ഷറഫുദ്ദീൻ| ഫോട്ടോ: https://www.instagram.com/sharaf_u_dheen/
പ്രേമം സിനിമയിലൂടെ ചിരിയുടെ പൂത്തിരികൾ കത്തിച്ച് പ്രേക്ഷകരുടെ മനസ്സിലേക്കോടിയെത്തിയ ഷറഫുദ്ദീൻ ഇന്ന് നായകപദവിയിലാണ്. ‘പ്രിയൻ ഓട്ടത്തിലാണ്’ സിനിമാവിശേഷങ്ങൾ പങ്കുവെച്ച് ഷറഫുദ്ദീൻ സംസാരിക്കുന്നു
പ്രിയൻ എങ്ങോട്ടാണ് ഓടുന്നത്?
വീട്ടിൽനിന്ന് ഒരു സാധനം വാങ്ങിവരാൻ പറഞ്ഞ് അച്ഛനോ അമ്മയോ പുറത്തേക്കുവിടുന്ന ഒരാൾ. വീട്ടിലെ കാര്യം നടത്തുന്നതിനുമുമ്പ് അയൽപക്കത്തെ കാര്യങ്ങൾ നോക്കി അതിനു പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരാൾ. നമ്മളിൽ പലരുടെയും ഇടയിലുള്ള അത്തരമൊരു ആളാണ് പ്രിയൻ എന്ന പ്രിയദർശൻ. സ്വന്തം ആഗ്രഹങ്ങളിലേക്കു പോകാൻ ശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന പ്രിയന്റെ കഥയാണ് സിനിമ പറയുന്നത്. അയൽപക്കത്തെ പയ്യൻ എന്ന സ്നേഹവും സൗഹൃദവുമൊക്കെ അവനോട് എല്ലാവർക്കും തോന്നും.
ഷറഫുദ്ദീനിലേക്ക് കഥാപാത്രങ്ങൾ വരുന്ന വഴി എങ്ങനെയാണ്?
ഒരിക്കലും ഞാൻ നായകനാകാൻവേണ്ടി ചെയ്ത സിനിമയല്ല ഇത്. അഭയകുമാറും അനിൽ കുര്യനും ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ രസകരമായിത്തോന്നി. പ്രിയൻ എന്ന കഥാപാത്രം നായകനായതുകൊണ്ട് ഞാനും നായകനായി എന്നു മാത്രം. ഒരുപാട് മികച്ച കലാകാരന്മാർ ഇവിടെയുള്ളതുകൊണ്ട് സ്വാഭാവികമായും സിനിമകളും കഥാപാത്രങ്ങളും വീതംവെച്ചുപോകുന്നുണ്ട്. അതിനിടയിലും മികച്ച കുറെ കഥാപാത്രങ്ങൾ എനിക്കു ലഭിച്ചത് മഹാഭാഗ്യമാണ്. വരത്തൻ, വൈറസ്, അഞ്ചാം പാതിര, ആർക്കറിയാം, ഹലാൽ ലവ് സ്റ്റോറി എന്നിങ്ങനെ കുറെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.
കഥാപാത്രങ്ങളും അവസരങ്ങളും തേടി ഷറഫുദ്ദീൻ ഓട്ടം തുടങ്ങിയിട്ട് എത്രനാളായി?
എന്നെത്തേടി ചില കഥാപാത്രങ്ങൾ വരാറുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരുടെയും സംവിധായകരുടെയും കഥാപാത്രങ്ങൾ തേടി ഞാൻ അങ്ങോട്ടേക്കും പോകാറുണ്ട്. എന്നുവെച്ച് അവരെ സ്ഥിരമായി വിളിച്ചു ശല്യപ്പെടുത്തലൊന്നുമില്ല. ഞാൻ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന വിശ്വാസത്തോടെ ഒരാൾ എന്നെത്തേടി വരുന്നതാണ് ഇതിൽ ഏറ്റവും നല്ലത്. ഞാൻ തിരഞ്ഞെടുക്കുന്നതിനെക്കാൾ എന്നെ ഒരാൾ തിരഞ്ഞെടുക്കുന്നതാണ് എനിക്കിഷ്ടം.
പുതിയ ചിത്രങ്ങളും പ്രതീക്ഷകളും?
ഭാവനയോടൊപ്പം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സെന്ന ഹെഗ്ഡേയുടെ ‘1744 വൈറ്റ് ആൾട്ടോ’ എന്ന സിനിമയാണ് പ്രതീക്ഷയുണർത്തുന്ന മറ്റൊരു പ്രോജക്ട്. ‘അദൃശ്യം’, ഷാഫി സിന്ധുരാജ് ടീമിന്റെ ചിത്രം തുടങ്ങിയവയും വരാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..