അന്ന് നാടകകലാകാരന്മാർ ചമയമിടുന്നത് കർട്ടനിടയിലൂടെ നോക്കി നിന്നു, ഇന്ന് മദനോത്സവത്തിലെ പോരാളി ബിനു


രാജേഷ് അഴീക്കോടൻ \ അഞ്ജയ് ദാസ്.എൻ.ടി

6 min read
Read later
Print
Share

സ്റ്റേജിന്റെ കർട്ടനിടയിലൂടെ അഭിനേതാക്കൾ മുഖത്ത് ചായംപൂശുന്നത് ഒളിച്ചുനിന്ന് കണ്ട ഒരു കുട്ടിയിൽ നിന്ന് മദനോത്സവത്തിലെ പോരാളി ബിനു തങ്കച്ചനിലേക്കുള്ള അഭിനയയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് രാജേഷ് അഴീക്കോടൻ.  

രാജേഷ് അഴീക്കോടൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

നാടകം, ഡോക്യുമെന്ററി, സംവിധാനസഹായി ഒടുവിൽ അഭിനയം. കാസർകോട്ടെ ബളാൽ എന്ന കൊച്ചു​ഗ്രാമത്തിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് രാജേഷ് അഴീക്കോടൻ എന്ന നടൻ നടന്നുകയറുന്നത് ഒരുപാട് വഴികൾ പിന്നിട്ടാണ്. അതിന് നാടകത്തിന്റേയും അവിടെ നിന്ന് സമ്പാദിച്ച സൗഹൃദങ്ങളുടേയും പിൻബലമുണ്ട്. സംവിധായകർ പറയുന്നതും സ്വന്തം കയ്യിൽ നിന്നിടുന്നതുംകൂടി ഒത്തിണങ്ങുമ്പോഴാണ് ഒരു കഥാപാത്രം ജനിക്കുന്നതെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. സ്റ്റേജിന്റെ കർട്ടനിടയിലൂടെ അഭിനേതാക്കൾ മുഖത്ത് ചായംപൂശുന്നത് ഒളിച്ചുനിന്ന് കണ്ട ഒരു കുട്ടിയിൽ നിന്ന് മദനോത്സവത്തിലെ പോരാളി ബിനു തങ്കച്ചനിലേക്കുള്ള അഭിനയയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് രാജേഷ് അഴീക്കോടൻ.

രതീഷ് ബാലകൃഷ്ണ പൊതുവാൾ ടീമിലേക്ക്

മദനോത്സവത്തിന്റെ സംവിധായകൻ സുധീഷ് ​ഗോപിനാഥ് ന്നാ താൻ കേസ് കൊട്-ന്റെ ചീഫ് അസോസിയേറ്റ് ആയിരുന്നു. നടൻ രാജേഷ് മാധവൻ അതിന്റെ കാസ്റ്റിങ് ഡയറക്ടറായിരുന്നു. രാജേഷുമായി എനിക്ക് വളരെ നാളായി ബന്ധമുണ്ട്. കുറ്റിക്കോലുള്ള സൺഡേ തിയേറ്റർ എന്ന നാടകസംഘവുമായി ബന്ധപ്പെട്ട് ഇടപഴകുന്ന ആളുകളാണ്. ശിവകുമാർ കാങ്കോൽ, മനോജ് മാതമം​ഗലം തുടങ്ങി ഒരു ​നാടകസമൂഹം പയ്യന്നൂരുണ്ട്. ബാബു അന്നൂരിന്റെ നാടകവീടുമൊക്കെയായി ​ദീർഘനാളായുള്ള അടുപ്പമുണ്ടായിരുന്നു എനിക്ക്. ആ​ഗ്രൂപ്പിലേക്ക് സുധീഷ് ​ഗോപിനാഥ് ചേരുകയായിരുന്നു. അങ്ങനെയാണ് സുധീഷുമായി അടുക്കുന്നത്. നാടക ചർച്ചകളും ഫിലിം ഫെസ്റ്റിവലുകളും ആ ബന്ധം ഊട്ടിയുറപ്പിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേക്ക് സുധീഷ് വിളിച്ചെങ്കിലും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെയാണ് ന്നാ താൻ കേസ് കൊട്-ലേക്ക് വിളിക്കുന്നത്. അതിനിടയ്ക്ക് ജിന്ന് അടക്കം സുധീഷ് അസോസിയേറ്റായ പല പടങ്ങളിലും ഞാൻ അഭിനയിച്ചു. രാജേഷ് മാധവനും സുധീഷും ചേർന്നാണ് എന്നെ രതീഷ് പൊതുവാളിന് പരിചയപ്പെടുത്തി കൊടുക്കുന്നത്.

മദനോത്സവത്തിന്റെ സെറ്റിൽ രാജേഷ് അഴീക്കോടനും സംവിധായകൻ സുധീഷും

രാഷ്ട്രീയ ആക്ഷേപഹാസ്യം മലയാളസിനിമയിൽ ട്രെൻഡ് ആവുന്നുണ്ടോ?

നമുക്കിടയിലുള്ള, രാഷ്ട്രീയത്തിൽ സജീവമായ ആളുകളുണ്ടല്ലോ. ഉദാഹരണത്തിന് എക്സ് എന്ന ഒരു സംഘടനയിൽ നമ്മൾ സജീവമാണെങ്കിൽ അതേ സംഘടനയിലെ ആളുകളോടുതന്നെ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടാകും. ആ എതിർപ്പ് പാർട്ടി സമൂഹങ്ങളിലാണ് ചർച്ച ചെയ്യപ്പെടുന്നത്. അങ്ങനെ ചർച്ചകൾ വന്നാലും നേരത്തെ മനസിൽ ജനിച്ച വിയോജിപ്പ് അങ്ങനെതന്നെയുണ്ടാകും. ഇക്കാര്യം സിനിമയിലോ നാടകത്തിലോ വന്നാൽ നമ്മൾ ആസ്വദിക്കും. ഇക്കാണിച്ചിരിക്കുന്നത് ഇയാൾക്ക് വെച്ചതല്ലേ എന്ന് തോന്നിക്കും. അതുകൊണ്ടാണ് രാഷ്ട്രീയ ആക്ഷേപഹാസ്യത്തെ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നത്. എന്റെയൊരു കാഴ്ചപ്പാടിൽ അങ്ങനെയാണ് തോന്നുന്നത്.

കയ്യിൽ നിന്നിടുന്ന സംഭാഷണങ്ങൾ

മദനോത്സവത്തിൽ ഞാനവതരിപ്പിച്ച പോരാളി ബിനു തങ്കച്ചൻ എന്ന കഥാപാത്രത്തേക്കുറിച്ചുള്ള കൃത്യമായ ചിത്രം സംവിധായകന് ഉണ്ടായിരുന്നു. അതെന്താണെന്ന് വ്യക്തമായി എനിക്ക് പറഞ്ഞുതന്നു. ഈ കഥാപാത്രത്തിന് എന്തെങ്കിലും പ്രത്യേകമായി ചെയ്യാനുണ്ടോ എന്ന് ഞാൻ സെറ്റിൽ ഓരോരുത്തരോടും ചോദിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടവുമാണ്. ഒരു കഥാപാത്രത്തെ ഏതെല്ലാം തരത്തിൽ രൂപപ്പെടുത്തിയെടുക്കാൻപറ്റും എന്ന് നോക്കണമല്ലോ. ഒരു കഥ മൂന്നുപേർ വായിക്കുകയാണെങ്കിൽ അവർക്ക് മൂന്ന് കാഴ്ചപ്പാടായിരിക്കുമല്ലോ ഉണ്ടാവുക. എഴുത്തുകാരൻ കാണാത്ത തലമായിരിക്കും നമ്മൾ കാണുന്നത്. ഡയറക്ഷൻ ടീമിലെ ആളുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു നടനാവുമ്പോൾ അവർ പറയുന്നതും നമ്മൾ കയ്യിൽനിന്നിടുന്നതും കൂടി ഒത്തിണങ്ങുമ്പോഴാണ് നമ്മൾ കഥാപാത്രമാവുന്നത്.

മദനോത്സവത്തിന്റെ സെറ്റിൽ നിന്ന്

നാടകത്തോടുള്ള ഇഷ്ടം ചെറുപ്പം മുതലേയുണ്ട്

കാസർകോട് ജില്ലയിലെ ബളാലാണ് എന്റെ നാട്. അവിടെ നാടകങ്ങൾ വരുന്നത് അമ്പലങ്ങളിലെ ഉത്സവത്തിനാണ്. കണ്ണൂർ നടന ക്ഷേത്രത്തിന്റെ കലാമണ്ഡലം വനജ അഭിനയിക്കുന്ന നൃത്തനാടകമാണ് വരിക. കടാങ്കോട്ട് മാക്കം പോലുള്ളവ. ആ സമയത്ത് ഞാൻ സ്കൂളിലാണ് പഠിക്കുന്നത്. അതിന്റെ അവതരണം നമ്മളെ ഭയങ്കരമായി ത്രസിപ്പിക്കും. കലാകാരന്മാർ ചമയം ഇടുന്നത് കണ്ടുനിന്നിട്ടുണ്ട്. കർട്ടന്റെ ഇടയിലൂടെ ഞങ്ങൾ സുഹൃത്തുക്കൾ ഇങ്ങനെ നോക്കിനിൽക്കും. ഭയങ്കര ഇഷ്ടമാണ് അത്. കാരണം ഒരു മനുഷ്യൻ കഥാപാത്രമായി മാറുന്ന പ്രൊസസ് ആണല്ലോ അവിടെ നടക്കുന്നത്. അന്നൊക്കെ മേക്കപ്പ്മാനുണ്ടാവും. ഇന്ന് പ്രൊഫഷണൽ നാടകത്തിന് അതില്ല. നാടകത്തോടുള്ള ഇഷ്ടം തുടങ്ങുന്നത് അങ്ങനെയാണ്.

നാടകാഭിനയം തുടങ്ങുന്നു

ഹൈസ്കൂളിൽ പഠിക്കുമ്പോൾ അമച്വർ നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. നമ്മുടെ നാട് ഒരു കു​ഗ്രാമമായതുകൊണ്ട് നാട്ടിൽ നാടകമെത്തുന്നത് വളരെ വൈകിയാണ്. പലയിടങ്ങളിലും കളിച്ച് പഴകിയ നാടകങ്ങളാണ് എന്റെ നാട്ടിൽ പുതിയ നാടകങ്ങളായി വരുന്നത്. അതായത് ഇന്നത്തെ പത്രം നാളെ വരുന്നതുപോലെ. അമച്വർ നാടകം എന്നുള്ള കാഴ്ചപ്പാടൊക്കെ പിന്നെ വന്നതാണ്. നാടകം മാത്രമായിരുന്നു അന്ന്. നാടകം എത്ര തരത്തിലുണ്ട് എന്നെല്ലാം പിൽക്കാലത്താണ് മനസിലാക്കുന്നത്. യൂത്ത് ഫെസ്റ്റിവലിൽ മികച്ച നടനൊക്കെ ആയിരുന്നു. പിന്നെ പത്താം ക്ലാസിലും, കോളേജ് തലങ്ങളിലുമെല്ലാം നാടകത്തിൽ സജീവമായിരുന്നു. ബാബു അന്നൂർ അഭിനയിച്ച കേളു എന്ന നാടകം കണ്ടതാണ് വഴിത്തിരിവായത്. നാടകത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നത് അങ്ങനെയാണ്. ബാബു അന്നൂരിനെ പിന്നെയും കുറേനാൾ കഴിഞ്ഞാണ് പരിചയപ്പെടുന്നത്.

ഡോക്യുമെന്ററികളിൽ സജീവമായ കാലം

എം.എ റഹ്മാനുമൊന്നിച്ച് ഡോക്യുമെന്ററികളിൽ പതിയെ ഞാൻ സജീവമാവാൻ തുടങ്ങി. എം.എ റഹ്മാന്റെ അസിസ്റ്റന്റായിരുന്നു ഞാൻ. എസ്.ഐ.ഇ.ടിക്കുവേണ്ടി ചെയ്യുന്ന ഈ ഡോക്യുമെന്ററികൾ ദൂരദർശൻ സംപ്രേഷണം ചെയ്യുമായിരുന്നു. ബഷീർ ദ മാൻ കഴിഞ്ഞിട്ടുള്ള എല്ലാ ഡോക്യുമെന്ററികളിലും ഞാൻ റഹ്മാന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. റഹ്മാൻ മുഖേനയാണ് സതീഷ് പൊതുവാളിനെ പരിചയപ്പെടുന്നത്. സതീഷ് പൊതുവാളിന്റെ മലബാർ മാന്വൽ എന്നൊരു ഡോക്യുമെന്ററിയുമായി ഞാൻ സഹകരിച്ചിരുന്നു. ചലച്ചിത്ര അക്കാദമിയായിരുന്നു നിർമാണം. ഈ ചിത്രത്തിന്റെ നിർമാണസമയത്താണ് ബാബു അന്നൂരിനെ പരിചയപ്പെടുന്നത്. ആ ബന്ധം കാത്തുസൂക്ഷിച്ചു. ആ പരിചയമാണ് അന്നൂർ ​നാടക​ഗ്രാമത്തിലേക്കും ബാബു അന്നൂരിന്റെ നാടകവീട്ടിലേക്കും ഞാൻ എത്തുന്നത്. നാടകവീടെന്നത് ബാബുവേട്ടന്റെ വീടാണ്. കുടുംബാം​ഗങ്ങളടക്കം എല്ലാവരും നാടകക്കാരാണവിടെ. തിങ്കളാഴ്ച നിശ്ചയത്തിലും പ്രണയവിലാസത്തിലുമൊക്കെ അഭിനയിച്ച നടൻ കെ.യു. മനോജിനേയും സംവിധായകൻ പ്രിയനന്ദനനേയുമൊക്കെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. നാടക ചർച്ചകളും എഴുത്തും റിഹേഴ്സലുമെല്ലാമായി ആ ​ഗ്രൂപ്പ് ഭയങ്കര സജീവമായിരുന്നു. ഒരുപാട് ബന്ധങ്ങളുണ്ടായിട്ടുണ്ട് അവിടെ നിന്ന്.

കാസർകോട് ജില്ലയിലെ ആദ്യ സിനിമാ നിർമാതാവായ അച്ഛൻ

എന്റെ അച്ഛൻ അഴീക്കോടൻ കുഞ്ഞിക്കൃഷ്ണൻ നായർ കാസർകോട് ജില്ലയിലെ ആദ്യ സിനിമാ നിർമാതാവായിരുന്നു. എഴുപതുകളിൽ ഡാലിയാ പൂക്കൾ എന്ന പേരിൽ ഒരു സിനിമ അദ്ദേഹം നിർമിച്ചിരുന്നു. ബന്ധുവായ സുധീഷ് ​ഗോപാലകൃഷ്ണൻ ആയിരുന്നു നായകൻ. സിനിമ പക്ഷേ വിജയിച്ചില്ല. ആ സമയം വീട്ടിൽ കുറേ സിനിമാക്കാർ വരും. വിജയൻ കാരോട്ട്, സംവിധായകൻ പവിത്രൻ, ചിന്ത രവി എല്ലാം വീട്ടിൽ നിത്യസന്ദർശകരായിരുന്നു. നിരവധി സിനിമാ മാസികകളും വീട്ടിൽ വരുത്തുമായിരുന്നു. മാസികകളിലൂടെ കണ്ട് ഇവരോട് ഒരിഷ്ടം തോന്നിയിരുന്നു. പോരാത്തതിന് ഇവരെല്ലാം വീട്ടിൽ വരികയും ചെയ്യുന്നു. അന്നേയുണ്ട് സിനിമയോട് ഇഷ്ടം. പക്ഷേ അതൊന്നും പുറത്തുപറയാൻ പറ്റില്ലല്ലോ. പേടിച്ചിട്ട് എല്ലാം അടക്കിവെയ്ക്കുകയായിരുന്നു. പിന്നെ നാടകമായി.

നെയ്ത്തുകാരൻ എന്ന നാടകത്തിൽ രാജേഷ് അഴീക്കോടൻ

കൂടുതൽ സിനിമകൾ, സൗഹൃദങ്ങൾ, സംവിധായകനാകണമെന്ന് ആ​ഗ്രഹം

സതീഷ് പൊതുവാളിനെ പരിചയപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ സമയം എന്ന ചിത്രത്തിൽ എന്നെ അസിസ്റ്റന്റാക്കി. പിന്നീട് എം.എ. റഹ്മാൻ വഴി സംവിധായകൻ ടി.വി. ചന്ദ്രനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. അങ്ങനെ ഭൂമിയുടെ അവകാശികൾ എന്ന ചിത്രത്തിൽ ഞാൻ അസിസ്റ്റന്റായി. ഒരു മകനേപ്പോലെയായിരുന്നു അദ്ദേഹത്തിന് ഞാൻ. ചന്ദ്രേട്ടന്റെ പിന്നീടുള്ള സിനിമകളിലേക്കും എന്നെ വിളിച്ചു. അദ്ദേഹം ഒടുവിൽ ചെയ്ത മോഹവലയം എന്ന ചിത്രത്തിൽ അസോസിയേറ്റായി ജോലി ചെയ്തു. സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം. അതേസമയം അഭിനയിക്കാനും ഉള്ളിൽ മോഹമുണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ ചന്ദ്രേട്ടനൊപ്പം പോകാൻ തുടങ്ങി. അദ്ദേഹത്തിനൊപ്പം പോയാൽ റൂമും ഭക്ഷണവും കിട്ടും. വിദേശ സിനിമകൾ കാണാനും സിനിമാ സുഹൃത്തുക്കളെ സമ്പാദിക്കാനും ഈ യാത്രകളാണ് സഹായിച്ചത്. ഏറെ നാളുകൾ നാടുവിട്ട് നിന്ന ശേഷം നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം കാണാൻ പോകുന്ന ഒരു ഫീലായിരുന്നു അതിന്.

രണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാവുന്നു

ഇത്തരം ചലച്ചിത്രോത്സവങ്ങളാണ് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളും സമ്മാനിച്ചത്. സുഹൃത്തായ ബിനുലാൽ ഉണ്ണി തിരക്കഥയെഴുതി സുജിത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നത് അങ്ങനെയാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണനായിരുന്നു നായകൻ. ബിനുലാലിന്റെ നാടകങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ബിനുലാൽ ഞങ്ങൾ രണ്ടുപേർ മുഖ്യകഥാപാത്രങ്ങളായി ഒരു നാടകം എഴുതിയിരുന്നു. തടിയനും മുടിയനും എന്നായിരുന്നു പേര്. അന്ന് ബിനുലാലിന്റെ രണ്ട് മക്കൾ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. കൃഷ്ണവേണി എന്ന മകളാണ് ഇത് നാടകത്തിന് പകരം സിനിമയാക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും അത് അം​ഗീകരിച്ചു. തടിയനായി ഞാനും മുടിയനായി ഹരിദാസ് കുണ്ടംകുഴിയും. ബിനുലാലിന്റെ വീട് തന്നെയായിരുന്നു ലൊക്കേഷൻ. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും മറ്റുമായിരുന്നു പിന്നണിയിലെ സാങ്കേതികവിദ​ഗ്ധർ. ഫിലിം ഫെസ്റ്റിവലുകളിലൊക്കെ പ്രദർശിപ്പിച്ചു. എന്റെ പ്രകടനത്തെ ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർ അഭിനന്ദിക്കുകയും അഭിനയത്തിൽ ശ്രദ്ധകൊടുക്കണമെന്ന് പറയുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് രണ്ട് എന്ന സിനിമ വരുന്നത്. ആ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

രണ്ട് എന്ന ചിത്രത്തിൽ രാജേഷ് അഴീക്കോടൻ, കലാഭവൻ റഹ്മാൻ, രാജേഷ് മാധവൻ എന്നിവർ

കാസർകോട്ടേക്കെത്തിയ മലയാള സിനിമ

രണ്ടിലെ വേഷത്തോടെ സിനിമയിൽ അഭിനയിക്കാമെന്നുള്ള ആത്മവിശ്വാസം വരുന്നത്. പല ഓഡിഷനുകൾക്ക് പോകാൻ തുടങ്ങി. അതിന് മുമ്പൊന്നും ഓഡിഷനുകളേക്കുറിച്ചൊന്നും ധാരണയില്ലായിരുന്നു. പിന്നെ പ്രധാന സിനിമകളുടെ ഓഡിഷനൊക്കെ നടക്കുന്ന ന​ഗരങ്ങൾ കാസർകോട് നിന്നും ഒരുപാട് ദൂരമായിരുന്നു. അത് ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് ബാധിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ കാസർകോട്ടേക്ക് സിനിമാചിത്രീകരണം വന്നു. കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ ഓഡിഷൻ നടക്കാൻ തുടങ്ങി. അപ്പോൾ നാടകപ്രവർത്തകരൊക്കെ പോകാൻ തുടങ്ങി. സിദ്ദി, ജിന്ന്, ന്നാ താൻ കേസ് കൊട്, ബർമുഡ, രേഖ ഒക്കെ അങ്ങനെ സംഭവിച്ചതാണ്. പിന്നെ സിനിമ ഹിറ്റാവുകയോ അവാർഡുകൾ കിട്ടിയോ ഏതെങ്കിലും രീതിയിൽ ചർച്ചയാവുകയോ ചെയ്താലേ ഒരു നടന് സ്പേസ് ഉണ്ടാക്കാൻ പറ്റൂ. ഒരു നടന്റെ പ്രകടനം ആളുകൾ കണ്ടിട്ടുവേണമല്ലോ വിലയിരുത്താൻ.

തുറമുഖം എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം

സുരാജ് വെഞ്ഞാറമ്മൂട് എന്ന നടൻ, പുതിയ ചിത്രങ്ങൾ

സെറ്റിൽ നേരത്തേ വരും. നമ്മളോടൊക്കെ വളരെ സൗഹാർദപരമായാണ് ഇടപെടുക. നമ്മളുമായി നന്നായി അടുക്കും. ഷൂട്ടിങ് കാണാൻ വന്നവരോടും അങ്ങനെ തന്നെ. ചിലപ്പോൾ അവരുടെ വീട്ടിൽപ്പോയി ഭക്ഷണം കഴിച്ച് ഞെട്ടിക്കും. സിനിമകൾ ചിത്രീകരണത്തിനെത്താത്ത സ്ഥലമാണ് ബളാൽ. അപ്പോഴാണ് അവിടെയെത്തിയ ഒരു നടൻ നാട്ടിലെ സാധാരണക്കാരുടെ വീട്ടിലേക്ക് ഇടിച്ചുകയറിച്ചെല്ലുന്നത്. ഞങ്ങളുടെ വീട്ടിൽ സുരാജേട്ടൻ ഭക്ഷണം കഴിക്കാൻ വന്നു എന്നുള്ള അമ്പരപ്പിലായിരിക്കും വീട്ടുകാർ. അഭിനയിക്കുമ്പോൾ നല്ല പിന്തുണയും തരും. നദികളിൽ സുന്ദരി യമുന, പൊറാട്ട് നാടകം എന്നിവയാണ് പുതിയ ചിത്രങ്ങളിൽ.

Content Highlights: actor rajesh azhikodan interview, rajesh azhikodan about madanolsavam movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
National Film awards Indrans special jury mention Home movie

1 min

സല്യൂട്ട്... ഒലിവർ ട്വിസ്റ്റ്

Aug 25, 2023


Mohanlal and Durga

3 min

ഓളവും തീരവും വരുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ, കഥയും ചരിത്രവും ആവർത്തിക്കാൻ പ്രിയദർശൻ

Jul 17, 2022


AShraf Gurukkal

2 min

മമ്മൂക്കയുടെ സ്നേഹാർദ്രമായ ആ യാത്രാമൊഴി എന്റെ സിനിമാ ജീവിതത്തിലെ മഹാത്ഭുതം -അഷ്റഫ് ഗുരുക്കൾ

Sep 13, 2023


Most Commented