തിരുകൾ ഭേദിച്ച് ഭീമാകാരരൂപം പൂണ്ട് വളരുന്ന പെട്രോൾ, ഡീസൽ വിലയെന്ന സത്വം സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുകയാണ്. ഒന്ന് കുതറാൻ പോലുമാകാതെ ശേഷി നശിച്ച് എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായി ഒരു ജനത. ജനങ്ങളുടെ മനസ്സിൽ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയിൽ കിതയ്ക്കുകയാണ് ഇന്ത്യ. ഒരു ന്യായീകരണവും നീതികരണവുമില്ലാത്ത സാമൂഹ്യദുരന്തമാവുകയാണ് നാൾ തോറുമുള്ള ഇന്ധനവില വർദ്ധന.

സാധാരണക്കാരന്റെ നെഞ്ചിൽ തീ ആളികത്തിക്കുന്ന ഈ പ്രതിഭാസത്തിന് അവസരമൊരുങ്ങിയത് രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്താണ്. അതുവരെ ഗവൺമെന്റിൽ നിക്ഷിപ്തമായിരുന്ന ഇന്ധനവില നിർണ്ണയാധികാരം ഗവൺമെന്റിൽ നിന്ന് നീക്കം ചെയ്ത്എണ്ണക്കമ്പനികൾക്ക് സർവ്വസ്വാതന്ത്ര്യത്തോടും വിട്ടുനൽകിയതിന്റെ പാപഭാരം അന്നത്തെ ആ സർക്കാരിനവകാശപ്പെട്ടതാണ്. വില നിയന്ത്രണാധികാരം കിട്ടിയവർ ആദ്യമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ക്രമേണ വിലവർദ്ധന നടപ്പാക്കി.

അന്ന് അതിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും പ്രതിഷേധിക്കുകയും പ്രക്ഷോഭം നയിക്കുകയുമൊക്കെ ചെയ്തവർ തങ്ങൾ അധികാരത്തിൽ വന്നാൽ വിലക്കയറ്റം പിടിച്ചുനിറുത്തി കാര്യങ്ങൾ പഴയ നിലയിലാക്കുമെന്ന് ആണയിട്ട് പറഞ്ഞു. അവർ പിന്നീട് അധികാരത്തിൽ വന്നു. പക്ഷേ അവരാകട്ടെ ജനങ്ങളുടെ സർവ്വപ്രതീക്ഷകളും തകർത്തുകൊണ്ട് എണ്ണക്കമ്പനികളുടെ കൊടുംകൊള്ളയ്ക്ക് കുട പിടിക്കുന്നവരായി മാറി. അവർ ഇന്ധനവില ഒട്ടും കുറച്ചില്ല എന്നു മാത്രമല്ല, ഓരോ ദിവസവും വില കൂട്ടിക്കൂട്ടി സർവ്വകാല റിക്കോഡിൽ എത്തിക്കാൻ കമ്പനികൾ കാട്ടുന്ന ക്രൂരവിനോദത്തിന് സർവാത്മനാ കൂട്ടുനിൽക്കുന്നവരായിരിക്കുന്നു. ഇന്ത്യൻ യാത്രികന്റെ പ്രയാണവഴികളിലുടനീളം ഇരുളിന്റെ അഗാധത മാത്രം.

ജനങ്ങൾക്ക് എല്ലാ അർത്ഥത്തിലും സംരക്ഷണം നൽകുകയും അവരുടെ സ്വസ്ഥതയും സമാധാനവും തകർക്കുന്ന രാജ്യദ്രോഹ ശക്തികളെ അടിച്ചമർത്തിയും നിയന്ത്രിച്ചും രാജ്യത്തെ ജനങ്ങൾക്കു മുഴുവൻ സന്തുഷ്ടവും സംതൃപ്തവും സാമ്പത്തിക സുരക്ഷിതത്വവുമുള്ള ജീവിതം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് ഗവൺമെന്റുകൾ നിർവഹിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തു നിർത്തുകയാണ് ഗവൺമെന്റിന്റെ കടമ.

എന്നാൽ രോഗവും പട്ടിണിയും കൊണ്ടു വീർപ്പുമുട്ടുന്ന ജനങ്ങളുടെ മേൽ അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ച് അവരെ കൂടുതൽ ദുരിതത്തിലാഴ്ത്തുമ്പോഴും ഞങ്ങൾ ജനപക്ഷമാണെന്ന വീമ്പുപറച്ചിലിന് കുറവൊന്നുമില്ല. വാചകക്കസർത്തുകളല്ല നിലപാടുകളും നടപടികളുമാണ് ഭരണാധികാരികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുക. ഒരു ജനതയെ എല്ലാക്കാലവും ഇരുട്ടിൽ നിർത്താൻ കഴിയില്ലെന്ന വിവേകം ഭരണാധികാരികൾക്ക് ഉണ്ടാവണം. ഇവിടെ എണ്ണക്കമ്പനികൾ ഓരോ ദിവസവും വില കൂട്ടി കടുംവെട്ട് വെട്ടി ജനജീവിതം താറുമാറാക്കുമ്പോൾ ആ കറുത്ത ശക്തികളെ നിലയ്ക്ക് നിറുത്താനും നിയന്ത്രിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു ഗവൺമെന്റ്. അല്ലെങ്കിൽ തങ്ങൾക്കവരെ നിയന്ത്രിക്കാൻ കഴിവില്ലെന്ന് തുറന്നു പറഞ്ഞ് പരാജയം സമ്മതിക്കാൻ ഭരണാധികാരികൾ തയ്യാറാവണം.

പെട്രോൾ, ഡീസൽ വില അനുദിനം കുതിക്കുമ്പോൾ അതിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയുടെ ദൈന്യം ഭരണാധികാരികൾക്ക് ഊർജദായകമാകുന്നുവെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നു.

എല്ലാ ഭാരവും ജനങ്ങൾക്കു നല്കുന്ന ഭരണനൈപുണ്യത്തെ ആസ്ഥാനഗായകർ പാടിപ്പുകഴ്ത്തുമ്പോൾ, ജനങ്ങൾ വല്ലാതെ വീർപ്പുമുട്ടുകയാണ്. കോവിഡ് മഹാമാരിയും വാക്സിനും ഓക്സിജനും എല്ലാം ചേർന്ന് സൃഷ്ടിച്ച അസാധാരണമായ അനിശ്ചിത്വത്തിന് മധ്യേയാണ് ഇപ്പോൾ പെട്രോൾ വിലയിലെ കൊള്ളയും അരങ്ങേറുന്നത്. ആ മഹാവ്യാധിയിൽ ശ്വാസം കിട്ടാതെ നിസ്സഹായരായ മനുഷ്യർ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുമ്പോൾ, ബാക്കിയാവുന്ന മനുഷ്യരെ വരിഞ്ഞു മുറുക്കി ഇന്ധനവിലവർദ്ധന പിന്നെയും ശ്വാസംമുട്ടിക്കുകയാണ്.

തിരഞ്ഞെടുപ്പുപോലെ അവർക്കാവശ്യമുള്ള പ്രത്യേക സാഹചര്യങ്ങളൽ താൽക്കാലിക വെടി നിറുത്തൽപോലെ അൽപ ദിവസങ്ങൾ വിലവർദ്ധന നിറുത്തുകയും ചില്ലറ പൈസ കുറയ്ക്കുകയും, വോട്ട് പെട്ടിയിലായി കഴിഞ്ഞ് പിറ്റേന്നു മുതൽ അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ.

ഭരണകൂടം സമ്പന്നർക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാൻ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിർബന്ധിക്കുന്നുണ്ട്. അടങ്ങാത്ത അമർഷത്തിൽ നീറിപ്പുകയുകയാണ് ജനമനസ്സുകൾ. ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവർ. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വർദ്ധന എന്ന കൊടുംക്രൂരതയിൽ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാൻ അനുവദിക്കണം.

ആരും കണ്ടിട്ടില്ലാത്ത ആർക്കും കാണാനാവാത്ത അദൃശ്യമായ അന്താരാഷ്ട്ര വിപണി എന്ന ആഗോളവൽക്കരണത്തിന്റെ അടയാളമായ പുത്തൻ സങ്കൽപ്പത്തിൽ ചാരിയാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. അതങ്ങനെയാണെങ്കിൽ ആ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോൾ അതിനാനുപാതികമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഈ രാജ്യത്തും കുറയേണ്ടതല്ലേ. മറ്റു വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെ കുറയുന്നുമുണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് അത് കുറയുന്നില്ല എന്നു മാത്രമല്ല നേരെ വിപരീതമായി ഓരോ ദിവസവും കുത്തനെ വർദ്ധിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ ബാരലിന് 115 ഡോളറായിരുന്നപ്പോൾ ഇവിടെ പ്രെട്രോളിന് ലിറ്ററിന് ഏകദേശം 50 രൂപയായിരുന്നത് ക്രൂഡോയിൽ ബാരലിന് 50 ഡോളറായി കുറഞ്ഞപ്പോൾ ഇവിടെ പെട്രോളിന് 90 രൂപയിലധികമായി കൂടുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോൾ ഇവിടെ കൂടുകയും അന്താരാഷ്ട്രവില കൂടുമ്പോൾ ഇവിടെ പിന്നെയും കൂട്ടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാളുകളായി നടമാടുന്നത്. അങ്ങനെ അവിടെ കുറയുമ്പോൾ ഇവിടെ കൂടുകയും അവിടെ കൂടുമ്പോൾ ഇവിടെ പിന്നെയും കൂടുകയും ചെയ്യുന്നതിന്റെ ഗണിതശാസ്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പെട്രോൾ, ഡീസൽ വില ഇവിടെ കൂടികൂടി കുതിച്ചുകയറുമ്പോൾ അത് കൂടുകയല്ല യഥാർത്ഥത്തിൽ കുറയുകയാണ് എന്ന അപഹാസ്യമായ വൈരുദ്ധ്യാത്മക വാദങ്ങളും നമ്മൾ കേൾക്കേണ്ടിവരുന്നു.

സാധാരണമനുഷ്യർക്കുവേണ്ടിയുള്ള നിലപാടുകളില്ലാതെ ആ ദരിദ്രജനതയുടെ പക്ഷത്തു നിൽക്കാതെ കുത്തകകളെ പിന്തുണക്കുന്നതാണ് അത്യുത്തമം എന്ന ചിന്തയാണ് ഭരണകൂടങ്ങളെ ഭരിക്കുന്നത്. വൻകോർപ്പറേറ്റുകളും ഭരണകൂടവും ഒത്തുചേർന്ന് സംഘടിതമായി ജനങ്ങളുടെ മേൽ നടത്തുന്ന ചൂഷണത്തിന്റെയും അധിനിവേശത്തിന്റെയും ഫാസിസത്തിന്റെ ചിത്രമാണ് തെളിയുന്നത്.

പെട്രോളിയം ഉൾപ്പനങ്ങളുടെ വില വർദ്ധിക്കുന്നത് വാഹനം ഓടിക്കുന്നവരുടെയും പാചകവാതകവും മണ്ണെണ്ണയുമൊക്കെ ഉപയോഗിക്കുന്നവരുടെയും മാത്രം പ്രശ്നമായി വളരെ നിസ്സാരമായാണ് പലരും കാണുന്നത്. പക്ഷേ ഇന്ധന വില വർദ്ധന രാജ്യത്തെ ചരക്കുഗതാഗതത്തെയും പൊതുഗതാഗതസംവിധാനങ്ങളെയും മറ്റു നിർമ്മാണമേഖലകളെയും കാർഷികമേഖലെയും ചുരുക്കത്തിൽ സമസ്ത മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന, വൻ പ്രതിസന്ധിയിലാക്കുന്ന അതി രൂക്ഷമായ പ്രശ്നമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

സാധാരണക്കാരുടെ ജീവിതം ഏറ്റവും ദുസ്സഹമാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടേതുൾപ്പെടെ സർവ്വരംഗത്തുമുണ്ടാകുന്ന അനിയന്ത്രിതമായ വിലക്കയറ്റവും ഇന്ധന വില വർദ്ധനവിന്റെ ഉൽപ്പന്നമാണെന്ന് അധികമാരും ചിന്തിക്കാറില്ല. ജനങ്ങളുടെ ദാരിദ്രത്തിനുപോലും ഒരു പരിധിവരെ ഇന്ധനമാകുന്നത്. ഇന്ധന വിലവർദ്ധനവാണ്. അങ്ങനെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന അതീവഗുരുതരമായ പ്രശ്നമാണിതെന്നു മനസ്സിലാക്കാത്തവരാണ് ഏറെപ്പേരും.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്നത് ഗവൺമെന്റിന് യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. വില കൂടിയാലും പ്രതിദിന വിപണിവിലയുടെ അടിസ്ഥാനത്തിൽ ആ ഭാരം ജനങ്ങൾക്കുമേൽ ചുമത്താം. വില കുറഞ്ഞാൽ കൂടുതൽ നികുതി ഈടാക്കി സർക്കാരിന് സമ്പത്ത് വർദ്ധിപ്പിക്കാം. ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞാൽ അതിന്റെ നേട്ടം ജനങ്ങൾക്കു നല്കാതെ നികുതി വർദ്ധിപ്പിച്ച് സർക്കാർ ലാഭം കൊയ്യുകയാണ്.

പ്രജകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അമിതഭാരവും അതുമൂലം ദുസ്സഹമാകുന്ന അവരുടെ ജീവിതത്തിന്റെ ദയനീയാവസ്ഥയുമൊന്നും ഭരണകൂടങ്ങൾക്കും ഭരണാധികാരികൾക്കും യാതൊരുൽക്കണ്ഠയുമുണ്ടാക്കുന്നില്ല. എണ്ണക്കമ്പനികൾ ചോദിക്കാനാരുമില്ലെന്ന ധൈര്യത്തിൽ ഒരറപ്പുമില്ലാതെ നിർദ്ദയം നിരന്തരം തോന്നുമ്പോഴൊക്കെ തോന്നുംപോലെ വിലകൂട്ടുന്നു. സാമാന്യബുദ്ധിയുള്ള ജനതയ്ക്ക് നിശബ്ദരാകാനല്ലാതെ മറ്റെന്താണ് കഴിയുക. ഈ നിശബ്ദത കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത മാത്രമാണെന്ന് തിരിച്ചറിയാൻ ഭരണവർഗത്തിന് കഴിയുന്ന നാളുകൾ വന്നുചേരാൻ ഇനി വലിയ താമസം ഉണ്ടാകില്ല.

'രാജ്യത്തെ സംബന്ധിച്ച ഏതു തീരുമാനമെടുക്കുമ്പോഴും എന്തു തീരുമാനമെടുക്കുമ്പോഴും സാധാരണക്കാരെയും ദരിദ്രരെയും ഓർത്തുകൊണ്ടാകണം. അവരെ പരിഗണിച്ചും കരുതിയും കൊണ്ടാകണം' എന്നുപറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. ഇവിടെ അവരെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല തീർത്തും അവഗണിച്ചുകൊണ്ടും അപഹസിച്ചുകൊണ്ടും, വൻകുത്തകകളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന തീരുമാനങ്ങളും നിയമനിർമ്മാണങ്ങളുമാണ് ഭരണാധികാരികൾ കൈക്കൊള്ളേണ്ടത്. സാധാരണക്കാരുടെയും ദരിദ്രരുടെയുമൊന്നും തീരാദുരിതങ്ങൾ ഭരണാധികാരികളെ ഒട്ടും അസ്വസ്ഥമാക്കുന്നില്ല എന്നുമാത്രമല്ല ആ ദുരിതജീവിതങ്ങളൊന്നും ഭരണകൂടക്കാഴ്ചയിൽ വരുന്നതുപോലുമില്ല.

എന്തുതന്നെയായാലും ഇന്ധനവില കുത്തനേ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം ഉണ്ടായേതീരു. അതിനു തയ്യാറാകാൻ മനസ്സുകാട്ടാത്തവരെ അനുകൂലമായ നിലപാടിലേയ്ക്ക് കൊണ്ടുവരാനുള്ള അതിശക്തമായ പ്രതിഷേധ സമ്മർദ്ദങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉയർന്നു വരേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ എണ്ണക്കമ്പനികളുടെ ധാർഷ്ട്യത്തിനും ജനദ്രോഹത്തിനും കൊള്ളലാഭക്കൊതിയ്ക്കും തടയിടുന്ന ബദൽ സംവിധാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. യാത്രകൾക്ക് പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. ഹ്രസ്വദൂരസഞ്ചാരങ്ങൾക്ക് സൈക്കിൾ പോലുള്ള ഇന്ധനരഹിത വാഹനങ്ങൾ പ്രായോഗികമാക്കുക. കഴിയുന്നത്ര കാൽനടയാത്രകൾ നടത്തുക. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സഞ്ചാരങ്ങൾ ഒഴിവാക്കാൻ പറ്റുന്നത്ര ഒഴിവാക്കുക.

പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ ഉപയോഗവും ഉപഭോഗവും അങ്ങേയറ്റം കുറച്ചുകൊണ്ടു മാത്രമേ പെട്രോളിയം കമ്പനികളുടെ അഹന്തക്കും അതിക്രമത്തിനും അപ്രമാദിത്തത്തിനും പ്രഹരമേൽപ്പിക്കാനാവൂ. പെട്രോളിയം ഉൽപ്പന്നങ്ങൾ കഴിയുന്നത്ര ബഹിഷ്കരിച്ചുകൊണ്ട് കമ്പനികളോടുള്ള നിസ്സഹകരണം ശക്തമാക്കണം. തികച്ചും സമാധാനപരമായ പുതിയൊരു സമരമാർഗ്ഗം തന്നെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. എപ്പോൾ വേണമെങ്കിലും തീർന്നുപോകാവുന്ന പെട്രോളിയം ഇന്ധനങ്ങൾക്കുപകരം മറ്റു പാരമ്പര്യ പാരമ്പര്യേതര ഊർജ്ജസ്രോതസുകൾ പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകളുണ്ടാവണം.

സൂര്യപ്രകാശം, വായു, തിരമാലകൾ തുടങ്ങിയവയിൽ നിന്നൊ ക്കെ ഊർജ്ജം സംഭരിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോൽസാഹിപ്പിക്കുകയുമൊക്കെ വേണ്ടിയിരിക്കുന്നു. അതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഊർജ്ജനയങ്ങളും പദ്ധതികളും ആവിഷ്കരിക്കാനുള്ള ആർജ്ജവമുണ്ടാവണം. അതിനായുള്ള ശക്തമായ തീരുമാനങ്ങളുണ്ടാവണം. ജനങ്ങളുടെ പൂർണ്ണമായ സഹകരണത്തോടൊപ്പം ദീർഘവീഷണത്തോടും ഇച്ഛാശക്തിയോടും പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ പിന്തുണയോടും കൂടിയേ ഇതൊക്കെ പ്രാവർത്തികമാകൂ.

ജനങ്ങളുടെ മുഴുവൻ പ്രതീക്ഷയും ഈ രാജ്യത്തെ ജൂഡീഷ്യറിയിലാണ്. പക്ഷേ നിർഭാഗ്യവശാൽ ജുഡീഷ്യറിയും ഈ വിഷയത്തിൽ കാര്യമായി ഇടപ്പെടാതെ മൗനം പാലിക്കുകയാണ്. താങ്ങാനാവാത്ത ഇന്ധന വിലവർദ്ധന ഒരു ജനതയുടെ പരമപ്രധാന പ്രശ്നമായി പരിഗണിച്ച് അടിയന്തിരമായി തന്നെ പരമോന്നത നീതിപീഠവും നിയമസംവിധാനങ്ങളും സ്വമേധയാ ഈ വിഷയത്തിൽ ഇടപ്പെട്ട് എണ്ണക്കമ്പനികളുടെ താന്തോന്നിത്തത്തിന് കടിഞ്ഞാണിടാൻ കരുണകാട്ടണമെന്ന അപേക്ഷയാണുള്ളത്. എണ്ണക്കമ്പിനികളുടെ ധിക്കാരവും അഹന്തയും അവസാനിപ്പിച്ച് അവരെ അടിയറവ് പറയിപ്പിച്ച് മുട്ടുകുത്തിക്കാൻ ഭരണകൂടവും നിയമവ്യവസ്ഥയും പൊതുസമൂഹവും സംയുക്തമായുള്ള ക്രിയാത്മക പ്രവർത്തനങ്ങളുണ്ടാവണം.

Content Highlights : Actor Prem Kumar about hike in petrol price