ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്തതിന് വലിയ വിലനല്‍കേണ്ടി വന്ന നടന്‍


മദ്രാസ് ജീവിതത്തിനിടെ സംവിധായകന്‍ ഭരതനെ പരിചയപ്പെട്ടതാണ് പ്രതാപ് പോത്തന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഭരതന്‍ തന്റെ ആരവം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ഭരതന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഏറ്റവും ഞെട്ടിയത് താനാണെന്ന് പ്രതാപ് പോത്തന്‍ പിന്നീട് എഴുതിയിട്ടുണ്ട്.

പ്രതാപ് പോത്തൻ

കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ നിര്‍ണ്ണായകസ്ഥാനമുള്ള കുളത്തുങ്കല്‍ പോത്തന്റെ മകന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന്‍. ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങളിലെ നായകന്‍. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്‌സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്‍. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്... അവസാനിക്കുന്നില്ല പ്രതാപ് പോത്തന്‍ എന്ന പ്രതിഭയുടെ വിശേഷണങ്ങള്‍..

പ്രതാപ് ജനിക്കുന്ന കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിലൊരാളാണ് പിതാവ് പോത്തന്‍. ഇംപാലയും ബെന്‍സുമെല്ലാം അപൂര്‍വമായിരുന്ന കാലത്ത് പോത്തന്‍ കുടുംബം സഞ്ചരിച്ചിരുന്നത് അതിലായിരുന്നു. ബിസിനസുകാരനായിരുന്നെങ്കിലും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളയാളായിരുന്നു കുളത്തുങ്കല്‍ പോത്തന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിന്നീട് മുഴുവന്‍ സമയ ബിസിനസുകാരനായി. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് പോത്തന്‍ ശ്രദ്ധിച്ചിരുന്നു. ഊട്ടിയിലെ സമ്പന്നരുടെ മക്കള്‍ പഠിച്ചിരുന്ന ലോറന്‍സ് സ്‌കൂളിലായിരുന്നു പ്രതാപ് പോത്തന്‍ പഠിച്ചത്. പ്രതാപ് പോത്തന് 15 വയസ്സായപ്പോഴേക്കും പിതാവ് പോത്തന്‍ അന്തരിച്ചു. അമ്മയുടെയും സഹോദരന്‍മാരുടെയും സംരക്ഷണത്തിലായിരുന്നു അദ്ദേഹം പിന്നീട്. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ആ കാലത്താണ് പിതാവ് പോത്തന്റെ മരണശേഷം പ്രതിസന്ധിയിലായിരുന്ന കുടുംബ ബിസിനസ് പൂര്‍ണമായും തകരുന്നത്. വസ്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. കേസ് നടത്തലുമെല്ലാമായി കുടുംബം വലിയ പ്രതിസന്ധിയിലായി. ജോലി തേടി അദ്ദേഹം മുംബൈയിലേക്ക് കുടിയേറി. മാസം 400 രൂപയായിരുന്നു അക്കാലത്ത് ശമ്പളം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന് മദ്രാസില്‍ പരസ്യ കമ്പനിയില്‍ കോപ്പി റൈറ്ററായി. നാടക വേദികളിലും സജീവമായി.

മദ്രാസ് ജീവിതത്തിനിടെ സംവിധായകന്‍ ഭരതനെ പരിചയപ്പെട്ടതാണ് പ്രതാപ് പോത്തന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഭരതന്‍ തന്റെ ആരവം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ഭരതന്‍ പറഞ്ഞത് കേട്ടപ്പോള്‍ ഏറ്റവും ഞെട്ടിയത് താനാണെന്ന് പ്രതാപ് പോത്തന്‍ പിന്നീട് എഴുതിയിട്ടുണ്ട്. അക്കാലത്തെ സിനിമ നായകന്‍മാര്‍ക്ക് വേണ്ടിയിരുന്ന സൗന്ദര്യം തനിക്കില്ലല്ലോ എന്നായിരുന്നു അദ്ദേഹം ഓര്‍ത്തത്. പക്ഷെ പ്രതാപ് പോത്തന്‍ എന്ന നടനെയായിരുന്നു ഭരതന് ആവശ്യം. ആദ്യ ചിത്രം വലിയ വിജമായില്ലെങ്കിലും അടുത്ത ചിത്രമായ തകരയില്‍ നായക വേഷം തന്നെ ഭരതന്‍ പ്രതാപ് പോത്തന് നല്‍കി. തകരയുടെ വിജയം പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. മലയാളത്തിലും അന്യഭാഷകളിലുമായി കൈനിറയെ ചിത്രങ്ങള്‍. പ്രശസ്തിയോടൊപ്പം തന്നെ പാരകളും വന്നു.

മലയാളം സംസാരിക്കാനറിയില്ലെന്നും കിറുക്കനാണെന്നുമെല്ലാം അക്കാലത്ത് തന്നെ കുറിച്ച് കഥകളിറങ്ങിയിരുന്നതായി പ്രതാപ് പോത്തന്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവായി മാറിയിരുന്ന സഹോദരന്‍ ഹരി പോത്തനുമായി ഉണ്ടായിരുന്ന നിരന്തര പ്രശ്‌നങ്ങളും പ്രതാപിന്റെ അഭിനയ ജീവിതത്തിന് വിലങ്ങുതടിയായി. ജീവിച്ചിരുന്ന കാലത്ത് തന്റെ കരിയറിന് ഏറ്റവും തടസ്സം നിന്ന വ്യക്തിയായാണ് ഹരിയെ അദ്ദേഹം വിലയിരുത്തിയത്. തന്റെ വളര്‍ച്ചയും ജനപ്രീതിയും ഹരി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കാനായി ഹരി ശ്രമിച്ചിരുന്നതായും പ്രതാപ് പോത്തന്‍ ആരോപിച്ചിരുന്നു. ഹരിയുടെ മരണം വരെയും പോത്തന്‍ സഹോദരന്‍മാര്‍ ശത്രുതയില്‍ തന്നെ കഴിഞ്ഞു.

അഭിനയം മടുത്തപ്പോഴാണ് പ്രതാപ് പോത്തന്‍ സംവിധാന രംഗത്തേക്ക് വരുന്നത്. സിനിമയുടെ ക്രിയേറ്റീവ് രംഗത്ത് അദ്ദേഹത്തിന് പണ്ടേ താല്‍പ്പര്യമുണ്ടായിരുന്നു. പത്മരാജനെയും ഭരതനെയും പോലുള്ള മാസ്‌റ്റേഴ്‌സുമായുള്ള സഹവര്‍ത്തിത്വവും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരിക്കണം. മീണ്ടും ഒരു കാതല്‍ കഥൈ, ഡെയ്‌സി, ഋതുഭേദം, യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകള്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹനായി. കാതല്‍ക്കഥൈയിലെ നായികയായ രാധികയുമായി പ്രണയത്തിലായ പ്രതാപ് പോത്തന്‍ തന്റെ 24ാമത്തെ വയസ്സില്‍ അവരെ വിവാഹം ചെയ്തു. അന്ന് രാധികയുടെ പ്രായം 17. ആറ് വര്‍ഷത്തെ പ്രണയം പക്ഷെ വിവാഹത്തിന് ശേഷം ഒന്നര വര്‍ഷമേ നീണ്ടുനിന്നുള്ളു. ഇരുവരും വിവാഹമോചിതരായി. ഇരുവരുടെയും പക്വതയില്ലായ്മയാണ് ആ ബന്ധം തകര്‍ന്നതിന് കാരണമെന്നായിരുന്നു പ്രതാപ് പോത്തന്‍ പിന്നീട് പറഞ്ഞത്. രണ്ടാമത്തെ വിവാഹം താജ് ഹോട്ടലിലെ ജീവനക്കാരിയായിരുന്ന അമലയുമായി. ആ ബന്ധം അഞ്ചു വര്‍ഷം നീണ്ടു നിന്നു. അതിലൊരു മകളുണ്ടായി, കേയ.

പിന്നീട് സിനിമയില്‍ നിന്നകന്ന പ്രാതാപ് പരസ്യ രംഗത്ത് സജീവമായി. സ്വന്തമായി പരസ്യ കമ്പനി തുടങ്ങി. കൈവച്ച മറ്റ് മേഖലകളിലെന്നപോലെ അവിടെയും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. സച്ചിനെയും, ബ്രയാന്‍ ലാറയെയും പോലുള്ളവരെ അണിനിരത്തി പരസ്യങ്ങള്‍ ചെയ്തു. അവയെല്ലാം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇടക്കാലത്ത് തന്മാത്രയില്‍ അഭിനയിച്ചതൊഴിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവന്നില്ല. പിന്നീട് ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തിലൂടെ സിനിമയിലേക്ക് വന്‍ തിരിച്ചു വരവ് നടത്തി. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലെ വേഷം ഉള്‍പ്പടെ ശ്രദ്ദിക്കപ്പെടുന്ന നിരവധി വേഷങ്ങള്‍ ചെയ്തു. തകരയും ചാമരവും കണ്ട് വിസ്മയില്ല തലമുറയോടൊപ്പം പുതിയ തലമുറയെയും തന്റെ സ്വാഭാവികവും ആത്മാര്‍ഥവുമായ അഭിനയിത്തിലൂടെ പ്രതാപ് പോത്തന്‍ വീണ്ടും വിസ്മയിപ്പിച്ചു. സിനിമയില്‍ കൂടുതല്‍ സജീവമാകാനും സംവിധാനം ചെയ്യാനുമെല്ലാമുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് തന്റെ 69ാം വയസ്സില്‍ പ്രതാപ് പോത്തന്‍ വിടപറയുന്നത്.

കഥാപാത്രത്തിന്റെ പ്രകൃതം നടന്റേതുമായി സമാനമാകുക എന്നത് സിനിമയില്‍ വളരെ അപൂര്‍വമായിരിക്കും. അത്തരം അപൂര്‍വങ്ങളുടെ പ്രതീകമായിരുന്നു പലപ്പോഴും പ്രതാപ് പോത്തന്‍. ഉള്ളിലൊന്ന് വെച്ച് പുറത്ത് അഭിനയിക്കാന്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന ഒന്നും ഒളിച്ച് വെക്കാന്‍ അറിയാത്ത അദ്ദേഹത്തിന്റെ പ്രകൃതത്തിന് അദ്ദേഹം പലപ്പോഴും വലിയ വിലകള്‍ തന്നെ നല്‍കേണ്ടി വന്നു. കഴിവും യോഗ്യയുമുണ്ടായിട്ടും അവഗണിക്കപ്പെടുന്നത് നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നപ്പോഴും അദ്ദേഹം തളര്‍ന്നില്ല. പുതിയ പുതിയ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ ഉപയോഗിച്ചുകൊണ്ടിരുന്നു. തകരയിലെ തകരയുടെ മനസ്സ് കൈമോശം വരാതെ അദ്ദേഹം അവസാന കാലം വരെ ജീവിച്ചു.

Content Highlights: actor prathap pothen passed away, life story

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented