8-ാം ജന്മദിനം ആഘോഷിച്ച നടൻ മധുവിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ പ്രേം കുമാർ. 

മധു സാർ 

ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി, പ്രണയാതുര നായകനായി മലയാള സിനിമയില്‍ നിറഞ്ഞു പടര്‍ന്ന മഹാനടന്‍... മാധവന്‍ നായര്‍ എന്ന   മധു സാര്‍ ... 

അതിഭാവുകത്വത്തിന്റെ പതിവ്  സമ്പ്രദായങ്ങളില്‍ നിന്ന് മലയാള സിനിമ വഴിമാറി സഞ്ചരിച്ച്  തുടങ്ങിയ ആദ്യനാളുകളില്‍ നായകത്വം വഹിക്കാന്‍ നിയോഗം സിദ്ധിച്ച അപൂര്‍വ പ്രതിഭ.

സിനിമയുടെ 'കറുപ്പിലും വെളുപ്പിലും' നിറം മാറിയ 'കളറിലും' ഒരുപോലെ കളംനിറഞ്ഞാടിയ അതുല്യ കലാകാരന്‍.

നമ്മുടെ സിനിമയുടെ ഗതിമാറ്റിയ ഓളവും തീരവും, സ്വയംവരം, ഭാര്‍ഗ്ഗവീനിലയം, ചെമ്മീന്‍, പടയോട്ടം തുടങ്ങി പ്രമേയത്തിലും ആവിഷ്‌കരണത്തിലും അഭിനയവഴക്കങ്ങളിലുമൊക്കെ ലോകത്തെ വിസ്മയിപ്പിച്ച -  കലാപരതയിലും, ജനപ്രീതിയിലും മുന്നിട്ടുനില്‍ക്കുന്ന എത്രയെത്ര സൃഷ്ടികള്‍ മധുസാറിന്റെ ലിസ്റ്റില്‍.

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ സര്‍വ്വ മേഖലകളിലും സര്‍വ്വാധികാരിയായി വിരാജിച്ച് - വൈവിധ്യങ്ങളുടെ വര്‍ണ്ണമേളങ്ങളാല്‍ തരളിതമായ കലാജീവിതത്തെ ഒപ്പം നടത്തിയ അസാമാന്യ വ്യക്തിത്വം.

സിനിമയും ജീവിതവും ഇഴപിരിക്കാനാകാത്ത വിധം ഇഴുകിച്ചേര്‍ന്ന അത്യസാധാരണ പ്രതിഭാശാലി.

ഭാഗ്യത്തെ ലാളിച്ച്  ഉന്നതങ്ങളില്‍ എത്തുന്നതിനു പകരം ചങ്കൂറ്റവും, കഠിനപ്രയത്‌നവും, സര്‍ഗ്ഗശേഷിയും കൊണ്ട് വ്യാപരിച്ച ഇടങ്ങളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചും - കൈയ്യൊപ്പ്  ചാര്‍ത്തിയും  ആകാശം മുട്ടെ വളര്‍ന്ന നക്ഷത്രം. 

ഉയരങ്ങള്‍ തേടിയുള്ള യാത്രയില്‍ ഒരിക്കലും കാലിടറിയില്ല ഈ നിരന്തര സഞ്ചാരിക്ക്.

ഓരോ യാത്രയും ആഴക്കടലിനെയും ആകാശത്തെയും ഒരേസമയം പുണരാന്‍ വെമ്പുന്ന മാനസിക ഭാവത്താല്‍ സമ്പന്നമായിരുന്നു ഈ സാഹസിക യാത്രികന്.

കലയുടെ കടല്‍ പരപ്പില്‍ ഒറ്റക്ക് വലയെറിഞ്ഞ് വര്‍ണ്ണമത്സ്യങ്ങളെ കോരിയെടുത്ത കലാമാന്ത്രികന്‍.

ഇനിയും എത്രയോ ദൂരം തുഴയാനുള്ള ഊര്‍ജ്ജം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഈ ഏകാന്ത പഥികന് തന്റെ പാതകള്‍ പുഷ്പസമാനം ആയിരിക്കണമെന്ന ശാഠ്യമൊരിക്കലും ഉണ്ടായിരുന്നില്ല. ഓരോയാത്രയും ഓരോ തീര്‍ത്ഥാടനം ആയിരുന്നു.

കോളേജ് അധ്യാപകന്‍ കൂടി ആയിരുന്നതിനാലാകാം, ഏതു വിഷയത്തെ കുറിച്ചും അഗാധമായ അറിവ് -

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പരിശീലനം നേടി വന്ന മലയാള സിനിമയിലെ ആദ്യ നടന്‍ -

നാടകത്തെക്കുറിച്ചും ഇതര കലകളെകുറിച്ചും ഒക്കെയുള്ള ഉല്‍കൃഷ്ട ധാരണ -

സിനിമയുടെ സമസ്ത മേഖലകളെക്കുറിച്ചും സമഗ്രവും, വ്യക്തവും കൃത്യവുമായ അവബോധം -

പുറം കാഴ്ച്ചയില്‍ ഗൗരവസ്വഭാവമെങ്കിലും അകം നിറയെ അപാരമായ നര്‍മ്മബോധം....

തനിക്ക് അന്യമായ അനവധിയനവധി വ്യത്യസ്തരായ മനുഷ്യരുടെ ഒരുപാടൊരുപാട് വ്യത്യസ്തഭാവങ്ങള്‍ അതിസൂക്ഷ്മമായി, തന്റെ ഉടലിലൂടെ - വേറിട്ട ശബ്ദത്തിലൂടെ ആവിഷ്‌കരിച്ച് അത്ഭുതപ്പെടുത്തിയ മഹാ നടന്‍.

എടുത്ത് പറയാന്‍ ഇനിയും ഒരുപാടുണ്ട്, മധു സാറിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതായിട്ട്.

ഗജരാജന്റെ തലയെടുപ്പോടെ, മലയാള സിനിമയുടെ ആജ്ഞാശക്തിയുള്ള ഈ കാരണവര്‍ കടന്നു വരുമ്പോള്‍ ആരും ആദരവോടെ അറിയാതെ എഴുന്നേറ്റുവന്ദിച്ചുപോകുന്ന അത്യപൂര്‍വ്വ വ്യക്തിത്വം.

വിണ്ണിലെ താരംപോലെ തിളങ്ങി നില്‍ക്കുമ്പോഴും ആര്‍ദ്രമായ മനസ്സിനുടമയായി മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന ഉന്നത കലാകാരന്‍...

എന്നും പതിനെട്ടിന്റെ മനോഭാവത്തിലാണ് മധു സാര്‍ ലോകത്തെ അളക്കുന്നത്.

പത്മശ്രീയും, പുരസ്‌കാരങ്ങളുമൊക്കെ വേണ്ടുവോളം തേടിയെത്തിയെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍ ഇനിയും എത്രയോ ബാക്കി... 

കലാലോകത്തിനു ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ ഇനിയും ബാല്യം ബാക്കിയുണ്ടെന്നബോധ്യത്തോടെ നിസ്സംഗഭാവത്തില്‍ മധു സാര്‍ പിന്നെയും പിന്നെയും മുന്നോട്ട് നടക്കുന്നു -

പിന്നാലെ അത്യാദരവോടെ പിന്തുടര്‍ന്നു എന്നെപോലെ എത്രയോ ... എത്രയോ പേര്‍ ...

ആശംസകള്‍  പ്രിയപ്പെട്ട മധു സാര്‍ ...

ഹൃദയം നിറഞ്ഞ ആശംസകള്‍ ...

സ്‌നേഹാദരവുകളോടെ...

-പ്രേംകുമാര്‍

Content Highlights : Actor PremKumar about Actor Madhu On His birthday