'ലൈം​ഗികത്തൊഴിലാളികൾക്കായി നടത്തിയ നാടകക്യാമ്പ്, നോട്ടുനിരോധനത്തിൽ കുടുങ്ങിയ കാളവണ്ടി'


വിജയൻ വി. നായർ / കെ.കെ. അജിത് കുമാർ

നോവലിൽക്കണ്ട കോഴിക്കോടൻജീവിതം അതേപോലെയാകണമെങ്കിൽ അന്നത്തെ വാഹനങ്ങളൊക്കെ വേണമല്ലോ. കാളവണ്ടിയും സൈക്കിൾറിക്ഷകളുമൊക്കെയാണ് അന്നുപയോഗിച്ചിരുന്നത്. നാടകത്തിന് ഇതൊക്കെ എവിടെനിന്നു കിട്ടും?

interview

വിജയൻ വി നായർ | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി

ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’ നാടകമാക്കാൻ സംവിധായകൻ വിജയൻ വി. നായർ ഒരുമ്പെട്ടിറങ്ങിയ കാലം. മിഠായിത്തെരുവിന്റെയും കോഴിക്കോടിന്റെയാകെയും ചൂടും ചൂരുമുള്ള ജീവിതം അതേപടി പകർത്തിവെച്ചിരിക്കുന്ന നോവലിനെ അരങ്ങിന്റെ അതിരുകളിലൊതുക്കാൻ ശ്രമിക്കുമ്പോൾ വെറുമൊരു സ്റ്റേജ് പോരാ എന്നായിരുന്നു നിശ്ചയം. മിഠായിത്തെരുവുമുതൽ എസ്.കെ.യുടെ ‘ചന്ദ്രകാന്ത’മുള്ള പുതിയറ വരെയുള്ള വഴിയാകെ അരങ്ങിലേക്ക് ആവാഹിക്കണം. അതിരുകളില്ലാത്ത അരങ്ങുവേണം അതിന്. നോവലിൽക്കണ്ട കോഴിക്കോടൻജീവിതം അതേപോലെയാകണമെങ്കിൽ അന്നത്തെ വാഹനങ്ങളൊക്കെ വേണമല്ലോ. കാളവണ്ടിയും സൈക്കിൾറിക്ഷകളുമൊക്കെയാണ് അന്നുപയോഗിച്ചിരുന്നത്. നാടകത്തിന് ഇതൊക്കെ എവിടെനിന്നു കിട്ടും?

പാലക്കാട്ടുനിന്ന് കാളവണ്ടി ഏർപ്പാടാക്കി. ഉപയോഗിക്കാതിരിക്കുന്ന പഴയൊരു സൈക്കിൾറിക്ഷ കോഴിക്കോട്ടുനിന്നുതന്നെ കിട്ടി. അത് പെയിന്റൊക്കെയടിച്ച് ശരിയാക്കിയെടുക്കാൻ ഏർപ്പാടുചെയ്തു. മുന്നിൽ രണ്ടുവശത്തും വാതിലുകളുള്ള ട്രാം മാതൃകയിലുള്ള കാറാണ് പിന്നെവേണ്ടത്. അതും ശരിപ്പെടുത്തി. എന്നാൽ, നാടകത്തിൽ അതൊന്നും ഉപയോഗിക്കാൻ കഴിഞ്ഞില്ല.കാരണമെന്തെന്നല്ലേ? അക്കഥ സംവിധായകനായ വിജയൻ വി. നായർ പറയും: ‘‘എല്ലാ ഒരുക്കവും കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് നോട്ടുനിരോധനം വന്നത്. അതോടെ എല്ലാം തകിടംമറിഞ്ഞു. പാലക്കാട്ടുനിന്നുള്ള കാളവണ്ടിയുൾപ്പെടെ എല്ലാം ഒഴിവാക്കി. സ്റ്റേജിൽത്തന്നെ നാടകം അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. പറയഞ്ചേരി ഗവ. സ്കൂൾ മുറ്റത്ത് അവതരിപ്പിച്ച നാടകം പ്രേക്ഷകരുടെ വലിയപ്രശംസ ഏറ്റുവാങ്ങി. എങ്കിലും, പെട്ടെന്നുണ്ടായ നോട്ടുനിരോധനമില്ലായിരുന്നെങ്കിൽ ആ നാടകത്തിന്റെ അനുഭവതലം മറ്റൊന്നായേനേ’’ എന്നുപറയുന്നു സംവിധായകൻ.

വിജയൻ വി. നായരുടെ അഭിനയജീവിതത്തിന്റെ അമ്പതാംവർഷമാണിത്. 106 നാടകങ്ങൾ സംവിധാനംചെയ്തു അദ്ദേഹം. സംവിധാനംചെയ്യുന്ന നാടകത്തിൽ അഭിനയിക്കില്ലെന്നതാണ് നയം. അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെ: ‘‘പ്രൊഫ. ജി. ശങ്കരപ്പിള്ളയാണ് എന്റെ ഗുരു. സംവിധാനംചെയ്യുന്ന നാടകത്തിൽ അഭിനയിക്കരുതെന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. ഞാൻ അഭിനയിക്കുമ്പോൾ മറ്റൊരാൾ സംവിധാനംചെയ്യുന്നതാണ് ശരി.’’

എന്തുകൊണ്ടാണ് ‘തെരുവിന്റെ കഥ’ പോലെ ബൃഹത്തായ നോവൽ സംവിധാനംചെയ്യണമെന്ന് തീരുമാനിച്ചത്?

എസ്.കെ.യുടെ ചെറിയ ഏതെങ്കിലും കഥയോ നാടകമോ ആവാമെന്നായിരുന്നു ആദ്യം തോന്നിയത്. പിന്നെ അതുപോരെന്നു തീരുമാനിച്ചു. എസ്.കെ.യെ കോഴിക്കോട്ടുകാർ മറക്കുകയാണെന്ന തോന്നലിൽ എനിക്ക് രോഷമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ ജയചന്ദ്രനും ഞാനും കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചത്. എസ്.കെ.യെ നേരിൽക്കാണാനും സംസാരിക്കാനുമൊക്കെ അക്കാലത്തു കഴിഞ്ഞിട്ടുണ്ടെങ്കിലും പിൽക്കാലത്ത് പുസ്തകങ്ങളൊക്കെ വായിച്ചശേഷമാണ് അദ്ദേഹത്തിന്റെ വലുപ്പം ശരിയായി മനസ്സിലായത്. ആരായിരുന്നു എസ്.കെ. എന്ന് കോഴിക്കോടിനെ ഒന്നുകൂടി ഓർമിപ്പിക്കണമെന്നുതോന്നി. അതാണ് ഒട്ടേറെ കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെയുള്ള ‘തെരുവിന്റെ കഥ’ തന്നെ തിരഞ്ഞെടുത്തത്. എം.കെ. രവിവർമയാണ് നാടകമെഴുതിയത്. ഞാൻ സംവിധാനംചെയ്ത നൂറാമത്തെ നാടകമാണത്.

അമ്പതുവർഷമായല്ലോ അരങ്ങിൽ. തുടക്കം എങ്ങനെയായിരുന്നു?

1972-ൽ ‘യൂക്ക്’ (യൂത്ത് ഓർഗനൈസേഷൻ ഓഫ് കാലിക്കറ്റ്) എന്ന ചെറുപ്പക്കാരുടെ സംഘത്തിലൂടെയാണ് ‘തൃഷ്ണ’ എന്ന നാടകം കോഴിക്കോട്ടെ അരങ്ങിലെത്തിയത്. ആധുനിക അമെച്ചർ നാടകങ്ങളുടെ വക്താക്കളായിരുന്നു ഞങ്ങൾ. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച സംവിധായകരെക്കൊണ്ട് നാടകം ചെയ്യിച്ചിട്ടുണ്ട്. ശ്യാമപ്രസാദ്, ജോസ് ചിറമ്മൽ, വി.എം. വിനു തുടങ്ങിയവരുടെയൊക്കെ നാടകങ്ങൾ അങ്ങനെ അരങ്ങേറിയിട്ടുണ്ട്. കെ.ആർ. മോഹൻദാസുമായുള്ള അടുപ്പത്തിലൂടെ ‘അണിയറ’ എന്ന നാടകസംഘത്തിലെത്തി. യൂക്കിലെയും അണിയറയിലെയും അനുഭവങ്ങൾക്കുശേഷം സ്വന്തമായി ‘കളിയൊരുക്കം’ എന്ന അമെച്ചർ നാടകസമിതിക്കു രൂപംനൽകി.

അഭിനയപരിചയമില്ലാത്തവരെ അരങ്ങിലെത്തിക്കാനുള്ള ധൈര്യംകാട്ടിയ കാലമാണത്. അല്ലേ?

38 നാടകങ്ങൾ ‘കളിയൊരുക്ക’ത്തിലൂടെ അരങ്ങിലെത്തി. കൂലിപ്പണിക്കാർ, മത്സ്യത്തൊഴിലാളികൾ, ഡ്രൈവർമാർ എന്നിങ്ങനെ നാടകത്തെക്കുറിച്ച് ഒന്നുമറിയാത്തവരെയാണ് നാടകജോലികളേൽപ്പിച്ചത്. അഭിനയം മാത്രമല്ല, കർട്ടനുയർത്തൽമുതൽ നാടകരചനവരെ പലപല പണികൾ എല്ലാവരെയും മാറിമാറിയേൽപ്പിച്ചു. എല്ലാത്തിലും പരിശീലനം നൽകുന്നതായിരുന്നു രീതി. എനിക്ക് മികച്ചനടനുള്ള കേരള സംഗീതനാടക അക്കാദമിയുടെ അവാർഡ് ലഭിച്ച ‘പകർന്നാട്ടം’ കളിയൊരുക്കത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. അതിലൂടെ വളർന്നുവന്നവർ ഏറെ. പൂഴിത്തൊഴിലാളിയായ ബിജു മാവിളിക്കടവിനെ മറക്കാനാവില്ല. സ്വന്തമായി നാടകമെഴുതി സംവിധാനംചെയ്ത അദ്ദേഹം ഇന്നില്ല. അമെച്ചർ നാടകങ്ങളിൽ പ്രവർത്തിക്കുന്നകാലത്തുതന്നെ ഞാൻ പ്രൊഫഷണൽ നാടകങ്ങളിലേക്കുമെത്തി. കെ.പി.എ.സി., സംഗമം തിയേറ്റേഴ്‌സ് തുടങ്ങിയവയ്ക്കുവേണ്ടിയൊക്കെ നാടകങ്ങൾ ചെയ്തു.

ലൈംഗികത്തൊഴിലാളികളെയും അഭിനയം പഠിപ്പിച്ചിട്ടുണ്ടല്ലോ?

നാടകപരിശീലനത്തിന് രണ്ടായിരത്തിലേറെ ശില്പശാലകൾ നടത്തിയിട്ടുണ്ട്. അഞ്ചുദിവസത്തെ ക്യാമ്പുകളാണ് ആൺ-പെൺ ലൈംഗികത്തൊഴിലാളികൾക്കായി നടത്തിയത്. സർക്കാരിന്റെ നേതൃത്വത്തിലുള്ള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അത്. ക്യാമ്പ് കഴിഞ്ഞുപോകുമ്പോൾ പൊട്ടിക്കരയുകയായിരുന്നു പലരും. അതുവരെയില്ലാത്ത പരിഗണന ലഭിച്ചതിന്റെ പ്രതികരണമാവാം അത്. അവരുടെ ഉള്ളുകാണാൻ ആരും മെനക്കെടാറില്ലല്ലോ.

‘പാലേരി മാണിക്യ’ത്തിലെ കുന്നുമ്മൽ വേലായുധൻ പ്രേക്ഷകർ ഇന്നും ഓർമയിൽസൂക്ഷിക്കുന്ന വേഷമാണ്. സിനിമയിൽ പിന്നീടെന്തുണ്ടായി?

രഞ്ജിത് സംവിധാനംചെയ്ത ആ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാനായത് വലിയ അവസരം തന്നെയായിരുന്നു. ‘ഇന്ത്യൻ റുപ്പി’, ‘പ്രാഞ്ചിയേട്ടൻ’ എന്നീചിത്രങ്ങളിലും രഞ്ജിത് അവസരം നൽകി. എന്നാൽ, പിന്നീടങ്ങോട്ട് അത്രയുംനല്ല വേഷങ്ങൾ ലഭിച്ചില്ലെന്നത് ശരിയാണ്. തമിഴിലും ഹോളിവുഡിലും (ബാക്ക് വാട്ടേഴ്‌സ്) ഉൾപ്പെടെ മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും സിനിമയിൽ വിജയിക്കാനും തുടരെത്തുടരെ നല്ല അവസരങ്ങൾ വാങ്ങിച്ചെടുക്കാനുമുള്ള സൂത്രവിദ്യകൾ എനിക്കറിയില്ലെന്നതാണ് സത്യം. അതാണ് വേലായുധനൊപ്പം നിൽക്കുന്നൊരു കഥാപാത്രം പിന്നീടുണ്ടാവാത്തതിന് കാരണം.

പുതിയ നാടകങ്ങൾ?

രണ്ടു നാടകങ്ങൾ സംവിധാനംചെയ്യുന്നുണ്ട്. ‘ജാനകിക്ക് എന്തോ പറയാനുണ്ട്’, ‘മാന്യശ്രീ ചാത്തൻ’ എന്നിവ. ചാത്തൻ ഏകപാത്രനാടകമാണ്.

കുടുംബം?

ഭാര്യ: ആശാലത. മക്കൾ: ഡോ. ദീപ്തി, ചിത്ര.

Content Highlights: actor vijayan v nair interview, paleri manikyam actor vijayan V nair theatre memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented