നേരുപറയുമ്പോള്‍ വിമര്‍ശനങ്ങളുണ്ടാകും അതൊന്നും ശ്രദ്ധിക്കാറില്ല


പി.പ്രജിത്ത് / ചിത്രങ്ങൾ: ബി മുരളീകൃഷ്ണൻ

തെങ്ങും കവുങ്ങും നിറഞ്ഞ എഴുപത്തഞ്ച് സെന്റ് ഭൂമിയില്‍ ഇക്കോഫ്രന്‍ഡ്‌ലിയില്‍ നിര്‍മിച്ച് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ശ്രീനിവാസന്റെ വീട്. വീടിനെ ചുറ്റിവരുന്ന നടപ്പാത, നടപ്പാതയ്ക്കിരുവശത്തും തിങ്ങിനിറയുന്ന പലതരം ചെടികള്‍, പിറകുവശത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന തക്കാളിയും പാവക്കയും. മട്ടുപ്പാവിലും നിറഞ്ഞ പച്ചപ്പ്.കഴിഞ്ഞ കുറച്ചുകാലമായി ശ്രീനിവാസന്‍ ജൈവകൃഷിക്കൊപ്പമാണ്.

-

ശുദ്ധഹാസ്യത്തിലൂടെയും ഉള്ളുപൊള്ളിക്കുന്ന പരിഹാസം ചൊരിഞ്ഞും മലയാളസിനിമയില്‍ വിപ്ലവം തീര്‍ത്ത ശ്രീനിവാസന്‍ ഇന്ന് കേരളത്തിലെ ജൈവകൃഷിയുടെ അപ്രഖ്യാപിത അംബാസഡറാണ്.
മാതൃഭൂമി ആരോഗ്യമാസികയുടെ ഓര്‍ഗാനിക് ഫുഡ് പ്രത്യേകപതിപ്പിന് അഭിമുഖം തയ്യാറാക്കാനായി കൊച്ചി കണ്ടനാട്ടിലെ വീട്ടിലേക്ക് ചെന്നപ്പോള്‍ ശ്രീനിവാസന് പറയാനുണ്ടായിരുന്നത് ജൈവകാര്‍ഷികമേഖലയിലേക്കുള്ള പുതിയ ചില ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു.
''ജൈവകൃഷിയില്‍ താത്പര്യമുള്ളവരെയും കാര്‍ഷിമേഖലയിലെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി പുതിയൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയാണ് ശ്രീനീസ് ഫാം ആന്‍ഡ് ഡയറി പ്രൊഡക്ട്‌സ് ഇസ്രയേല്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ആധുനികവും ശാസ്ത്രീയവുമായ ജൈവകൃഷിരീതികള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കുകയെന്നതാണ് ശ്രീനീസ് ഫാമിന്റെ ലക്ഷ്യം''-കാര്‍ഷികരംഗത്തെ കൊള്ളരുതായ്മകള്‍ തുറന്നുകാണിച്ചും ജൈവകൃഷിയുടെ പേരില്‍ നടക്കുന്ന ഇരട്ടത്താപ്പുകളെ പൊളിച്ചടുക്കിയുമുള്ള തുറന്ന സംസാരത്തിന് ശ്രീനിവാസന്‍ തന്നെ തുടക്കമിട്ടു.
1
തെങ്ങും കവുങ്ങും നിറഞ്ഞ എഴുപത്തഞ്ച് സെന്റ് ഭൂമിയില്‍ ഇക്കോഫ്രന്‍ഡ്‌ലിയില്‍ നിര്‍മിച്ച് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ശ്രീനിവാസന്റെ വീട്. വീടിനെ ചുറ്റിവരുന്ന നടപ്പാത, നടപ്പാതയ്ക്കിരുവശത്തും തിങ്ങിനിറയുന്ന പലതരം ചെടികള്‍, പിറകുവശത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന തക്കാളിയും പാവക്കയും. മട്ടുപ്പാവിലും നിറഞ്ഞ പച്ചപ്പ്.കഴിഞ്ഞ കുറച്ചുകാലമായി ശ്രീനിവാസന്‍ ജൈവകൃഷിക്കൊപ്പമാണ്. തീന്മേശയിലേക്കെത്തുന്ന മായംചേര്‍ത്ത ഭക്ഷണത്തിനെതിരേ അദ്ദേഹം നിരന്തരം രോഷം കൊള്ളുന്നു
സിനിമയ്ക്കുവേണ്ടി നിരന്തരം യാത്രചെയ്തും സെറ്റില്‍നിന്ന് കിട്ടുന്നതെല്ലാം കഴിച്ചും കുടിച്ചും ജീവിച്ച ശ്രീനിവാസന്‍ എങ്ങനെയാണ് പെട്ടെന്ന് വഴിമാറിനടക്കുന്നത്. ജൈവകൃഷിയിലേക്ക് തിരിയാനുള്ള കാരണം ?
ഫ്‌ളാഷ്ബാക്കില്‍നിന്ന് തുടങ്ങാം. കൃഷിയും രാഷ്ട്രീയവും സജീവമായ പാട്യം കോങ്ങാറ്റക്കാരനാണ് ഞാന്‍. അന്ന് വീട്ടിന് മുന്നിലെല്ലാം പാടങ്ങളായിരുന്നു. ചുറ്റും കൃഷിയുടെ അന്തരീക്ഷം. നിത്യോപയോഗ ഭക്ഷ്യവസ്തുക്കളെല്ലാം അവിടെതന്നെ ഉത്പാദിപ്പിക്കുന്നതായിരുന്നു പതിവ്. നടീലും വിളവെടുപ്പുമെല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നു. സിനിമ സ്വപ്നം കണ്ട് പിന്നീട് മദ്രാസില്‍ കഴിയുമ്പോഴാണ് വീട്ടിലെ ഭക്ഷ്യവസ്തുക്കളും കടയില്‍ വാങ്ങുന്നവയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത്.
ഹോട്ടലില്‍നിന്ന് സ്ഥിരമായി കഴിക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനാല്‍ അന്നൊക്കെ മുറിയിലുള്ളവര്‍ സംഘംചേര്‍ന്ന് പാചകം ചെയ്യുകയായിരുന്നു പതിവ്. പറമ്പില്‍നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികള്‍ മാത്രം കഴിച്ചുവളര്‍ന്ന എനിക്ക് കടയില്‍നിന്ന് വാങ്ങിയ പച്ചക്കറികളുടെ രുചിയും മണവും വലുപ്പവുമെല്ലാം ഉള്‍ക്കൊള്ളാന്‍ പ്രയാസമായി. പണംകൊടുത്ത് വാങ്ങുന്ന പച്ചക്കറികള്‍ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്ന അന്വേഷണം രാസവളത്തെക്കുറിച്ചും കീടനാശിനിപ്രയോഗത്തെക്കുറിച്ചുമെല്ലാമുള്ള അറിവുനല്‍കി.
ഭയപ്പെടുത്തുന്ന തിരിച്ചറിവുകളായിരുന്നു പലതും. സാമ്പത്തികസ്ഥിതി മെച്ചെപ്പെടുമ്പോള്‍ വിഷാംശമില്ലാത്ത പച്ചക്കറി സ്വന്തമായി വിളയിച്ചെടുക്കാന്‍ കൃഷിയിടം ഒരുക്കണമെന്ന് അന്നുതന്നെ മനസ്സില്‍ കുറിച്ചു. തീരുമാനം നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നെങ്കിലും അതിന്റെ സാക്ഷാത്കാരമാണ് ഈ വീടിനുചുറ്റും കാണുന്ന തോട്ടം.
സിനിമാചിത്രീകരണത്തിന്റെ ഭാഗമായി പലയിടങ്ങളില്‍ കഴിയുമ്പോള്‍ ഭക്ഷണരീതിയില്‍ മാറ്റം വരില്ലേ. പലതരം ഭക്ഷണങ്ങളുടെ കൂടിച്ചേരലുകളല്ലേ മിക്ക സിനിമാസെറ്റുകളും ?
സെറ്റുകളിലേക്ക് പോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാനായി ഒരാളെ കൂടെക്കൂട്ടുന്നതാണ് വര്‍ഷങ്ങളായുള്ള എന്റെ രീതി. ലൊക്കേഷന്‍ സമീപത്ത് വിഷവിമുക്തമായ പച്ചക്കറികളും മറ്റും ലഭ്യമാണെങ്കില്‍ അവിടെനിന്ന് വാങ്ങും. അല്ലാത്ത ഇടങ്ങളില്‍ പോകുമ്പോഴെല്ലാം വീട്ടില്‍നിന്ന് സാധനങ്ങള്‍ എടുക്കും.
2
ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരേ ശ്രീനിവാസന്‍ നിലപാട് കടുപ്പിച്ചതോടെ വലിയൊരുവിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി. പിന്തിരിയാന്‍ ഒരുക്കമായിരുന്നില്ല. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്മാഷിന് ഭക്തി തലയ്ക്കുപിടിച്ചതുപോലെ ശ്രീനിവാസന് ജൈവകൃഷിയില്‍ ഭ്രാന്ത് കയറിയിരിക്കുകയാണെന്ന് പലരും പറഞ്ഞുപരത്തി. എന്നാല്‍ റാഡിക്കലായുള്ളൊരു മാറ്റം സാധ്യമാകാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മായം ചേര്‍ക്കലിനെക്കുറിച്ച് പൊതുവേദികളില്‍ തുറന്നടിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു ചുറ്റും സമാനചിന്താഗതിക്കാരായ ഒരുകൂട്ടം വന്നണഞ്ഞു, കാര്‍ഷികഭക്ഷ്യമേഖലയിലെ വലിയ തട്ടിപ്പുകള്‍ തെളിവുകള്‍ സഹിതം പലരും എത്തിച്ചുകൊടുത്തു.
''മായം ചേര്‍ക്കലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നല്ല ബോധമുണ്ട്. ഒരുപാട് കള്ളുഷാപ്പുകളില്‍ കള്ള് വിതരണം ചെയ്യുന്ന ഓരാളെ അടുത്തകാലത്ത് പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞത് കേരളത്തിലെ പല കള്ളുഷാപ്പിലും യഥാര്‍ഥ കള്ള് ഇല്ലെന്നാണ്. പാലക്കാട്ടുനിന്നും പൊള്ളാച്ചിയില്‍നിന്നും ഒരുതരം പൊടികലക്കി കള്ളിന്റെ മണവും രുചിയുമുള്ള ദ്രാവകം എത്തുകയാണത്രേ. യഥാര്‍ഥ കള്ളിന് വീര്യം പോരെന്ന ഇവിടത്തുകാരുടെ പരാതിയും അതോടെ അവസാനിക്കുന്നു. കുറച്ച് കുടിച്ചാല്‍ കൂടുതല്‍ കിക്ക് വേണം എന്നതാണ് കുടിക്കാനെത്തുന്നവരുടെ ആവശ്യം. സര്‍ക്കാരിനും ഇക്കാര്യങ്ങളൊക്കെ അറിയാം. അങ്ങനെ പോകട്ടെ എന്ന നിലപാടാണ് അവര്‍ക്കും. പല തട്ടിപ്പുകളും നടപ്പുശീലമായി മാറിക്കഴിഞ്ഞു.''
ശുദ്ധമായ ഭക്ഷണത്തിന്റെ സ്വാദും കൃത്രിമ ഉത്പന്നങ്ങള്‍കൊണ്ട് പാകംചെയ്യുന്നതിന്റെ രുചിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു. അടുത്തിടെയൊരു സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് നല്‍കിയ വിവരം അദ്ദേഹം പങ്കുവെച്ചു
''ഷെഫ് പറഞ്ഞത് പൊരിക്കാനും വറുക്കാനുമെല്ലാം ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഏഴുദിവസംവരെ ചൂടാക്കി ഉപയോഗിക്കുമെന്നാണ്. ഒരുദിവസം കഴിഞ്ഞാല്‍ തന്നെ വിഷമാണ്, അതാണ് അവര്‍ അത്രയും ദിവസം ഉപയോഗിക്കുന്നത്. എട്ടാമത്തെ ദിവസം എണ്ണകൊണ്ടുപോകാന്‍ സോപ്പുണ്ടാക്കുന്നവര്‍ വന്നില്ലെങ്കില്‍ അന്നും അതുതന്നെയാകും പാചകത്തിന്. മുതലാളിക്ക് ലാഭം ഉണ്ടാക്കിയാല്‍ മാത്രമേ പാചകക്കാരന്റെ മിടുക്ക് അംഗീകരിക്കപ്പെടുകയുള്ളു. ഇത്തരം മിടുക്കുകളുടെ അടിസ്ഥാനത്തിലാണ് അയാള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. ഇത്തരത്തില്‍ പഴകിയതും വിഷാംശമുള്ളതുമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കന്ന ഭക്ഷണമാണ് നാമെല്ലാം വലിയ വിലകൊടുത്ത് വാങ്ങിക്കഴിക്കുന്നത്.''
ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിന്റെ പ്രശ്‌നങ്ങളും ഇറക്കുമതിചെയ്യുന്ന പച്ചക്കറിയിലെ വിഷാംശത്തക്കുറിച്ചും ഏവര്‍ക്കും അറിവുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ഭക്ഷണരീതികളില്‍ മാറ്റം സാധ്യമാകാത്തത് ?
വലിയൊരുവിഭാഗത്തിന് രുചി ഹരംപിടിച്ചിരിക്കുകയാണ്. അതില്‍നിന്ന് പെട്ടെന്നൊരു മാറ്റം സാധ്യമാകില്ല. ആരോഗ്യമില്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്ന് അനുഭവംകൊണ്ടുതന്നെ വൈകാതെ മനസ്സിലാക്കും. കേരളത്തില്‍ മുപ്പത്തയ്യായിരത്തോളം കാന്‍സര്‍ രോഗികളാണ് ഓരോ വര്‍ഷവും ജനിച്ചുകൊണ്ടിരിക്കുന്നത്. പഴയ രോഗികള്‍ ഇവിടെന്നെയുണ്ട്. ഞെട്ടിപ്പിക്കുന്ന കണക്കാണിത്. ഇതെല്ലാം കണ്ടും കേട്ടും കഴിയുന്ന മനുഷ്യര്‍ ജീവിതരീതിയില്‍ വൈകാതെ മാറ്റം വരുത്തും
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇന്ന് ധാരാളം പ്രോജക്ടുകളുണ്ട്, ശ്രദ്ധിച്ചിരുന്നോ ?
ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുകള്‍ മാത്രമാണ് പലതും. എന്റെ സുഹൃത്തിനുണ്ടായ ഒരനുഭവം പറയാം. കൃഷിഭവനില്‍നിന്ന് കൊയിലാണ്ടി തിക്കോടി സ്വദേശി സത്യന്‍ കൃഷിയാവശ്യത്തിനായി ജൈവവളം നല്‍കി. ചാക്കിനുപുറത്ത് ജൈവവളമെന്നെല്ലാം വലുതായി എഴുതിവെച്ചിട്ടുണ്ട്.ഉപയോഗിക്കാന്‍ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞിപ്പോള്‍ ചില സംശയങ്ങളുണ്ടായതിനെ തുടര്‍ന്ന് വളം പരിശോധനയ്ക്കയച്ചു.
രാസവളമായിരുന്നു അതെല്ലാമെന്ന് തെളിഞ്ഞു. ജൈവവളമെന്ന് എഴുതിയൊട്ടിച്ച് കൃഷിഭവന്‍ രാസവളം വിതരണം ചെയ്യുകയാണെന്ന് തെളിഞ്ഞതോടെ പരാതിയുമായി ഇറങ്ങി.അന്വേഷണത്തില്‍ മഞ്ചേരിയില്‍ല്‍നിന്നാണ് വളം കൃഷിഭവനിലേക്കെത്തിയതെന്നും സംഭവത്തിനുപിന്നില്‍ ഒരു ദുബായിക്കാരനാണെന്ന് കണ്ടെത്തി. കൈക്കൂലികൊടുത്ത് രാസവളം ജൈവവളമെന്ന ലേബലോട്ടിച്ച് വിതരണത്തിനെത്തിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയപ്പോള്‍ ദുബായിക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ഉപദ്രവിക്കരുതെന്നായിരുന്നു അയാളുടെ ആവശ്യം.
3
സത്യന് ദുബായിക്കാരന്‍ ഇങ്ങനെ മറുപടി നല്‍കി: ''ഞാന്‍ നിങ്ങളെ മാത്രമാണ് ഉപദ്രവിക്കുന്നത്. ഇത്തരം പ്രവൃത്തിയിലൂടെ നിങ്ങള്‍ ഉപദ്രവിക്കുന്നത് ആയിരക്കണക്കിന് ആളുകളെയാണ്.''
ഈ കാര്യങ്ങളെല്ലാം സര്‍ക്കാരിനറിയാം, ജൈവവളത്തിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് ഞാന്‍ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തുന്നവരെയെല്ലാം ശരിയാക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എല്ലാം ശരിയായോ എന്നറിയില്ല (നീണ്ട ചിരി).
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ എന്തുമാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദേശിക്കാനുള്ളത് ?
കേരളത്തിലെ ഗവണ്മെന്റ് അഗ്രികള്‍ച്ചര്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന സിലബസ് ശ്രദ്ധിക്കുക, എങ്ങനെ രാസവളം ഉപയോഗിച്ച് കൃഷിചെയ്യാം എന്ന സിലബസാണ് അവിടെ പഠിപ്പിക്കുന്നത്. ജൈവകൃഷി വ്യാപനത്തില്‍ സര്‍ക്കാരിന് അല്‍പ്പമെങ്കിലും ആത്മാര്‍ഥയുണ്ടെങ്കില്‍ പാഠ്യവിഷയങ്ങളുടെ പരിഷ്‌കരണത്തില്‍നിന്ന് മാറ്റം തുടങ്ങണം. രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതിയില്‍ല്‍ ബിരുദം നേടി പുറത്തുവരുന്നവര്‍ എങ്ങനെയാണ് ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ജൈവകൃഷിരംഗത്ത് ഇരട്ടത്താപ്പുനയമാണ് സര്‍ക്കാര്‍ നടത്തുന്നത്.
തുറന്നടിച്ചുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ഒരു പാട് ശത്രുക്കളെ സൃഷ്ടിക്കില്ലേ ?
ഇത്ര പ്രായമൊക്കെ ആയില്ലേ... (ചിരി). എന്തു നഷ്ടപ്പെടാന്‍. ഒരു പ്രായം കഴിഞ്ഞാല്‍ മനുഷ്യനിങ്ങനെയൊക്കെയാണ്... നേരുപറയുമ്പോള്‍ വിമര്‍ശനങ്ങളുണ്ടാകും. അതൊന്നും ശ്രദ്ധിക്കാറില്ല.
ശ്രീനീസ് ഫാം ആന്‍ഡ് ഡയറി പ്രോഡക്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ?
=ജൈവകൃഷിരംഗത്ത് കുറച്ചുകാലമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ സ്വഭാവികമായ വളര്‍ച്ചയാണ് ശ്രീനീസ് ഫാം ആന്‍ഡ് ഡയറി പ്രോഡക്ടിസില്‍ എത്തിച്ചത്. മായംചേര്‍ക്കാത്ത ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്തുണ ശക്തമാക്കുക. അങ്ങനെ ചിലതെല്ലാമാണ് പുതിയ നീക്കത്തിന്റെ പിന്നില്‍.
കൃഷിയില്‍ താത്പര്യമുള്ളവരും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കൃഷിശാസ്ത്രജ്ഞരുമെല്ലാമടങ്ങുന്ന കൂട്ടായ്മയാണിത്. ഒരു പശു, കുറച്ച് വേപ്പിന്‍കഷായം എന്ന സ്ഥിരം രീതിക്കപ്പുറത്തേക്ക് ജൈവകൃഷിയെ കൊണ്ടുപോകുകയെന്നതാണ് ലക്ഷ്യം. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് എങ്ങനെ ജൈവകൃഷി നടത്താം എന്ന് പഠിപ്പിക്കും. ആവശ്യക്കാര്‍ക്ക് ടെറസിനുമുകളിലോ വിശാലമായ സ്ഥലങ്ങളിലോ തോട്ടം തയ്യാറാക്കിക്കൊടുക്കും. ജൈവകൃഷിക്ക് തുണയേകുന്ന ഗവേഷണങ്ങള്‍ക്കായി ബയോടെക്‌നോളജി വിഭാഗത്തെ കൂടെ കൂട്ടുന്നുണ്ട്.
തിരഞ്ഞെടുത്ത വിളകളുടെ ടിഷ്യൂകള്‍ച്ചര്‍ വികസനം, ലാബ് സംവിധാനം, ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിപണനകേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള വില്‍പന ഇതെല്ലാം ശ്രീനീസ് ഫാമിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.
Content Highlights: Actor Sreenivasan shares his farming experience


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented