'ബാലേട്ടന്റെ വേര്‍പാട് കാലമെത്ര കഴിഞ്ഞാലും മനസ്സിലെ നോവായിരിക്കും'


പ്രേംകുമാര്‍

ബാലേട്ടന്റെ കൂടെ പഠിച്ചിരുന്ന സതീര്‍ത്ഥ്യരും പഠിപ്പിച്ചിരുന്ന ശിഷ്യരും ഏവരും നിറഞ്ഞ സ്‌നേഹത്തോടെ ബാലേട്ടന്‍ എന്നു വിളിക്കുന്ന ശ്രീ. പി. ബാലചന്ദ്രന് എല്ലാവരും ഒരു വല്യേട്ടന്റെ സ്ഥാനം ആദരവോടെ കല്‍പ്പിച്ചു നല്‍കിയിരുന്നു.

പ്രേംകുമാർ, പി.ബാലചന്ദ്രൻ ഫോട്ടോ | പ്രദീപ് എൻഎം, അജിത്ത് പനച്ചിക്കൽ

സിനിമയെ സ്‌നേഹിക്കുന്ന ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഒട്ടനവധി മികച്ച സിനിമകളുടെ രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്ത ഒരു ചലച്ചിത്രകാരനായിട്ടാണ് അധികം പേരും ഇന്ന് പി. ബാലചന്ദ്രന്‍ എന്ന മഹാപ്രതിഭയെ അറിയുന്നത്. എന്നാല്‍ ഒരു കാലത്ത് അമച്വര്‍ നാടകവേദിയിലും ക്യാമ്പസ് തീയേറ്ററിലുമൊക്കെ വലിയ ചലനം സൃഷ്ടിച്ച ആധുനിക നാടകങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. അര്‍ത്ഥപൂര്‍ണ്ണമായ നാടകവേദിക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച അസാധാരണ ധിഷണശാലിയായ ഒരു നാടകക്കാരന്‍ എന്ന നിലയിലാണ് എന്റെയൊക്കെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം.
വിദ്യാര്‍ത്ഥിയായിരിക്കന്ന കാലം. നാടകം ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അക്കാലത്താണ് പി. ബാലചന്ദ്രന്‍ എന്ന നാമവും ആ നാടകകൃത്തിന്റെ നാടകങ്ങളും എന്റെ മുന്നിലെത്തുന്നത്. മകുടി, ചെണ്ട, പാവം ഉസ്മാന്‍ തുടങ്ങിയുള്ള ആ നാടകങ്ങള്‍ അന്ന് വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. നാടകചിന്തകനും ദാര്‍ശനികനുമായ മഹാനായ നാടകാചാര്യന്‍ പ്രൊഫ. ജി. ശങ്കരപ്പിള്ള സാറിന്റെ നാടക തത്വങ്ങളുടെ ഏറ്റവും വലിയ പ്രയോക്താവായിരുന്നു ശ്രീ. പി. ബാലചന്ദ്രന്‍. ജി. ശങ്കരപിള്ള എന്ന നാടക കലയുടെ സൂര്യന്‍ പ്രസരിപ്പിച്ച പ്രകാശം പ്രഭമങ്ങാതെ പ്രതിഫലിപ്പിച്ച നാടകത്തിന്റെ പൂര്‍ണ്ണചന്ദ്രനായിരുന്നു പി. ബാലചന്ദ്രന്‍. അന്ന് അമച്വര്‍ നാടക മല്‍സരവേദികളില്‍ ഏറെ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടി തിളങ്ങി നിന്നിരുന്നത് അത്തരം നാടകങ്ങളായിരുന്നു. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നേടിയ പരിശീലനത്തിന്റെ പിന്‍ബലത്തില്‍ നാടക കളരികളും, അഭിനയക്യാമ്പുകളുമൊക്കെ സംഘടിപ്പിച്ചും നാടകങ്ങള്‍ രചിച്ചും സംവിധാനം ചെയ്ത് രംഗാവിഷ്‌കാരം നിര്‍വഹിച്ചും നാടകത്തിന് നവമായൊരു ഭാവുകത്വം നല്‍കി. അവതരണത്തിലും ആസ്വാദനത്തിലുമെല്ലാം പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്ന നൂതനനാടക പരീക്ഷണങ്ങള്‍ക്ക് പി. ബാലചന്ദ്രന്‍ എന്ന നാടക പ്രതിഭ നേതൃത്വം നല്‍കി.
ആ നാടകങ്ങള്‍ കണ്ട് ആവേശം കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം പഠിക്കണമെന്ന് അതിയായ അഭിനിവേശം എന്നിലുണ്ടായത്. ബിരുദപഠനത്തിനുശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. നാടകകലയുടെ ആ മഹാസ്ഥാപനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ പ്രൊഫ. ജി. ശങ്കരപ്പിള്ള എന്ന മഹാഗുരുവിന്റെ സന്തതസഹചാരിയായി പി. ബാലചന്ദ്രന്‍ സാറും അവിടെ ഉണ്ടായിരുന്നു. നേരില്‍ക്കാണും മുമ്പ് തന്നെ വളരെ ആദരവോടെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്ന പി. ബാലചന്ദ്രന്‍ എന്ന ആ പ്രതിഭാധനനെ സ്‌കൂള്‍ ഓഫ് ഡ്രാമ പഠനകാലത്ത് അദ്ധ്യാപകനായി ലഭിച്ചതില്‍ അതിരറ്റ അഭിമാനവും ആഹ്ലാദവുമായിരുന്നു എനിക്ക്. പിന്നീട് അതൊരു വലിയ ആത്മബന്ധമായി മാറുകയായിരുന്നു. ഒരു 'ഗുരുവിനെ' ശിഷ്യന്‍ 'ഏട്ടന്‍' എന്നുവിളിക്കുന്ന അവസ്ഥയിലേയ്ക്ക് വരെ ആ ഗുരുശിഷ്യബന്ധം വളര്‍ന്നു. ഞാന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ ബാലേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. നാടകകലയുടെ മഹാഗോപുരമായ ജി. ശങ്കരപ്പിള്ളസാര്‍ പോലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആ ശിഷ്യനെ ബാലേട്ടന്‍ എന്നാണ് വിളിക്കാറെന്ന് ഞങ്ങള്‍ ശിഷ്യര്‍ അല്‍പം തമാശയായി പറയാറുണ്ടായിരുന്നു. ബാലേട്ടന്റെ കൂടെ പഠിച്ചിരുന്ന സതീര്‍ത്ഥ്യരും പഠിപ്പിച്ചിരുന്ന ശിഷ്യരും ഏവരും നിറഞ്ഞ സ്‌നേഹത്തോടെ ബാലേട്ടന്‍ എന്നു വിളിക്കുന്ന ശ്രീ. പി. ബാലചന്ദ്രന് എല്ലാവരും ഒരു വല്യേട്ടന്റെ സ്ഥാനം ആദരവോടെ കല്‍പ്പിച്ചു നല്‍കിയിരുന്നു.
ജീന്‍സ് പാന്റ്‌സ്, കടുംനീല പോലുള്ള നിറങ്ങളിലെ നീളന്‍ ജുബ, തോളില്‍ ഒരു തുണി സഞ്ചി അതില്‍ നിറയെ നാടകസംബന്ധിയായ ഗ്രന്ഥങ്ങള്‍. ബുദ്ധിജീവി ജാഡയല്ലാത്ത, ഒരു ജീനിയസ്സെന്ന് വിളിച്ചോതുന്ന സുന്ദരമായ മുഖത്തിന് ചേരുന്ന ആഢ്യത്തമുള്ള താടി. അതിനിടയിലെവിടെയോ ഒളിപ്പിച്ചു വച്ച ഒരു കുസൃതിച്ചിരിയുമായി തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡോ. ജോണ്‍മത്തായി സെന്ററിന്റെ രാജകീയ പ്രൗഢിയുള്ള ഇരുനിലക്കെട്ടിടത്തിന്റെ തടിപ്പടവുകള്‍ ചടുലവേഗത്തില്‍ ചവിട്ടിക്കയറി, യുവത്വത്തിന്റെ പ്രസരിപ്പോടെ നല്ല ചുറുചുറുക്കോടെ പൊക്കക്കുറവിന്റെ പൊക്കവുമായി സ്‌നേഹസൗഹൃദങ്ങളുമായി നടന്നുവരുന്ന ബാലേട്ടന്റെ രൂപമാണിപ്പോഴും മനസ്സില്‍. ഇടയ്‌ക്കൊക്കെ 'ബീഡിയുണ്ടോടാകുവേ' എന്ന് ശിഷ്യരോട് ചോദിച്ചും അതുവാങ്ങി ആസ്വദിച്ച് പുകയൂതി രസിച്ചും, നാടക കലയുടെയും നാട്യസംസ്‌കൃതിയുടെയും സകലമര്‍മ്മങ്ങളും നന്‍മയുള്ള നര്‍മത്തിലൂടെ വാരിവിതറി പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും പഠിപ്പിച്ച് ഞങ്ങളിലൊരാളായി ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍.
ലോകനാടകവേദിയെക്കുറിച്ചും അതിന്റെ പുത്തന്‍ പ്രവണതകളെക്കുറിച്ചും അതില്‍ നടക്കുന്ന പുതിയ ഗവേഷണങ്ങളെയും പരീക്ഷണങ്ങളെയും കുറിച്ചുമൊക്കെ അഗാധമായ അറിവുണ്ടായിരുന്ന ബാലേട്ടന്‍ സമഗ്രമായ വിജ്ഞാനത്തിന്റെ ഒരു കേന്ദ്രമായിരുന്നു. നാടകത്തിന്റെ രംഗാവതരണത്തെക്കുറിച്ചും രംഗഭാഷയെക്കുറിച്ചും സംവിധാനത്തെയും അഭിനയത്തെക്കുറിച്ചുമൊക്കെയുള്ള ക്ലാസ്സുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഓരോ കാര്യവും തികഞ്ഞ അവധാനയോടെ ഏറ്റവും സൂക്ഷ്മതയോടെ വളരെ കൃത്യമായി മനസ്സില്‍ പതിയുന്ന തരത്തില്‍ പറഞ്ഞു ഫലിപ്പിച്ചും, അഭിനയിച്ചുകാട്ടിയുമൊക്കെ അദ്ധ്യാപനത്തിന്റെ അഭൗമമായ മറ്റൊരുതലം ശിഷ്യഗണങ്ങള്‍ക്ക് അനുഭവവേദ്യമാക്കി. നാടകത്തെക്കുറിച്ച് അതുവരെയുണ്ടായിരുന്ന വികലസങ്കല്‍പ്പങ്ങളൊക്കെ അടര്‍ത്തിമാറ്റി പുതിയൊരു നാടകാവബോധം ഞങ്ങളില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അഭിനയക്ലാസ്സുകളില്‍ അഭിനവ അഭിനയ തത്വങ്ങളുടെ പാശ്ചാത്യപരമാചാര്യനായ സ്റ്റാനിസ്ലാവ്‌സ്‌കിയുടെയും, മേയര്‍ ഹോള്‍ഡിന്റെയുമൊക്കെ തിയറികള്‍ ഒന്നൊന്നായി വിശദീകരിച്ചു നല്‍കി. അവയുടെ അര്‍ത്ഥവത്തായ അവതരണസാധ്യതകള്‍ ആംഗികചലനങ്ങളിലൂടെയും ഭാവഹാവാദികളിലൂടെയും മനോധര്‍മ്മാഭിനയത്തിലൂടെയുമൊക്കെ മനോഹരമായി പ്രാക്ടിക്കലായി പ്രകടിപ്പിച്ചുകാട്ടി. ഒരു തികഞ്ഞ നടന്റെ എല്ലാ സവിശേഷതകളോടും ശരീരഭാഷയോടും ശബ്ദനിയന്ത്രണങ്ങളോടും കൂടി അസാധാരണ വഴക്കത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് പരകായ പ്രവേശം നടത്തി പകര്‍ന്നാടി, ബാലേട്ടനിലെ നടന്‍ ഏവരെയും വിസ്മയിപ്പിച്ചു. നാട്യത്തിന്റെ കൂട്ടുകളും ചേരുവകളുമൊക്കെ ചേരുംപടി ചേര്‍ത്തുവച്ച് കാഴ്ചയുടെ നിറക്കൂട്ടുകളായി പ്രേക്ഷകനില്‍ രസാനുഭൂതിയുളവാക്കുന്ന രാസപ്രക്രിയ ഭരതമുനിയുടെ ഭാരതീയ ചതുര്‍വിധാഭിനയ തത്വങ്ങളുടെയും സമാനമായ പാശ്ചാത്യദര്‍ശനങ്ങളുടെയുമൊക്കെ പിന്‍ബലത്തില്‍ സൂക്ഷ്മമായി വ്യാഖാനിച്ചുകാട്ടി, അഭിനയകലയുടെ അല്‍ഭുതലോകത്തിലേയ്ക്ക് അനായാസം ഞങ്ങളെ ആനയിച്ചു. ആ ഗുരുനാഥനില്‍ നിന്നും ആര്‍ജ്ജിച്ച പുത്തനറിവുകളുടെ അപാരതയും, അന്ന് ഞങ്ങള്‍ക്കായ് തുറന്നുനല്‍കിയ ലോകനാടകവേദിയുടെ അനന്തവിശാലതയും പകര്‍ന്നു നല്‍കിയ സ്‌നേഹസൗഹൃദങ്ങളുമെല്ലാം അമൂല്യനിധിശേഖരമായി ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
സ്‌കൂള്‍ ഓഫ് ഡ്രാമാ പഠനകാലത്ത് ഞാന്‍ ഷേക്‌സ്പിയര്‍ കഥാപാത്രങ്ങളായ 'മാക്ബത്ത്', 'ഒഥല്ലോ', 'കൊറിയോലേനസ്സ്' തുടങ്ങിയവും സോഫോക്ലീസിന്റെ 'ഈഡിപ്പസ്' പോലുള്ള ഗ്രീക്ക് ട്രാജഡികളിലെ കഥാപാത്രങ്ങളുമൊക്കെ അഭിനയിച്ചിരുന്നു. അത്തരം വളരെ സീരിയസ്സ് ആയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രശംസപിടിച്ചു പറ്റിയിരുന്ന സമയം അന്ന് ബാലേട്ടന്‍ സംവിധാനം ചെയ്ത ജി. ശങ്കരപ്പിള്ള സാറിന്റെ 'കഥാവശേഷന്‍' എന്ന നാടകത്തില്‍ ഒരു ഹാസ്യപ്രധാനമായ കഥാപാത്രം എനിക്ക് നല്‍കുകയുണ്ടായി. എനിക്കത് കഴിയുമോ എന്ന ആശങ്കയില്‍ വളരെ സങ്കോചത്തോടെ നില്‍ക്കുമ്പോള്‍ ബാലേട്ടന്‍ നല്‍കിയ പ്രോല്‍സാഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിലാണ് ആ കഥാപാത്രം തരക്കേടില്ലാതെ അഭിനയിക്കാനായത്. ഹാസ്യവും ചെയ്യാന്‍ എനിക്കാവും എന്ന് ആദ്യം തിരിച്ചറിഞ്ഞത് ബാലേട്ടനാണ്. ഹാസ്യവും ശൃംഗാരവും രൗദ്രവും ബീഭല്‍സവും തുടങ്ങി നവരസങ്ങളെല്ലാം അഭിനയിക്കാന്‍ നടനു കഴിയണമെന്നും അപ്പോഴെ നടന്റെ പൂര്‍ണ്ണത കൈവരൂ എന്നും പഠിപ്പിച്ചു തന്നത് ബാലേട്ടനായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയതില്‍ ബാലേട്ടന്റെ പങ്ക് വളരെ വലിയതാണ്.
അസാമാന്യമായ ഹ്യൂമര്‍ സെന്‍സുണ്ടായിരുന്നു ബാലേട്ടന്. എന്തിലും ഏതിലും നര്‍മ്മം കണ്ടെത്താനും, വളരെ മനോഹരമായി നര്‍മ്മം ആവിഷ്‌ക്കരിക്കാനുമുള്ള അസാധരണമായ നൈപുണ്യം അദ്ദേഹത്തിന് ജന്മസിദ്ധമായിത്തന്നെയുണ്ടായിരുന്നു. വില്യംഗോഗോളിന്റെ 'ഇന്‍സ്‌പെക്ടര്‍ ജനറല്‍' എന്ന റഷ്യന്‍ നാടകത്തെ മലയാളീകരിച്ച് 'മേല്‍വിലാസം' എന്ന പേരില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ 'കള്‍ട്ട്' എന്ന നാടകസംഘത്തിന്റേതായി ബാലേട്ടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിച്ചിരുന്നു. ഏറെ മികച്ച ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു അത്. ഒരു നാടകം കണ്ട് ഇത്രയേറെ ആസ്വദിച്ച് ചിരിച്ചിട്ടുള്ള മറ്റൊരു നാടകവും ജീവിതത്തിലിന്നോളം ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ ഭാവത്തിലും രൂപത്തിലും ശൈലികളിലുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്ഥങ്ങളായ എത്രയോ നാടകങ്ങള്‍ പി. ബാലചന്ദ്രന്‍ എന്ന അതുല്യപ്രതിഭയുടെ കൈയൊപ്പു പതിഞ്ഞ രചനകളായും രംഗസാക്ഷാത്കാരങ്ങളായും അരങ്ങു തകര്‍ക്കുന്നതിന് സാക്ഷിയാകാനുള്ള അസുലഭ സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കുകളായി നിരൂപകരും ഏവരും വാഴ്ത്തിയിട്ടുള്ള സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അതി പ്രശസ്തങ്ങളായ പല രംഗാവതരണങ്ങളുടെയും അരങ്ങിലെയും അണിയറയിലെയും ഏറ്റവും വലിയ ക്രിയാത്മക സാന്നിദ്ധ്യമായിരുന്നു പി. ബാലചന്ദ്രന്‍ എന്ന അതുല്യപ്രതിഭ.
പില്‍ക്കാലത്ത് സിനിമാരംഗത്തെത്തി അവിടെയും തന്റെ സര്‍ഗ്ഗസാന്നിദ്ധ്യം അടയാളപ്പെടുത്തി എങ്കിലും എക്കാലവും എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ ഒരു നാടകക്കാരന്‍ തന്നെയായിരുന്നു ബാലേട്ടന്‍. അദ്ദേഹം വളരെ വൈകിയാണ് സിനിമയിലെക്കെത്തിയത്. അല്ലായിരുന്നെങ്കില്‍ മലയാളസിനിമയ്ക്ക് ഇനിയും നിരവധി മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. സിനിമയിലേയ്ക്ക് എത്താന്‍ വൈകിയതിന് കാരണം അദ്ദേഹത്തിന് നാടകവുമായുണ്ടായിരുന്ന അഗാധബന്ധം തന്നെയാണ്. നാടകം വിട്ട് മറ്റൊന്നിലേക്കെത്താന്‍ അദ്ദേഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നില്ല. അത്രയേറെ ജൈവികമായ ബന്ധമായിരുന്നു അദ്ദേഹത്തിന് നാടകത്തോട്.
ഉന്നതനായ ഒരു കലാകാരന്‍ എന്നതിലുപരി എന്തിനെക്കുറിച്ചും അറിവുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഗാന്ധിജി യുണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അദ്ധ്യാപകനായിരുന്നു. നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ്, പ്രഭാഷകന്‍, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍ എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു അദ്ദേഹം. കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, ചലച്ചിത്ര അക്കാദമി പുരസ്‌കാരം തുടങ്ങി അനവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. ബാലേട്ടന്റെ ജീവിതാനുഭവങ്ങള്‍, കഥകള്‍ എല്ലാം പലപ്പോഴും ഞങ്ങള്‍ക്ക് പറഞ്ഞു തന്നിരുന്നു. ഒരു നാട്ടുമ്പുറത്തുകാരന്റെ തനത് ശൈലികളും ഗ്രാമീണ നിഷ്‌കളങ്കതയും ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയുന്ന നാട്യങ്ങളില്ലാത്ത ഹൃദയനൈര്‍മ്മല്യവും ജീവിതലാളിത്യവുമൊക്കെ ആ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. അദ്ദേഹവുമൊത്തുള്ള അനര്‍ഘനിമിഷങ്ങള്‍ അനവധി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. ബാലേട്ടനെ അവസാനമായി കാണുന്നത് 'മമ്മുക്ക' നായകനായിട്ടുള്ള ഈയടുത്ത് റിലീസ് ആയ 'വണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്ന് ഞങ്ങള്‍ സംസാരിച്ചതിലധികവും നാടകത്തെപ്പറ്റിത്തന്നെയായിരുന്നു. സാമുവല്‍ ബെക്കറ്റിന്റെ 'ഗോദോയെക്കാത്ത്' എന്ന നാടകത്തെപ്പറ്റിയും ജി. ശങ്കരപിള്ള സാറിന്റെ 'കറുത്ത ദൈവത്തെത്തേടി' എന്ന നാടകത്തെപ്പറ്റിയും, അതൊക്കെ വീണ്ടും വേദികളില്‍ അവതരിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെ അദ്ദേഹം വളരെയധികം സംസാരിച്ചിരുന്നു. ആയുര്‍വേദത്തിന്റെ മഹത്വത്തെപ്പറ്റിയും ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയായ മരണത്തെപ്പറ്റിയുമൊക്കെ ബാലേട്ടന്‍ അന്ന് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പഴയ ആ ശിഷ്യന്റെ കൗതുകത്തോടെ എല്ലാം ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നു.
വേര്‍പാടുകളെല്ലാം വേദനാജനകമാണ്. കാലം കനിവോടെ ആ നൊമ്പരങ്ങള്‍ തഴുകിയുണക്കുമെന്ന് പറയാറുണ്ട്. പക്ഷേ ചില വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിപ്പാട് കാലമെത്ര കഴിഞ്ഞാലും കരിഞ്ഞുണങ്ങാതെ നോവുന്ന ഓര്‍മ്മയായി മനസ്സിലുണ്ടാവും. ബാലേട്ടന്റെ അപ്രതീക്ഷിതമായുള്ള ഈ അരങ്ങൊഴിയല്‍ അങ്ങനെയൊന്നാണ്. അത്രയ്ക്ക് സ്‌നേഹവും, ബഹുമാനവും ഇഷ്ടവും ആത്മബന്ധവും ഏറെ ആദരണീയ ആ ഗുരുനാഥനോട് എനിക്കുണ്ടായിരുന്നു. എനിക്ക് മാത്രമല്ല അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന എല്ലാവരുടെയും മനസ്സില്‍ അത് അങ്ങനെ തന്നെയായിരിക്കും. നാം ജീവിക്കുന്ന ലോകത്ത് നാം ജീവിക്കുന്ന കാലത്ത് എപ്പോഴും നമ്മോടു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്ന ചിലരുണ്ടാവും. അങ്ങനെയൊരു വ്യക്തിത്വമാണ് എനിക്ക്, പി. ബാലചന്ദ്രന്‍ എന്ന ബാലേട്ടന്‍ എന്ന - എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍.
അരങ്ങില്‍ നിറഞ്ഞാടുന്ന നടന്‍ അതുമുഴുമിപ്പിക്കാതെ അനവസരത്തില്‍ ചമയങ്ങളെല്ലാമഴിച്ചു വച്ച് കഥാപാത്രവികാര വിക്ഷോഭങ്ങളില്‍ നിന്ന് വിമുക്തനായി നിർവികാരതയോടെ നിശബ്ദം രംഗവേദി ശൂന്യമാക്കി പൊടുന്നനെ അണിയറയിലേയ്ക്ക് മടങ്ങിയ പോലെ - അകാലത്തിലുള്ള ബാലേട്ടന്റെ വേര്‍പാട്.. ഇനിയും ഒരുപാടുകാലം ആ സര്‍ഗ്ഗസാന്നിധ്യം സജീവമായി ഇവിടെ ഉണ്ടാവേണ്ടിയിരുന്നു.... പക്ഷേ.... എങ്കിലും അദ്ദേഹം പരത്തിയ പ്രതിഭയുടെ പ്രകാശം പ്രഭമങ്ങാതെ കലാലോകത്ത് എന്നും ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും.
Content Highlights : Actor Premkumar remembering late actor director writer P Balachandran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented