ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകരത നേരിട്ടു, അച്ഛന്റെ വാക്കാണ് പിടിച്ചു നിര്‍ത്തിയത് | സുധീഷുമായി അഭിമുഖം


സുധീഷ് \ ശ്രീലക്ഷ്മി മേനോൻ

9 min read
Read later
Print
Share

സുധീഷ് | ഫോട്ടോ: വി.പി. പ്രവീൺ കുമാർ | മാതൃഭൂമി

സുധീഷ്. 36 വര്‍ഷത്തിലധികമായി മലയാള സിനിമയ്‌ക്കൊപ്പം നടന്ന് തുടങ്ങിയിട്ട്. 1987-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ അനന്തരം എന്ന ചിത്രത്തില്‍ അജയകുമാര്‍ എന്ന കഥാപാത്രമായി മലയാളികള്‍ക്ക് മുന്നിലെത്തിയ സുധീഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അടുത്തിടെ പുറത്തിറങ്ങിയ 2018 എന്ന ചിത്രത്തിലെ വര്‍ഗീസ്. ഇത്രയും വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്, വൈകി വന്ന അംഗീകാരങ്ങളെക്കുറിച്ച് ഏറെ സന്തോഷത്തിനിടയിലും സങ്കടപ്പെടുത്തുന്ന ഓര്‍മകളെക്കുറിച്ച് സുധീഷ് സംസാരിക്കുന്നു.

കരിയറില്‍ ഏറെ പ്രത്യേകതയുള്ള വര്‍ഷം 2018

2018 തൊട്ട് തന്നെയാണ് എനിക്ക് കുറേ നല്ല അവസരങ്ങള്‍ വന്നു തുടങ്ങിയത്. സ്ഥിരമായി ചെയ്യുന്ന വേഷങ്ങളില്‍നിന്നു മാറി വ്യത്യസ്തമായ വേഷങ്ങള്‍ കിട്ടി തുടങ്ങിയ വര്‍ഷം കൂടിയാണത്. 'തീവണ്ടി'യാണ് അതില്‍ എടുത്ത് പറയേണ്ട ചിത്രം. അങ്ങനെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ കിട്ടത്തുടങ്ങിയപ്പോള്‍ തന്നെ എന്നെത്തേടി ഒരു സംസ്ഥാന അവാര്‍ഡും വന്നു ചേര്‍ന്നു. ഒരു അഭിനേതാവെന്ന നിലയില്‍ പഠിച്ച് ചെയ്യാനുള്ള കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയ വര്‍ഷമാണ്. അങ്ങനെ 2018 എന്ന വര്‍ഷത്തില്‍ രണ്ടാമത് തുടങ്ങി ഇപ്പോള്‍ 2018 എന്ന ചിത്രത്തിലെത്തി നില്‍ക്കുന്നു.

2018 എന്ന ചിത്രത്തിൽ സുധീഷ്

അടൂര്‍ ഗോപാലകൃഷ്ണന്റെ അജയകുമാറാണ്... 'അനന്തരം' സുധീഷ് നടനാവുന്നതെങ്ങനെയാണ്?

പത്രത്തില്‍ പരസ്യം കണ്ടാണ് അന്ന് 'അനന്തര'ത്തിന്റെ ഓഡിഷന് പോകുന്നത്. എനിക്കന്ന് പതിനാല് വയസാണ്. അച്ഛനൊപ്പമാണ് അഭിമുഖത്തിന് പോവുന്നത്. നടന്‍ അശോകന്‍ ചേട്ടന്റെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള ഒരു മുഖമായിരുന്നു അവര്‍ തേടിക്കൊണ്ടിരുന്നത്. ഞാനവിടെ ചെന്നപ്പോള്‍ അശോകന്‍ ചേട്ടന്റെ തനിഛായയുള്ള അഞ്ചാറ് പേര്‍ അവിടെയുണ്ട്. . അന്നേരം തന്നെ ഞാന്‍ അച്ചനോട് തിരിച്ചുപോകാമെന്ന് പറഞ്ഞു. നമുക്ക് നോക്കാമെന്ന് പറഞ്ഞ് അച്ഛന്‍ അവിടെ വെയ്റ്റ് ചെയ്തു. അശോകന്‍ ചേട്ടന്റെ തനി പകര്‍പ്പായ ഒരു മുഖമല്ല പക്ഷേ അടൂര്‍ സര്‍ തേടിക്കൊണ്ടിരുന്നത്. അങ്ങനെയാണ് അനന്തരം ഞാന്‍ അജയകുമാറാവുന്നത്.

സിനിമ എനിക്ക് വേറെ തന്നെ ലോകമായിരുന്നു

പണ്ടു മുതലേ സിനിമ മനസിലുണ്ട്. പക്ഷേ, അതിനെ വേറെ തന്നെ ഒരു ലോകമായാണ് നമ്മള്‍ കണ്ടിരുന്നത്. വെള്ളിത്തിരയില്‍ കാണുന്നൊരു മായാലോകം. മലബാര്‍ ഭാഗത്ത് നിന്നുള്ള ആളുകള്‍ സിനിമയില്‍ പൊതുവേ കുറവാണ്. ഷൂട്ട് നടക്കുന്നതും കൂടുതല്‍ തെക്കന്‍ ഭാഗങ്ങളിലാണ്. അതുകൊണ്ട് തന്നെ സിനിമ എനിക്ക് വേറെ തന്നെ ലോകമായിരുന്നു. ഒരിക്കലും എന്നെ സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിട്ടില്ല. പക്ഷേ, എന്തെങ്കിലും ഒരു ആഗ്രഹം നമ്മുടെ മനസിലുണ്ടെങ്കില്‍ അത് എന്നായാലും സാധിക്കും എന്ന് പറയുന്നത് ഇതാണ്. ആദ്യം സിനിമയില്‍ ഒന്ന് മുഖം കാണിക്കാനുള്ള ആഗ്രഹമായിരുന്നു. പിന്നെ മനസിലായി അത് മാത്രം പോര അഭിനയത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം, പഠിക്കണം കുറച്ചുകൂടി ഉത്തവാദിത്വം കൂടി. അങ്ങനെയാണ് അഭിനേതാവ് എന്ന നിലയിലേക്ക് മാറിയത്.

പണ്ടത്തെ സുധീഷിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് പുതുമഴയായ് പൊഴിയാം എന്ന പാട്ടാണ്

പുതുമഴയായ് പൊഴിയാം എന്ന പാട്ടിനുള്ള ഗുണം എന്താണെന്ന് വച്ചാല്‍ അതൊരു എവര്‍ഗ്രീന്‍ സോങ്ങാണ്. മുദ്ര എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിലെ ഗാനമാണ് അത്. ഹിറ്റ് ഗാനങ്ങള്‍ കുറേയുണ്ട്. പക്ഷേ ഹിറ്റായ പാട്ടുകളിലേറെയും ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ ആളുകള്‍ മറക്കും. ഈ പാട്ട് എന്ന് കേട്ടാലും ഫ്രഷാണ്. അതാണ് എവര്‍ഗ്രീന്‍ എന്ന് പറയുന്നത്. അങ്ങനെയൊരു എവര്‍ഗ്രീന്‍ സോങ്ങില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കി എം.ജി. ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിബി മലയില്‍ സാറായിരുന്നു സംവിധാനം. ലാലേട്ടനും മമ്മൂക്കയുമൊക്കെ പാട്ടു പാടി അഭിനയിക്കുന്ന കണ്ട് ആവേശം കൊണ്ടിട്ടുണ്ട് ഞാന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ അങ്ങനെയൊരു പാട്ട് സീന്‍ കിട്ടിയപ്പോള്‍ ശരിക്കും വണ്ടറടിച്ചു. അതുകൂടാതെ മമ്മൂക്കയ്ക്കൊപ്പം തന്നെ അടുത്ത ചിത്രവും ചെയ്യുന്നതിന്റെ ആവേശവും.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടിവിയില്‍ കണ്ട് ആവേശം കൊണ്ട് പയ്യന്‍ സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍

ഭയങ്കര ആവേശമായിരുന്നു ഇവരെ കാണാനും കൂടെ അഭിനയിക്കാനും ഒക്കെ. മമ്മൂക്കയെ കാണാനിങ്ങനെ കാത്തുകാത്തിരുന്നിട്ടൊക്കെയുണ്ട്. മുദ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിനായി കോട്ടയത്ത് ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഞാന്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ മമ്മൂക്ക വരുന്നുണ്ടെന്നറിഞ്ഞു. രാവിലെ എണീറ്റ് എന്റെ മുറിക്ക് പുറത്തുള്ള ഓരോ കാലടി ശബ്ദവും ശ്രദ്ധിച്ചങ്ങനെ ഇരിക്കുകയാണ് ഞാന്‍. അത്രയ്ക്ക് ആവേശമായിരുന്നു, അച്ഛനുമുണ്ട് ഒപ്പം. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കുറേ പേരുടെ കാലടി ശബ്ദം കേള്‍ക്കുന്നു. അതോടെ ആവേശം കൂടി. മമ്മൂക്ക എത്തിയിരിക്കുന്നു. അച്ഛന് പരിചയമുള്ള ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കൺട്രോളര്‍ വഴി മമ്മൂക്കയെ നേരില്‍ കാണാനുള്ള അവസരം കിട്ടി. അച്ഛനെ പക്ഷേ മമ്മൂക്കയ്ക്ക് നേരത്തെ അറിയാമായിരുന്നു കേട്ടോ. മമ്മൂക്കയുടെ ആദ്യ കാലത്തെ സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ പടം പക്ഷേ റിലീസായിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ, ഒരാളെയും മറക്കുന്ന ആളല്ല മമ്മൂക്ക. അച്ഛനെ കണ്ടപ്പോള്‍ തന്നെ മനസിലാവുകയും കുറേ സംസാരിക്കുകയുമൊക്കെ ചെയ്തു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ വലിയ സംവിധായകര്‍ക്കൊപ്പം

അതെല്ലാം വന്ന് ചേര്‍ന്ന വേഷങ്ങളാണ്. 'അനന്തര'മോ 'മുദ്ര'യോ ഒക്കെ അഭിനയിച്ച ശേഷം ഞാന്‍ സിനിമയ്ക്ക് പുറകേ തന്നെ നടന്നിരുന്നുവെങ്കില്‍ ഏതൊക്കെയോ വേഷങ്ങള്‍ ചെയ്‌തേനെ. അങ്ങനെ നടക്കാത്തോണ്ട് ഞാനറിയാതെ സെലക്ടീവ് ആയതാണ്. പഠിക്കുന്ന സമയമാണല്ലോ. എനിക്ക് വരുന്ന ചിത്രങ്ങളാണ് ചെയ്തത്. കമ്യൂണിക്കേഷനും അന്നത്ര എളുപ്പമല്ലല്ലോ.. എന്തോ ഭാഗ്യം കൊണ്ട് നല്ല നല്ല വേഷങ്ങളും വലിയ വലിയ സംവിധായകരുടെ ചിത്രങ്ങളുമൊക്കെ തേടി വന്നതാണ്. 'അനന്തര'ത്തിനും 'മുദ്ര'യ്ക്കും ശേഷമാണ് എം.ടി. സാറിന്റെ വേനല്‍ക്കിനാവുകള്‍ എന്ന ചിത്രം ചെയ്യുന്നത്. 91-ലാണ് അത്. കെ.എസ്. സേതുമാധവന്‍ സര്‍ ആയിരുന്നു സംവിധാനം. പുതിയതായി ഓഡിഷന്‍ ചെയ്ത് തന്നെയാണ് ആ ചിത്രത്തിലേക്ക് എടുത്തത്. ആ സമയമായപ്പോഴേക്കും എന്റെ മുഖച്ഛായ മാറിവന്നിരുന്നു. അതുകൊണ്ട് തന്നെ മുമ്പത്തെ ചിത്രങ്ങള്‍ സഹായിച്ചില്ല. പുതിയതായി ഓഡിഷന്‍ നടത്തി. പിന്നീട് ഒരു കാത്തിരിപ്പായിരുന്നു. അങ്ങനെയിരിക്കെ ടൗണ്‍ ഹാളില്‍ വച്ച് നടന്ന എം.ടി. സര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ എന്നെ കണ്ട സര്‍ എന്നെ അടുത്തേക്ക് വിളിച്ചു, 'നമ്മുടെ പരിപാടി ഉണ്ട്‌ട്ടോ എന്ന് പറഞ്ഞു'. അതാണ് കണ്‍ഫര്‍മേഷന്‍, അങ്ങനെയാണ് 'വേനല്‍ക്കിനാവുകളി'ലേക്കെത്തുന്നത്. ഈ ചിത്രം എം.ടി. സര്‍ തന്നെയാണോ എഴുതിയതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയില്‍നിന്നും വ്യത്യസ്തമായിരുന്നു ഇത്. കൗമാരപ്രായക്കാരായ നാല് ചെറുപ്പക്കാരുടെ വികാരവിചാരങ്ങളാണ് ചിത്രം സംസാരിക്കുന്നത്. വേറിട്ട ട്രീറ്റ്മെന്റ് ആയിരുന്നു ചിത്രത്തിന്റേത്.

ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകര വേര്‍ഷന്‍ നേരിട്ടിരുന്നില്ലേ ?

പിന്നീടങ്ങോട്ട് രണ്ട് കാറ്റഗറിയിലുള്ള വേഷങ്ങളാണ് കൂടുതലും വന്നത്. നായകന്റെ സുഹൃത്ത്, അല്ലെങ്കില്‍ അനിയന്‍. ഈ പരിപാടി കുറേ ചെയ്തു. ഹിറ്റായ കുറച്ച് ചിത്രങ്ങള്‍ കാരണമാണ് അങ്ങനെ സംഭവിച്ചത്. അനിയത്തിപ്രാവ്, വല്യേട്ടന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് അത്തരം സുഹൃത്ത്, അനിയന്‍ വേഷങ്ങള്‍ എന്നെത്തേടിയെത്തിയത്. അന്നൊക്കെ സിനിമ ചെയ്യുക എന്നേയുള്ളൂ മനസില്‍. അല്ലാതെ വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുന്നു എന്നതായിരുന്നില്ല പ്രാധാന്യം കൊടുത്തിരുന്നത്. സിനിമ ചെയ്യുന്നത് ജോലി ആയി മാറി. അതോടൊപ്പം ഡിഗ്രി എടുത്തു. എന്റെ ഒപ്പം പഠിച്ചവരെല്ലാം വേറെ തൊഴിലിടങ്ങിലെത്തി. റിസ്‌ക് ഉള്ളതാണെങ്കിലും സിനിമ തന്നെ ഞാന്‍ തൊഴിലാക്കി. നിനക്കിഷ്ടമുള്ളതെന്താണെന്ന് വച്ചാല്‍ അത് ചെയ്യ് എന്നുപറഞ്ഞ് ആ റിസ്‌ക് എടുക്കാനുള്ള ധൈര്യം അച്ഛനെനിക്ക് തന്നു. ആ വാക്കിന്റെ പുറത്താണ് ഇവിടെ തന്നെ ഉറച്ച് നിന്നത്.

'മണിച്ചിത്രത്താഴെ'ന്ന ക്ലാസിക്കും 'കിണ്ടി'യെന്ന വട്ടപ്പേരും

ഈ വട്ടപ്പേര് പാരയായിട്ടൊന്നുമില്ല. ആ ഇമേജിന്റെ പ്രശ്‌നം കൊണ്ട് ചിലപ്പോഴെനിക്ക് വലിയ പക്വതയുള്ള കഥാപാത്രങ്ങള്‍ കിട്ടിക്കാണില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം 'മണിച്ചിത്രത്താഴി'ല്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക്. ആ ചിത്രം കാണാത്ത തലമുറകളില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രം. ലാലേട്ടന്‍, സുരേഷേട്ടന്‍, ശോഭന മാം, ഇന്നസന്റേട്ടന്‍, തിലകന്‍ ചേട്ടന്‍, വേണു ചേട്ടന്‍, ലളിത ചേച്ചി തുടങ്ങി നിരവധി പ്രതിഭകള്‍ ഒന്നിച്ച ചിത്രം. അന്നത്തെ കാലത്ത് പുതുമുഖമായിരുന്ന എനിക്ക് വലിയൊരു ഔട്ട്പുട്ട് കിട്ടിയ ചിത്രമാണ്. അത് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. നമ്മുടെ പേര് പറഞ്ഞിട്ട് അറിയാത്തവര്‍ക്ക് പോലും 'കിണ്ടി' എന്ന് പറഞ്ഞാള്‍ ആളെ പിടികിട്ടും. കുട്ടികള്‍ക്ക് വരെ അങ്ങനെയാണ്. ഇപ്പോള്‍ ആ വിളി കുറച്ച് കുറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ പുറത്തിറങ്ങിയാലും കോളേജിലും മറ്റും എന്തെങ്കിലും ഫങ്ഷന് പോയാലും ഈ വിളി തന്നെയാണ്. ഇന്ന് കിട്ടുന്ന വേഷങ്ങള്‍ കൊണ്ടാണെന്ന് തോന്നുന്നു ആ വിളി കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷമാവുന്നു ചിത്രമിറങ്ങിയിട്ട്. അതുപോലൊരു ചിത്രം ഇനി സംഭവിക്കില്ല.

ചാക്കോച്ചനെന്ന സുഹൃത്ത്, സഹപ്രവര്‍ത്തകന്‍

'അനിയത്തിപ്രാവ്' മുതല്‍ തുടങ്ങിയ സൗഹൃദമാണ് ചാക്കോച്ചനുമായിട്ട്. വളരെ ഓപ്പണ്‍ ആയി സംസാരിക്കുന്ന സൗഹൃദമാണ്. സിനിമാ സൗഹൃദത്തിലും മേലെ പല കാര്യങ്ങളും സംസാരിക്കുന്നവരാണ് ഞങ്ങള്‍. അങ്ങനെയുള്ളവരെ സിനിമയില്‍ വളരെ അപൂര്‍വമായേ കണ്ട് കിട്ടുള്ളൂ. നല്ല തറവാട്ടില്‍നിന്നു വന്ന പയ്യനാണല്ലോ, അതിന്റെ ഗുണം ചാക്കോച്ചനുണ്ട്. വീണ്ടും നിര്‍മാണ രംഗത്തേക്ക് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രവുമായി കടന്നു വന്നപ്പോള്‍ നമ്മളൊക്കെ അതിന്റെ ഭാഗമായത് ആ സൗഹൃദം കൊണ്ട് കൂടിയാണ്.

സിനിമ മാറിയിട്ടുണ്ടോ ?

സിനിമ ഓരോ കാലഘട്ടത്തിലും മാറുന്നുണ്ട്. കാലം മാറുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് സിനിമയിലും പ്രതിഫലിക്കുന്നത്. പിന്നെ ഒരു നടനെന്ന നിലയില്‍ ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.

കോഴിക്കോട് വിട്ട് കൊച്ചിയിലേക്ക് ഇല്ല

എന്റെ കുടുംബം ഇവിടെ കോഴിക്കോട് ആണ്. ഞാനീ നഗരം വിട്ട് മാറുകയാണെങ്കില്‍ അത് ഒറ്റയ്ക്ക് സാധിക്കില്ല. അങ്ങനെയൊരു പറിച്ചുനടല്‍ സാധ്യവുമല്ല. കോഴിക്കോട് നഗരത്തിന് എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. ചെറുപ്പത്തില്‍ ഏതാണ്ട് ഒന്നാം ക്ലാസ് മുതല്‍ മോണോആക്ട്, നാടകം തുടങ്ങിയ കലാപരിപാടികളുമായി സ്റ്റേജില്‍ കയറി തുടങ്ങിയതാണ്. കോളേജില്‍ പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫെസ്റ്റിവലുകളിലും നിരവധി തവണ പങ്കെടുത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. ഈ നാട്ടുകാര്, എന്റെ ഗുരുക്കന്മാര്‍, അച്ഛന്റെ സുഹൃത്തുക്കള്‍ അങ്ങനെ കുറേയേറെ പേര്‍ എന്റെ വളര്‍ച്ചയ്ക്ക് പിന്തുണച്ചിട്ടുണ്ട്. അഭിനയത്തിനുള്ള ആദ്യപിന്തുണ ലഭിക്കുന്നതും ഈ നാട്ടില്‍നിന്നാണ്.

വൈകി കിട്ടിയ അംഗീകാരങ്ങളില്‍ നിരാശ തോന്നിയിട്ടുണ്ടോ?

നിരാശ ഒരിക്കലും തോന്നിയിട്ടില്ല. ഒന്നിലും നിരാശപ്പെടരുതെന്നാണ് ഞാനെപ്പോഴും കരുതാറുള്ളത്. എന്തിനാണ് നിരാശപ്പെടുന്നത്? അതുകൊണ്ട് എന്ത് നേട്ടമാണുള്ളത്? അംഗീകാരങ്ങള്‍ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ജനങ്ങള്‍ നല്‍കുന്നതല്ലേ. അതുപോലെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലും സന്തോഷമുണ്ട്.

സുധീഷ് അന്നും ഇന്നും | ഫോട്ടോ: വി.പി. പ്രവീൺ കുമാർ, ലൈബ്രറി \ മാതൃഭൂമി

എന്നെങ്കിലും സിനിമ വിടണമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ബി.എസ്.സി. ഫിസിക്സ് ആണ് ഞാന്‍ പഠിച്ചത്. പിന്നീട് എം.സി.എ. തുടങ്ങി വച്ചു കംപ്ലീറ്റ് ചെയ്തില്ല. സിനിമ വിട്ട് വേറെ ജോലി ചെയ്യണോ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഈ സിനിമകള്‍ ഇല്ലാത്ത സമയമുണ്ടാകുമല്ലോ. ആ സമയത്ത് ആലോചിക്കും വേറെ വല്ല ജോലിക്കും പോയാലോ എന്ന്. സിനിമയില്‍ തുടര്‍ന്നില്ലായിരുന്നുവെങ്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറോ മറ്റോ ആയേനെ. എന്റെ കൂടെ പഠിച്ചവരൊക്കെ എഞ്ചിനീയര്‍മാര്‍ ആണ്. എങ്കിലും എനിക്ക് തോന്നുന്നു ഞാന്‍ വേറെ എന്ത് ചെയ്താലും മനസില്‍ സിനിമ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അതോണ്ട് ഇത്തിരി കാലം വെറുതെ ഇരുന്നാലും വേണ്ടില്ല, വരുന്ന അവസരങ്ങള്‍ ചെയ്താല്‍ മതിയെന്നേ ഉള്ളൂ.

സിനിമാക്കാരന് പെണ്ണ് കിട്ടിയ കഥ

നല്ല ചെറുപ്പത്തിലാണ് ധന്യയെ ആദ്യമായി കാണുന്നത്. എന്റെ അകന്ന ബന്ധു കൂടിയാണ്. ഏതാണ്ട് ഒരു പതിനഞ്ച് വയസൊക്കെ കാണും എനിക്കന്ന്. ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബത്തിന് വേണ്ടപ്പെട്ട ഒരു കൂട്ടരുടെ കല്യാണത്തിനാണ് ആദ്യമായി പരസ്പരം കാണുന്നത്. അന്ന് ധന്യയെ പരിചയപ്പെട്ടതായി ഓര്‍മയുണ്ട് അത്രേയുള്ളൂ. ഞാന്‍ അന്ന് സിനിമാ നടനല്ലേ, അതുകൊണ്ട് അവര്‍ കുടുംബക്കാരൊക്കെ വന്ന് പരിചയപ്പെട്ടിരുന്നു. പിന്നീട് കണ്ടിട്ടേ ഇല്ല. വര്‍ഷങ്ങള്‍ക്കിപ്പുറം കല്യാണാലോചനകള്‍ നടക്കുന്ന സമയത്താണ് ധന്യയുടെ ആലോചന മുന്നില്‍ വരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം നല്ലോണം അറിയാം. അതുകൊണ്ട് അത് വിവാഹത്തിലേക്കെത്തി. അല്ലാതെ അന്നത്തെ കാലത്ത് സിനിമക്കാര്‍ക്ക് പെണ്ണ് കിട്ടാന്‍ എളുപ്പമല്ലല്ലോ. ഇന്നത്തെ കാലത്ത് അക്കാര്യത്തില്‍ നല്ല മാറ്റമുണ്ട്. ഇന്ന് പിന്നെ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതാണല്ലോ അധികവും. അറേഞ്ച്ഡ് കുറവല്ലേ. പണ്ട് അങ്ങനെ അല്ലല്ലോ. പ്രത്യേകിച്ച് മലബാര്‍ ഏരിയയില്‍ ഒക്കെ സിനിമ എന്താണെന്ന് അറിയില്ലല്ലോ. പേടിയാണ് അവര്‍ക്കൊക്കെ. സത്യത്തില്‍ അതിന്റെ ആവശ്യമൊന്നും ഇല്ലെന്നേ. ഇവിടെയാണ് സേഫ്. സിനിമക്കാരായത് കൊണ്ട് തന്നെ എന്ത് കാണിച്ചാലും ആള്‍ക്കാര്‍ അറിയും. പിന്നെന്ത് പേടിക്കാനാണ്.

പിന്നെ എന്റെ സിനിമാ ജീവിതത്തില്‍ ധന്യയുടെയും വീട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. ധന്യ ഒരു കലാകാരിയാണ്. ചിത്രകാരിയാണ്. ധന്യ എന്നെ ഇഷ്ടമാണെന്ന് പറയാന്‍ തന്നെ കാരണം കലയോടുള്ള ഇഷ്ടം കൊണ്ടാണ്. ധന്യയുടെ കുടുംബം മുഴുവന്‍ ആ പിന്തുണ നല്‍കുന്നുണ്ട്. വിമര്‍ശനവും കുറവല്ല. ഓപ്പണായി കാര്യങ്ങള്‍ പറയും. വേണ്ടത് സ്വീകരിക്കും.

സുധീഷും കുടുംബവും | ഫോട്ടോ: വി.പി. പ്രവീൺ കുമാർ \ മാതൃഭൂമി

അച്ഛന്റെയും മകന്റെയും സിനിമാ ജീവിതം

നാടകമാണ് അച്ഛന്റെ മെയില്‍. ഡപ്യൂട്ടി കളക്ടറായി റിട്ടയര്‍ ചെയ്ത ആളാണ് അദ്ദേഹം. ജോലിത്തിരക്കുകള്‍ കൊണ്ട് സിനിമയുമായി അധികം അച്ഛന് സമ്പര്‍ക്കമുണ്ടായിട്ടില്ല. ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളുമായി മുഖം കാണിച്ചിട്ടുണ്ട്. സദയം, പട്ടാഭിഷേകം, കാക്കി, ഭരതം തുടങ്ങിയ ചിത്രങ്ങളാണ് അതില്‍ പ്രധാനം. ഞങ്ങളൊന്നിച്ചും അഭിനയിച്ചിട്ടുണ്ട്. അച്ഛനൊരു സമ്പൂര്‍ണ കലാകാരനായത് കൊണ്ടാണ് ഞാനീ രംഗത്ത് തന്നെ നിലനിന്നത്. അതുപോലെ എന്റെ മകനും ഇതേ രക്തമാണല്ലോ. സിദ്ധാര്‍ഥ് ശിവയുമായുള്ള സൗഹൃദമാണ് മകന്‍ രുദ്രാക്ഷിന്റെ സിനിമാ അരങ്ങേറ്റത്തിന് കാരണം. 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ'യിലൂടെ. അവന്‍ താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് അതിന്റെ ഭാഗമായത്. പിന്നീട് വന്ന അവസരങ്ങള്‍ പക്ഷേ അത്ര നല്ലതല്ലാത്തത് കൊണ്ടാണ് വേണ്ടായെന്ന് വച്ചത്. ഇപ്പോള്‍ പലരും ചോദിക്കുന്നുണ്ട് അഭിനയിക്കാന്‍ താത്പര്യം ഉണ്ടോയെന്ന്. ഇനി അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ. ഇപ്പോള്‍ പ്ലസ്ടു ആവാറായി. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനായല്ലോ. ഇനി അവന്‍ തീരുമാനിക്കട്ടെ.

സുധീഷും അച്ഛനും നടനുമായ ടി. സുധാകരനും | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി

യുവതാരങ്ങളുടെ ലഹരി മരുന്നുപയോഗവും നിസ്സഹകരണവും വിവാദമായ സമയമാണ്. പറയുന്നത്ര പ്രശ്നമാണോ മലയാള സിനിമ?

ഈ പറയുന്നത്ര പ്രശ്നമൊന്നും മലയാള സിനിമയ്ക്കില്ല. ഓരോ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. അത് ലഹരി ഉപയോഗിച്ചിട്ടാണോ എന്നൊന്നും എനിക്ക് അറിയില്ല. സമയത്ത് ഷൂട്ടിനെത്തില്ല, ഷൂട്ടിന് തടസം വരുന്നു അങ്ങനെയാണ് ചില സിനിമകളെ ബാധിച്ചിരിക്കുന്നത്. അത് മലയാള സിനിമയെ ബാധിക്കുന്ന കാര്യമേ അല്ല. നമ്മള്‍ സിനിമയെ സ്നേഹിക്കുന്നുണ്ട് എങ്കില്‍ നിര്‍മാതാവായും അഭിനേതാവായാലും ഉത്തരവാദിത്വത്തോടെ നില്‍ക്കണം. അച്ചടക്കം പാലിക്കണം. സിനിമ സമയത്തിന് തീര്‍ക്കാന്‍ ആ അച്ചടക്കം വേണം. അത് ആരാണെങ്കിലും. അങ്ങനെ പാലിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ കൂടാതെ സിനിമ പൂര്‍ത്തിയാക്കാനാവൂ. അച്ചടക്കം മസ്റ്റ് ആണ് മലയാള സിനിമയ്ക്ക്.

ജയസൂര്യയ്ക്ക് ആദ്യമായി ശബ്ദം നല്‍കിയ വ്യക്തി; ഒപ്പം കൃഷ്ണന്റെ ശബ്ദവും

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലാണ് ജയസൂര്യയ്ക്ക് ശബ്ദം നല്‍കിയത്. ചെറിയൊരു സീനാണ് അത്. ഒരു സീനില്‍ നായകന്‍ ഊമയല്ലെന്ന് നായികയെ ധരിപ്പിക്കണം. അതിന് സുഹൃത്തിന്റെ ശബ്ദം വേണം. പക്ഷേ, പറഞ്ഞുവന്നപ്പോള്‍ ജയസൂര്യയ്ക്ക് ആദ്യമായി ശബ്ദം നല്‍കിയത് ഞാനായി മാറി.

അതുപോലെ 'നന്ദന'ത്തില്‍ ഞാന്‍ ഉണ്ണി എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടല്ലോ. അതിന് ഡബ്ബ് ചെയായന്‍ പോയതാണ്. പദ്മകുമാറാണ് ചിത്രത്തില്‍ രഞ്ജിത്തേട്ടന്റെ അസോസിയേറ്റ്. ഡബ്ബിങ്ങ് ചെയ്ത് വെയ്റ്റ് ചെയ്യുന്ന സമയത്ത് കൃഷ്ണന്റെ സീനിട്ട് സ്ഥിരം ചെയ്യുന്ന ഐറ്റം അല്ലാതെ ഒന്ന് ഡബ്ബ് ചെയ്ത് നോക്കാന്‍ പപ്പേട്ടന്‍ പറഞ്ഞു. അത് ചെയ്ത് കഴിഞ്ഞപ്പോള്‍ പപ്പേട്ടനാണ് രഞ്ജിയേട്ടനെ വിളിച്ച് ഓക്കെ പറയുന്നത്. അങ്ങനെ കൃഷ്ണന്റെ ശബ്ദമായി മാറി.

സുധീഷ് എന്ന നടനെ ഇപ്പോഴാണ് മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതെന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും തോന്നുന്നുണ്ട്. ഇപ്പോഴാണ് നല്ല സിനിമകളും വ്യത്യസ്ത കഥാപാത്രങ്ങളും എന്നെ തേടി വരുന്നത്. അവര്‍ക്ക് അതിനുള്ള കോണ്‍ഫിഡന്‍സ് വന്നത് ഇപ്പോഴായിരുന്നിരിക്കണം. പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വച്ചാല്‍ വ്യത്യസ്തമായ സിനിമകള്‍ വരുന്നുണ്ട് ഇന്ന്. പണ്ടത്തെ പോലെ അല്ല. പണ്ട് ഒരു സിനിമ ഹിറ്റായാല്‍ ആ ടൈപ്പ് പടങ്ങളാണ് പിന്നീട് ഇറങ്ങുന്ന കുറേയെണ്ണം. ട്രെന്‍ഡ് സെറ്റേഴ്സ് എന്നൊക്കെ പറയില്ലേ. ഇന്ന് ഒരാഴ്ച്ചയില്‍ ഇറങ്ങുന്ന അഞ്ച് പടവും അഞ്ച് ടൈപ്പ് ആണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്.

അച്ഛന്‍ കൂടെയില്ലാത്ത ദുഖം

അഭിനയജീവിതത്തില്‍ ഒരുപാട് സംതൃപ്തിയും സന്തോഷവും തോന്നുന്നുണ്ട്. അതിലേറെ വിഷമവും. എനിക്കീ നാലഞ്ച് കൊല്ലത്തിനിടയിലാണ് സിനിമാ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതും അംഗീകാരങ്ങള്‍ തേടിയെത്തുന്നതും. അത് കാണാന്‍ എന്നോടൊപ്പം എന്റെ അച്ഛന്‍ ഇല്ലല്ലോ എന്ന വലിയ ദുഃഖമുണ്ട്. എത്ര വലിയ സന്തോഷം വന്നാലും ആദ്യം എന്റെ മനസിലേക്ക് എത്തുന്നത് എന്റെ അച്ഛനാണ്. ഇന്നീ ലഭിക്കുന്ന എല്ലാത്തിനും കാരണം അച്ഛന്റെ പ്രാര്‍ഥനയും ആശംസയുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് മനസില്‍ വച്ചാണ് ഞാന്‍ ഓരോ പുതിയ കാര്യങ്ങളും ചെയ്യുന്നതും.

Content Highlights: actor sudheesh interview, sudheesh about his film careers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Jailer Movie success how Nelson Dilipkumar bounced back after beast failure rajanikanth

2 min

'ബീസ്റ്റി'ന്റെ പരാജയത്തില്‍ ക്രൂരമായി പരഹസിക്കപ്പെട്ടു; ഉയര്‍ത്തെഴുന്നേറ്റ് നെല്‍സണ്‍

Aug 11, 2023


sag aftra strike
Premium

9 min

സമരത്തിൽ കൈകോർത്ത് എഴുത്തുകാരും താരങ്ങളും; വീണ്ടും നിശ്ചലമാവുമോ ഹോളിവുഡ്?

Jul 18, 2023


Vijay yesudas interview singer actor about ponniyin selvan film salmon movie

4 min

'പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ കാണാന്‍കഴിഞ്ഞെങ്കില്‍'- വിജയ് യേശുദാസ്

Jul 9, 2023


Most Commented