ഇളയ ദളപതി എന്ന വിശേഷണത്തിൽ നിന്ന് തമിഴ്സിനിമയുടെ ദളപതിയിലേക്ക് വളർന്ന ജോസഫ് വിജയ്


ഫോർമുല സിനിമകളുടെ ആവർത്തനംകൊണ്ട് രണ്ടായിരത്തിന്റെ പകുതി പിന്നിട്ടപ്പോൾ വിജയ് ശോഭ മങ്ങുമെന്നു കരുതി. എന്നാൽ  പോക്കിരിയും തുപ്പാക്കിയും പോലെയുള്ള ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ വിജയ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

Vijay

കൂർപ്പിച്ച, അപൂർവമായി മാത്രം രൂപമാറ്റം സംഭവിക്കാറുള്ള ആ ബുൾഗാൻ താടിയുടെ ഇടയിൽക്കൂടിയുള്ള ചിരി ഏറെക്കുറെ പ്രോഗ്രാം ചെയ്തുവച്ചപോലെയാണ്. ഒരായിരം എതിരാളികളെ ഒരേസമയം തവിടുപൊടിയാക്കുന്ന അടിയാകട്ടെ നൃത്തച്ചുവടുകൾപോലെയുള്ള മെയ്വഴക്കംകൊണ്ട് താളാത്മകവും. ആ നൃത്തച്ചുവടുകളാകട്ടെ അക്രോബാറ്റിക്സും ഡപ്പാങ്കുത്തും സമന്വയിക്കുന്ന ഊർജപ്രവാഹത്തിന്റെ ഫ്യൂഷൻ സ്ഫോടനവും. ഓട്ടോമാറ്റിക് മോഡിലാക്കിയ മെഷീൻ ഗണ്ണിലെന്നപോലെ പഞ്ച് ഡയലോഗുകൾ തുരുതുരാ പുറത്തേക്ക് പ്രവഹിക്കുമ്പോൾ വായ പൂർണമായും തുറന്നുവരാറുപോലുമില്ല. തലയല്പം ചെരിച്ചുപിടിച്ചുകൊണ്ട്, ചിലപ്പോൾ ഷർട്ടിന്റെ കോളറിന്റെ മൂലയിൽ ഒന്നുകടിച്ചുപിടിച്ച് ജനക്കൂട്ടത്തെ ഒറ്റയ്ക്കു നേരിടാറുണ്ട്. അതെല്ലാം കഴിഞ്ഞ് കൈകൾ തലയ്ക്കുമുകളിൽ പിണച്ചുവെച്ച് തലോടാൻ നിൽക്കുന്ന നിഴലുകൾക്കിടയിലൂടെ അഭിവാദ്യം ചെയ്തുകൊണ്ട് വെള്ളത്തിലെന്നപോലെ നടന്നുപോകും.

മൂന്നുപതിറ്റാണ്ടുമുമ്പേ കല്പിച്ചുകിട്ടിയ ഇളയ ദളപതി(യുവ സൈന്യാധിപൻ) എന്ന വിശേഷണത്തിൽനിന്ന് തമിഴ്സിനിമയുടെ ദളപതി(സൈന്യാധിപൻ)യിലേക്കുള്ള വളർച്ചയിൽ വിജയ് എന്ന ജോസഫ് വിജയ്യെ മാസ് സിനിമകളുടെ ഹിസ്റ്റീരിയ പിടിച്ച വെള്ളിത്തിര കണ്ടർമാദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. രജനീകാന്ത് കഴിഞ്ഞാൽ സ്റ്റൈലുകൊണ്ടും കഥാപാത്രങ്ങളുടെ, സിനിമകളുടെ ആൾക്കൂട്ട ആഘോഷംകൊണ്ടും തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയനായ നടൻ. ഒരുപക്ഷേ കേരളത്തിൽ മിക്ക യുവതാരങ്ങളെക്കാളും ആൾക്കൂട്ടത്തെ ഇളക്കിമറിക്കാനും തിയേറ്ററുകളെ പൂരപ്പറമ്പാക്കാനും ശേഷിയുള്ള ഒരേയൊരു നടൻ.

ഓരോ വിജയ് സിനിമയും തമിഴ്നാട്ടിൽ പൊങ്കലോ ദീപാവലിയോ ആണ്. അതു പൊങ്കലിനോ ദീപാവലിക്കോ മാത്രം റിലീസാകുന്നതുകൊണ്ടല്ല, അത്രമേൽ വലുതാണ് ആ കാൻവാസും അതിലുള്ള മുതൽമുടക്കും അതിന്മേലുള്ള ആരാധകപ്രതീക്ഷകളും. കേവലം സിനിമയല്ല, അതൊരു ആഘോഷപ്രക്രിയയാണ്. കലയും കഥയും തേടുന്നവരാരും ആ സിനിമ കാണാനെത്തുമെന്നു കരുതാനും വയ്യ. അതാണ് വിജയ് ബ്രാൻഡ്.

വെളുത്ത ടാറ്റാ സുമോയിൽ, വെളുത്ത ഷർട്ടിട്ട്, കൊടുവാളുമായി വരുന്ന കറുത്ത വില്ലന്മാരെ അതിലും വലിയ വാളുമായി ഒറ്റയ്ക്കു നിലംപരിശാക്കുന്ന നായകൻ. ഫോർമുല സിനിമകളുടെ ആവർത്തനംകൊണ്ട് രണ്ടായിരത്തിന്റെ പകുതി പിന്നിട്ടപ്പോൾ വിജയ് ശോഭ മങ്ങുമെന്നു കരുതി. എന്നാൽ പോക്കിരിയും തുപ്പാക്കിയും പോലെയുള്ള ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ വിജയ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

സഹോദരിയുടെ അകാല വിയോഗത്തെത്തുടർന്ന് അഞ്ചുവയസ്സുവരെ മൂകനായിരുന്നുവെന്ന് അമ്മ ശോഭതന്നെ പറയാറുള്ള, പൊതുവേദികളിൽ അപൂർവമായി മാത്രം സംസാരിക്കാറുള്ള വിജയ് എന്ന സൂപ്പർതാരം സിനിമയ്ക്കപ്പുറത്തേക്കും ഇന്ന് വളർന്നിരിക്കുന്നു. നീറ്റ് എൻട്രൻസ് സുപ്രീംകോടതിവിധിയെത്തുടർന്ന് ആത്മഹത്യചെയ്ത കുട്ടിയുടെ വീട്ടിൽ ആരുമറിയാതെ എത്തിയതും തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരേയുള്ള സമരത്തിനിടെ വെടിയേറ്റുമരിച്ചയാളുടെ ബന്ധുക്കളെ കാണാനെത്തിയതും സംഘടിതമായ രാഷ്ട്രീയാക്രമണങ്ങളുണ്ടാകുമ്പോൾ ഉറച്ച മറുപടി പറയുന്നതും ആ വളർച്ചയുടെ പരിണാമംകൂടിയാണ്.

അയൽപക്കത്തെ പയ്യനിൽനിന്ന് റൊമാന്റിക് ഹീറോയിലേക്കും പിന്നെ നാട്ടുകാരുടെ രക്ഷകനായ നായകനിലേക്കും അവിടെനിന്ന് മൊത്തം തമിഴ്നാടിന്റെ രക്ഷകനായ വീരപുരുഷനിലേക്കുമുള്ള വളർച്ചയാണ് വിജയ്യുടേത്. ഏതാണ്ട് രജനീകാന്തിന്റേതുപോലെയുള്ള താരവളർച്ച.
വിജയ്യുടെ സൂപ്പർതാരവളർച്ചയ്ക്കു മൂന്നുഘട്ടങ്ങളാണുള്ളത്. തൊണ്ണൂറുകളുടെ പകുതിയോടെയുള്ള 'പൂവേ ഉനക്കാക', 'കാതലുക്കു മര്യാദെ' തുടങ്ങിയ ആദ്യകാല ഹിറ്റുകൾ മുതൽ 'തുള്ളാതമനവും തുള്ളു' വും 'ഖുഷി'യും വരെയുള്ള പ്രണയനായകന്മാരുടെ കാലഘട്ടം. 'ഗില്ലി' മുതൽ 'പോക്കിരി' വരെയുള്ള രോഷാകുലരായ നായകന്മാരുടെ രണ്ടാംഘട്ടം. 'തുപ്പാക്കി' മുതൽ 'മാസ്റ്റർ'വരെയുള്ള രക്ഷകന്മാരുടെ അവസാനഘട്ടം.

ഡാൻസർ വിജയ്

റീമേക്ക് ചിത്രങ്ങളുടെ വൻവിജയങ്ങൾ വിജയ് എന്ന സൂപ്പർതാരത്തെയും ആ താരത്തെ ജനപ്രിയമാക്കിയ ട്രേഡ്മാർക്ക് മാനറിസങ്ങളെയും വളർത്തിയെടുത്തതിൽ നിർണായകമാണ്. കാതലുക്കു മര്യാദെ, പ്രിയമാനവളെ, ഗില്ലി, ഫ്രണ്ട്സ്, പോക്കിരി, കാവലൻ, നൻപൻ തുടങ്ങിയ വലിയ ഹിറ്റുകൾ തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളുടെ റീമേക്കുകളാണ്. സംവിധായകനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖറിന്റെ മകനെന്ന നിലയിൽ സിനിമയിലേക്കു വന്ന് പയ്യെ നിലയുറപ്പിച്ചുതുടങ്ങിയ വിജയ്യുടെ ആദ്യ ബോക്സോഫീസ് ബമ്പറും റീമേക്ക് ചിത്രമായിരുന്നു; മലയാളം സിനിമയിൽ ബോക്സോഫീസ് റെക്കോഡ് തിരുത്തിയ പ്രണയചിത്രം അനിയത്തിപ്രാവിന്റെ റീമേക്ക്; ഫാസിൽതന്നെ സംവിധാനം ചെയ്ത 'കാതലുക്കു മര്യാദെ'. ഇന്നത്തെ സൂപ്പർസ്റ്റാർ വിജയ്യെ വെച്ചാണെങ്കിൽ സങ്കല്പിക്കാൻ പോലുമാകാത്ത ലളിത പ്രണയചിത്രം. ഏതായാലും വിജയ്യുടെ സൂപ്പർതാരപദവിക്കുമുമ്പുള്ള സിനിമകൾ, പ്രത്യേകിച്ച് അജിത്ത്, സൂര്യ എന്നീ യുവനായകരുടെകൂടി വരവറിഞ്ഞ തൊണ്ണൂറുകളുടെ പകുതിയിലെ വിജയ് ചിത്രങ്ങൾ, ഇത്തരത്തിലുള്ളതായിരുന്നു.

പഠനത്തിൽ അത്ര തത്‌പരനൊന്നുമല്ലായിരുന്നു വിജയ്. എസ്.എ. ചന്ദ്രശേഖറിന്റെ മകന്, ക്യാപ്റ്റൻ വിജയകാന്തിനെപ്പോലെയുള്ളവരെയൊക്കെ സിനിമയിൽ സ്റ്റാറാക്കിയ അതികായന്റെ മകന്, സിനിമാപ്രവേശനം അത്ര ബുദ്ധിമുട്ടുള്ളതൊന്നുമായിരുന്നുമില്ല. പക്ഷേ, അച്ഛന് താത്‌പര്യമില്ലായിരുന്നുവെന്നുമാത്രം. ചന്ദ്രശേഖറിന്റെ കുറച്ചധികം സിനിമകളിൽ വിജയ് ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തുടർപഠനത്തിന് ലയോള കോളേജിൽ ചേർത്തെങ്കിലും വിജയ്ക്ക് സിനിമ മാത്രമായിരുന്നു ലക്ഷ്യം. രജനീകാന്തിന്റെ സിനിമയിലെ രംഗങ്ങൾ (താൻ ആ സിംഹാസനത്തിന്റെ വരുംകാല അവകാശിയാണെന്നറിയാതെ) അഭിനയിച്ചുകാട്ടിയാണ് അച്ഛന്റെ മനസ്സിളക്കിയത്. അങ്ങനെയാണ് 28 വർഷം മുമ്പ് എസ്.എ. ചന്ദ്രശേഖർ വിജയ്യെ നായകനാക്കി 'നാളിയ തീർപ്പ്' എന്ന സിനിമയൊരുക്കുന്നത്.ജോസഫ് വിജയ് നായകനായ സിനിമയിലെ കഥാപാത്രത്തിന്റെ പേര് വിജയ്. (ചന്ദ്രശേഖറിന്റെ സിനിമകളിൽ വിജയ് പേര് ആവർത്തിച്ചുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ ആറ്റ്ലിയുടെ തെരിയിൽ ഇരട്ടഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നിന്റെ പേര് ജോസഫെന്നും മറ്റൊന്നിന്റെ പേര് വിജയ് എന്നുമായിരുന്നു.) സിനിമ പക്ഷേ, ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല. ചന്ദ്രശേഖർ വിട്ടില്ല, വിജയ്യെ നായകനാക്കി വീണ്ടും വീണ്ടും സിനിമകൾ ചെയ്തു. പക്ഷേ, ഒന്നും കാര്യമായി ക്ളിക്കുചെയ്തില്ല

കാര്യങ്ങൾ മാറിമറിയുന്നതും അച്ഛൻ ലോഞ്ച് ചെയ്ത താരമല്ലാതെ, വിജയ് അഭിനേതാവായി മാറുന്നതും 1996-ൽ വിക്രമൻ (പിന്നീട് സൂര്യവംശം എന്ന ബ്ലോക്ബസ്റ്റർ ഒരുക്കിയ വിക്രമൻ) ഒരുക്കിയ 'പൂവേ ഉനക്കാക' എന്ന സിനിമയിലാണ്. മലയാളിയായ അഞ്ജു അരവിന്ദും സംഗീതയും മുഖ്യവേഷങ്ങളിലെത്തിയ പൂവേ ഉനക്കാകയുടെ വിജയം അസാധ്യമായ മെയ്വഴക്കമുള്ള നർത്തകൻ എന്ന നിലയിൽ വിജയ്യുടെ മികവ് പ്രേക്ഷകരിലേക്കെത്തിച്ചു. മിഥുൻ ചക്രവർത്തിയുടെ ഡിസ്കോ സ്റ്റെപ്പുകളിൽനിന്ന് പ്രഭുദേവയുടെ അക്രോബാറ്റിക് നൃത്തമികവുകളിലേക്ക് ഇന്ത്യൻ സ്ക്രീൻ മാറിത്തുടങ്ങിയ കാലം കൂടിയായിരുന്നു തൊണ്ണൂറുകൾ.

ഇന്ത്യൻ മൈക്കിൾ ജാക്സൻ എന്ന വിശേഷണത്തോടെ കാതലനായും ജന്റിൽമാനായും തൊണ്ണൂറുകളിൽ അവതരിച്ച പ്രഭുദേവ എന്ന പ്രതിഭാസം കമൽഹാസനെപ്പോലെ അപൂർവം ചിലരെ ഒഴിച്ച് നൃത്തംചെയ്യാൻ പോലും നാണിപ്പിച്ചുകാണണം. അതുകൊണ്ടുതന്നെ വിജയ് പുലർത്തിയിരുന്ന ആ ഡാൻസിങ് മികവ്, യുവാക്കളെ ആകർഷിക്കുന്ന കാസ്റ്റിങ് എന്ന നിലയിൽ തുണയായി.
പ്രഭുദേവയുടെ അക്രോബാറ്റിക് മെയ്ചലനവിപ്ലവത്തിൽ തമിഴ്സിനിമ മുഴുവൻ ബ്രേക്ക്ഡാൻസുകാരുടെ ബിഗ് ബജറ്റ് ഗ്രൂപ്പ് ഡാൻസുകളായി. അവിടേക്കാണ് വിജയ്യുടെ അനായാസവരവ്.

പ്രഭുദേവയെ മാറ്റിനിർത്തിയാൽ തമിഴിൽ ഏറ്റവും മികച്ച ഡാൻസർ നായകൻ വിജയ് തന്നെയാണ്. ബോളിവുഡിൽ ഹൃത്വിക് റോഷനും ടോളിവുഡിൽ അല്ലു അർജുനും എന്നപോലെയാണ് കോളിവുഡിൽ വിജയ് എന്ന സൂപ്പർ ഡാൻസർ. ആ മികവില്ലാത്ത ഒരൊറ്റ വിജയ് സിനിമപോലുമിറങ്ങാറില്ല. ആരാധകർ വിജയ് സിനിമയ്ക്കായി കാത്തിരിക്കുന്നതുതന്നെ ആ ഇൻട്രോ പഞ്ചിലുള്ള അടി കഴിഞ്ഞാലുടൻ അവർക്ക് വിസിൽ പോടി കൂറ്റൻ സ്ക്രീനുമുന്നിൽച്ചെന്ന് ഷർട്ടൂരി വീശിക്കറക്കി ആടിത്തിമർക്കാനുള്ള ആ കുത്ത് പാട്ടിനുവേണ്ടിയാണ്, ഏറ്റവുമൊടുവിലിറങ്ങിയ ബിഗിലിൽ വരെയുണ്ട് ആ പാട്ട്. സാക്ഷാൽ എ.ആർ. റഹ്മാൻ വരെ വിജയ്ക്കുവേണ്ടി കുത്തുപാട്ടൊരുക്കും. ഇനിയിറങ്ങാനുള്ള ലോകേഷ് കനകരാജിന്റെ മാസ്റ്ററിലുമുണ്ട് അതേതരത്തിലുള്ള ഗാനം. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിജയ് ചെരിഞ്ഞുനിന്ന് തോളുകുലുക്കി ആടിത്തിമർത്ത 'വാത്തി കമിങ്' യൂട്യൂബിലും, നിരോധിക്കപ്പെടുംമുമ്പ് ടിക്ടോക്കിലും ട്രെൻഡ് സെറ്ററായിരുന്നു. വിജയ് സിനിമകളുടെ പ്രധാന വിജയഘടകം തന്നെ കണ്ണഞ്ചിക്കുന്ന നിറങ്ങളും നിറയെ ആൾക്കൂട്ടവുമുള്ള ഈ പാട്ടുകൾ തന്നെ. അങ്ങനെ ലക്ഷക്കണക്കിനു വിജയ് ഫാൻസിനെ സൃഷ്ടിച്ച, വിജയ്യുടെ സിഗ്നേച്ചർ സ്റ്റൈൽ ഐക്കണുകൾ സ്ഥാപിച്ച, എത്രയെത്ര പാട്ടുള്ള സിനിമകൾ: ഗില്ലി, തിരുപ്പാച്ചി, പോക്കിരി, വില്ല്, വേട്ടക്കാരൻ, കത്തി, തെരി, മെർസൽ, ബിഗിൽ... ഉത്സവപ്പറമ്പുകളെയും കോളേജ് കാമ്പസുകളെയും മുതൽ സ്റ്റേജ് ഷോകളെ വരെ പ്രകമ്പനംകൊള്ളിച്ച, ആൾക്കൂട്ടത്തെ ഉന്മാദനൃത്തം ചെയ്യിച്ച പാട്ടുകൾ: അപ്പടി പോട്, നാൻ അടിച്ചാൽ താങ്കമാട്ടേ, മച്ചാ പേര് മധുരൈ, പോക്കിരി പൊങ്കൽ, ഡാഡി മമ്മി വീട്ടിൽ ഇല്ല, വെറിത്തനം... പട്ടിക നീണ്ടതാണ്.

പൂവേ ഉനക്കാകയ്ക്കു പിന്നാലെ വന്ന വിജയ്യുടെ പ്രധാനചിത്രങ്ങൾ 1997-ൽ റിലീസ് ചെയ്ത, മണിരത്നം നിർമിച്ച, നടൻ ശിവകുമാറിന്റെ മകൻ സൂര്യയെയും പിന്നീട് തെന്നിന്ത്യ അടക്കിവാണ താരറാണി സിമ്രാനെയും തമിഴിൽ അവതരിപ്പിച്ച നേർക്കുനേരും അനിയത്തിപ്രാവിന്റെ റീമേക്ക് കാതലുക്കു മര്യാദെയുമായിരുന്നു. കാതലുക്കു മര്യാദെയുടെ തകർപ്പൻ വിജയത്തിനു പിന്നാലെ തുള്ളാതമനവും തുള്ളും, ഖുഷി എന്നീ റൊമാന്റിക് ഹിറ്റുകൾ കൂടി പിറന്നതോടെ വിജയ് എന്ന നടന്റെ നൃത്തമികവ് മാത്രമല്ല പ്രകടനമികവും ചെറുപ്പക്കാരെ കാന്തംപോലെ പിടിച്ചടുപ്പിക്കുന്ന കരിസ്മയും സ്ഥാപിക്കപ്പെട്ടു.

ഫൈറ്റർ വിജയ്

ദൂരെ ഗ്രാമത്തിലുള്ള സഹോദരിയുടെ ഭർത്തൃഗൃഹത്തിൽ വരുന്ന നായകൻ അവിടത്തെ ലോക്കൽ ഡോണിനോട് ഏറ്റുമുട്ടുന്നു, ദൂരെ ഗ്രാമത്തിൽ കബഡി കളിക്കാൻവരുന്ന നായകൻ അവിടെയുള്ള ലോക്കൽ ഡോണിനോട് ഏറ്റുമുട്ടുന്നു, പട്ടണത്തിലേക്ക് സൃഹൃത്തിനെ കാണാൻവരുന്ന നായകൻ അവിടെയുള്ള ലോക്കൽ ഡോണിനോട് ഏറ്റുമുട്ടുന്നു, നഗരത്തിലെ കോളേജിൽ പഠിക്കാൻവരുന്ന നായകൻ പാർട്ട്ടൈം പണിക്ക് ഓട്ടോ ഓടിക്കവേ നായകനോട് ഏറ്റുമുട്ടുന്നു, വിജയ്യെ അതിമാനുഷ കഥാപാത്രങ്ങളാക്കിയ രണ്ടായിരത്തിനുശേഷമുള്ള വലിയ ഹിറ്റുകളുടെ പലതിന്റെയും പ്ലോട്ട് ഇതാണ്. നായകന്റെ പശ്ചാത്തലം മാത്രമൊന്ന് മാറ്റി ഏതാണ്ട് ഒരേ അച്ചിൽ വാർത്ത സിനിമകൾ (പോക്കിരി, കാവലൻ, നൻപൻ, സച്ചിൻ അങ്ങനെ വളരെക്കുറച്ച് സിനിമകൾക്കേ ഈ പ്ലോട്ടിൽനിന്ന് കാര്യമായ മാറ്റം പറയാനെങ്കിലും പറ്റൂ. അവയെല്ലാം റിമേക്കുകളുമായിരുന്നു)

എന്നാൽ ഈ ആവർത്തനസിനിമകളെല്ലാം റൊമാന്റിക് ഹീറോ എന്ന നിലയിൽനിന്ന് ആക്ഷൻതാരത്തിലേക്കും തമിഴ്സിനിമയിലെ ഏറ്റവും വിലപിടിച്ച താരത്തിലേക്കും സാക്ഷാൽ രജനീകാന്തിന്റെ പിൻഗാമിയുമായുള്ള ജനപ്രീതിയിലേക്കുമുള്ള വളർച്ചാഘട്ടമായിരുന്നു. ഈ പരിണാമത്തിന്റെ തുടക്കത്തിൽ ഏറ്റവും നിർണായകമായത് ധരണി സംവിധാനംചെയ്ത, 2003-ൽ ഇറങ്ങിയ ഗില്ലി ആണ്. തെലുങ്കിൽ മഹേഷ്ബാബു നായകനായ ഒക്കഡുവിന്റെ തമിഴ്പതിപ്പായിരുന്നു അതെങ്കിലും ഒരു റീമേക്കുകൂടി വിജയ്യുടെ കരിയറിൽ നിർണായകമായി. രജനീകാന്തിന്റെ പടയപ്പയുടെ റെക്കോഡ് തകർത്ത്, 30 കോടിയുടെ കളക്ഷൻ റെക്കോഡ് 50 കോടിയായി തിരുത്തിക്കുറിച്ചു. ഗില്ലിയിലെ വിജയ്യുടെ കബഡികളി തമിഴ്സിനിമയുടെ വിശാലമായ ഇടംകൂടിയാണ് വളർത്തിയത്.

എല്ലാ കഥാപത്രങ്ങളും സാധാരണക്കാർ. രജനീകഥാപാത്രങ്ങൾപോലെ പാവങ്ങളുടെ പടത്തലവൻ. രജനിയെപ്പോലെതന്നെ നീതിക്കും നിയമത്തിനും ബന്ധുജനത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ഒറ്റയ്ക്കുനിന്ന് പോരാടുന്ന, ഒരിക്കലും തോൽക്കാത്ത നായകന്മാർ. അതുകൊണ്ടൊക്കെത്തന്നെയാവും ഒറ്റ അച്ചിൽ വാർത്തവയായിട്ടും അവ ആഘോഷിക്കപ്പെട്ടത്. റൊമാന്റിക് ഹീറോയിൽനിന്ന് ആക്ഷൻ ഹീറോയിലേക്കുള്ള വിജയ്യുടെ സ്വീകാര്യതയിൽ ഗില്ലിക്കുമുമ്പേ ഇറങ്ങിയ തിരുമലൈ എന്ന രമണയുടെ സിനിമയും ഘടകമായിട്ടുണ്ട്. ഗില്ലിക്ക് പിന്നാലെ തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ഹിറ്റുകളും ബോക്സ് ഓഫീസിൽ സ്വർണം വിളയിച്ചു.

ഈ പാറ്റേണിൽ വന്ന ചിലതൊക്കെ പരാജയപ്പെട്ടു. വിജയ് ഫോർമുല ബോക്സ് ഓഫീസിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴാണ് 2007-ൽ മറ്റൊരു റീമേക്ക് കരിയറിൽ വീണ്ടും ബ്ലോക്ബസ്റ്റർ തീർത്തത്. പ്രഭുദേവ സംവിധാനംചെയ്ത പോക്കിരി. അതും മഹേഷ് ബാബു നായകനായ തെലുഗു സിനിമയുടെ റീമേക്കായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പോക്കിരിയുടെ ഗംഭീര വിജയം വിജയ് എന്ന നടന്റെ ഗ്രാഫും വല്ലാതെ ഉയർത്തി. അതുവരെ വർഷത്തിൽ മൂന്ന് സിനിമകൾ ചെയ്തുകൊണ്ടിരുന്ന വിജയ് അതോടെ വർഷത്തിൽ ഒന്ന് മാത്രമായി. അവ പൊങ്കലിനോ ദീപാവലിക്കോ എത്തുന്ന വൻ ആഘോഷവും.
എന്നാൽ പിന്നാലെ വന്ന സിനിമകൾ, ഫോർമുലാ ആവർത്തനങ്ങൾ കഥാപാത്രങ്ങളുടെ അമാനുഷികത കൂട്ടിയെങ്കിലും ആരാധകസർക്കിളിന് പുറത്ത് കാര്യമായ സ്വീകാര്യത കിട്ടിയില്ല. അതുകൊണ്ടുതന്നെ തന്റെ പതിവ് സൂപ്പർഹീറോ കഥകളിൽനിന്ന് മാറി റൊമാന്റിക് ഹീറോ ആയി താത്‌കാലിക പരീക്ഷണത്തിനൊരുങ്ങിയത്. അതും റീമേക്ക് ചിത്രമായിരുന്നു, മലയാള സിനിമ ബോഡിഗാർഡിന്റെ തമിഴ്പതിപ്പ്. സിദ്ധിഖ് തന്നെ ബോഡിഗാർഡിനെ കാവലനാക്കിയപ്പോൾ വിജയ് ഫോർമുല ബ്രേക്ക് എടുത്തു.

പിന്നാലെ ബോളിവുഡ് ബ്ലോക്ബസ്റ്റർ ത്രി ഇഡിയറ്റ്സ് കോളിവുഡിലെ ഷോമാൻ ഷങ്കർ നൻപൻ ആക്കിയപ്പോൾ വിജയ് വീണ്ടും ഫോർമുലയില്ലാത്ത, മാസ് ഇൻട്രോയും വെൽക്കം ഡാൻസും ആക്രോബാറ്റിക് അടികളും ഇല്ലാത്ത ലളിതഹൃദയ തമാശകളുള്ള മൾട്ടി സ്റ്റാർ സിനിമയുടെ ഭാഗമായി. അതോടെ വിജയ് 'ഫോർമുല വൺ' ട്രാക്ക് മാറ്റുകയാണെന്ന് ചിലരെങ്കിലും കരുതിയെങ്കിൽ അവർക്ക് തെറ്റി, പുലി പതുങ്ങുന്നത് കുതിക്കാനായിരുന്നു.

രക്ഷകൻ വിജയ്

പുതിയ പതിറ്റാണ്ട് ഇന്ത്യൻ സിനിമയിലേക്ക് പുതിയ എലൈറ്റ് ഗ്രൂപ്പ് കൂടെ കൊണ്ടുവന്നു, നൂറുകോടി ക്ലബ്. അതും തുടക്കമിട്ടത് തമിഴ്സിനിമയാണ്. രജനീകാന്തിന്റെ ശങ്കർ സിനിമ ശിവാജി. ഇന്ത്യയിലെ ആഭ്യന്തര മാർക്കറ്റിൽനിന്നുതന്നെ ആദ്യമായി നൂറുകോടി കളക്ഷൻ എന്ന മാജിക്സംഖ്യ കടന്ന സിനിമയെന്നാണ് ശിവാജിയുടെ വിശേഷണം.

അതിനുപിന്നാലെ 2010-ൽ ഷങ്കറിന്റെ മാഗ്നം ഓപ്പസ് യന്തിരൻ 200 കോടിയും കടന്ന് അടുത്ത റെക്കോഡും സൃഷ്ടിച്ചതോടെ തമിഴ്സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെതന്നെ വിപണിസാധ്യതകളുടെ കാൻവാസും അലകും പിടിയും മാറി. അതിന്റെ ആദ്യ അനുരണനമായിരുന്നു രജനീകാന്തല്ലാതെ ഒരു തെന്നിന്ത്യൻ നായകന്റെ സിനിമ ബോക്സ്ഓഫീസിൽ നൂറുകോടി ക്ളബ്ബിൽ അംഗത്വം നേടിയ തുപ്പാക്കിയുടെ ഗംഭീര വിജയം. ബിഗിൽ എത്തിയപ്പോൾ അത് 300 കോടി ക്ലബ്ബായി.

വിജയ്യുടെ കരിയറിലെ മറ്റൊരു ഘട്ടംകൂടിയാണ് തുപ്പാക്കിയിലൂടെ തുടങ്ങിയത്. ഫോർമുലകളിൽനിന്ന് കാര്യമായ മാറ്റമൊന്നും ഒറ്റയടിക്ക് പ്രത്യക്ഷമല്ലെങ്കിലും കുറച്ചുകൂടി കാമ്പുള്ള പ്രമേയങ്ങളായിരുന്നു പിന്നീടുള്ള പലതും. മതതീവ്രവാദംമുതൽ ഫെമിനിസംവരെ, കോർപ്പറേറ്റ് ചൂഷണംമുതൽ മെഡിക്കൽ കോളേജ്/ ആശുപത്രി മാഫിയകൾവരെ കടന്നുവന്നു. അതിന്റെ അനുരണനങ്ങളായി വിവാദങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഉണ്ടായി. പക്ഷേ, തുപ്പാക്കിമുതൽ വിജയ് സിനിമകൾ കണ്ടെന്റിന്റെ ക്വാളിറ്റിയിൽ കാര്യമായിത്തന്നെ ശ്രദ്ധിച്ചുതുടങ്ങി. ആറ്റ്ലിയും എ.ആർ. മുരുഗദോസുമാണ് ഈ കാലയളവിൽ ഇറങ്ങിയ പത്തിൽ ആറ് സിനിമകളും ചെയ്തത്.

പണ്ടുമുതലേ വിജയ് നായകന്മാർ രക്ഷകരായിരുന്നുവെങ്കിലും തുപ്പാക്കിമുതലുള്ള സിനിമകളിൽ അതിന്റെ മാനം കുറച്ചുകൂടി വളർന്നുവലുതായി. സമൂഹശ്രദ്ധയാകർഷിക്കുന്ന ചില വിഷയങ്ങളെ മറ്റൊരു മാധ്യമത്തിനും സാധിക്കാത്ത ശക്തിയിൽ, ഏറ്റവും ലളിതമായി മാസുകളിലേക്ക് എത്തിക്കാൻ വിജയ് ഫോർമുലകൾക്ക് സാധിച്ചു. തമിഴ്സിനിമയിലെ മാസ് ആക്ഷൻ ത്രില്ലറുകളിൽ അടിമുടി വേറിട്ടൊരു അനുഭവം സമ്മാനിച്ച കൈദി ഒരുക്കിയ ലോകേഷ് കനകരാജിന്റെ മാസ്റ്ററാണ് വിജയ്യുടെ റിലീസാകാനുള്ള സിനിമ.

കാർത്തിക് സുബ്ബരാജ് എന്ന പുതുതലമുറസിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകൻ പേട്ടയിലൂടെ രജനീകാന്തിനെ 'റിഫ്രെഷ്' ചെയ്തതുപോലെ വിജയ്യുടെ വിജയഫോർമുലകൾക്കപ്പുറത്തൊരു മാസ് ആക്ഷൻ സിനിമ ഒരുക്കാൻ ലോകേഷിനാകുമോ? കോവിഡ്കാലം കഴിഞ്ഞെത്തുമെന്ന് സ്വപ്നംകാണുന്ന, ഫാൻസിനൊപ്പമുള്ള ആ ഫസ്റ്റ്ഡേ ഫസ്റ്റ്ഷോയ്ക്കായി (എഫ്.ഡി.എഫ്.എസ്.) കാക്കാം. തുപ്പാക്കിയിലെ ആ ഇന്റർവെൽ പഞ്ച് ഡയലോഗ്പോലെ, ഐ ആം വെയ്റ്റിങ്!


വിഷയം മുഖ്യം

ആൾക്കൂട്ടത്തിനുമുന്നിൽ സംസാരിക്കാൻ വിജയ് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും പ്രസക്തമാണ്. കർഷകദുരിതത്തെക്കുറിച്ചും, അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. അടുത്തകാലത്തായി നടന്ന ഓഡിയോലോഞ്ചുകളിൽ പോലും സിനിമയെയും ആരാധകരെയും പറ്റിയായിരുന്നില്ല സംസാരിച്ചത്.അവാർഡ് നിശയിൽ വന്ന് സംഘാടകരെ പൊക്കിപ്പറയുമെന്ന് പ്രതീക്ഷിച്ചവരേയും വിജയ് നിരാശരാക്കി. തമിഴ് സിനിമയുടെ നൂറാം വാർഷികാഘോഷത്തിൽ അദ്ദേഹം സ്റ്റണ്ട് യൂണിയനെപ്പറ്റിയാണ് സംസാരിച്ചത്. ഒട്ടും വൈകാതെ കർഷകരുടെ പ്രശ്നങ്ങൾ പറഞ്ഞ കത്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. കർഷകപ്രശ്നം ചർച്ചചെയ്ത സിനിമയുടെ വിജയാഘോഷവേളയിൽ വിജയ് സംസാരിച്ചത് തമിഴ് പുലി വിവാദങ്ങളെപ്പറ്റിയാണ് എന്നത് മറ്റൊരു കൗതുകം.
2017 ൽ ബോക്സ് ഓഫീസ് വിജയമായ മെർസലിന് ലഭിച്ച അവാർഡ് വാങ്ങാനെത്തിയ വിജയ് സംസാരിച്ചത് കർഷകരെപ്പറ്റിയാണ്. ''ഞാൻ നന്നായി ഇരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ നന്നാകണമെന്ന് ഞാനും, പക്ഷേ. നമ്മൾ എല്ലാവരും നന്നായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടമുണ്ട്, കർഷകർ. പക്ഷേ, അവർ കടുത്ത ദുരിതത്തിലാണ്...'' ആൾക്കൂട്ടം നിശ്ശബ്ദരായി. അതൊരു മാറ്റമായിരുന്നു വിജയ് എന്ന സൂപ്പർ താരത്തിൽനിന്ന് ദളപതിയിലേക്കുള്ള മാറ്റം.

content highlights : actor vijay birthday special feature vijay movies dance ilayathalapathy fans

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented