സെറ്റിൽ ഉണ്ടായിരുന്നില്ലെന്നേയുള്ളൂ, ജോൺ എബ്രഹാം വിവരങ്ങളൊക്കെ കൃത്യമായി അന്വേഷിച്ചിരുന്നു - രഞ്ജിത്


അഞ്ജയ് ദാസ്. എൻ.ടി

ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി നിർമിക്കുന്ന മലയാളചിത്രം മൈക്കിലൂടെ രഞ്ജിത് തന്റെ വരവറിയിച്ചുകഴിഞ്ഞു. താൻ വന്ന വഴിയേക്കുറിച്ച്, മൈക്കിനേക്കുറിച്ച് രഞ്ജിത് സജീവ് സംസാരിക്കുന്നു.

INTERVIEW

രഞ്ജിത് സജീവ് | ഫോട്ടോ: www.instagram.com/ranjithsajeev/

ദുബായിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ബിരുദം. പഠിക്കുമ്പോൾത്തന്നെ അഭിനയമോഹംകൊണ്ട് ശില്പശാലകളിൽ പങ്കെടുത്തു. ഡി​ഗ്രി കഴിഞ്ഞയുടനെ തീരുമാനമെടുത്തു സിനിമ തന്നെ ഫുൾടൈം കരിയറെന്ന്. ആ തീരുമാനം രഞ്ജിത് സജീവ് എന്ന ചെറുപ്പക്കാരനെ എത്തിച്ചത് സ്വപ്നതുല്യമായ തുടക്കത്തിലേക്ക്. ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി നിർമിക്കുന്ന മലയാളചിത്രം മൈക്കിലൂടെ രഞ്ജിത് തന്റെ വരവറിയിച്ചുകഴിഞ്ഞു. താൻ വന്ന വഴിയേക്കുറിച്ച്, മൈക്കിനേക്കുറിച്ച് രഞ്ജിത് സജീവ് സംസാരിക്കുന്നു.

മൈക്കിലേക്കുള്ള വഴി ഓഡിഷൻ

വീഡിയോ ഓഡിഷൻ വഴിയാണ് മൈക്കിലേക്ക് വരുന്നത്. നേരത്തേ മോണോലോ​ഗ് വീഡിയോ ഒക്കെ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇടുമായിരുന്നു. ഓഡിഷന് കൊടുക്കാനായി വീഡിയോ ഉണ്ടാക്കുമായിരുന്നു. അങ്ങനെയൊരു വീഡിയോ സംവിധായകൻ വിഷ്ണു ശിവപ്രസാദ് കാണാനിടയായി. 2021-ന്റെ തുടക്കത്തിലാണത്. മൈക്കിന്റെ തിരക്കഥ ഏകദേശം ആയിരുന്നു അപ്പോഴേക്കും. എന്റെ വീഡിയോ കണ്ടപ്പോൾ ആന്റണിയുടെ കഥാപാത്രം ചെയ്താൽ നന്നായിരിക്കും എന്ന് തോന്നി എന്നാണ് പറഞ്ഞത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്കും കണക്റ്റായി.

ജോൺ എബ്രഹാം നിർമിക്കുന്നു എന്ന് കേട്ടപ്പോൾ

സിനിമയിൽ വന്നുകഴിഞ്ഞിട്ടാണ് ജോൺ എബ്രഹാമാണ് നിർമാണം എന്ന് മനസിലായത്. കേട്ടപ്പോൾ ശരിക്കും വിശ്വസിക്കാനായില്ല. ഞെട്ടിപ്പോയി. ബോളിവുഡിലെ മികച്ച ഒരു നടൻ മലയാളത്തിൽ ഒരു സിനിമയെടുക്കുകയാണ്. അതുമാത്രമല്ല, അങ്ങനെയൊരു സിനിമയിൽ എന്നെപ്പോലൊരു പുതുമുഖം നായകനാവുന്നതിൽ അദ്ഭുതവും തോന്നിയിരുന്നു. കോളേജിലെല്ലാം ഡാൻസ് പരിപാടികളിലും അഭിനയ ശില്പശാലകളിലുമെല്ലാം ഞാൻ പങ്കെടുത്തിരുന്നു. എന്റെ ആദ്യത്തെ കാൽവെപ്പ് ഇങ്ങനെയായതിൽ വളരെ സന്തോഷമുണ്ട്.

ജോൺ എബ്രഹാമിൽ നിന്ന് നല്ല വാക്കുകൾ

ജോൺ എബ്രഹാമിനെ ആദ്യമായി കാണുന്നത് കഴി‍ഞ്ഞ ഡിസംബറിൽ പോസ്റ്റർ ലോഞ്ചിന്റെ സമയത്താണ്. ആ സമയത്ത് സിനിമയുടെ പകുതിയിലേറെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. പുള്ളി നേരിട്ട് ഇവിടെ ഇല്ലായിരുന്നെങ്കിലും എല്ലാ ദിവസവും കൃത്യമായി ഷൂട്ടിങ് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഞാനും അനശ്വരയും നല്ല രസമായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നെ അദ്ദേഹം ഏഴോ എട്ടോ തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എഡിറ്റിങ് സമയത്തുമെല്ലാമായി.

സാമൂഹിക പ്രസക്തിയുള്ള പ്രമേയം

സാമൂഹികമായി ഒരുപാട് കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ട്. സാറയായാലും ആന്റണിയായാലും. മാനസികമായി ധാരാളം പ്രശ്നങ്ങൾ അനുഭവിക്കുന്ന കഥാപാത്രമാണ് ആന്റണി. നിസ്സം​ഗത കൊണ്ടുവന്നയാളാണ് ആന്റണി. ജീവിതത്തിൽ വലിയ ദുരന്തം സംഭവിച്ചയാളാണ്. കഥാപാത്രം ഇത്ര ഹെവി ആയതുകൊണ്ട് ആ മാനസികാവസ്ഥയിലേക്കെത്താൻ കുറച്ച് പണിയെടുക്കേണ്ടിവന്നു. ശാരീരിക വൈകല്യങ്ങളെ കളിയാക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ടെന്ന് സിനിമ പറയുകയാണ്. ചിലർ അവർക്കറിയാത്ത കാര്യങ്ങളെ എടുത്ത് കളിയാക്കും. പക്ഷേ അതിന്റെ അനന്തരഫലമെന്താണെന്ന് അവർ മനസിലാക്കില്ല. എല്ലാവരേയും ബഹുമാനിക്കണമെന്നാണ് മൈക്ക് പറയുന്നത്.

സംഘട്ടനരം​ഗങ്ങൾക്കായി പ്രത്യേക പരിശീലനം

മാർഷ്യൽ ആർട്സ് അങ്ങനെ പഠിച്ചിട്ടില്ല. പക്ഷേ ക്ലൈമാക്സ് ഫൈറ്റിന് വേണ്ടി ഒരാഴ്ചത്തെ ട്രെയിനിങ് ഉണ്ടായിരുന്നു. റോഷൻ ചന്ദ്ര എന്ന നടനായിരുന്നു വില്ലൻ വേഷത്തിൽ. അദ്ദേഹത്തിന്റെ കൂടെയായിരുന്നു പരിശീലനം. ഞാനൊരു ഡാൻസറായതുകൊണ്ട് ശരീരചലനങ്ങൾ പെട്ടന്ന് ​ഗ്രഹിക്കാൻ പറ്റി. ഡ്യൂപ്പൊന്നുമില്ലാതെ ഒറിജിനൽ ഫൈറ്റായിരുന്നു. സിനിമയിലെ എല്ലാ ആക്ഷൻ രം​ഗങ്ങളും അങ്ങനെതന്നെയായിരുന്നു. കളയൊക്കെ ചെയ്ത ഫീനിക്സ് പ്രഭു മാസ്റ്ററായിരുന്നു സംഘട്ടനസംവിധാനം. റിയലിസ്റ്റിക്കും സ്റ്റൈലായിട്ടുമായിരുന്നു കോറിയോ​ഗ്രഫി ചെയ്തത്. ശരിക്കും നടുവൊക്കെ ഇടിച്ചുവീണു. കാൽമുട്ടിലെ തൊലിയെല്ലാം പോയി. ക്ലൈമാക്സ് ഫൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ പരിക്ക് പറ്റിയത്. നല്ല പണിയെടുത്തു.

സഹതാരങ്ങളുടെ നല്ല സഹകരണം

നല്ല കംഫർട്ടായിരുന്നു. വളരെ കുറച്ച് കഥാപാത്രങ്ങളേ സിനിമയിലുള്ളൂ. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പാണ് അനശ്വരയെ കാണുന്നത്. ക്ലൈമാക്സ് സീനായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. എല്ലാവർക്കും നല്ല ടെൻഷനായിരുന്നു. ഞങ്ങൾ രണ്ടുപേരും ആദ്യമായിട്ടാണ് ഒരുമിച്ചഭിനയിക്കുന്നത് എന്നതുതന്നെ കാരണം. അത് പക്ഷേ നന്നായിത്തന്നെ വരികയും എല്ലാവർക്കും ആശ്വാസമാവുകയും ചെയ്തു. നന്നായി അധ്വാനിക്കുന്ന നടിയാണ് അനശ്വര. മാനസികമായി മാത്രമല്ല ശാരീരികമായും അധ്വാനിക്കേണ്ട റോളുകളാണ് ഞങ്ങൾ രണ്ടുപേരുടേയും. കളരിപ്പയറ്റൊക്കെ നന്നായി അധ്വാനിച്ചുതന്നെ ചെയ്തു. അക്ഷയ് ആയാലും അഭിരാം, ഡയാന എന്നിവരായാലും നല്ലൊരു അന്തരീക്ഷംതന്നെ അവർ സൃഷ്ടിച്ചെടുത്തു.

ആദ്യസിനിമ, ആദ്യ ചുവടുവെപ്പ്

ജോൺ എബ്രഹാം നിർമിക്കുന്ന സിനിമയിലൂടെ വരാൻ പറ്റിയത് തന്നെ വലിയ അനു​ഗ്രഹമായാണ് കാണുന്നത്. സംവിധായകനും ഛായാ​ഗ്രഹകനും തുടങ്ങി എല്ലാവരും ചേർന്ന് എന്നെ സഹായിച്ചു. പുതിയൊരാളെ അവരുടെ കൂട്ടത്തിൽ ചേർത്ത് വളർത്തുകയായിരുന്നു. ഒരുപാട് പഠിക്കാൻ പറ്റി. പിന്നെ ആന്റണി എന്ന കഥാപാത്രം എപ്പോഴും എന്റെ ഉള്ളിൽ നിൽക്കും.

Content Highlights: actor ranjith sajeev interview, mike movie, john abaraham, anaswara rajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented