“ഒരു വിരൽത്തുമ്പിൽ എന്നെയും മറുവിരൽത്തുമ്പിൽ ആൻഡ്രൂസിനെയുംകൊണ്ട്‌ നടക്കാനിറങ്ങുമ്പോൾ പണ്ട്‌ അമ്മച്ചി ഞങ്ങൾക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ. ഭൂതത്താന്റെ കൈയിൽനിന്നു ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോ അമ്മച്ചിയുടെ കൈയിലിരിക്കുന്നത്. പ്ലീസ്, അതിങ്ങു തന്നേര്” - ജോൺ ഹോനായിയുടെ ഡയലോഗ് മലയാള സിനിമ അത്ര പെട്ടെന്ന് മറക്കില്ല. ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചു മുന്നേറിയ ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയെ പൊടുന്നനെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയ സൂപ്പർ വില്ലൻ. ചിരിച്ചുകൊണ്ടു കഴുത്തറക്കുന്ന ക്രൂരനായ ഹോനായിയെ അനായാസം പകർന്നാടിയ റിസബാവ എന്ന നടൻ ആ കഥാപാത്രത്തെ കണ്ടത് ഒരു ‘നിധി’യായിട്ടാണ്. നായകനും വില്ലനും ഡബ്ബിങ് ആർട്ടിസ്റ്റുമൊക്കെയായി മലയാള സിനിമയിൽ പല വേഷങ്ങൾ ചെയ്തപ്പോഴും മറക്കാനാകാത്ത നിധിയായി ജോൺ ഹോനായിയുടെ വേഷത്തെ റിസബാവ കണ്ടു.

‘ഡോക്ടർ പശുപതി’ എന്ന സിനിമയിലൂടെ ആദ്യമായി നായകനായ റിസബാവയിലെ വില്ലൻ എന്ന നിധിയെ കണ്ടെടുക്കാനുള്ള നിയോഗം സംവിധായകരായ സിദ്ദിഖ്-ലാലുമാർക്കായിരുന്നു. ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി ജോൺ ഹോനായിയെ അവതരിപ്പിക്കാൻ തമിഴ് നടൻ രഘുവരനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. “ഇൻ ഹരിഹർ നഗറിന്റെ കഥ എഴുതുമ്പോൾ മുതൽ എന്റെയും ലാലിന്റെയും മനസ്സിലുണ്ടായിരുന്നത് രഘുവരനാണ്. അദ്ദേഹത്തിനു വരാൻ പറ്റാതായതോടെ പുതിയൊരാൾക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങൾ. ആ സമയത്താണ് ഒരു ദിവസം കലാഭവൻ അൻസാർ റിസബാവയുമായി ഞങ്ങളുടെ അടുത്തെത്തുന്നത്. റിസയെ കണ്ട നിമിഷംതന്നെ ജോൺ ഹോനായിയെയും ഞാൻ ആ മുഖത്തു കണ്ടു.” -ലാൽ ഓർമിക്കുന്നു.  

Rizabawa
ഡോ. പശുപതിയില്‍ അഭിനയിക്കെ റിസബാവയുടെ ആദ്യ അഭിമുഖം പ്രസിദ്ധീകരിച്ച ചിത്രഭൂമി പതിപ്പ്.

1984-ൽ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് റിസബാവ അഭിനയ രംഗത്തേക്കെത്തുന്നതെങ്കിലും  വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയം എന്ന മോഹവുമായി പിന്നെയും പറക്കാൻ ശ്രമിച്ച റിസബാവയ്ക്ക്‌ ആറു വർഷത്തിനു ശേഷമാണ് അടുത്ത അവസരം ലഭിക്കുന്നത്. 1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോക്ടർ പശുപതി’ എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു. 

150-ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും റിസബാവ എത്തുന്നത് ആ പറക്കലിലൂടെയായിരുന്നു. രാഷ്ട്രീയക്കാരന്റെ വേഷം നന്നായി ഇണങ്ങുന്ന കലാകാരനായിരുന്നു റിസബാവ. ‘ക്രൈം ഫയൽ’ എന്ന ചിത്രത്തിലെ മന്ത്രി തോമസ് മുതൽ അവസാനം അഭിനയിച്ച ‘വൺ’ സിനിമയിലെ ഭാസ്‌കരൻ എം.എൽ.എ. വരെയായി കൈയിലെത്തിയ രാഷ്ട്രീയവേഷങ്ങളെല്ലാം അദ്ദേഹം മനോഹരമാക്കി. നാടകവേദിയിലെ അനുഭവസമ്പത്തും അദ്ദേഹം സിനിമയ്ക്ക് മുതൽക്കൂട്ടാക്കി. ശബ്ദംകൊണ്ടും അനുഗൃഹീതനായ കലാകാരനായിരുന്നു റിസബാവ. വെള്ളിത്തിരയിൽ മുഖമില്ലെങ്കിൽ പോലും മലയാളി പെട്ടെന്നു തിരിച്ചറിഞ്ഞിരുന്ന ശബ്ദത്തിന്റെ ഉടമ. നടനായി മലയാള സിനിമ സ്വീകരിച്ച റിസബാവയ്ക്ക്‌ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണെന്നത് ആ ശബ്ദത്തിനുള്ള അംഗീകാരമാണ്. ‘കർമയോഗി’ എന്ന ചിത്രത്തിൽ തലൈവാസലിനു നൽകിയ ശബ്ദമാണ് റിസബാവയെ പുരസ്കാരത്തിലെത്തിച്ചത്. ‘പ്രണയം’ എന്ന സിനിമയിൽ അനുപം ഖേറിനു ശബ്ദം പകർന്നതും മലയാളി മറക്കില്ല. ടി.വി. സീരിയലുകളിലും ആ ശബ്ദമെത്തിയതോടെ മലയാളിയുടെ സ്വീകരണ മുറികളിലും പരിചിതമായ സ്വരമായി അതു പെയ്തുകൊണ്ടിരുന്നു.

Content Highlights:  Actor Risabava passed away In Harihar Nagar John Movies Honai Iconic villain Malayalam Cinema