ലളിതശ്രീ | photo: special arrangements, mathrubhumi
ജഗതി ശ്രീകുമാര്‍, പപ്പു, മാള അരവിന്ദന്‍, ഇന്നസെന്റ് തുടങ്ങിയ ഹാസ്യസാമ്രാട്ടുകള്‍ക്കൊപ്പം ഒരുകാലത്ത് ജോഡിയായി തിളങ്ങിയ താരമാണ് ലളിതശ്രീ. 'അലാവുദ്ദീനും അത്ഭുത വിളക്കും', 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' തുടങ്ങി കരിയറില്‍ നാന്നൂറോളം ചിത്രങ്ങള്‍. പ്രേംനസീര്‍, കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍.
കോമഡി വേഷങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും ഒക്കെ നടിയുടെ കൈകളില്‍ ഭദ്രമായിരുന്നു. 1976-ല്‍ സിനിമാ ജീവിതം ആരംഭിച്ച ലളിതശ്രീ 47 വര്‍ഷത്തെ സിനിമ ഓര്‍മകള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.
താമസിച്ചിരുന്ന വീടിന്റെ പേര് സ്വന്തം പേരായി മാറി
അഭിനയിക്കണം എന്ന മോഹം കൊണ്ട് സിനിമയിലെത്തിയ ആളല്ല ഞാന്‍. ശരിക്കും സാമ്പത്തികമായി മെച്ചമുണ്ടാകണമെന്ന് ആഗ്രഹിച്ച് തന്നെയാണ് സിനിമയിലേയ്ക്ക് വന്നത്. 12 വയസുള്ളപ്പോള്‍ ഞാന്‍ ചെന്നൈയില്‍ വന്നതാണ്. അച്ഛന്‍ മരിച്ചതിന് ശേഷം ഇവിടെയാണ് താമസം. ഇടയ്ക്ക് നാല് വര്‍ഷം തിരുവനന്തപുരത്തുണ്ടായിരുന്നു. ചെറിയ പ്രായം ആയതുകൊണ്ട് തന്നെ എനിക്ക് ചെയ്യാനാകുന്ന ജോലിയൊന്നും അന്ന് ഇല്ലായിരുന്നു. സിനിമയില്‍ വന്നാല്‍ ജീവിതം രക്ഷപ്പെടുമെന്നും ഒരുപാട് കാശ് കിട്ടുമെന്നൊക്കെ കേട്ടിട്ടുണ്ട്. ആ ചിന്തയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. സിനിമയില്‍ വന്നതിന് ശേഷം സാമ്പത്തികമായി പുരോഗതിയുണ്ടായി. പണ്ടത്തെക്കാലത്ത് ചെലവൊക്കെ കുറവായതിനാല്‍ കഴിഞ്ഞുകൂടാനുള്ളത് സിനിമയില്‍നിന്ന് ലഭിക്കുമായിരുന്നു.
.jpg?$p=2922c1a&&q=0.8)
എന്റെ ശരിക്കുമുള്ള പേര് സുഭദ്ര എന്നാണ്. ഞാന്‍ താമസിച്ചിരുന്ന വീടിന്റെ പേര് 'ലളിതശ്രീ' എന്നായിരുന്നു. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്നെ വിളിക്കാനായി വരുന്ന സമയത്ത് വീടിന്റെ പേര് ശ്രദ്ധിച്ചു. ഞാന്‍ സിനിമയിലേയ്ക്ക് വരുന്ന സമയത്ത് 'ശ്രീ' എന്നുള്ള പേരില്‍ ഒരുപാട് പേര്‍ പ്രശസ്തരായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്റെ പേര് ലളിതശ്രീ എന്നാണെന്ന് തെറ്റിദ്ധരിച്ചു. ഈ സിനിമ ശരിയാവുകയാണെങ്കില്‍ ലളിതശ്രീ എന്ന പേര് തന്നെ ഉപയോഗിക്കാമെന്ന് അമ്മ പറഞ്ഞു. ആ ദിവസം തന്നെ 'ദേവി കരുമാരിയമ്മന്‍' എന്ന പടത്തിന്റെ അഡ്വാന്‍സ് കിട്ടുകയും ചെയ്തു. അങ്ങനെ 'ലളിതശ്രീ' എന്ന പേരങ്ങ് ഞാന്‍ ഏറ്റെടുത്തു.'മധുരം തിരുമധുര'മാണ് ആദ്യ മലയാള ചിത്രം.
കരിയറിലെ സുവര്‍ണകാലഘട്ടം, വര്‍ഷത്തില്‍ മുപ്പതോളം ചിത്രങ്ങള്‍
എന്റെ മൂന്നാമത്തെ ചിത്രം കമല്‍ ഹാസനൊപ്പമായിരുന്നു. 'ഉണര്‍ച്ചികള്‍' എന്ന ഈ ചിത്രം ആദ്യം പുറത്തിറങ്ങിയില്ല. ബ്ലാക്ക് അന്റ് വൈറ്റില്‍ നിന്ന് കളറിലേയ്ക്ക് മാറുന്ന സമയത്താണ് ഈ സിനിമ വരുന്നത്. കുറെ കാലം കഴിഞ്ഞാണ് ചിത്രം പുറത്തിറങ്ങുന്നത്. കളര്‍ പ്രചാരത്തില്‍ വന്ന ശേഷം ബ്ലാക്ക് ആന്റ് വൈറ്റില്‍ വന്ന 'ഉണര്‍ച്ചികള്‍' വേണ്ട് വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല.
1983 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 33 പടങ്ങളൊക്കെ ചെയ്ത സമയമുണ്ടായിരുന്നു. കരിയറിലെ പീക്ക് ടൈം ആയിരുന്നു അത്. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഒരു ഫ്രഷ് ഫേസ് ആയതുകൊണ്ടാകാമെന്നാണ് എനിക്ക് തോന്നുന്നത്.
.png?$p=8676a2f&&q=0.8)
ഞാന്‍ ഒരേടൈപ്പ് കഥാപാത്രങ്ങള്‍ അല്ല അന്ന് ചെയ്തിരുന്നത്. കോമഡി, നെഗറ്റീവ് വേഷം തുടങ്ങിയതെല്ലാം ചെയ്യുമായിരുന്നു. എന്റെ പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടുകാണും. പിന്നെ വേറൊരു കാര്യമുണ്ട്. ആ സമയത്ത് ശ്രീലത ചേച്ചിയായിരുന്നു കോമഡി വേഷങ്ങള്‍ കൂടുതലും ചെയ്തിരുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് കുറച്ചുകാലം ചേച്ചി സിനിമയില്‍ ഇല്ലായിരുന്നു. ഞാന്‍ വന്ന സമയത്ത് കോമഡി ചെയ്യാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നുമില്ല.
പണ്ട് സിനിമയില്‍ വരാനായിരുന്നു പ്രയാസം, ഇന്ന് തുടരാനും
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എനിക്ക് പ്രത്യേക ഇഷ്ടമൊന്നും ഇല്ലായിരുന്നു. കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യണം, ഇത് കണ്ടുകഴിഞ്ഞാല്‍ അടുത്ത വര്‍ക്ക് കിട്ടണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. നമുക്ക് കഥാപാത്രങ്ങളെപ്പറ്റി മാത്രമേ പറഞ്ഞ് തരാറുണ്ടായിരുന്നുള്ളു. ഡേറ്റ് പ്രശ്നം കൊണ്ട് ചില വേഷങ്ങള്‍ നഷ്ടപ്പെട്ടു എന്നതൊഴിച്ചാല്‍ കഥ ഇഷ്ടപ്പെട്ട് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം ഒന്നും ലഭിച്ചിരുന്നില്ല. ഇന്ന് ഒരു ആര്‍ട്ടിസ്റ്റിന് സിനിമയില്‍ വരാന്‍ വളരെ എളുപ്പമാണ്. നിലനില്‍ക്കാനാണ് പ്രയാസം. പണ്ടൊക്കെ സിനിമയില്‍ വരാനായിരുന്നു പ്രയാസം. ദൈവം സഹായിച്ച് എനിക്ക് ഒരുപാട് നാള്‍ സിനിമയില്‍ തുടരാന്‍ സാധിച്ചു. പണ്ട് ചെയ്ത കഥാപാത്രങ്ങളെപ്പറ്റി ആളുകള്‍ വന്നുപറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ഇന്നത്തെ ആര്‍ട്ടിസ്റ്റുകള്‍ക്ക് ആ ഒരു ഭാഗ്യം കിട്ടുന്നില്ല എന്നാണ് എന്റെ അഭിപ്രായം.
.jpg?$p=8a7b7b1&&q=0.8)
തെലുഗു, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി നാന്നൂറിന് മുകളില്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പടങ്ങള്‍ കുറഞ്ഞു തുടങ്ങിയതോടെ മറ്റു മാര്‍ഗങ്ങള്‍ നോക്കി. ക്യാമറയ്ക്ക് പിന്നില്‍ അവസരമുണ്ടായിരുന്നു. ഡബ്ബിങ് ചെയ്യുമായിരുന്നു. എന്റെ ഭൂരിഭാഗം സിനിമകള്‍ക്കും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. ആറു ഭാഷകള്‍ എനിക്ക് കൈകാര്യം ചെയ്യാനറിയാം. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. അതുകൊണ്ട് സ്‌ക്രിപ്റ്റുകള്‍ മൊഴിമാറ്റം ചെയ്യാന്‍ എളുപ്പമാണ്. പ്രൊഫഷനായിട്ട് തന്നെ മൊഴിമാറ്റം ചെയ്യുന്നുണ്ട്.
മലയാള സിനിമയെക്കുറിച്ച് വാതോരാതെ സംസാരിച്ച ചിരഞ്ജീവി
നമ്മുടെ ആര്‍ട്ടിസ്റ്റുകളെ നമുക്കാണ് വിലയില്ലാത്തത്. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോകുമ്പോഴാണ് നമ്മുടെ ആര്‍ട്ടിസ്റ്റുകളെ അവര്‍ എങ്ങനെയാണ് ബഹുമാനിക്കുന്നതെന്ന് മനസിലാവുന്നത്. എനിക്ക് ചിരഞ്ജീവിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഫൈറ്റും ഡാന്‍സും ഒക്കെ കാണാന്‍ നല്ല രസമായിരുന്നു. അദ്ദേഹത്തിന്റെ പടം കേരളത്തിലും നന്നായി ഓടുമായിരുന്നു. ഒരിക്കല്‍ ചിരഞ്ജീവിയുടെ സിനിമയുടെ 100-ാം ദിവസത്തിന്റെ ആഘോഷം അടയാര്‍ ഗേറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന വിവരം വൈശാലിയില്‍ അഭിനയിച്ചിട്ടുള്ള നടി ജയലളിത എന്നോട് പറഞ്ഞു. ചിരഞ്ജീവിയുടെ ഈ സിനിമയില്‍ ജയലളിതയും അഭിനയിച്ചിരുന്നു. പരിപാടിയുടെ കാര്യം കേട്ടതും കൂടെ വന്നോട്ടേയെന്ന് ഞാന്‍ അവരോട് ചോദിച്ചു. അതിനെന്താ വന്നോളൂവെന്ന് പറഞ്ഞ് ജയ എന്നെയും കൂട്ടിക്കൊണ്ട് പോയി.
.jpg?$p=79c0b37&&q=0.8)
പരിപാടിയൊക്കെ കഴിഞ്ഞപ്പോള്‍ ജയലളിത എന്നെ ചിരഞ്ജീവിക്ക് പരിചയപ്പെടുത്തി. മലയാളി നടിയാണ്, ചിരഞ്ജീവിയുടെ ആരാധികയാണെന്നൊക്കെ അവര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ടതും അദ്ദേഹം മലയാളം സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങി. എനിക്ക് നമ്മുടെ ഇന്‍ഡസ്ട്രിയെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. മലയാള സിനിമയില്‍ ഉള്ളതുപോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ വേറെ ഒരു ഇന്‍ഡസ്ട്രിയിലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ താരങ്ങളെപ്പറ്റിയും സംസാരിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി. കേരളം വിട്ട് കഴിഞ്ഞാല്‍ മലയാളം ആര്‍ട്ടിസ്റ്റുകളോട് ആളുകള്‍ക്ക് നല്ല ബഹുമാനമാണ്.
എസ്.പി പിള്ള സാര്‍, ഭാസിയേട്ടന്‍, കൊട്ടാരക്കര സാര്‍, ബഹദൂര്‍ ഇക്ക, ഭരത് ഗോപി സാര്‍, തിലകന്‍ ചേട്ടന്‍, മാള ചേട്ടന്‍, മുരളി സാര്‍ തുടങ്ങി എത്രയെത്ര താരങ്ങള്‍. ഇവരുടെയൊക്കെ അഭിനയത്തെ ആര്‍ക്കും കുറ്റം പറയാന്‍ സാധിക്കില്ല. പണ്ടത്തെ നടീ നടന്മാര്‍ ഒക്കെ എന്ത് കഥാപാത്രങ്ങളാണ് ചെയ്തു വെച്ചേക്കുന്നത്. ഇന്നും അങ്ങനെ തന്നെ. ഇപ്പോഴത്തെ ആര്‍ട്ടിസ്റ്റുകളും എന്താ അഭിനയം. ഫഹദ് ഫാസില്‍, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് തുടങ്ങി പുതിയ തലമുറയിലുള്ളവരൊക്കെ മികച്ച താരങ്ങളാണ്.
ഒരുപാട് മാങ്ങയുള്ള മാവിനല്ലേ കൂടുതല്‍ ഏറ് കിട്ടൂ, അത് പോലെയാണ് 'അമ്മ'
പുതിയ താരങ്ങളെയൊക്കെ 'അമ്മ'യുടെ മീറ്റിങ്ങില്‍ വെച്ച് കാണാറുണ്ട്. പഴയ ആള്‍ക്കാരോടൊക്കെ അങ്ങോട്ട് പോയി സംസാരിക്കും. പുതിയ ആള്‍ക്കാര്‍ നമ്മളോട് വന്ന് സംസാരിക്കാറുണ്ട്. സിനിമയില്‍ പണ്ടും ഇന്നും അങ്ങനെ വലിയ സൗഹൃദങ്ങളൊന്നുമില്ല. 'അമ്മ'യില്‍നിന്ന് കൈനീട്ടം എല്ലാ മാസവും ലഭിക്കാറുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇങ്ങനെ സഹായം ലഭിക്കുന്നില്ല. അമ്മ എന്ന സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് പഴയ ആളുകള്‍ക്ക്.
ഒരുപാട് മാങ്ങയുള്ള മാവിനല്ലേ കൂടുതല്‍ ഏറ് കിട്ടൂ, അത് പോലെ തന്നെയാണ് 'അമ്മ'യെപ്പറ്റിയുള്ള പ്രചരണങ്ങളും. അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 'അമ്മ'യില്‍ അംഗമായ എല്ലാവര്‍ക്കുമുണ്ട്. ഇതിന്റെ തുക നമ്മുടെ കൈയില്‍നിന്ന് ഈടാക്കുന്നില്ല. നൂറില്‍പ്പരം ആള്‍ക്കാര്‍ക്കാണ് 5000 രൂപ വെച്ച് മാസം കൈനീട്ടം നല്‍കുന്നത്. മധുസാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് നല്‍കുന്നുണ്ട്. 2006 മുതല്‍ എനിക്ക് ലഭിക്കുന്നുണ്ട്. കൃത്യമായി തുക അക്കൗണ്ടില്‍ എത്തും. ഈ നല്ല കാര്യങ്ങള്‍ ഒന്നും ആളുകള്‍ പറയില്ല.
ഞാനാണ് അവസാന ചിത്രത്തില്‍ ഡബ്ബ് ചെയ്തതെന്ന് ലളിത ചേച്ചിക്ക് അറിയില്ല
എനിക്ക് ആരോടും വെറുപ്പില്ല. എല്ലാവരോടും സൗഹൃദമാണ്. ജയഭാരതിയുമായി പണ്ട് നല്ല കൂട്ടായിരുന്നു. അവര്‍ക്ക് അന്ന് ഒരുപാട് ചിത്രങ്ങള്‍ ലഭിച്ചിരുന്നു. എനിക്ക് വേഷമില്ലെങ്കിലും അവര്‍ പറഞ്ഞ് വാങ്ങിത്തന്നിട്ടുണ്ട്. ആ കടപ്പാട് എനിക്ക് അവരോടുണ്ട്. തിരക്കുകള്‍ കാരണം നേരിട്ട് പോകാന്‍ പറ്റാറില്ല, പക്ഷേ വിളിക്കാറുണ്ട്.
ലളിത ചേച്ചിയുടെ അവസാന തമിഴ് ചിത്രമായ 'വീട്ട്‌ല വിശേഷ'ത്തില്‍ ഞാനാണ് ചേച്ചിക്കുവേണ്ടി ഡബ്ബ് ചെയ്തത്. സൗഹൃദത്തിന്റെ പേരിലല്ല അത് ചെയ്തത്. 'ബദായി ഹോ' എന്ന ഹിന്ദി സിനിമയുടെ റീമേക്കായിരുന്നു 'വീട്ട്‌ല വിശേഷം'. ലളിതച്ചേച്ചി ചെയ്ത കഥാപാത്രം ഹിന്ദിയില്‍ ചെയ്ത സുരേഖ സിക്രി എന്ന നടിക്ക് ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ലളിത ചേച്ചി ആ വേഷം ഭംഗിയായി ചെയ്തിരുന്നു. പക്ഷേ ആ സമയത്ത് ചേച്ചി വല്ലാത്ത അവശതയിലായിരുന്നു.
.jpg?$p=a80322e&&q=0.8)
ഉര്‍വശി പറഞ്ഞിട്ട് ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്യണമെന്ന ആവശ്യവുമായി എന്നെ വിളിക്കുന്നത്. കോവിഡ് സമയം ആയതിനാല്‍ ഞാന്‍ ഒന്ന് മടിച്ചു. പക്ഷേ ഭാഗ്യലക്ഷ്മി സമ്മതിച്ചില്ല. പിറ്റേന്ന് ഉര്‍വശി വിളിച്ചു. ലളിത ചേച്ചിക്ക് ഞാന്‍ ഡബ്ബ് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. സ്വന്തം കഥാപാത്രങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് ശബ്ദം കൊടുക്കാന്‍ എനിക്ക് മടിയാണ്. പക്ഷേ, ഉര്‍വശി എന്ത് പറഞ്ഞിട്ടും സമ്മതിച്ചില്ല. എന്റെ സൗകര്യത്തിന് പ്രിയന്‍ ചേട്ടന്റെ ഫോര്‍ ഫ്രയിംസില്‍ ഡബ്ബ് വെച്ചു. അങ്ങനെയാണ് ലളിത ചേച്ചിക്ക ശബ്ദം കൊടുക്കാന്‍ സാധിച്ചത്. ഞാനാണ് ശബ്ദം കൊടുത്തതെന്ന് ചേച്ചിക്ക് അറിയില്ല. ചേച്ചി മരിച്ചതിന് ശേഷമാണ് സിനിമ ഇറങ്ങിയത്.
സെറ്റിലെ അമ്പിളിച്ചേട്ടനെ കണ്ടാല്‍ ഈ മനുഷ്യനാണോ കോമഡിയൊക്കെ ചെയ്യുന്നതെന്ന് തോന്നിപ്പോകും
പപ്പുവേട്ടന്‍, അമ്പിളിച്ചേട്ടന്‍, മാളച്ചേട്ടന്‍, ഇന്നച്ചന്‍ എന്നിവരോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡിയായി അഭിനയിച്ചിട്ടുള്ളത്. അമ്പിളിച്ചേട്ടന്‍ സെറ്റില്‍ ആരോടും മിണ്ടില്ല. ഒഴിവ് സമയം കിട്ടിക്കഴിഞ്ഞാല്‍ കോസ്റ്റ്യൂമറുടെ കൈയില്‍നിന്നും ഒരു ലുങ്കി വാങ്ങിയിട്ട് സെറ്റില്‍ എവിടെയെങ്കിലും ഒരു ഭാഗത്ത് വിരിച്ച് കിടന്നുറങ്ങും.

'അനിയാ, ഷോട്ട് വരുമ്പോള്‍ വിളിച്ചേക്കണേ' എന്ന് അസിസ്റ്റന്റ് ഡയറക്ടറോട് പറയും. എന്നിട്ട് കിടന്നുറങ്ങും. കിട്ടുന്ന സമയം കിടന്ന് ഉറങ്ങാനാണ് അമ്പിളിച്ചേട്ടന്‍ നോക്കുന്നത്. ഈ മനുഷ്യനാണോ കോമഡിയൊക്കെ ചെയ്യുന്നതെന്ന് തോന്നിപ്പോകും. പക്ഷേ, ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അന്തംവിട്ട് നോക്കി നിന്നുപോകും. എന്താ പറയുകയെന്ന് ഓര്‍ത്ത് നമ്മള്‍ നില്‍ക്കും.
അപകടത്തിനുശേഷം വെല്ലൂരിൽ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. നാലു മണിക്കൂര്‍ പുള്ളിക്കൊപ്പം ചെലവഴിച്ചു. ഇതാരാ വന്നിരിക്കുന്നത്, നോക്കിയേ എന്ന് ശോഭ പറഞ്ഞപ്പോള്‍ അമ്പിളിച്ചേട്ടന് ഞാന്‍ കൈ കൊടുത്തു. എന്റെ കൈ ഇറുക്കിപ്പിടിച്ചിട്ട് നോക്കി ചിരിച്ചു. കുറെ നേരം ഞങ്ങളെല്ലാവരും കൂടിയിരുന്ന് പാട്ടെക്കെ പാടി.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും മാറി ഇരിക്കാറില്ല
ദൈവം സഹായിച്ച് കാരവന്‍ ഒക്കെ വരുന്നതിന് മുന്‍പേ ഞാന്‍ സിനിമയില്‍നിന്നു പോയി. പണ്ടൊക്കെ ഇതൊന്നും ഇല്ലല്ലോ. മരച്ചുവടെങ്കില്‍ അവിടെ, തണല് കിട്ടുന്നിടത്ത് കസേരയിട്ട് എല്ലാവരും ചുറ്റിന് തമാശയൊക്കെ പറഞ്ഞ് ഇരിക്കും. ആരും മാറി ഇരിക്കില്ല. പ്രത്യേകിച്ച് മലയാളത്തില്‍ അങ്ങനെയൊന്നും കണ്ടിട്ടേയില്ല. മമ്മൂക്കയാണെങ്കിലും ലാല്‍ ആണെങ്കിലും ആരും അങ്ങനെ പ്രത്യേകം പോയി ഇരിക്കില്ല. നായികമാരോട് മാത്രമായി പോയി സംസാരിക്കുന്ന പതിവൊന്നും അന്നില്ല. എല്ലാവരും ഒരുമിച്ച് ഇരിക്കും, ഒരുമിച്ച് ഭക്ഷണം കഴിക്കും. യാതൊരു തരത്തിലും വ്യത്യാസങ്ങളില്ല. ഇന്നത്തേത് എങ്ങനെയാണെന്ന് എനിക്ക് അറിവില്ല.
സിനിമാ ചര്‍ച്ചകളിലൊന്നും ഞാന്‍ വലിയ സജീവമല്ല. ചിലര്‍ പറയുന്നതൊക്കെ കേള്‍ക്കാറുണ്ടെന്ന് മാത്രം. ഇന്ന് അമ്മ വേഷങ്ങള്‍ക്ക് പ്രാധാന്യമില്ല, പുരുഷ മേധാവിത്വമാണ് എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ സിനിമ ഓടുന്നത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ലാഭം വേണം, അതിനാണല്ലോ അവര്‍ സിനിമ എടുക്കുന്നത്. ഒ.ടി.ടിയുടെ വരവ് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്തവര്‍ക്ക് ഒ.ടി.ടി അനുഗ്രഹമാണ്. മലയാളത്തിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും മികവ് തെളിയിച്ചവരാണ്. ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ ഇവരുടെ ഒക്കെ കൂടെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. മമ്മൂക്ക, മോഹന്‍ലാല്‍ എന്നിവരുടെ കൂടെ ഒക്കെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഇവരുടെ ഇന്നത്തെ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.
.png?$p=56bd2cd&&q=0.8)
ഇടയ്ക്ക് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം സുഹൃത്തുക്കള്‍ അയച്ചുതന്നു. '1987 ഏപ്രില്‍ - മേയ് ഓര്‍മ്മകള്‍' എന്ന ക്യാപ്ഷനോടെ ആലപ്പി അഷ്റഫിന്റെ 'മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം' എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. എന്നെക്കൂടാതെ സുരേഷ് ഗോപി, ലിസ്സി, സുകുമാരി ചേച്ചി, സൂര്യ എന്നിവരും ആ ചിത്രത്തിലുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. എപ്പോഴും ഞാന്‍ എന്നെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അത് അത്യാവശ്യമാണ്. അല്ലെങ്കില്‍ നമ്മള്‍ മുരടിച്ചുപോകും.
ആ തമാശകള്‍ക്ക് മറ്റുള്ളവര്‍ ചിരിക്കാറുണ്ടെങ്കിലും എനിക്ക് വിഷമമാണ്
ബോഡി ഷെയിമിങ്ങുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പണ്ട് ഒരു കഥാപാത്രം ലഭിക്കുമ്പോള്‍ വീടിന്റെ വാടക, മറ്റുള്ള പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റി ഒക്കെയാണ് ചിന്തിക്കുന്നത്. ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചാല്‍ കണക്കുകൂട്ടല്‍ ഒക്കെ തെറ്റും. കുടുംബം കഴിയണം എന്ന കാഴ്ചപ്പാട് മാത്രമേ ഉണ്ടായിരുന്നുള്ളു. മാന്യമായ ജോലി ചെയ്ത് സമ്പാദിക്കുന്നു എന്നേ ചിന്തിച്ചിട്ടുള്ളു. അത്തരം കഥാപാത്രങ്ങള്‍ ഇപ്പോള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് വിഷമം ഉണ്ട്. അത് ചെയ്യേണ്ടിയിരുന്നില്ല എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യില്ല.
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം പോലത്തെ ചിത്രങ്ങളുണ്ട്. ബോഡി ഷെയിമിങ് തമാശകളൊന്നും ഇല്ലാത്ത ചിത്രമാണത്. ഇന്നും അതിലെ ഒരു രംഗം ഷെയര്‍ ചെയ്താല്‍ ഒട്ടനവധി കമെന്റുകളാണ് വരുന്നത്. കഥയോട് ചേര്‍ന്നുനില്‍ക്കുന്ന തമാശകള്‍ വേണം. എങ്കില്‍ ആളുകള്‍ക്ക് കാണുമ്പോള്‍ വിരസത തോന്നാതെ ചിരിക്കാനാകും. പഴത്തൊലി ചവിട്ടി വീഴുന്ന ടൈപ്പ് തമാശകളുടെ ഒക്കെ കാലം പോയി. അതൊക്കെ ഭാസിയേട്ടന്റെയും ബഹദൂര്‍ക്കയുടേയും ഒക്കെ ഉണ്ടായിരുന്ന സമയത്താണ് ആ ടൈപ്പ് കോമഡിയൊക്കെ ഉണ്ടായിരുന്നത്.
പരാതിയോ പരിഭവമോ ഇല്ല, ജീവിച്ച് പോകണമെന്നേ ഉള്ളൂ
അനിയന്റെ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് ഇപ്പോള്‍ താമസം. ജീവിച്ച് പോണം എന്നേ ഇപ്പോള്‍ ആഗ്രഹമുള്ളു. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അങ്ങ് പോണം. നമ്മളെക്കൊണ്ട് സാധിക്കുന്നത് വരെ അറിയാവുന്ന ജോലി ചെയ്യണം. അഭിനയം അല്ലാതെ ട്രാന്‍സ്‌ലേഷനും ഡബ്ബിങ് ഡയറക്ഷനുമൊക്കെയായി അങ്ങ് പോകുന്നു. എനിക്ക് പരാതിയോ പരിഭവമോ വിഷമമോ ഒന്നുമില്ല. ഇപ്പോഴത്തെപ്പോലെ ഇനിയും അങ്ങനെ തന്നെ തുടരണം.
ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അതിന് ശേഷം കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. ചെറിയ കഥാപാത്രങ്ങള്‍ ഒക്കെ വന്നിരുന്നു. പക്ഷേ അതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. മറ്റു ഭാഷകളില്‍നിന്ന് അവസരം ഒന്നും വന്നിട്ടില്ല. സിനിമയിലേയ്ക്ക് ഇനി തിരിച്ചുവരുന്നെങ്കില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുള്ളു.
Content Highlights: actor lalithasree interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..