മണികണ്ഠൻ ആചാരി | ഫോട്ടോ: ഷാമിൽ ഷാജഹാൻ ഫോട്ടോഗ്രഫി | www.instagram.com/manikanda_rajan_/
കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ എന്നുപറഞ്ഞാൽ വേറൊരു വിശേഷണം വേണ്ടിവരില്ല മണികണ്ഠൻ എന്ന നടന്. അത്രമാത്രമുണ്ട് ആ കഥാപാത്രം മണികണ്ഠന് നേടിക്കൊടുത്ത പ്രേക്ഷകപ്രീതി. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു രാജീവ് രവി ചിത്രത്തിൽ ശക്തമായ സാന്നിധ്യമാവുകയാണ് അദ്ദേഹം. തുറമുഖം എന്ന ചിത്രത്തിലെ ഉമ്പൂച്ച എന്ന, പല തലങ്ങളിലായി പടർന്നുകിടക്കുന്ന, കഥാപാത്രം തീയേറ്ററിൽ മണികണ്ഠന്റെ അഭിനയജീവിതത്തിലെ മറ്റൊരു മുഖമാവുകയാണ്. പ്രിയപ്പെട്ടവരുടെ പതനം മുന്നിൽക്കണ്ടിട്ടും നിസ്സഹായനായി നിൽക്കുന്ന, പിന്നീടെപ്പോഴോ അപ്രത്യക്ഷനാവുന്ന ഉമ്പൂച്ച പ്രേക്ഷകമനസിൽ നോവായി പടരുന്നു. ഉമ്പൂച്ചയേക്കുറിച്ചും 'തുറമുഖ'ത്തേക്കുറിച്ചും പുതിയ ചിത്രങ്ങളേക്കുറിച്ചും മണികണ്ഠൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കമ്മട്ടിപ്പാടത്തിന് ശേഷം വീണ്ടും രാജീവ് രവി ചിത്രത്തിൽ
'കമ്മട്ടിപ്പാട'ത്തിന് ശേഷമുള്ള ഏഴു കൊല്ലം എന്നുപറയുന്ന ഗ്യാപ്പ് അങ്ങനെ തോന്നിയിട്ടില്ല. കാരണം 'കമ്മട്ടിപ്പാടം' കഴിഞ്ഞിട്ടും ഞാൻ ആ സംഘത്തിലുണ്ട്. 'മൂത്തോനി'ലാണെങ്കിലും 'കുറ്റവും ശിക്ഷയും' ആണെങ്കിലും എന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഞാനെപ്പോഴും രാജീവേട്ടന്റെ കൂടെ ഉള്ള ഒരാളാണ്, അല്ലെങ്കിൽ രാജീവേട്ടൻ എന്റെ കൂടെയുള്ളയാളാണ്. പിന്നെ 'തുറമുഖം' തീയേറ്ററിൽ കാണാൻ മൂന്നു കൊല്ലമായുള്ള കാത്തിരിപ്പിലായിരുന്നു. അതിനിടയിൽ മൂന്ന് തവണ റിലീസ് മാറ്റിയത് വിഷമമായി. പക്ഷേ, പടം തീയേറ്ററിൽ വരുമെന്ന് തന്നെ വിശ്വസിച്ചിരുന്നു.

'ഉമ്പൂച്ച'യേക്കുറിച്ച് ഗോപൻ ചിദംബരൻ തന്ന വിവരണം
ഗോപൻ മാഷിന്റെ അച്ഛൻ ചിദംബരൻ എഴുതിയ നാടകമാണ് 'തുറമുഖം'. ആ നാടകം കണ്ടയാളാണ് ഞാൻ. കൂടാതെ ആ നാടകത്തിന്റെ ക്യാമ്പിൽ പോയിട്ടുമുണ്ട്. അതുകൊണ്ട് 'തുറമുഖ'ത്തിന്റെ യഥാർത്ഥ മൂഡ് എന്താണെന്ന് അറിയാം. എനിക്ക് കഥാപാത്രമൊന്നും ഉണ്ടാവില്ല എന്നായിരുന്നു ഞാനാദ്യം വിശ്വസിച്ചിരുന്നത്. കാരണം നാടകത്തിലുള്ള പ്രധാന കഥാപാത്രങ്ങളെല്ലാം നിവിൻ, ഇന്ദ്രേട്ടൻ, സുദേവ് എന്നിവർക്കാണല്ലോ. അതിനേക്കാൾ ശക്തമായ ഒരു കഥാപാത്രം പിന്നെ അതിൽ ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചർച്ചകൾക്ക് ശേഷമാണ് ഉമ്പൂച്ച എന്ന കഥാപാത്രം കയറിവരുന്നത്. നാടകത്തെ സിനിമാറ്റിക് ശൈലിയിലേക്ക് മാറ്റിയപ്പോൾ ഒരു സ്‌റ്റോറി ടെല്ലർ വേണമെന്ന് കരുതിയിട്ടുണ്ടാവാം. പിന്നെ നമ്മളും അതിൽ വേണമെന്ന് അവരും ആഗ്രഹിച്ചിട്ടുണ്ടാവാം. നാടകത്തിൽ ഉമ്പൂച്ച എന്ന കഥാപാത്രമില്ല.
നാടകം സിനിമയാവുന്നു എന്ന് കേട്ടപ്പോൾ
മുമ്പും നാടകങ്ങളുടെ ചുവടുപിടിച്ച് സിനിമകൾ വന്നിട്ടുണ്ട്. പക്ഷേ, തുറമുഖം എന്ന നാടകം കണ്ടപ്പോൾ ഇതെങ്ങനെ സിനിമയാവും എന്നൊരു ആകാംക്ഷയുണ്ടായിരുന്നു. കാരണം സിനിമയുടെ അത്രയും സമയമില്ല നാടകത്തിന്. കുറഞ്ഞ സ്ഥലവും കുറഞ്ഞ സമയവും കൊണ്ട് അവതരിപ്പിച്ച ഒരു സൃഷ്ടിയെ എങ്ങനെയാണ് വികസിപ്പിക്കാൻ പോവുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു.

പലായനത്തിന്റെ കഥ കൂടിയാണ് തുറമുഖം
ഒരു പലായനത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. ഓരോരുത്തർ അവരുടെ നാട്ടിൽ നിൽക്കാൻ പറ്റാതെ മറ്റു നാടുകളിലേക്ക് കുടിയേറുകയാണ്. അങ്ങനെ വന്ന ഒരാൾ തന്നെയാണ് ഉമ്പൂച്ചയും. അയാളുടെ പശ്ചാത്തലം എങ്ങനെയാണെന്ന് കാണിക്കുന്നില്ലെന്നേയുള്ളൂ. അയാളുടെ ചേട്ടൻ എന്ന് പറയുന്നതുപോലെയുള്ള ഒരാളാണ് മൈമു എന്ന കഥാപാത്രം. അയാൾക്കൊപ്പം ഒരു കാവൽക്കാരനേപ്പോലെ അല്ലെങ്കിൽ രാജാവിന് മന്ത്രിയെന്നപോലെ നടക്കുന്നയാളാണ് ഉമ്പൂച്ച. മൈമുവിന്റെ മരണം മുന്നിൽക്കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതെ എവിടേക്കോ അപ്രത്യക്ഷനാവുകയാണ് അയാൾ. സ്വയം കുറ്റബോധം തോന്നുന്നയാളാണ് ഉമ്പൂച്ച.
നമ്മളുമായി ചർച്ച ചെയ്തിട്ടാണ് ഗോപൻ മാഷ് സീനെഴുതുന്നത്
രാജീവേട്ടന്റെ സിനിമയിൽ പൂർണകഥ കേൾക്കുക, തിരക്കഥ വായിക്കുക എന്നുള്ള പരിപാടിയൊന്നുമില്ല. കഥാപാത്രവും സ്വഭാവവും ഇതാണെന്ന് പറയും. അതുവെച്ച് നമ്മൾ മുന്നോട്ടുപോവും. തെറ്റു വന്നാൽ തിരുത്തിത്തരും. ഗോപൻ മാഷ് കൂടെയുണ്ട്. പല സംഗതികളും എഴുതുന്നതും നമ്മൾ കൂടിയിരിക്കുന്ന ഇത്തരം അവസരങ്ങളിലാണ്. നമ്മളുമായി ചർച്ച ചെയ്തിട്ടാണ് മാഷ് സീനെഴുതുന്നത്. കൊച്ചി ഭാഷയും ആ കഥയുമായി ചേരുന്ന രീതിയിൽ നമുക്ക് വഴങ്ങുന്ന തരത്തിൽ കാര്യങ്ങൾ സജ്ജീകരിക്കും. പക്ഷേ, സീൻ എന്തായിരിക്കണമെന്ന് അവരുടെ മനസിൽ കൃത്യമായുണ്ടാവും. ഡയലോഗ് പറയുമ്പോൾ അഥവാ ചില വാക്കുകൾ ഉടക്കിപ്പോവുകയാണെങ്കിൽ അതുതന്നെ പറയണമെന്ന് നിർബന്ധിക്കില്ല. ആ അർത്ഥം വരുന്ന വേറെന്ത് വാക്കാണ് നാവിൽ വരുന്നത്, അതൊന്ന് പറഞ്ഞുനോക്ക് എന്ന് ആവശ്യപ്പെടും. നടന്മാർക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന സംഘം ആണവർ.
നഷ്ടങ്ങൾ സഹിച്ച് ചെയ്ത ചിത്രം
മറ്റു സിനിമകളിൽ കാണാത്ത ആത്മാർത്ഥ 'തുറമുഖ'ത്തിലെ ഓരോ സീനിലും ഉണ്ടാവുമെന്ന് മുമ്പേ തോന്നിയിരുന്നു. കാരണം അതിൽ ജൂനിയർ ആർട്ടിസ്റ്റുകൾ എന്നൊരു വിഭാഗം വളരെ കുറവായിരുന്നു. ആ ജാഥയുടെ സീനൊക്കെ ശ്രദ്ധിച്ചാലറിയാം, മുദ്രാവാക്യം വിളിയടക്കം ഓരോരുത്തരും വളരെ ആത്മാർത്ഥമായിട്ടാണ് ചെയ്തിരിക്കുന്നത്. എല്ലാവരും സാധാരണക്കാരായ ആളുകളാണ്. ഗോകുലേട്ടന്റെ കലാസംവിധാനത്തിലെ സൂക്ഷ്മത നേരിട്ട് കണ്ടതാണ്. പഴയ കാലത്തേക്കുറിച്ച് പഠിച്ചാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സൂര്യപ്രകാശം ഉള്ളിലേക്കിറങ്ങുംവിധമാണ് ഓലക്കുടിലുകൾ സെറ്റ് ചെയ്തത്. അത് ബ്ലാക്ക് ആൻഡ് വൈറ്റിൽ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ചിട്ടുണ്ട്. വളരെ മനോഹരമായാണ് തോന്നിയത്. പിന്നെ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. കൊറോണ വന്നു. വെള്ളപ്പൊക്കത്തിൽ സെറ്റ് ഒലിച്ചുപോവുകയും സിനിമയ്ക്കായി തയ്യാറാക്കിയ കപ്പൽ നശിക്കുകയും ചെയ്തു. എന്റെയടക്കം പലരുടേയും ഡേറ്റ് പ്രശ്‌നം വന്നു. സിനിമ ശ്രദ്ധിച്ചാലറിയാം ഫ്‌ളാഷ്ബാക്ക് സീനിൽ എന്റെ മുടിയല്ല, വിഗ് വെച്ചിരിക്കുകയായിരുന്നു. വേറൊരു സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിക്കേണ്ടി വന്നതിനാലാണത്. മേക്കപ്പിൽ റോണക്‌സ് ഗംഭീരമായി ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാം ഫലം തീർച്ചയായും ഉണ്ടാവുമെന്ന് കരുതിയിരുന്നു.

കഥാപാത്രത്തിനായി പൂർണിമ നടത്തിയ ശ്രമങ്ങൾ അദ്ഭുതപ്പെടുത്തുന്നത്
പൂർണിമ ചേച്ചിക്ക് കൊച്ചിയുടെ ആഴങ്ങളേക്കുറിച്ച് എനിക്കുള്ള അത്രയും പോലും ധാരണയുണ്ടായിരുന്നില്ലെന്നാണ് തോന്നുന്നത്. അവർ ജീവിച്ച ഒരു ശൈലി അതല്ല. ഈ കഥാപാത്രം ചെയ്യുമ്പോൾ അവർ നമ്മളോടാണെങ്കിലും ചോദിക്കും ഇതിങ്ങനെ തന്നെയായിരിക്കുമല്ലേ പറയുന്നതെന്ന്. ശാരീരികമായി നന്നായി അധ്വാനിച്ചിട്ടുണ്ട് ചേച്ചി. വണ്ണം കുറയ്ക്കുന്ന കാര്യത്തിലൊക്കെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളും നൂറ് ശതമാനം അർഹിക്കുന്ന കലാകാരി തന്നെയാണ് പൂർണിമ ചേച്ചി. ജനങ്ങളുടെ അവാർഡാണല്ലോ കിട്ടുന്നത്.
കായംകുളം കൊച്ചുണ്ണിയിൽ കണ്ട നിവിൻ അല്ലായിരുന്നു തുറമുഖത്തിൽ
'കായംകുളം കൊച്ചുണ്ണി'യിൽ കണ്ട ഒരു നിവിനേ അല്ലായിരുന്നു 'തുറമുഖ'ത്തിലെത്തിയപ്പോൾ. മൊയ്തുവാകാൻ നന്നായി പണിയെടുത്തിട്ടുണ്ട്. എല്ലാവരും അങ്ങനെ തന്നെ. നിവിൻ എന്ന താരത്തെ ഒരിടത്തും ഞാൻ കണ്ടില്ല. കണ്ടത് മട്ടാഞ്ചേരി മൊയ്തുവിനെ മാത്രമായിരുന്നു.

എന്നെപ്പോലെയുള്ള നടന്മാർക്ക് പുതിയൊരു ശ്വാസമാണ് നാടകം
സിനിമയിൽ വന്നതിന് ശേഷവും ഒരു നാടകം ചെയ്തിരുന്നു. പുലിജന്മം എന്നായിരുന്നു പേര്. ഇപ്പോൾ ഒരു നാടകത്തിന്റെ ആലോചനകൾ നടക്കുന്നുണ്ട്. പിന്നെ സിനിമയെ അപേക്ഷിച്ച് വരുമാനം നാടകത്തിൽ കുറവാണ് എന്നതിനാൽ പൂർണമായി, സജീവമായി നാടകത്തിൽ നിൽക്കാനാവില്ല എന്നൊരു വസ്തുതയുണ്ട്. നാടകം മറക്കാതിരിക്കാനും നാടകത്തെ മറക്കാതിരിക്കാനുമാണ് എല്ലാം. പിന്നെ ഒരു റീഫ്രഷ്‌നെസ്സ് ആണ് നാടകാഭിനയം. എന്നെപ്പോലെയുള്ള നടന്മാർക്ക് പുതിയൊരു ശ്വാസമാണ് നാടകം.
അക്ഷരംകൊണ്ടോ അറിവുകൊണ്ടോ ചെയ്യേണ്ടതല്ലാത്ത എല്ലാ ജോലികൾക്കും പോയിട്ടുണ്ട്
അഭിനയമാണ് ഏറ്റവും സംതൃപ്തി നൽകുന്ന ജോലി. അതുകൊണ്ടാണ് വേറൊരു ജോലിയും പഠിക്കാത്തത്. കൂലിപ്പണിയുടെ എല്ലാ മേഖലയിലും കൈവെച്ചയാളാണ് ഞാൻ. അക്ഷരംകൊണ്ടോ അറിവുകൊണ്ടോ ചെയ്യേണ്ടതല്ലാത്ത എല്ലാ ജോലികൾക്കും പോയിട്ടുണ്ട്. മാർക്കറ്റിലെ ജോലിക്കാണ് അവസാനം പോയത്. കത്തിയും കയ്യും തമ്മിൽ ഇണക്കം വരുമെന്നാവുമ്പോൾ കത്തി താഴെയിടും. കാരണം ഇണങ്ങിപ്പോയാൽ ഞാനത് തുടരാൻ നിർബന്ധിതനാവും. മൂന്ന് നാല് മണിക്കൂർ ജോലി ചെയ്താൽ ആയിരം, ആയിരത്തഞ്ഞൂറ് രൂപ കിട്ടും. അപ്പോൾ ഞാനാലോചിക്കും കുറച്ചുകൂടി സമയം അധ്വാനിച്ചാൽ നല്ലൊരു വീടൊക്കെ വെയ്ക്കാം കല്യാണം കഴിക്കാമെന്നൊക്കെ. അപ്പോൾ ഒരു സാധാരണ മനുഷ്യനായി ഞാനും മാറും.

ജനക്കൂട്ടത്തിൽ ഇറങ്ങി നടന്നില്ലെങ്കിൽ വല്ലാത്ത വീർപ്പുമുട്ടലാണ്
സിനിമാനടനായ ശേഷം ബഹുമാനം തരാറുണ്ട് നാട്ടിൽ. സ്‌നേഹം തരാറുണ്ട്. അതിനപ്പുറം ഒരു താരം എന്ന ഇമേജ് ഞാനാഗ്രഹിച്ചിട്ടുമില്ല, എന്നെ അങ്ങനെ അകറ്റാൻ ആരും തയ്യാറുമല്ല. ആർക്കും എന്റെയടുത്തേക്ക് ധൈര്യമായി വന്ന് സംസാരിക്കാം. അതിനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ട്. ജനക്കൂട്ടത്തിൽ ഇറങ്ങി നടന്നില്ലെങ്കിൽ വല്ലാത്ത പ്രശ്‌നമാണ്.
മലൈക്കോട്ടൈ വാലിബന്റെ തിരക്കുകൾ
അടുത്തതായി റിലീസാവാൻ പോവുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ചാൾസ് എന്റർപ്രൈസസ് എന്ന പടമാണ്. ഉർവശി ചേച്ചി, ബാലു വർഗീസ്, കലൈയരസൻ, ഗുരു സോമസുന്ദരം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. ഉമ്പൂച്ചയുമായി ഒരു ബന്ധവുമില്ലാത്ത വേഷമാണ്. കോമഡി കലർന്ന വില്ലനാണ്. 'തുറമുഖം' തീയേറ്ററിൽ ഓടുമ്പോൾത്തന്നെ ഇറങ്ങുന്നതുകൊണ്ട് രണ്ട് കഥാപാത്രങ്ങളേയും വെച്ച് താരതമ്യം നടക്കുമെന്ന് ഉറപ്പാണ്. പിന്നെ 'മലൈക്കോട്ടൈ വാലിബനാ'ണ് വരുന്നത്. അതുമായി ബന്ധപ്പെട്ട് പുറത്തുപറയാവുന്ന വിവരങ്ങൾ ഒന്നുമില്ല. രാജസ്ഥാനിൽ ഷൂട്ടിങ് നല്ല രീതിയിൽ നടന്നുവരികയാണ്. നിർമാതാവും സംവിധായകൻ ലിജോയും ലാൽ സാറും നല്ല ഹാപ്പിയാണ്. ആ സന്തോഷം എന്തായാലും സിനിമ തീയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർക്കും ഉണ്ടാവും എന്നാണ് ഒരു സാധാരണ സിനിമാസ്വാദകൻ എന്നുള്ള രീതിയിൽ വിശ്വസിക്കുന്നത്.
Content Highlights: actor manikandan achari interview, thuramukham movie, malaikottai vaaliban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..