സുകുമാരൻ മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം, സുകുമാരൻ
കഴിഞ്ഞ തലമുറയുടെ മനസ്സില്‍ 'ക്ഷോഭിക്കുന്ന യൗവ്വ ന'ത്തിന് സുകുമാരന്റെ മുഖമായിരുന്നു. പഴയ മാമൂലുകളെ ചോദ്യംചെയ്തുകൊണ്ട് ധിക്കാരിയെപ്പോലെയാണ് സുകുമാരന്‍ കയറിവന്നത്. എഴുപതുകളിലും എണ്‍പതുകളിലും രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാര്‍ കടന്നുവന്ന് പഴയ സങ്കല്പങ്ങളെ ചോദ്യംചെയ്ത കാലമായിരുന്നു. സിനിമയില്‍ അതിനുള്ള നിയോഗം സോമനും സുകുമാരനും ജയനുമായിരുന്നു. അവരില്‍തന്നെ ഡയലോഗിന്റെ കാര്യത്തില്‍ സുകുമാരനായിരുന്നു കേമന്‍. മേലാളന്മാരുടെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയാന്‍ ധൈര്യപ്പെട്ട സുകുമാരനെ യുവതലമുറ താരമാക്കി. അര്‍ഥമറിഞ്ഞില്ലെങ്കിലും സുകുമാരന്റെ ഇംഗ്ലീഷ് ഡയലോഗുകള്‍ കേട്ട് അവര്‍ കോരിത്തരിച്ചു. നാലഞ്ചു കൊല്ലത്തിനുശേഷം അടുത്ത തലമുറയ്ക്ക് വഴിമാറിക്കൊടുക്കുമ്പോള്‍ സുകുമാരന്‍ പ്രായം നാല്‍പ്പതു പോലുമായിരുന്നില്ല. തന്റെതായ സാന്നിധ്യമറിയിക്കാവുന്ന രംഗങ്ങളിലേക്ക് ആ നടന് സ്വയം പറിച്ചുനട്ടു. 'നിര്‍മാല്യ'ത്തിലെ അപ്പുവില്‍ തുടങ്ങി 'വംശ'ത്തിലെ കുരിശിങ്കല്‍ വക്കച്ചന് വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്പോള്‍ 49 വയസ്സു മാത്രമായിരുന്നു പ്രായം. തന്റെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെയായിരുന്നു വിയോഗം. ജൂണ്‍ 16ന് ഇരുപത്തിയഞ്ച്
വര്‍ഷമാവുകയാണ് ആ വേര്പാടിന്.
എം.ടി.യുടെ കണ്ടെത്തല്‍
പൊന്നാനി താലൂക്കിലെ എടപ്പാളിലുള്ള പൊന്നാംകുഴി തറവാട്ടിലെ അംഗമാണ് സുകുമാരന്‍. എടപ്പാളിന് അടുത്തുതന്നെയാണ് എം.ടി.യുടെ ജന്മനാടായ കൂടല്ലൂര്‍. സുകുമാരന്റെ അമ്മാവന്മാര് എം.ടി.യുടെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെയും സുഹൃത്തുക്കളും സഹപാഠികളുമൊക്കെയായിരുന്നു. ആ അടുപ്പം പിന്നീട്, എം.ടി. അറിയപ്പെടുന്ന എഴുത്തുകാരനായപ്പോഴും തുടര്‍ന്നുവന്നു. 1972-73 കാലം. എം.ടി.യുടെ ആദ്യ സംവിധാനസംരംഭമായ 'നിര്‍മാല്യ'ത്തിന്റെ ചിത്രീകരണം എടപ്പാളിലും പരിസരത്തുമായി നടക്കുന്നു. സുകുമാരന്റെ അമ്മാവന്മാരൊക്കെയാണ് ചിത്രീകരണത്തിന്റെ കാര്യങ്ങള്‍ക്കായി ഓടിനടന്നിരുന്നത്. ലിറ്ററേച്ചറില്‍ എം.എ. കഴിഞ്ഞ് കോളേജുകളില്‍ താത്കാലിക അധ്യാപകനായി ജോലി നോക്കുകയായിരുന്നു അപ്പോള്‍ സുകുമാരന്‍. ഒരു കുടുംബകാര്യംപോലെ നടന്നുകൊണ്ടിരുന്ന ചിത്രീകരണത്തിനിടെ എം.ടി.യുമായി ഒന്നിച്ച് യാത്രചെയ്യാനും സംസാരിക്കാനുമൊക്കെ സുകുമാരന്‍ അവസരം ലഭിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സുകുമാരന്‍ പങ്കാളിയായി. അതിനിടയിലാണ് നടനാവാനുള്ള മോഹം സുകുമാരന്‍ എം.ടി.യോട് തുറന്നുപറയുന്നത്.
അഭിനയം പരിചയമില്ല, ഉള്ളത് ആത്മവിശ്വാസം മാത്രം
'സ്കൂളിലോ കോളേജിലോ ഞാന്‍ അഭിനയിച്ചിട്ടില്ല, ഒരു കലാപ്രവര്‍ത്തനവും ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷേ, എനിക്ക് അഭിനയിക്കാന്‍ കഴിയും'. സുകുമാരന്‍ പറഞ്ഞതിങ്ങനെയായിരുന്നു. ആ ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തില്‍ സുകുമാരന്‍ 'നിര്‍മാല്യ'ത്തിലെ അപ്പുവായി. പി.ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ നിഷേധിയായ മകന്. ക്യാമറയ്ക്കു മുന്നില്‍ പരിചയക്കുറവിന്റെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ആത്മവിശ്വാസത്തോടെതന്നെ സുകുമാരന്‍ നിന്നു. സുകുമാരന്‍ അന്നു കാണിച്ച ആ ആത്മവിശ്വാസം ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു.
എം.ടി.യുടെ വളര്‍ത്തുമൃഗങ്ങള്‍, വാരിക്കുഴി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഉത്തരം എന്നീ ചിത്രങ്ങളിലും പിന്നീട് സുകുമാരന്‍ അഭിനയിച്ചു. എം.ടി. സംവിധാനംചെയ്ത 'ബന്ധനം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് (1978) സുകുമാരന്‍ ലഭിച്ചതും.
ക്ഷോഭിക്കുന്ന യൗവനം
നിര്‍മാല്യം ദേശീയപുരസ്കാരമൊക്കെ നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി എണ്ണപ്പെടുകയുമൊക്കെ ചെയ്തു. അതിലെ അപ്പുവിനെ അവതരിപ്പിച്ച സുകുമാരനും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, സുകുമാരന്‍ തുടര്‍ന്ന് നല്ല അവസരങ്ങളൊന്നും വന്നില്ല. എങ്കിലും അവസരം തേടി ഒരു നിര്‍മാതാവിന്റെയും വാതിലില്‍ ചെന്നു മുട്ടാന്‍ സുകുമാരനിലെ തറവാടി തയ്യാറായില്ല. കാത്തിരിപ്പ് ഒന്നു രണ്ടു വര്‍ഷത്തിലേറെ നീണ്ടു. ഇതിനിടെ കെ.പി. കുമാരന്റെ 'ലക്ഷ്മിവിജയം' ഉള്‍പ്പെടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ, സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു ആദ്യമായി തിരക്കഥയെഴുതിയ 'ശംഖുപുഷ്പ'മായിരുന്നു. ബേബി സംവിധാനംചെയ്ത ഈ ചിത്രം 1977 മാര്‍ച്ചില്‍ പുറത്തിറങ്ങി. സുകുമാരന്റെ ഡോ. വേണുവെന്ന ആ കഥാപാത്രം പുത്തന്‍ താരോദയത്തിന് നിമിത്തമായി. സോമന്, സുകുമാരന്‍, ജയന് എന്നീ താരങ്ങളുടെ ഉദയം ഒരേകാലത്താണ് സംഭവിക്കുന്നത്.
നെടുങ്കന്‍ ഡയലോഗുകള്‍
കത്തിക്കയറുന്ന ഡയലോഗ് ഡെലിവറിയായിരുന്നു സുകുമാരനെ ശ്രദ്ധേയനാക്കിയ പ്രധാന ഘടകം. ആ നടന്റെ പെര്‍ഫോമന്‍സില്‍ നല്ല നാലു ഡയലോഗു കൂടി ഉണ്ടായാലെ ആരാധകര്‍ക്ക് തൃപ്തി വരുമായിരുന്നുള്ളൂ. സ്ക്രിപ്റ്റ് എഴുതുന്നവരാവട്ടെ, നീളന്‍ ഡയലോഗുകള്‍ സുകുമാരന്റെ വായില്‍ വെച്ചുകൊടുത്തു. കോളിളക്കം, അങ്ങാടി, ചാകര, ആക്രമണം, അഗ്നിശരം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണാ, സ്ഫോടനം എന്നിവയൊക്കെ അതില്‍ ആഘോഷിക്കപ്പെട്ട ചില ചിത്രങ്ങളാണ്. പക്ഷേ, വാണിജ്യപ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങള്‍ക്കൊപ്പംതന്നെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളും സുകുമാരനെ തേടിയെത്തി.
വേറിട്ട യാത്ര
സിനിമയിലെ ഹീറോകള്‍ പ്രേമനായകന്മാര് കൂടിയാകാറുണ്ട്. സുകുമാരന്റെ റോളുകളിലും കാമുകന്മാരുണ്ടായിരുന്നു. പക്ഷേ, വെറുതെ മരം ചുറ്റി പ്രേമിക്കാനും പാട്ടുപാടാനുമുള്ള പൈങ്കിളി പ്രേമരംഗങ്ങളിലായിരുന്നില്ല. രൂപസൗന്ദര്യത്തിനപ്പുറം വ്യക്തിത്വമുള്ളതായിരുന്നു ആ കാമുകവേഷങ്ങള്‍. വിവരമുള്ള കാമുകനായിരുന്നു സുകുമാരന്‍. 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന പതിവു ഡയലോഗ് സുകുമാരന്‍ പറഞ്ഞാല്‍ അതില്‍ ഒരു വ്യക്തിത്വമുണ്ടായിരുന്നു. മലയാളത്തിലെ അക്കാലത്തെ വലിയ കാമ്പസ് ഹിറ്റായ ശാലിനി എന്റെ കൂട്ടുകാരി കണ്ടവര്‍ കോളേജ് അധ്യാപകനായ ജയദേവനെ മറന്നുകാണില്ല.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പുതിയ താരനിര ഉയര്‍ന്നുവന്നതോടെ സോമന്, സുകുമാരന്‍ തുടങ്ങിയവര്‍ക്ക് നായകനിരയില്നിന്ന് പിന്മാറേണ്ടിവന്നു. പ്രതിനായകന്പോലും ആവേണ്ടി വന്നു ഇവര്‍ക്ക്. എങ്കിലും തന്റെ റോളിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലേ സുകുമാരന്‍ അഭിനയിക്കാന്‍ തയ്യാറായുള്ളൂ. ന്യായവിധിയിലെ മാക്ക് ഫോഴ്സ്, വിറ്റ്നസിലെ സി.ഐ തോമസ് മാത്യു, കാര്‍ണിവലിലെ ചന്ദ്രപ്പന് ഭായ്, ആവനാഴിയിലെ വക്കീല്‍, കോട്ടയം കുഞ്ഞച്ചനിലെ കോര, ഉത്സവപ്പിറ്റേന്നിലെ ഏട്ടന് തമ്പുരാന്, ആഗസ്റ്റ് ഒന്നിലെ മുഖ്യമന്ത്രി തുടങ്ങിയ വേഷങ്ങള്‍ നായകനല്ലെങ്കിലും നായകനോളം പ്രാധാന്യമുള്ളതായിരുന്നു. ഏറ്റവും എടുത്തുപറയേണ്ടതാണ് സി.ബി.ഐ ഡയറിക്കുറിപ്പിലും അതിന്റെ തുടര്‍ച്ചയായ ജാഗ്രതയിലും സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസിന്റെ വേഷം. പണം കിട്ടിയാല്‍ ഏതു വാദിയെയും പ്രതിയാക്കുന്ന വിധം കറപ്റ്റഡ് ആയ പൊലീസുദ്യോഗസ്ഥന്. 'പണ്ടെങ്ങോ ഒരു ചക്ക വീണപ്പോള്‍ മുയലു ചത്തെന്നു കരുതി എപ്പോള്‍ ചക്ക വീണാലും മുയല് ചാവുമോ സ്വാമീ..' തുടങ്ങി സുകുമാരന്‍ പറയുന്ന ഡയലോഗുകളൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതം.
കാര്‍ക്കശ്യക്കാരന്‍ കിട്ടാതെ പോയത്
വിദ്യാഭ്യാസത്തിന്റെ കരുത്തും ആത്മവിശ്വാസവും സുകുമാരനിലുണ്ടായിരുന്നു. ലിറ്ററേച്ചറില്‍ എം.എ. കഴിഞ്ഞ് കുറച്ചുകാലം കോളേജ് അധ്യാപകനായിരുന്നു സുകുമാരന്‍. അതിനിടെയാണ് സിനിമയിലെത്തിയത്. നന്നായി വായിക്കും, പ്രസംഗിക്കും. നിലപാടുകള്‍ ആരോടും മുഖത്തു നോക്കി തുറന്നുപറയും. കാള്‍ മാര്‍ക്സിനെ വായിച്ച ഒരേയൊരു സിനിമാനടനാണ് താനെന്ന് സുകുമാരന്‍ പറയുമ്പോള്‍ അത് സത്യമായിരുന്നു. പക്ഷേ, ചിലര്‍ അത് അഹങ്കാരമായി കണക്കാക്കി. പ്രതിഫലത്തിന്റെ കാര്യത്തിലും കര്‍ക്കശക്കാരനായിരുന്നു സുകുമാരന്‍.
ഒരു വര്‍ഷം 40 ചിത്രങ്ങളില്‍ അഭിനയിച്ച സുകുമാരന്‍ അത് നാലു ചിത്രങ്ങളായി ചുരുങ്ങി. അപ്പോഴും അവസരം തേടിപ്പോയില്ല. സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു. സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ, ബി.എഡ്, പിന്‍ഗാമി, സൈന്യം, ഭരണകൂടം, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവയാണ് അവസാന കാലത്ത് അഭിനയിച്ചവ. ശിബിരത്തിലാണ് അവസാനം അഭിനയിച്ചത്. അവസാനം പുറത്തിറങ്ങിയ ചിത്രം 'വംശം'. 1997 ജൂണ്‍ 16 ന് സുകുമാരന്‍ അന്തരിച്ചു.
നടന് എന്നതിനപ്പുറം
250ഓളം ചിത്രങ്ങളില്‍ സുകുമാരന്‍ അഭിനയിച്ചു. സിനിമയില്‍ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'ഇരകള്‍' ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകള്‍ നിര്‍മിച്ചത്. 'പടയണി'യായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരാണ് അഭിനയിച്ചത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകള്‍ ചേര്‍ത്തുള്ള ഇന്ദ്രരാജ് ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു പടയണി ഒരുക്കിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും സുകുമാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടക്കാതെ പോയ സ്വപ്നം
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം സുകുമാരനുണ്ടായിരുന്നു. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മകള്‍' അതിനുള്ള സബ്ജക്ട് ആയി മനസ്സില്‍ കണ്ടിരുന്നു. അതിനുള്ള ചര്‍ച്ചയൊക്കെ നടത്തിയിരുന്നു. വര്‍ഷങ്ങളോളം ഇക്കാര്യം മനസ്സില്‍ കൊണ്ടുനടന്നു. ചില സുഹൃത്തുക്കളോട് ഈ കാര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനൊന്നും കാലം സുകുമാരന്‍ സമയം കൊടുത്തില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..