കൊച്ചുപ്രേമൻ | ഫോട്ടോ: വിവേക് ആർ നായർ | മാതൃഭൂമി
തിരുവനന്തപുരം നഗരത്തിനടുത്തുള്ള വലിയവിള എന്ന സ്ഥലത്ത് ചെന്നാൽ കൊച്ചുപ്രേമന്റെ വീട് കണ്ടുപിടിക്കാൻ കഷ്ടപ്പാടില്ല. ആരോട് ചോദിച്ചാലും കൃത്യമായി പറഞ്ഞുതരും. ഗ്രന്ഥശാലാ പ്രവർത്തകനായും നാടകസംവിധായകനും നടനുമായും സിനിമാസീരിയൽ നടനായും വലിയവിളയിലെ കെ.എസ്. പ്രേംകുമാറിനെ അടുത്തുകണ്ടതാണ് നാട്ടുകാർ. കലാകുടുംബമാണ് കൊച്ചുപ്രേമന്റേത്. അച്ഛൻ ശിവരാമശാസ്ത്രികൾ സ്കൂൾ അധ്യാപകനായിരുന്നു. അമ്മ ടി.എസ്.കമല സംഗീതജ്ഞ. അക്കാലത്ത് ഓൾ ഇന്ത്യാ റേഡിയോയിലൊക്കെ അമ്മ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. അമ്മയുടെ അച്ഛൻ സുകുമാരൻ ഭാഗവതർ നാടക പ്രവർത്തകനും പാട്ടുകാരനുമായിരുന്നു.
എങ്ങനെയാണ് സിനിമയിലേക്ക്?
നാടകം ആയിരുന്നു തട്ടകം. അപ്പൂപ്പൻ സുകുമാരൻ ഭാഗവതർ അറിയപ്പെടുന്ന നാടകപ്രവർത്തകൻ. ചെറുപ്പത്തിലെ കളികളിൽ പോലും നാടകം ഉണ്ടാകും. അന്നേ നാടകം ആയിരുന്നു സ്വപ്നം. പറ്റാവുന്നത്രയും നാടകം കാണാൻ നന്നായി ഉത്സാഹിച്ചിരുന്നു. മണക്കാട് എം.ബി കോളജിൽ ഇലക്ട്രി ക്കൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴും നാടകം ഒപ്പമുണ്ടായിരുന്നു. ചങ്ങനാശ്ശേരി ഗീഥ, കേരള തിയറ്റേഴ്സ്, കലാനിലയം, സംഗമം, കലിംഗ, കാളി ദാസ കലാകേന്ദ്രം തുടങ്ങി തെക്കും വടക്കുമുള്ള എല്ലാ നാടക ട്രൂപ്പുകളുടേയും നാടകം കാണാറുണ്ടായിരുന്നു. നാടകം എഴുതി സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസമൊക്കെ അതിൽ നിന്ന് കിട്ടിയതാണ്.
പഠിക്കുന്ന കാലത്ത് തന്നെ "ഉഷ്ണവർഷം' എന്ന നാടകം എഴുതി സംവിധാനം ചെയ്തു. ആദ്യം അടുത്ത സുഹൃത്തുക്കളുടെ മുന്നിലാണ് ആ നാടകം കളിച്ചത്. അവരുടെ പ്രോത്സാഹനം കൊണ്ട് കാർത്തിക തിരുനാൾ തിയേറ്ററിൽ അതേ നാടകം ടിക്കറ്റ് വെച്ച് കളിച്ചു. അത് കാണാൻ യാദൃശ്ചികമായി സംവിധായകൻ ജെ.സി.കുറ്റിക്കാടും എത്തിയിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയേറ്ററിൽ നടനും സംവിധായകനുമൊക്കെ ആയിരുന്ന ആളാണ് അദ്ദേഹം. അഡ്രസ്സും മേടിച്ചാണ് അന്ന് അദ്ദേഹം പോയത്.
ഏതാണ്ട് ഒരുവർഷം കഴിഞ്ഞു. ഒരു ദിവസം പതിവു കറക്കമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു കാർഡ് വന്നിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ട് കുറ്റിക്കാടിന്റെ അറിയിപ്പാണ്. കവടിയാറാണ് ഷൂട്ടിങ്, മഞ്ഞിലാസിന്റെ ബാനറിൽ ജോസും വിധുബാലയുമാണ് നായികാ നായകന്മാർ. അദ്ദേഹത്തിന്റെ ഏഴു നിറങ്ങളാണ് സിനിമ. അന്ന് മെല്ലിച്ച് താടിവളർത്തി ഹിപ്പി സ്റ്റൈലിലായിരുന്നു ഞാൻ.

സിനിമ പിന്നീട് ജീവിതം തന്നെയായല്ലോ... ഇപ്പോൾ ന്യൂജെൻ സിനിമയുടെ വരെ ഭാഗമായി. സിനിമാസെറ്റിൽ മറക്കാനാവാത്ത അനുഭവം വല്ലതുമുണ്ടോ?
ആദ്യസിനിമയിൽ കോമഡി വേഷമായിരുന്നു എനിക്ക്. ബഹദൂർക്കയൊക്കെ ഉണ്ട്. കോമഡി ചെയ്ത് കൈയടി വാങ്ങി. എങ്കിലും എന്റെ റോളൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ലൊക്കേഷനിൽ എത്തിയപ്പോഴുണ്ടായ ഒരനുഭവം ചിന്തിപ്പിക്കുന്നതായിരുന്നു. അതുവരെ കാറ് വന്ന് എന്നെ കൊണ്ടുപോകുമായിരുന്നു. എന്നാൽ എന്റെ ഷൂട്ട് തീർന്ന് രണ്ടുദിവസം കഴിഞ്ഞ് ഞാൻ സെറ്റിലെത്തിയപ്പോൾ "എന്തിനാ ഇനിയും വന്നത്' എന്ന മട്ടിൽ അവിടുത്തെ സെക്യൂരിറ്റി വരെ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അവിടെ പ്രൊഡക്ഷൻ ഫുഡ് തമിഴ് സ്റ്റൈലിലാണ്. സാമ്പാർ സാദം, തൈർ സാദം... തുടങ്ങിയവയൊക്കെ, നടീനടൻമാർക്കൊപ്പം ഞാനും ഗമയിൽ കഴിക്കാൻ കയറിയിരുന്നു. പക്ഷെ, പന്തിയിൽ എനിക്കപ്പുറവും ഇപ്പുറവും ഇരുന്നവർക്ക് വിളമ്പിയെങ്കിലും എനിക്ക് മാത്രം വിളമ്പിയില്ല. ആരും വിളമ്പാനും പറഞ്ഞില്ല. കുറച്ചു നേരം അവിടെ വെറുതെയിരുന്ന് ഞാൻ പുറത്തിറങ്ങിപ്പോന്നു.
അവിടെയുണ്ടായിരുന്ന സെറ്റിൽ ഉള്ളവർക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു അന്ന്. എണ്ണം ക്യത്യമാക്കി മാത്രമേ കൊടുക്കുകയുള്ളൂ. എന്നാൽ ഇന്ന് കഥ മാറി. സെറ്റിൽ പ്രൊഡക്ഷൻ ഫുഡ് ആവശ്യത്തിന് കിട്ടും. പന്തിഭേദമില്ലാതെ എല്ലാവർക്കും ഒരേ ഭക്ഷണമായിരിക്കും. നായകൻ കഴിക്കുന്ന ഭക്ഷണം തന്നെയാവും പ്രൊഡക്ഷൻ ബോയിക്കും.
.jpg?$p=eb544ca&&q=0.8)
ചെറിയൊരു ബ്രേക്കിനുശേഷമാണല്ലോ പിന്നീട് സിനിമയിൽ സജീവമാകുന്നത്... ഭാര്യയും അഭിനയത്തിൽ സജീവം
നാടകത്തിൽ സജീവമായ കാലത്തുതന്നെ വിവാഹം കഴിഞ്ഞു. ഭാര്യ ഗിരിജയും നാടകത്തിൽ ഒപ്പം അഭിനയിച്ചു. അന്ന് സംഗീതകോളേജിൽ "നടനഭൂഷണം' കോഴ്സുണ്ടായിരുന്നു. ഗിരിജ അവിടെ പഠിക്കുകയായിരുന്നു. അനിയത്തിയേയും ഗിരിജയേയും പാട്ടുപഠിപ്പിച്ചത് ഒരേ ടീച്ചറായിരുന്നു. അങ്ങനെയാണ് പുനലൂരുകാരിയായ ഗിരിജയെ പരിചയപ്പെടുന്നത്. കല്യാണം കഴിഞ്ഞശേഷം ഗിരിജയും അഭിനയിക്കാൻ തുടങ്ങി. ചൈതന്യ തിയറ്റേഴ്സിന്റെ ശബ്ദം' എന്ന നാടകത്തിൽ ഒരുമിച്ചഭിനയിച്ചു. രണ്ടുപേരും സീരിയലുകളിലും സജീവമായി. സ്വീകരണമുറിയിലേക്ക് നേരിട്ടുചെല്ലുന്നതുകൊണ്ടാവാം ആദ്യം ഞങ്ങളെ ഇഷ്ടപ്പെടുന്നതും പ്രോത്സാഹിപ്പിച്ചതും കുടുംബപ്രക്ഷകരാണ്.
വലിയവിളയിൽ അന്ന് രണ്ട് പ്രേം കുമാറുമാരുണ്ടായിരുന്നു. മറ്റേ പ്രേംകുമാർ എന്റെ അടുത്ത സുഹൃത്താണ്. അവനും നാടകത്തിൽ അഭിനയിക്കും. അവനെ ദില്ലിവാലാ രാജകുമാരനിൽ അഭിനയിക്കാൻ സംവിധായകൻ രാജസേനൻ വിളിച്ചു. കൂടെ എന്നെയും ഭാര്യയേയും വിളിക്കാൻ പറഞ്ഞു. ഊട്ടിയിലായിരുന്നു ഷൂട്ടിങ്. അങ്ങനെ രണ്ടാമത് സിനിമയിലേക്ക് വരുന്നത് അതിലൂടെയാണ്. ദില്ലിവാലാരാജകുമാരൻ, കഥാനായകൻ, ദി കാർ, ഛോട്ടാമുംബൈ, തിളക്കം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയലും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്നു. പുതിയ പിള്ളേരുടെ സിനിമകളിലും അഭിനയിച്ചു.
ന്യൂജെൻ സിനിമയിൽ അമ്മയും അച്ഛനും ബന്ധുക്കളുമൊന്നും ഇല്ല എന്നല്ലേ പരാതി. എന്നാൽ പല പ്രായത്തിലുള്ള പലതരത്തിലുള്ള ആളുകളില്ലേ... എനിക്ക് പറ്റിയ ഒത്തിരി റോളുകൾ കിട്ടി. ഇപ്പോൾ വിനീത് ശ്രീനിവാസൻ നായകനാകുന്ന തങ്കം' എന്നസിനിമ യിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോയമ്പത്തൂരിലാണ് ഷൂട്ടിങ്ങ്. ബിജുമേനോനൊക്കെയുണ്ട് കൂടെ. ഷൂട്ട് തീർന്നിട്ടില്ല.

ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് പരീക്ഷയ്ക്ക് ഫീസടക്കാൻ പോയയാൾ നാടകട്രൂപ്പിൽ ചേർന്നു. എങ്ങനെയായിരുന്നു അക്കാലം?
ഞങ്ങൾ ഏഴുമക്കളാണ്. നാലാമത്തെ ആളാണ് ഞാൻ. ചെറുപ്പം തൊട്ടേ നാട്ടിലെ സാംസ്കാരികപ്രവർത്തനങ്ങളിലെല്ലാം സജീവമാണ്. വലിയവിളയിൽ അന്നൊരു രാമവിലാസം ഗ്രന്ഥശാലയുണ്ട്. നാട്ടിൽ ഏറെ വായനക്കാരുള്ള ഒരു സ്ഥലമായിരുന്നു അത്. അതിന്റെ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. നാട്ടിലെ ഉത്സാഹികളായ ചെറുപ്പക്കാരായിരുന്നു നടത്തിപ്പുകാർ. അക്കാലത്ത് വായിച്ചുതീർത്തത്ര പുസ്തകങ്ങൾ പിന്നീട് ഒരുകാലത്തും വായിച്ചിട്ടില്ല. എം. ടിയുടെ രണ്ടാമൂഴമൊക്കെ ഒരുപാട് തവണ വായിച്ചു. പലയാവർത്തി വായിച്ചിട്ടുള്ളത് എം.ടി യേയും തകഴിയുമൊക്കെയാണ്.
ഒരുപാട് എഴുത്തും സാഹിത്യവുമൊക്കെ പരിചയപ്പെടുന്നത് അവിടെനിന്നാണ്. സത്യത്തിൽ അന്തംവിട്ടുള്ള വായനയായിരുന്നു അന്ന്. എഴുതാനുള്ള ധൈര്യം കിട്ടിയത് അവിടെനിന്നാണ്. അങ്ങനെ നാടകമൊക്കെ എഴുതാൻ തുടങ്ങി. ജീവിതത്തിലെ സുവർണകാലം എന്നൊക്കെ വേണമെങ്കിൽ പറയാം. അതിനിടെ മണക്കാട് എം.ബി കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനുചേർന്നു. ക്ലാസ്സിലൊക്കെ പോകുമായിരുന്നെങ്കിലും രാമവിലാസം ഗ്രന്ഥശാലയും നാടകവും പ്രാണനായിരുന്നു. ഏതെങ്കിലും നാടകട്രൂപ്പിൽ ചേരണമെന്ന ആഗ്രഹം അക്കാലത്ത് കലശലായി. കോളേജിൽ പരീക്ഷയ്ക്ക് ഫീസടയ്ക്കാൻ തന്ന പണം പോക്കറ്റിലുണ്ടായിരുന്നു. നേരെ അടൂരിലേക്ക് ബസ്സുപിടിച്ചു. അടൂർ പങ്കജത്തിന്റെ "ജയ തിയറ്റേഴ്സിൽ ചേർന്നു. അതോടെ പഠനം പാതിവഴിയിലായി. നാടകത്തിൽനിന്ന് വരുമാനം കിട്ടാൻ തുടങ്ങിയതോടെ പഠിത്തം കളഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവായി.

കെ. എസ്. പ്രേംകുമാർ എങ്ങനെയാണ് കൊച്ചുപ്രേമനായത്?
വലിയവിളയിൽ തന്നെയുള്ള മറ്റേ പ്രേമനെപ്പറ്റി ഞാൻ പറഞ്ഞല്ലോ. അതിസുന്ദരനായിരുന്നു അവൻ. കാണാൻ ശിവാജി ഗണേശനെപ്പോലെ. നല്ല ഉയരവും. നല്ല നടനുമായിരുന്നു. അവനും ഞാനും അടുത്ത സുഹൃത്തുക്കൾ. മിക്കവാറും എല്ലാ നാടകത്തിലും ഞങ്ങൾ രണ്ടുപേരുമുണ്ടാകും. തിരുവനന്തപുരം സംഘചേതനയിൽ ഞാനും അവനും ഒരുമിച്ചുണ്ടായിരു ന്നു. ഒരിക്കൽ ഞങ്ങൾ പയ്യന്നൂരിൽ നാടകം അവതരിപ്പിച്ചു. പിറ്റേദിവസം പത്രത്തിൽ വാർത്ത വന്നു. "നാടകത്തിൽ പ്രേംകുമാറിന്റെ അഭിനയം അതിഗംഭീരമായി' എന്ന്. എന്നെപ്പറ്റിയാണെന്ന് ഞാനും അവനെപ്പറ്റിയെന്ന് അവനും പറഞ്ഞു. തർക്കമായി, ഒടുവിൽ വഴക്കായി. അന്ന് വൈകുന്നേരം നാടകം അവതരിപ്പിക്കുന്നതിന് മുമ്പ് ഞാൻ തന്നെ ഒരു പരിഹാരം നിർദേശിച്ചു. കൂട്ടത്തിൽ ചെറുത് ഞാനാണല്ലോ. എന്നെ ഇനി കൊച്ചുപ്രേമൻ എന്ന പേര് വിളിച്ചാൽ മതി. അവന് ഉയരക്കൂടുതലുണ്ട്. അവനെ വലിയ പ്രേമൻ എന്നും വിളിക്കട്ടെ... അവനും അത് സമ്മതമായി. അങ്ങനെ അന്നുമുതൽ ഞാൻ കൊച്ചുപ്രേമനും അവൻ വലിയപ്രേമനുമായി. അന്നുതൊട്ട് അരങ്ങിൽ കൊച്ചുപ്രേമൻ, വലിയ പ്രേമൻ... എന്ന് അനൗൺസ് ചെയ്തു. എനിക്ക് രാശിയുള്ള പേരായി അത്. അവനും അനിയൻ പ്രസന്നകുമാറും നാടകത്തിലും സീരിയലിലും സിനിമയിലുമൊക്കെ സജീവമായിരുന്നു. അവൻ മരിച്ചുപോയി.

(ഗൃഹലക്ഷ്മിയിൽ 2022 സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: actor kochupreman interview, kochupreman about theatre and movie experiences
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..