
ഇന്ദുലേഖയില്‍
മാധവനായി റിസബാവ
തിയേറ്ററുകളില്‍ നടുക്കമുണ്ടാക്കുന്ന സുന്ദര വില്ലന്റെ ഭാവത്തിലേക്ക് എത്തുംമുന്‍പ് നാടകവേദികളില്‍ റിസബാവ എന്ന നടന് മറ്റൊരു മുഖമുണ്ടായിരുന്നു. ഇന്ദുലേഖയുടെ പ്രിയതമനായ മാധവന്റെയും സംഗീതത്തിലെ രാജപ്രൗഢിയായ സ്വാതിതിരുനാളിന്റെയും ഭാവം. പിരപ്പന്‍കോട് മുരളി തിരക്കഥയെഴുതി പി.കെ. വേണുക്കുട്ടന്‍നായര്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ നാടകത്തില്‍ സ്വാതിതിരുനാളായി 250-ലേറെ വേദികളിലാണ് റിസബാവ തിളങ്ങിയത്. സംഗീതസാന്ദ്രമായ നാടകത്തില്‍ വെളുത്തുമെലിഞ്ഞ റിസബാവ മലയാളത്തിന്റെ സംഗീതസാമ്രാട്ടിന്റെ കുലീനഭാവം പകര്‍ത്തി. 1988-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നാടകത്തില്‍ സ്വാതിതിരുനാളായി അഭിനയിച്ചിരുന്നത് സായികുമാര്‍ ആയിരുന്നു.
'റാംജിറാവു സ്പീക്കിങ്' എന്ന ചിത്രത്തിലേക്ക് അവസരം വന്നതോടെ സായികുമാറിന് ഈ വേഷം തുടരാനാകാത്ത അവസ്ഥയായി. സംവിധായകന് പി.കെ. വേണുക്കുട്ടന്‍ നായരാണെങ്കില്‍ കരാര്‍ ലംഘിച്ച് പോകാനാകില്ല എന്ന നിലപാടിലും. ഒടുവില്‍ പ്രശ്നം പിരപ്പന്‍കോട് മുരളിക്ക് മുന്നിലെത്തി. പകരം ആളെ കിട്ടിയാല്‍ സായികുമാറിന് പോകാമെന്ന സ്ഥിതിയായി. അങ്ങനെ കേരളത്തിലുടനീളം നടത്തിയ തിരച്ചില്‍ കൊച്ചിയില്‍നിന്നുള്ള റിസബാവ എന്ന ചെറുപ്പക്കാരനില്‍ എത്തി. ഒരു വൈകുന്നേരം നീണ്ടു മെലിഞ്ഞ്, പൊടിമീശയുള്ള റിസബാവ പിരപ്പന്‍കോടിന്റെ വീട്ടിലെത്തി. ''രണ്ടു രാത്രിയും ഒരു പകലുംകൊണ്ട് അനായാസമായി അദ്ദേഹം നാടകം പഠിച്ചു. അടുത്ത ദിവസം വേദിയില്‍ സ്വാതിതിരുനാളായി കൈയടി നേടുകയും ചെയ്തു'' -പിരപ്പന്‍കോട് ഓര്‍ക്കുന്നു. സായികുമാറിന്റെ സിനിമാപ്രവേശവും റിസബാവയുടെ നാടക പ്രവേശനവും അങ്ങനെയായിരുന്നു.
'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ക്കുശേഷം ഏറ്റവുമധികം വേദികളില്‍ കളിച്ച നാടകമായിരുന്നു 750 വേദികള്‍ പിന്നിട്ട സ്വാതിതിരുനാള്‍. അതില്‍ അവസാന 250 പ്രകടനങ്ങളില്‍ റിസബാവ സംഗീതത്തിന്റെ മഹാരാജാവായി. തുടര്‍ന്ന് 1990-ല്‍ പിരപ്പന്‍കോട് മുരളി തിരക്കഥയൊരുക്കിയ 'ഇന്ദുലേഖ'യിലും റിസബാവ പ്രധാന കഥാപാത്രമായി. മലയാളികളുടെ ഇഷ്ട കഥാപാത്രമായ ഇന്ദുലേഖയുടെ പ്രിയതമന് മാധവന്റെ വേഷമായിരുന്നു ആ നാടകത്തില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..