എൻ.എൻ. പിള്ള, വിജയരാഘവൻ | ഫോട്ടോ: ആർക്കൈവ്സ്, ടി.കെ. പ്രദീപ്കുമാർ | മാതൃഭൂമി
ജീവിതത്തിൽ ഏറ്റവുംകൂടുതൽ സ്വാധീനംചെലുത്തിയത് അച്ഛൻ എൻ.എൻ. പിള്ളയും സ്റ്റേജിൽ ഏറെ അദ്ഭുതപ്പെടുത്തിയത് അച്ഛന്റെ സഹോദരി ജി. ഓമനയാണെന്നും നടൻ വിജയരാഘവൻ. കഥാപാത്രത്തെ ചിറ്റയിലേക്ക് എത്തിക്കുന്ന മാജിക് ഞാൻ അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്റ്റേജിലെ അവരുടെ പ്രകടനങ്ങൾ കണ്ട് ഒപ്പം അഭിനയിച്ചവർ ഡയലോഗ് മറന്ന് നിന്നുപോയതിന് താൻ സാക്ഷിയാണെന്ന് വിജയരാഘവൻ പറഞ്ഞു. കഥാപാത്രമാകുന്നതോടെ ചിറ്റയുടെ നടപ്പും ഭാവവും കണ്ണിന്റെ ഇമവെട്ടലുംവരെ മാറും. നാടകരചനയിൽ ഏർപ്പെടുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാൻസ് വാങ്ങി, ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല, എഴുത്ത് തുടങ്ങുമ്പോഴെല്ലാം അച്ഛന് ശക്തമായ പനിവരുമായിരുന്നു. പനിവരാതെ എന്റെ ഓർമയിൽ അച്ഛനൊരു നാടകവും എഴുതിയിട്ടില്ലെന്നും അദ്ദേഹം ഓർത്തെടുത്തു.
എഴുതിയ കഥാപാത്രങ്ങളെ അച്ഛൻ അഭിനേതാക്കൾക്ക് പഠിപ്പിച്ചുനൽകുന്ന രീതി കണ്ടാണ് ഞാൻ വളർന്നത്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോൾ അയാളുടെ തുടക്കംമുതലുള്ള ജീവിതസാഹചര്യങ്ങൾ പറയും. അയാൾ ഏതെല്ലാം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയെന്നും ഇന്ന് എവിടെ, ഏത് മാനസികാവസ്ഥയിൽ എത്തിനിൽക്കുന്നു എന്നുവരെ വിശദമായി വിവരിക്കും. എല്ലാം പറഞ്ഞുകൊടുത്ത് കഥാപാത്രമാകാൻ അഭിനേതാവിനെ ഉന്തിവിടുകയാണ്. തെറ്റുമ്പോൾ, ഒരു ഷോക്ക് നൽകുന്ന പെരുമാറ്റമുണ്ടാകും. വിജയരാഘവൻ പറഞ്ഞു.
പിണങ്ങിമാറിനിൽക്കുകയും മൊന്തയെടുത്ത് എറിഞ്ഞ് പ്രതികരിക്കുകയും ചെയ്യുന്ന അച്ഛനെ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ, കഥാപാത്രത്തിന്റെ താളം അഭിനേതാവ് പിടിച്ചെടുക്കുന്നതോടെ പിന്നെ അയാൾ ചെയ്യുന്നതെല്ലാം അച്ഛന്റെ കണ്ണിൽ ‘ഓക്കെ’യാണ്. ഇനി അയാൾ പറയുന്നതാണ് ശരിയെന്ന ഭാവത്തിൽ അച്ഛൻ പിൻവലിയും. ഇത്തരം അനുഭവസമ്പത്തുകളെല്ലാം എന്റെ അഭിനയജീവിതത്തിന് വലിയ ഗുണംചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടും കേട്ടും പഠിച്ച് നടനാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രമാണ് വിജയരാഘവൻ മുഖ്യവേഷത്തിലെത്തി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 100 വയസുള്ള കഥാപാത്രത്തേയാണ് ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിക്കുന്നത്. കെ.പി.എ.സി. ലീല, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, അബു സലിം, ജോണി ആന്റണി, അരുൺ കുര്യൻ, അന്നു ആന്റണി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
Content Highlights: actor vijayaraghavan about father nn pillai, pookkaalam movie, basil joseph, vineeth sreenivasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..