ത്യനാ ആങ്കുട്ടി. മറ്റോരൊക്കെ പെണ്ണുങ്ങളാ. മീശണ്ടായിട്ടെന്താ കാര്യം... -വല്യമ്മ പറയും.
എന്തിലും ഏതിലും സ്വന്തം കാഴ്ചപ്പാടുകളുണ്ടായിരുന്നു വല്യമ്മയ്ക്ക്; കർശന നിലപാടുകളും. ഇഷ്ടങ്ങളിലുമുണ്ട്  അതേ വ്യത്യസ്തത. പാട്ടിൽ ജയചന്ദ്രൻ. പുരാണങ്ങളിൽ കർണ്ണൻ. അഭിനയത്തിൽ സത്യൻ. സോപ്പിൽ ലൈഫ് ബോയ്. പാനീയങ്ങളിൽ ഫിൽറ്റർ കാപ്പി.

ആദ്യമാദ്യം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു വല്യമ്മയെ. നസീറുള്ളപ്പോൾ എങ്ങനെ സത്യനെ ആരാധിക്കും? ജോസ് പ്രകാശിനെയും കെ പി ഉമ്മറിനെയും ഗോവിന്ദൻകുട്ടിയെയും ജി കെ പിള്ളയേയും പോലുള്ള ദുഷ്ടപ്പരിഷകളെ ഇടിച്ചു പത്തിരിയാക്കുകയും ഷീലയേയും  ജയഭാരതിയേയും ശാരദയേയുമൊക്കെ കെട്ടിപ്പിടിക്കുകയും  താടികൊണ്ട് ഉരസുകയും ഗന്ധർവനെപ്പോലെ  പാടുകയും  ചെയ്യുന്ന നസീറിനെ ആർക്കാണ് സ്നേഹിക്കാതിരിക്കാനാകുക?

ഇന്നത്തെ ഒരു ക്ളീഷേ  കടമെടുത്താൽ ``പൊളിറ്റിക്കലി കറക്റ്റ്'' ആയിരുന്നു എപ്പോഴും വെള്ളിത്തിരയിലെ നസീർ. അടിമുടി മാന്യൻ. നന്മയുടെ പ്രതിരൂപം. ദുഷ്ടലാക്കുകൾ ഇല്ലതന്നെ. (അഴകുള്ള സലീനയിലെ പെൺകോന്തൻ നായകൻ ഒരപവാദം). സത്യൻ അങ്ങനെയല്ല. ദൗർബല്യങ്ങളോടെയും സിനിമയിൽ പ്രത്യക്ഷപ്പെടും അദ്ദേഹം. വെള്ളിത്തിരയിലെ സത്യൻ കഥാപാത്രങ്ങളുടെ വ്യക്തിത്വം എപ്പോഴും തൂവെള്ള ആയിരുന്നില്ല എന്നർത്ഥം. ഇടക്കൊക്കെ ഇത്തിരി കറുപ്പും കലരും അതിൽ. പകൽക്കിനാവിലെ ബാബുവും ഒരു പെണ്ണിന്റെ കഥയിലെ മാധവൻ തമ്പിയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനുമൊന്നും അത്ര പെർഫെക്റ്റ് ആയിരുന്നില്ല. എവിടെയൊക്കെയോ ചില വശപ്പിശകുകൾ. ആ പിശകുകളാണ് സത്യനെ സത്യനാക്കിയതും, നമ്മളെപ്പോലെ ഒരു പച്ചമനുഷ്യനാക്കി ഭൂമിയിൽ ചുവടുറപ്പിച്ചു നിർത്തിയതും എന്ന് വിശ്വസിച്ചു വല്യമ്മ. കാലമേറെ കഴിഞ്ഞു, ആ വിശ്വാസങ്ങളൊക്കെ എത്ര ശരിയായിരുന്നു എന്ന് തിരിച്ചറിയാൻ.

പരുക്കൻ ഭാവങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന ദുർബലനായ സത്യനെ കാണാനായിരുന്നു എനിക്കേറെ ഇഷ്ടം. ഇന്നുമതെ. ``അനുഭവങ്ങൾ പാളിച്ചകളിൽ'' മകളുടെ കുഴിമാടത്തിന് മുന്നിൽ നിന്നുകൊണ്ട് തേങ്ങലടക്കുന്ന സത്യനെ കണ്ട് എത്ര തവണ കരഞ്ഞുപോയിട്ടുണ്ടെന്നോ? എന്തൊരു മെലോഡ്രാമ എന്ന് പറഞ്ഞു പരിഹസിച്ചേക്കാം  അമിത സ്വാഭാവികതയുടെ അപ്പസ്തോലന്മാർ ആയ പുതുതലമുറ  സിനിമാക്കാർ. എങ്കിലും ആ  അസ്വാഭാവികത, ആ  മെലോഡ്രാമ എനിക്ക് പെരുത്തിഷ്ടം. പഴയ സിനിമകളിലെ ബ്ലഡ് കാൻസർ മെലോഡ്രാമ അല്ലായിരുന്നു അത്.  അന്നത്തെ കേരളത്തിലെ ഒരു പാവം കർഷകത്തൊഴിലാളിയുടെ ജീവിതത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു. സാങ്കേതികമായും ഭാവുകത്വപരമായും രാഷ്ട്രീയമായുമൊക്കെ മലയാള സിനിമ വിപ്ലവാത്മകമായി മാറിയിരിക്കാം. എങ്കിലും ``അനുഭവങ്ങൾ പാളിച്ചകളി''ലെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് നിമിഷങ്ങൾക്ക് പകരം വെക്കാവുന്ന മറ്റൊരു സീക്വൻസ് പിന്നീട് കണ്ടിട്ടില്ല എന്നത് എന്റെ വ്യക്തിപരമായ വീക്ഷണം. എന്തൊരു പഴഞ്ചൻ എന്ന് പറഞ്ഞു കളിയാക്കിക്കോളൂ. വിരോധമില്ല. 

സത്യനേയും നസീറിനെയും എന്നെങ്കിലും നേരിൽ കാണണമെന്നു മോഹിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. നസീറിനെ കണ്ടു, സംസാരിച്ചു, ഇന്റർവ്യൂ ചെയ്തു. പക്ഷേ സത്യൻ പിടിതന്നില്ല. 1971 ൽ സത്യൻ മരിക്കുമ്പോൾ സ്‌കൂൾ കുട്ടിയായിരുന്നു ഞാൻ. പക്ഷേ നസീറിനെയും ഉമ്മറിനെയും ഷീലയേയുമൊക്കെ പിൽക്കാലത്ത് നേരിൽ കണ്ടപ്പോൾ സത്യനെ കുറിച്ച് ചോദിക്കാൻ മറന്നില്ല. ``സത്യനും ഞാനും തമ്മിൽ ഒരിക്കലും മത്സരിച്ചിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴി. എനിക്ക് എന്റെയും. ശക്തമായ കഥാപാത്രങ്ങൾ അധികവും സത്യൻ മാസ്റ്റർക്കാണ് ലഭിച്ചത്. എന്റെ മേഖല അതായിരുന്നില്ല. നേരിൽ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ഇങ്ങനെ പെണ്ണുങ്ങളുടെ പിന്നാലെ പാട്ടും പാടി ഓടിനടക്കാതെ നല്ല സബ്സ്റ്റൻസ് ഉള്ള വേഷങ്ങൾ കണ്ടെത്തി അഭിനയിക്ക് എന്ന്. ചിരിച്ചൊഴിയും ഞാൻ. ഒരു പ്രത്യേക ഇമേജിന്റെ തടവിലായിപ്പോയിരുന്നല്ലോ നമ്മൾ. പുറത്തുകടക്കാൻ ആഗ്രഹിച്ചാലും ഫലമില്ല എന്നതാണ് സത്യം..''-- നസീർ പറഞ്ഞു.

``കരിനിഴൽ'' എന്ന സിനിമയുടെ ക്ളൈമാക്സിൽ സത്യന്റെ `മാരക''മായ അഭിനയം കണ്ട് ഡയലോഗ് പറയാൻ പോലും മറന്നു നിന്നുപോയ നിമിഷങ്ങളാണ് ഉമ്മുക്ക ഓർത്തെടുത്ത്. ``സത്യൻ എന്ന നടനെയല്ല  കേണൽ കുമാറിനെയാണ് ഞാൻ മുന്നിൽ കണ്ടത്. ഒരു മനുഷ്യന് എങ്ങനെ ഇത്ര അത്ഭുതകരമായി കഥാപാത്രത്തിലേക്ക് പകർന്നാട്ടം നടത്താൻ കഴിയും എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. ആ നോട്ടത്തിനും സംസാരത്തിനും മുന്നിൽ ശരിക്കും ചൂളിപ്പോയി..'' കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സത്യൻ കാണിച്ച ചങ്കൂറ്റം ഒന്നു വേറെ തന്നെയായിരുന്നു. അപൂർവമായേ ആ തിരഞ്ഞെടുപ്പ് പാളിപ്പോയിട്ടുള്ളൂ എന്നും പറഞ്ഞു ഉമ്മർ. ``ശകുന്തളയിലെ കണ്വ മഹർഷിയും അനാർക്കലിയിലെ അക്ബർ ചക്രവർത്തിയും പരാജയങ്ങളായിരുന്നു. സത്യനോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം. അദ്ദേഹം ചിരിച്ചു.''

മൂന്ന് വർഷം മുൻപ് ചക്കരപ്പന്തലിന്റെ സത്യൻ സ്മരണാഞ്ജലിയിൽ പങ്കെടുക്കാൻ സത്യന്റെ മക്കളായ സതീഷും ജീവനും വന്നതോർമ്മയുണ്ട്. കാഴ്ചപരിമിതിയുമായി പൊരുതി ജീവിക്കുന്ന രണ്ടുപേർ. ഏറെ വേദനാജനകമായിരുന്നു എനിക്ക് ആ  കൂടിക്കാഴ്ച്ച. മലയാള സിനിമക്ക് പുതുമയുടെ തീക്ഷ്ണവെളിച്ചം പകർന്ന മഹാനടന്റെ മക്കൾ ചുറ്റുമുള്ള ഇരുട്ട് വകഞ്ഞുനീക്കിക്കൊണ്ട്  പതുക്കെ സ്റ്റുഡിയോയിലേക്ക് നടക്കുന്നത് നോക്കിനിന്നപ്പോൾ  ഓർമ്മവന്നത് നാരായണക്കൈമളിനെയാണ്. അന്ധതയിൽ പോലും അർത്ഥം കണ്ടെത്തിയ ``  കടൽപ്പാല''ത്തിലെ  സത്യൻ കഥാപാത്രം.

Content Highlights : Actor Sathyan Birth Anniversary Malayalam Movies Sathyan Anubavangal Palichakal Kadalppalam