഹേഴ്‌സൽചെയ്യാം. ആ കുപ്പിയിൽനിന്ന് മദ്യം എടുത്ത് ഗ്ലാസിലേക്ക് ഒഴിക്ക്‌. മദ്യക്കുപ്പി പൊട്ടിക്കാനറിയാതെ നിന്ന് പരുങ്ങിയ എന്നെ സാറ് ചീത്തവിളിച്ചു.
‘‘മദ്യം കഴിക്കാറില്ലേ നീ...?’’
‘‘ഇല്ല വിനുസാറേ, ഞാൻ കഴിക്കാറില്ല.’’
സാറ് തലയ്ക്ക് കൈവെച്ചു. മദ്യം കഴിക്കാത്ത, മദ്യക്കുപ്പി പൊട്ടിക്കാനറിയാത്ത നീ എങ്ങനെ ഈ കാരക്ടർ ചെയ്യും?
അത് ഞാൻ ചെയ്തോളാം സാർ. സാറ് കുപ്പി തുറക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്നാൽ മതീന്ന് ഞാൻ.

അത് പഠിച്ചു. റിഹേഴ്‌സൽ തുടങ്ങി. പിന്നെ മമ്മൂക്കയായി വിനുസാറ് നിന്നു. ഞാൻ അഭിനയിക്കാൻതുടങ്ങി. മൂന്നുതവണ റിഹേഴ്‌സൽ ചെയ്തു. എന്നിട്ട് സാറ് പറഞ്ഞു, ഇനി മമ്മൂക്ക വരട്ടെ. എന്നിട്ട് ഒന്നുകൂടി റിഹേഴ്‌സൽ ചെയ്യാം.

എന്റെ തോളിൽ കൈയിട്ട് ഒരു കൂട്ടുകാരനെപ്പോലെ എന്നോട് പറഞ്ഞു. ഇന്നത്തെ ആദ്യത്തെ സീനാ. സൂക്ഷിച്ചും കണ്ടും ചെയ്യണം. മറുപുറം മമ്മൂക്കയാണ്. അത് പ്രത്യേകം ഓർമവേണം. റീടേക്ക് വേണ്ടിവന്നാൽ മമ്മൂക്ക എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല.
ഇല്ല വിനുസാറേ, ഇങ്ങള് ധൈര്യമായിട്ടിരിക്ക്. ഞാൻ ചെയ്തോളാം.

അല്പനിമിഷങ്ങൾക്കുശേഷം മമ്മൂക്ക എത്തി. ഗംഭീര സ്റ്റൈലിലാണ് മമ്മൂക്കയുടെ വരവ്. ഷൂട്ടിങ് കാണാൻ വന്നവരും ടെക്‌നീഷ്യന്മാരും എല്ലാവരും നിശ്ശബ്ദരായി എഴുന്നേറ്റുനിന്നു. കൂട്ടത്തിൽ ഞാനും. മമ്മൂക്ക നടന്ന് അടുത്ത് എത്തിയപ്പോൾ എന്നെ നോക്കി ഒരു ചോദ്യം.
''ങ്ഹാ, വിനോദ് ഇന്നലെ വന്നോ'' എന്ന്. ''ങ്ഹാ അതെന്ന്'' ഞാനും. ക്യാമറാമാനും എല്ലാരും റെഡി. ഷൂട്ട് തുടങ്ങാൻ പോവ്വ്വാ. തൊട്ടടുത്ത ഒഴിഞ്ഞ റൂമിൽ ചെന്ന്  കണ്ണടച്ച് സകല ദൈവങ്ങളെയും ഗുരുക്കന്മാരെയും മാതാപിതാക്കളെയും വിളിച്ച് പ്രാർഥിച്ചു. വിനുസാർ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക ഒരു റിഹേഴ്‌സല് പോകാം. എന്നിട്ട് ടേക്ക് എടുക്കാം എന്ന്.

മമ്മൂക്ക നിസ്സാരമായി സാറിനോട് ചോദിച്ചു. റിഹേഴ്‌സൽ വേണോ. ടേക്ക് പോകാം. എന്നെ നോക്കി മമ്മൂക്ക ചോദിച്ചു. ''വിനോദിന് റിഹേഴ്‌സൽ വേണോ.'' ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു. ഏയ് വേണ്ടാന്ന്.

ആ സമയം വിനുസാർ എന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി. ഞാൻ ശരിക്കും ദഹിച്ചുപോയി. അടുത്തനിമിഷം വിനുസാർ ആക്‌ഷൻ പറഞ്ഞു. ഞാൻ കഥാപാത്രമായിമാറി. ഒരു വലിയ സീനായിരുന്നു അത്. മദ്യപിച്ചോണ്ടിരിക്കുമ്പോൾ വീട്ടിലെ മകനെയും അവന്റെ കൂടെ ആടിപ്പാടുന്ന കൂട്ടുകാരെയും ശകാരിക്കുന്നു. ഇതിനിടെ കോളിങ് ബെൽ കേൾക്കുന്നു. പോയി വാതിൽ തുറക്കുന്നു. മമ്മൂക്കയെ അകത്തേക്ക് ക്ഷണിക്കുന്നു. രസികൻ സംഭാഷണമായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മമ്മൂക്ക ഒറ്റവാക്കിലും മൂളിലിലും മറുപടി പറയുന്നു. ശേഷം ഇങ്ങള് ഇരിക്കി, ഞാൻ ഇതൊന്ന് ഫിൽചെയ്തിട്ട് വരാന്നും പറഞ്ഞ് അകത്തേക്ക് പോകണം. ഇതാണ് സീൻ.

നന്നായി മദ്യപിക്കും ല്ലേ....

സീൻ കഴിഞ്ഞു. ഞാൻ അടുത്ത റൂമിലേക്ക് എക്‌സിറ്റാകുന്നു. നെഞ്ചത്ത് കൈവെച്ച് ഞാൻ നിന്നു. ദൈവങ്ങളെ വീണ്ടും വിളിച്ചു. ഡയലോഗും ടൈമിങ്ങും ഒന്നും തെറ്റിയില്ലെന്ന് മനസ്സ്‌ പറഞ്ഞു. പുറത്തെ റൂമിൽനിന്ന് ഡയറക്ടറുടെ കട്ട് ഉറച്ച ശബ്ദത്തിൽ ഞാൻ കേട്ടു. ഒപ്പം എക്‌സലന്റ് എന്നൊരു പ്രശംസയും. രംഗം നടന്ന സ്ഥലത്തേക്ക് ഞാൻ തിരികെ വന്നപ്പോൾ മമ്മൂക്ക കൈയടിക്കുന്നു. ഒപ്പം അവിടെയുണ്ടായിരുന്ന ടെക്‌നീഷ്യന്മാരും എല്ലാവരും കൈയടിക്കുന്നു. ഞാൻ കൈ കൂപ്പിക്കൊണ്ട് മമ്മൂക്കയുടെ മുൻപിൽ പോയി നിന്നതും മമ്മൂക്ക എന്നെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. താൻ തകർത്തെടോ. ഞാൻ മമ്മൂക്കയെ ഒന്ന് കെട്ടിപ്പിടിച്ചു. ആ കാല് തൊട്ട് വന്ദിച്ചു. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.

എന്നിട്ട് വിനുസാറിനോട് പറഞ്ഞു: ‘‘കോഴിക്കോടുള്ള വിനോദിനെ പരിചയപ്പെടുത്താൻ ചെമ്പിലുള്ള ഞാൻ വേണ്ടിവന്നു ല്ലേ.’’ വിനുസാർ ചിരിച്ചു.

ഉടനെ മമ്മൂക്കയുടെ ചോദ്യം എന്നോട്.

‘‘താൻ നന്നായി മദ്യപിക്കും അല്ലേ?’’

‘‘ഏയ്, ഇല്ല മമ്മൂക്ക. ഞാൻ മദ്യപിക്കാറില്ല.’’

പോട. നിന്റെ കണ്ണ് കണ്ടാലറിയാം താൻ നന്നായിട്ട് മദ്യപിക്കും എന്ന്.

ഇല്ല മമ്മൂക്ക ഞാൻ... എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും മമ്മൂക്ക അടുത്ത റൂമിലേക്ക് നടന്നുനീങ്ങി. വിനുസാർ അടക്കമുള്ളവർ ചിരിച്ചു. ഞാൻ വിനുസാറിനോട് താഴ്മയായി പറഞ്ഞു. വിനുസാറേ, ഞാൻ മദ്യപിക്കാറില്ലാട്ടോ. അതൊന്ന്‌ മമ്മൂക്കയോട് പറയണേ. നിനക്ക് വേണെങ്കില് നീ പോയി പറഞ്ഞോന്ന് സാറും. ഞാൻ ആകെ വിഷമിച്ചുനില്ക്കുമ്പോൾ അഭിനേതാവ് അബു സലിംക്ക എന്നെ വിളിച്ചു.

''വിനോദേ വാ, ഞാൻ വരാം കൂടെ. അത് നമുക്ക് തിരുത്തണംന്ന്.''

സലിംക്കയുടെ കൂടെ തെറ്റ്ചെയ്യാത്ത വിദ്യാർഥി അധ്യാപകന്റെ കൂടെ ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് പോകുന്നപോലെ മമ്മൂക്കയുടെ റൂമിലേക്ക്.
‘‘ഉം, എന്താ?’’ മമ്മൂക്ക ചോദിച്ചു.

സലിംക്ക പറഞ്ഞു: ‘‘മമ്മൂക്ക, വിനോദ് മദ്യപിക്കാറില്ല. ഇങ്ങളൊന്ന് വിശ്വസിക്കണം.’’

‘‘സലീമിന് എങ്ങനെയറിയാം വിനോദ് കഴിക്കില്ലെന്ന്.’’

‘‘എനിക്ക് വിനോദിനെ നേരത്തേ അറിയാം. ഓൻ നല്ല ചെക്കനാ. നന്മയുള്ള കലാകാരനാ.’’

മമ്മൂക്ക വീണ്ടും എന്റെ മുഖത്തേക്ക് നോക്കീട്ട് ചോദിച്ചു:

‘‘സത്യാണോ?’’

‘‘ആണ് മമ്മൂക്ക’’ എന്ന് ഞാൻ.

ശേഷം എന്നോട് ഇരിക്കാൻപറഞ്ഞു. ഞാൻ സ്വപ്നംകണ്ട വലിയ നടന്റെ മുന്നിൽ ഞാൻ ഇരുന്നു. അടുത്ത സീനിന്റെ ഒരുക്കങ്ങൾ നടക്കുന്നതുവരെ മമ്മൂക്ക എന്നോട് കുറേ കാര്യങ്ങൾ സംസാരിച്ചു. നല്ല കുറേ ഉപദേശങ്ങൾ തന്നു. എല്ലാം ഞാൻ മനസ്സിൽ കുറിച്ചുവെച്ചു. അസോസിയേറ്റ് ഡയറക്ടർ വന്ന്‌ സാർ ഷോട്ട് റെഡി. അടുത്ത സീനിൽ അഭിനയിക്കാൻ മമ്മൂക്കയുടെ കൂടെ നടക്കുമ്പോൾ ഇങ്ങനെയൊരു ദിനം എനിക്ക് സമ്മാനിച്ച ദൈവത്തോട് ഞാൻ നന്ദിപറഞ്ഞു.

Content Highlights: actor vinod kovoor, Mammootty