കാര്‍ത്തിയുടെ ശബ്ദമാവാന്‍ പോയി, ഒടുവില്‍ ചെയ്തത് ജയം രവിക്കുവേണ്ടി; അനുഭവം പറഞ്ഞ് കൈലാഷ്


അഞ്ജയ് ദാസ്. എൻ.ടി

പൊന്നിയിന്‍ സെല്‍വനിലെ ജയം രവി അവതരിപ്പിച്ച അരുള്‍മൊഴി വര്‍മന് ശബ്ദം നല്‍കിയത് കൈലാഷാണെന്ന് ആളുകള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.

INTERVIEW

കൈലാഷ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ലാല്‍ജോസിന്റെ നീലത്താമര എന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ ആദ്യം മനസിലേക്ക് വരുന്ന ഒരുമുഖമുണ്ട്. നീട്ടിയ കൃതാവുള്ള, മെലിഞ്ഞ അനുരാഗവിലോചനനായ ഒരു ചെറുപ്പക്കാരന്‍, കൈലാഷ്. ആ യുവനായകന്‍ ഇന്ന് സിനിമയുടെ മറ്റുമേഖലകളിലേക്കുകൂടി കടന്നുചെല്ലുകയാണ്. അതിന്റെ ആദ്യപടിയാണ് മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം പൊന്നിയിന്‍ സെല്‍വന്‍. പൊന്നിയിന്‍ സെല്‍വനിലെ ജയം രവി അവതരിപ്പിച്ച അരുള്‍മൊഴി വര്‍മന് ശബ്ദം നല്‍കിയത് കൈലാഷാണെന്ന് ആളുകള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. കാര്‍ത്തിക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ പോയി ജയം രവിക്ക് ശബ്ദം നല്‍കിയ കഥ പറയുകയാണ് കൈലാഷ്.

ടീസര്‍ കണ്ട് അമ്പരന്നു, നിനച്ചിരിക്കാതെ ശങ്കര്‍ രാമകൃഷ്ണന്റെ വിളി

പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ വന്നപ്പോള്‍ എല്ലാവരേയും പോലെ ഞാനും കണ്ടു. മണിരത്‌നം ചെയ്ത സിനിമയാണല്ലോ. അങ്ങനെ ആ കാര്യം വിട്ടു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോളുണ്ട് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശങ്കര്‍ രാമകൃഷ്ണന്‍ വിളിക്കുന്നു. ശങ്കറേട്ടനാണ് പൊന്നിയിന്‍ സെല്‍വന്റെ മലയാളം ഡയലോഗുകള്‍ എഴുതിയത്. പൊന്നിയിന്‍ സെല്‍വന്‍ മലയാളത്തില്‍ക്കൂടി മൊഴിമാറ്റുന്നുണ്ട്. ഒരു കഥാപാത്രം എനിക്ക് ചെയ്തുകൂടേ എന്നാണ് ചോദിച്ചത്. തീര്‍ച്ചയായും ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം വേറൊരു കാര്യംകൂടി പറഞ്ഞു. നമ്മള്‍ ഇവിടെ നിന്ന് ഒരു ട്രാക്ക് മദ്രാസ് ടാക്കീസിന് അയച്ചുകൊടുക്കണം. അവരത് കേട്ട് ഓ.കെ പറഞ്ഞാലാണ് ഡബ്ബ് ചെയ്യാന്‍ പറ്റുക, ശരിയായില്ലെങ്കില്‍ വിഷമമൊന്നും വിചാരിക്കരുത് എന്ന്. മണിസാര്‍ ശങ്കറേട്ടനെ മദ്രാസ് ടാക്കീസിന്റെ ഓഫീസില്‍ വിളിച്ച്, ഒപ്പമിരുന്ന് മുഴുവന്‍ സംഭാഷണങ്ങളും കേട്ടിരുന്നു.

ആദ്യം റെക്കോര്‍ഡ് ചെയ്ത രംഗം

ഞാന്‍ ആദ്യം റെക്കോര്‍ഡ് ചെയ്ത് അയച്ചത് ജയം രവിയും കാര്‍ത്തിയും പ്രഭുസാറും ചേര്‍ന്നുള്ള രംഗത്തിലെ ഡയലോഗ് ആയിരുന്നു. ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള ഒരു രംഗം. കാര്‍ത്തിക്ക് ശബ്ദം കൊടുക്കാനായിരുന്നു ആദ്യം പറഞ്ഞത്. അജിത്തും അരുണുമാണ് ഡബ്ബിങ് ഡയറക്ഷന്‍ ചെയ്തത്. അരുണാണ് വിക്രമിന് സംഭാഷണം നല്‍കിയത്. അരുണ്‍ കാര്‍ത്തിക്ക് വേണ്ടിയും. റെക്കോര്‍ഡിങ്ങിന്റെ സമയത്ത് ഒരു ദിവസം അവര്‍ പറഞ്ഞു ജയം രവിക്ക് വേണ്ടി ഒന്ന് പറഞ്ഞുനോക്കൂ എന്ന്. കാരണം ജയം രവിക്ക് പറ്റിയ ശബ്ദം കിട്ടാതെ നില്ക്കുകയായിരുന്നു അവര്‍.

പൊന്നിയിന്‍ സെല്‍വനേക്കുറിച്ച് ആദ്യം പറഞ്ഞത് ജയറാമേട്ടന്‍

പൊന്നിയിന്‍ സെല്‍വനേക്കുറിച്ച് ജയറാമേട്ടനാണ് ആദ്യം എന്നോട് പറഞ്ഞത്. രണ്ട് വര്‍ഷം മുമ്പാണ്. അദ്ദേഹം അല്ലു അര്‍ജുനൊപ്പം ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് പുള്ളി ശരീരമൊക്കെ ഫിറ്റാക്കി ഇരിക്കുകയായിരുന്നു. ഒരിക്കല്‍ നേരിട്ടുകണ്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. തെലുങ്ക് പടം ചെയ്യുന്നുണ്ട്, അല്ലു അര്‍ജുന്‍ കൂട്ടിക്കൊണ്ടുപോവുന്നതാണെന്ന് പറഞ്ഞു. പക്ഷേ പ്രശ്‌നം ഇതല്ല, ഇത് കഴിഞ്ഞ് മണിരത്‌നത്തിന്റെ പടത്തിലേക്കാണ് പോകുന്നത്. അതില്‍ കുടവയര്‍ വേണം. വലിയ കഥാപാത്രമാണ് എന്നെല്ലാം പറഞ്ഞു. അതിന് ശേഷവും ഞങ്ങള്‍ കണ്ടിരുന്നു. എനിക്കീ ഈ സംഭവങ്ങളെല്ലാം ഓര്‍മയുണ്ട്. എല്ലാം കഴിഞ്ഞ് ഡബ്ബിങ്ങിന്റെ സമയമായപ്പോള്‍ ഞാന്‍ ജയറാമേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. കഥാപാത്രം ഏതാണെന്നും പറഞ്ഞു. സൂക്ഷിച്ച് ചെയ്യണമെന്ന് പറഞ്ഞു.

മലയാളം പതിപ്പ് ഇറക്കാന്‍ കാരണമുണ്ട്

എല്ലാവരും നന്നായി അധ്വാനിച്ചിട്ടുണ്ട്. നമ്മള്‍ കാരണം അവരുടെ പ്രകടനം താഴെ പോകരുതല്ലോ. പിന്നെ വേറെ ഒരാള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമാണ്. പിന്നെ സിനിമയ്ക്ക് ഒരു മലയാളം പതിപ്പുണ്ടാക്കിയതിന് പിന്നില്‍ വലിയ ഒരു കാരണമുണ്ട്. ചെന്തമിഴാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തമിഴ് അറിയുമെങ്കിലും പെട്ടന്ന് മനസിലാക്കാന്‍ പറ്റില്ല. അതാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള കാരണം. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും ഈ കഥാപാത്രങ്ങളേക്കുറിച്ച് അറിയാം. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്ക് ഒരു രൂപമുണ്ടായിരുന്നില്ല. സിനിമ വന്നതോടെ അതിനൊരു മാറ്റം വന്നു. ഒരു ചരിത്രമാവുകയാണ്. ചെന്തമിഴ് ഉപയോഗിച്ചത് വലിയ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. വേണമെങ്കില്‍ കുറച്ചുകൂടി ലളിതമായ തമിഴ് ഉപയോഗിക്കാമായിരുന്നു. അതവര്‍ ചെയ്തില്ല. ഇനി എത്ര വര്‍ഷം കഴിഞ്ഞാലും ചെന്തമിഴിന്റെ റെഫറന്‍സ് എന്നുപറയുന്നത് പൊന്നിയിന്‍ സെല്‍വന്‍ ആയിരിക്കും.

പൊന്നിയിന്‍ സെല്‍വന്‍ തന്ന സന്തോഷങ്ങള്‍

ടൈറ്റില്‍ റോളിന് തന്നെ ശബ്ദം കൊടുക്കാനായതാണ് ആദ്യത്തെ സന്തോഷം. എല്ലാ ഭാഷയിലുമുള്ള സിനിമ മണി സാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ടീമും എ.ആര്‍. റഹ്മാന്റെ സ്റ്റുഡിയോയിലിരുന്ന് കണ്ടു എന്നതാണ് അടുത്ത സന്തോഷം. രണ്ട് ദിവസം വെച്ച് ഓരോ ഭാഷയ്ക്കും കൊടുത്തിരിക്കുകയായിരുന്നു. ഓരോ ഭാഷയിലും ആരാണോ ഡബ്ബ് ചെയ്തത് അവരും കൂടെ ഇരുന്ന് വേണം സിനിമ കാണാന്‍. പിറ്റേന്ന് മീറ്റിങ്ങും വെയ്ക്കും. പ്രിവ്യൂ നടക്കുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. കാരണം വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ എന്നിവരുടെ ശബ്ദം അവര്‍ പ്രത്യേകം ശ്രദ്ധിക്കും. റിലീസിന്റെ അന്നുതന്നെ സിനിമ കണ്ടു. മലയാളമാണ് കണ്ടത്. പിന്നെ ഞാനാണ് ഡബ്ബ് ചെയ്തത് എന്ന് ആളുകള്‍ അറിഞ്ഞുവരുന്നേയുള്ളൂ. നമ്മുടെ ശബ്ദമാണെന്ന് തോന്നാതിരിക്കുമ്പോഴാണല്ലോ അതിന്റെയൊരു യഥാര്‍ത്ഥ ഭംഗി. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അജിത്തിനും അരുണിനുമാണ്.

സീന്‍ കേള്‍ക്കാന്‍ മാത്രം ചെന്നൈയില്‍ പ്രത്യേക ടീം

എല്ലാവിധത്തിലുള്ള വാക്കുകളും ശങ്കറേട്ടന് അറിയാം. ഈ രാജാക്കന്മാരൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ളത്. ഉദാഹരണത്തിന് നമ്മള്‍ ആനപ്പുറത്ത് കയറി എന്നാണ് പറയുക. പക്ഷേ അദ്ദേഹം എഴുതിയിരിക്കുന്നത് ആനപ്പുറത്തേറാന്‍ നിനക്ക് സമ്മതമുണ്ടോ എന്നാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പതിപ്പാണ് നമ്മള്‍ കാണുന്നത്. പിന്നെ സിനിമയുടെ ഓര്‍ഡറിലല്ല കണ്ടത്. നമുക്ക് ഓരോ സീനുകളാണ് തരുന്നത്. സിനിമ കണ്ടപ്പോഴാണ് അതിന്റെ ക്രമം എന്താണെന്ന് മനസിലായത്. അരുണും അജിത്തും നല്ല പിന്തുണയാണ് നല്‍കിയത്. മണിസാര്‍ അവരോടും കുറച്ച് നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. അതും എഴുതിയെടുത്താണ് അവര്‍ വന്നത്. സീനുകള്‍ എടുക്കുന്ന മുറയ്ക്ക് അവരത് ചെന്നൈയിലേക്ക് അയച്ചുകൊടുക്കും. ഇത് കേള്‍ക്കാന്‍ വേണ്ടി മാത്രം ഒരു ടീമുണ്ടവിടെ. അവിടെ നിന്നാണ് ചെയ്തത് ഓ.കെ ആയോ എന്ന് പറയുന്നത്. എന്റെ ഭാഗങ്ങള്‍ എല്ലാം കൂടി ഏഴെട്ട് ദിവസം കൊണ്ടാണ് തീര്‍ത്തത്. ഡയലോഗ് പറയുന്നത് എളുപ്പമായിരുന്നില്ല. ഒന്നാമത്തെ കാരണം തമിഴാണ് നമ്മള്‍ കേള്‍ക്കുന്നത്. രണ്ട്, അതിന്റെ മലയാളം കാണാതെ പഠിച്ച് സ്‌ക്രീനില്‍ നോക്കി പറഞ്ഞ് ശരിയാക്കുകയും ശേഷം അതിന്റെ ഇമോഷന്‍ ഉള്‍ക്കൊണ്ട് പറയണം. രണ്ടാം ഭാഗത്തിന്റെ കുറച്ച് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. ബാക്കി വരുന്നതേയുള്ളൂ.

പൊന്നിയിന്‍ സെല്‍വന്‍ വായിക്കണം

ഡബ്ബ് ചെയ്യുന്ന സമയത്ത് പൊന്നിയിന്‍ സെല്‍വനുമായി ബന്ധപ്പെട്ട ഒരു ആര്‍ട്ടിക്കിളും ലഭ്യമായിരുന്നില്ല. പക്ഷേ ഇതിന്റെ കഥ മുഴുവന്‍ പറഞ്ഞുതന്നത് അരുണും അജിത്തും ചേര്‍ന്നാണ്. അതിന് ശേഷം റിലീസുമായി ബന്ധപ്പെട്ട് ഒരുപാട് ലേഖനങ്ങളും മറ്റും ഓണ്‍ലൈനില്‍ വന്നു. പിന്നെപ്പിന്നെ ആ കഥയില്‍ ആകൃഷ്ടനാവുകയായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ പമലയാള പുസ്തകം വായിക്കണം. തരാമെന്ന് പലരും പറഞ്ഞിട്ടുണ്ട്. പുസ്തകത്തിന്റെ രണ്ട് ഭാഗങ്ങളും വായിച്ചതിന് ശേഷം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ചെയ്യണമെന്നാണ് ആഗ്രഹം. തമിഴ്‌നാടിന്റെ ചരിത്രം തന്നെയാണ്. ഓരോ തമിഴനും കേട്ടുവളരുന്നത് പൊന്നിയിന്‍ സെല്‍വനേക്കുറിച്ച് കേട്ടുകൊണ്ടാണ്. അവന്‍ ഏതെങ്കിലും ഒരു പ്രായത്തില്‍ അത് കേട്ടിട്ടുണ്ടാവും.

അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍

വൈശാഖിന്റെ മോണ്‍സ്റ്റര്‍ വരുന്നുണ്ട്. പിന്നെ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മഹാറാണിയില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അതിന്റെ ചിത്രീകരണം നടന്നുവരുന്നു. പള്ളിമണി എന്നൊരു സിനിമയുണ്ട്. ശ്വേതാ മേനോനും നിത്യാ ദാസുമാണ് നായികമാര്‍. പിന്നെ എം.ടി സാറിന്റെ പത്ത് കഥകള്‍ നെറ്റ്ഫ്‌ളിക്‌സ് സിനിമയാക്കുന്നുണ്ടല്ലോ. അതില്‍ ജയരാജ് സാറിന്റെ സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രം. വീണ്ടും ഒരു എം.ടി ചിത്രം ചെയ്യാന്‍ പോവുകയാണ്. ജയരാജ് സാറിന്റെ തന്നെ വേറെ രണ്ട് സിനിമകള്‍ കൂടി വരുന്നുണ്ട്.

Content Highlights: actor kailash about his dubbing experience for jayam ravi, ponniyin selvan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented